Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202122Friday

ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...! ഇത്രയും ജോലിക്ക് സ്വപ്‌നാ സുരേഷിനായി സർക്കാർ മുടിച്ചത് പ്രതിമാസം 3.18 ലക്ഷം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം കൊടുത്ത കഥ പുറത്താകുമ്പോൾ

ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...! ഇത്രയും ജോലിക്ക് സ്വപ്‌നാ സുരേഷിനായി സർക്കാർ മുടിച്ചത് പ്രതിമാസം 3.18 ലക്ഷം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം കൊടുത്ത കഥ പുറത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചീഫ് സെക്രട്ടറിയുടെ ശമ്പളത്തെക്കാൾ കൂടുതൽ ചെലവിൽ പിഡബ്ല്യുസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് രസകരമായ കാര്യങ്ങൾക്ക്. സ്വപ്‌നാ സുരേഷിന്റെ ജോലി എന്തായിരുന്നുവെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെഎസ്‌ഐടിഐഎൽ) സർക്കാരിനു നൽകിയ മറുപടി അതീവ രസകരമാണ്.

കോവളത്തു ജനുവരിയിൽ നടന്ന സ്‌പേസ് കോൺക്ലേവിന്റെ സംഘാടനമായിരുന്നു പ്രധാന ചുമതല. ചടങ്ങു നടത്താനുള്ള ഹോട്ടൽ കണ്ടെത്തുക, മുറികളുടെ ബുക്കിങ്, ക്യാബ് സർവീസ് ഏകോപിപ്പിക്കൽ, എയർ ടിക്കറ്റ് ബുക്കിങ്, അതിഥികൾക്കു സമ്മാനപ്പൊതികൾ, ഷാൾ, ബാഡ്ജ് എന്നിവ വാങ്ങുക, അതിഥികളെ ക്ഷണിക്കുക...-ഇതായിരുന്നു സേവനങ്ങൾ. ഇതിന് വേണ്ടിയാണ് ഖജനാവിൽ നിന്ന് ലക്ഷങ്ങൾ പൊടിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രൈസ് വാട്ടർ കൂപ്പറിനെതിരായ നടപടിയും.

മറ്റു ദിവസങ്ങളിൽ ദൈനംദിന ജോലികളിൽ സ്‌പേസ് പാർക്കിന്റെ സ്‌പെഷൽ ഓഫിസറെ സഹായിച്ചതായും കെഎസ്‌ഐടിഐഎൽ പറയുന്നു.സ്‌പേസ് പാർക്കിൽ സ്വപ്ന സുരേഷിനു വേണ്ടി കെഎസ്‌ഐടിഐഎൽ പിഡബ്ല്യുസിക്ക് നൽകിയിരുന്നത് ജിഎസ്ടി ഉൾപ്പടെ 3.18 ലക്ഷമാണ്. സ്‌പേസ് പാർക്കിൽ സ്വപ്നയുടെ സേവനത്തിനും മാർക്കറ്റ് റിപ്പോർട്ട് തയാറാക്കിയതിനും നൽകിയത് 26.29 ലക്ഷം രൂപയും. പല വിധ കമ്പനികൾക്ക് കമ്മീഷൻ പോലും കിട്ടി.

സർക്കാർ നൽകുന്ന 3.18 ലക്ഷത്തിൽ 48,000 രൂപ ജിഎസ്ടിയാണ്. ബാക്കി 2.7 ലക്ഷത്തിൽ 1.44 ലക്ഷമാണ് ഇടനില ഏജൻസിയായ വിഷൻ ടെക്‌നോളജിക്കു പിഡബ്ല്യുസി നൽകിയിരുന്നത്. അതിൽ 1.1 ലക്ഷം രൂപ സ്വപ്നയുടെ ശമ്പളമാണ്. ബാക്കി 34,000 രൂപ വിഷൻ ടെക്‌നോളജിയുടെ കമ്മിഷനും. അങ്ങനെ പിഡബ്ല്യുസിക്കും വിഷൻ ടെക്‌നോളജിക്കും വെറുതെ പണം കിട്ടി.

സെപ്റ്റംബറിലെ കണക്കനുസരിച്ച് കെഫോൺ പദ്ധതിയിൽ 2 വർഷത്തേക്കു പിഡബ്ല്യുസി നിയമിച്ച 6 കൺസൽറ്റന്റുമാർക്കായി സർക്കാർ ചെലവാക്കിയത് 3.32 കോടി രൂപ. പ്രോജക്ട് മാനേജർക്കു മാത്രം മാസം 3.34 ലക്ഷമാണ് നൽകിയിരുന്നത്. മറ്റു 2 പേർക്ക് 3.02 ലക്ഷവും 3 പേർക്ക് 2.7 ലക്ഷവുമാണ് പ്രതിഫലം. അങ്ങനെ കൺസൾട്ടൻസിക്ക് വാരിക്കോരി കൊടുക്കുകയായിരുന്നു സർക്കാർ.

സ്വപ്നയെ നിയമിച്ച പിഡബ്ലുസിയെ പുറത്താക്കണമെന്നു ജൂലൈ 16 ന് ചീഫ് സെക്രട്ടറിതല സമിതി ശുപാർശ നൽകിയെങ്കിലും തീരുമാനമെടുക്കാൻ കെഫോണിലെ അവരുടെ കൺസൽറ്റൻസി കരാർ തീരുന്ന നവംബർ 30 വരെ സർക്കാർ കാത്തു എന്നതാണ് വസ്തുത. ഐടി വകുപ്പിൽ നിന്ന് പിഡബ്ല്യുസിയെ വിലക്കി ഉത്തരവിറക്കിയതാകട്ടെ കരാർ തീരുന്നതിനു 3 ദിവസം മുൻപും. പിഡബ്ല്യുസിയെ പുറത്താക്കാമെന്ന് ഐടി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന സഞ്ജയ് എം. കൗളും ധന അഡീഷനൽ ചീഫ് സെക്രട്ടറി രാജേഷ് കുമാർ സിങ്ങും ഫയലിൽ എഴുതിയിട്ടും സർക്കാർ നടപടി എടുത്തില്ല.

മറ്റു പ്രധാന പദ്ധതികളൊന്നും നിലവിൽ ഐടി വകുപ്പിൽ പിഡബ്ല്യുസിക്ക് ഇല്ലെന്നതിനാൽ വിലക്കു കാര്യമായി ബാധിക്കാനിടയില്ല. വിവാദമായ സ്പ്രിൻക്ലർ കരാറിലും കാലാവധി പൂർത്തിയാകുന്നതു വരെ സർക്കാർ കാത്തിരുന്നു. ഒടുവിൽ കരാർ പുതുക്കി നൽകില്ലെന്നു പറഞ്ഞാണ് ഒഴിവാക്കിയത്.

സ്വപ്നയുടെ സേവനത്തിനായി നൽകിയ 19.06 ലക്ഷം രൂപ പിഡബ്ല്യുസിയിൽ നിന്നു തിരിച്ചു പിടിക്കാൻ കെഎസ്‌ഐടിഐഎൽ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ഓഗസ്റ്റ് 10നു തീരുമാനമെടുത്തെങ്കിലും 4 മാസമാകാറായിട്ടും ഒരനക്കവുമില്ല. വ്യാജ രേഖ നൽകിയാണ് സ്വപ്ന ജോലി നേടിയത്. ഈ സാഹചര്യത്തിലായിരുന്നു ഈ നീക്കം. 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP