Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'നേതാക്കന്മാർക്ക് കൊടുക്കാനുള്ളതുകൊടുത്തിട്ടുണ്ട്..നിനക്ക് വേണമെങ്കിൽ നക്കാപ്പിച്ച എന്തെങ്കിലും വേണമെങ്കിൽ നൽകാം': ക്വാറി ഉടമയുടെ അഹന്തയ്ക്ക് തന്റെ നയാപൈസ ആവശ്യമില്ലെന്ന് ചുട്ടമറുപടി; യദുകൃഷ്ണൻ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ സമരത്തിൽ നിന്ന് പിന്മാറാൻ 50000 രൂപ കൈക്കൂലി ചോദിച്ചെന്ന് ചെന്നിത്തലയ്ക്ക് പത്തനാപുരത്തെ മധുരമല ക്വാറി ഉടമയുടെ പരാതി; കേട്ടപാതി കേൾക്കാത്ത പാതി കെഎസ് യു സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെൻഷൻ; ചരടുവലികൾ മറുനാടൻ ഓഫീസിലെത്തി വിവരിച്ച് യദുകൃഷ്ണൻ

'നേതാക്കന്മാർക്ക് കൊടുക്കാനുള്ളതുകൊടുത്തിട്ടുണ്ട്..നിനക്ക് വേണമെങ്കിൽ നക്കാപ്പിച്ച എന്തെങ്കിലും വേണമെങ്കിൽ നൽകാം': ക്വാറി ഉടമയുടെ അഹന്തയ്ക്ക് തന്റെ നയാപൈസ ആവശ്യമില്ലെന്ന് ചുട്ടമറുപടി; യദുകൃഷ്ണൻ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ സമരത്തിൽ നിന്ന് പിന്മാറാൻ 50000 രൂപ കൈക്കൂലി ചോദിച്ചെന്ന് ചെന്നിത്തലയ്ക്ക് പത്തനാപുരത്തെ മധുരമല ക്വാറി ഉടമയുടെ പരാതി; കേട്ടപാതി കേൾക്കാത്ത പാതി കെഎസ് യു സംസ്ഥാന ജോയിന്റ് സെക്രട്ടറിക്ക് സസ്‌പെൻഷൻ; ചരടുവലികൾ മറുനാടൻ ഓഫീസിലെത്തി വിവരിച്ച് യദുകൃഷ്ണൻ

എം മനോജ് കുമാർ

 തിരുവനന്തപുരം: കഴിഞ്ഞ ദിവസമാണ് സസ്‌പെൻഷൻ പിൻവലിച്ച് ദേശീയ നേതൃത്വം കെഎസ് യു സംസ്ഥാന ജോയിന്റ് സെക്രട്ടറി യദുകൃഷ്ണനെ തിരികെ എടുത്തത്. ഒരു മാസത്തിൽ കുറഞ്ഞ കാലയളവിലാണ് യദുകൃഷ്ണനു കെഎസ് യുവിൽ നിന്ന് സസ്‌പെൻഷൻ ലഭിച്ചത്. കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുക്കുകയായിരുന്നു എന്ന് ബോധ്യം വന്നപ്പോഴാണ് കെഎസ് യു ദേശീയ നേതൃത്വം യദുകൃഷ്ണന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. എന്തുകൊണ്ട് സസ്‌പെൻഷൻ പിൻവലിച്ചു എന്ന് ലെറ്ററിൽ എൻഎസ് യു വ്യക്തമാക്കുന്നില്ല. എന്തുകൊണ്ട് സസ്‌പെൻഷൻ നൽകി എന്നും വ്യക്തമാക്കുന്നില്ല. തങ്ങൾക്ക് പിണഞ്ഞ അബദ്ധത്തിന്റെ ലക്ഷണങ്ങൾ പൂർണമായും ഉൾക്കൊള്ളുന്ന ലെറ്ററാണ് യദുകൃഷ്ണന്റെ കാര്യത്തിൽ പുറത്ത് വന്നിട്ടുള്ളത്. കോൺഗ്രസിന് മുതൽക്കൂട്ടാകുന്ന ഒരു രാഷ്ട്രീയ നേതാവിനെ ഇല്ലാതാക്കാൻ ക്വാറി മാഫിയയും ചില നേതാക്കളും ഒരുമിച്ച് ശ്രമിച്ചതിന്റെ കഥകളാണ് യദുകൃഷ്ണന്റെ സസ്‌പെൻഷൻ പിൻവലിച്ചതിന് പിറകെ വെളിയിൽ വരുന്നത്.

പത്തനാപുരത്തെ പട്ടാഴിയിലെ മധുരമലയിലെ ക്വാറിക്ക് എതിരെ ജനങ്ങളെ സംഘടിപ്പിച്ചതാണ് യദുകൃഷ്ണന് വിനയായത്. നാടിന്റെ കരുത്തായ മധുരമല ഒട്ടാകെ നശിച്ച് തകർച്ചയിലേക്ക് മുതലക്കൂപ്പ് കുത്തുന്നത് കണ്ടു സഹികെട്ടാണ് സ്വന്തം പാർട്ടിയുടെ ആവശ്യപ്രകാരം കെഎസ് യു നേതാവ് സമര രംഗത്തിറങ്ങിയത്. എന്നാൽ ഈ സമരം തന്നെയാണ് യദുവിന് വിനയായത്. സമരം ശക്തമാകുന്നത് കണ്ടപ്പോൾ നേതാവിനെ തളർത്താൻ ക്വാറി മാഫിയ നടത്തിയ ആസൂത്രിത ശ്രമമാണ് ഈ കെഎസ് യു നേതാവിനെ താത്കാലികമായെങ്കിലും തകർക്കാൻ ഇടയാക്കിയത്. സമരത്തിൽ നിന്ന് പിന്മാറാൻ 50000 രൂപ ക്വാറി ഉടമകളോട് ആവശ്യപ്പെട്ടു എന്നാണ് യദുവിന് എതിരെ ഉയർന്ന പരാതി. ഈ കാര്യം ചൂണ്ടിക്കാട്ടി ക്വാറി ഉടമകൾ പ്രതിപക്ഷ നേതാവിന് അടക്കം പരാതിയും നൽകി.

ഇതേസമയം ഈ വാർത്ത ചാനലുകളിൽ വരുകയും ചെയ്തു. വാർത്ത പുറത്ത് വന്നയുടൻ തന്നെ അന്വേഷണം നടത്താതെ ദേശീയ നേതൃത്വം യദുവിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. മധുരമല നിർബാധം കവർന്നെടുത്ത് കല്ലുകളായി പുറത്തേക്ക് കടത്തിക്കൊണ്ടിരിക്കുന്ന ക്വാറി മാഫിയയുടെ ലോറികൾ യദുകൃഷ്ണന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞതോടെയാണ് 50000 രൂപ അവശ്യപ്പെട്ടു എന്ന ക്വാറി മുതലാളിയുടെ പരാതി വന്നത്. ഈ പരാതിയിലാണ് സസ്‌പെൻഷൻ വന്നത്. തീർത്തും വ്യാജമായ പരാതിയാണ് ക്വാറി ഉടമകൾ തനിക്കെതിരെ നൽകിയത് എന്നാണ് യദുകൃഷ്ണൻ മറുനാടനോട് പറഞ്ഞത്. 50000 രൂപ ആവശ്യപ്പെട്ടിരുന്നെങ്കിൽ അത് എപ്പോഴോ തന്നു അവർ എന്നെ സെറ്റിൽ ചെയ്‌തേനെ. കോടികൾ ലാഭമുണ്ടാക്കുന്ന ക്വാറി മാഫിയക്ക് 50000 രൂപ ഒരു തുകയല്ല. അഴിമതിക്കാരൻ എന്ന രീതിയിൽ വ്യാജ പ്രചാരണവും വാർത്തയും വന്നപ്പോൾ നിരായുധനായിപ്പോയി. അതിനാലാണ് സസ്‌പെൻഷൻ പിൻവലിക്കപ്പെട്ട ശേഷം ആ ലെറ്ററിന്റെ കോപ്പി സഹിതം മറുനാടൻ ഓഫീസിൽ നേരിട്ട് എത്തിയത്. സംഭവത്തിൽ തന്റെ നിരപരാധിത്വം വ്യക്തമാക്കി യദുകൃഷ്ണൻ മറുനാടനോട് പറഞ്ഞു.

മധുര മലയെ വിഴുങ്ങിയ ക്വാറി മാഫിയ പട്ടാഴിയെ തീർത്തും നശിപ്പിക്കും എന്ന് ബോധ്യമായപ്പോഴാണ് കോൺഗ്രസ് മണ്ഡലം കമ്മറ്റി സമരവുമായി രംഗത്ത് വന്നത്. ഈ സമരം യദുകൃഷ്ണൻ ഏറ്റെടുക്കണം എന്നായിരുന്നു പാർട്ടി ആവശ്യപ്പെട്ടത്. തനിക്ക് ഒറ്റയ്ക്ക് കഴിയില്ലാ എന്ന് പറഞ്ഞപ്പോൾ നാട്ടുകാർ ഒപ്പമുണ്ട് എന്നാണ് പാർട്ടി പറഞ്ഞത്. ഇതോടെയാണ് കഴിഞ്ഞ ജനുവരി നാലിന് ക്വാറി നടത്തുന്നവരുടെ ലോറികൾ തടഞ്ഞുവെച്ചത്. തടയുന്ന കാര്യം അറിയിച്ചപ്പോൾ പൊലീസും ആർടിഎ വകുപ്പ് അധികൃതരും സ്ഥലത്തെത്തുകയും ഓവർ ലോഡുമായി പോയ കരിങ്കൽ ലോറികൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പക്ഷെ പിന്നീട് ലോറി പൊലീസ് വിട്ടയച്ചു. ഓവർലോഡിന് പിഴ ചുമത്തിയാണ് ലോറികൾ വിട്ട് നൽകിയത് എന്ന് യദുകൃഷ്ണൻ നൽകിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ മനസിലാവുകയും ചെയ്തു. പക്ഷെ ലോറി തടഞ്ഞതോടെ വൻ സമ്മർദ്ദമാണ് ഈ കെഎസ് യു നേതാവിന് നേരിട്ടത്. പാർട്ടിയിൽ നിന്നും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ കൂടി ചിലർ നടത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർക്ക് ക്വാറി ഉടമകൾ പരാതി നൽകുകയും വാർത്ത പുറത്ത് വരുകയും ചെയ്തു. ഇതോടെ മിസ്റ്റർ ക്ലീൻ ഇമേജുള്ള വിദ്യാർത്ഥി നേതാവിന്റെ രാഷ്ട്രീയ ജീവിതം തന്നെ പ്രതിസന്ധിയിലായി.

സാധാരണ രീതിയിൽ ഒരു നേതാവിന് എതിരെ സംഘടന നടപടിയെടുക്കുമ്പോൾ സംഘടനാ തലത്തിൽ അന്വേഷണം നടത്തണം. നേതാവിനോട് കാരണം ചോദിക്കുകയും വേണം. പക്ഷെ ഇതൊന്നും യദുകൃഷ്ണന്റെ കാര്യത്തിൽ നടന്നില്ല. അത്രമാത്രം ശക്തമായ പിടിപാടുകൾ ക്വാറി ഉടമയ്ക്ക് ഉണ്ടായിരുന്നു എന്നതിന്റെ തെളിവായിരുന്നു ഈ അടിയന്തര സസ്‌പെൻഷൻ. സംഘടനാ തലത്തിൽ പാർട്ടിയിൽ ശക്തമായ ചിലരുടെ നീക്കങ്ങളും യദുകൃഷ്ണനു വിനയായി. യുവതലമുറയിൽ ശ്രദ്ധേയമായ രീതിയിൽ വളർന്നു വന്നിരുന്ന വിദ്യാർത്ഥി നേതാവിന്റെ കരിയറിലാണ് ക്വാറിമാഫിയയുമായി ബന്ധപ്പെട്ടവർ കത്തിവെച്ചത്. സംഘടനാ തലത്തിൽ ശക്തരായവർ ഈ നീക്കത്തിന് കുടപിടിച്ചതോടെ യദുകൃഷ്ണൻ എന്ന വിദ്യാർത്ഥി നേതാവിന്റെ കരിയറിൽ കറുത്ത മഷി പുരളുക തന്നെ ചെയ്തു.

മധുരമല നശിക്കാതിരിക്കാൻ ഈ മലയിലെ ക്വാറി പട്ടാഴിയെ നശിപ്പിക്കും എന്ന് തിരിച്ചറിവ് ഉണ്ടായപ്പോൾ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ ആവശ്യപ്രകാരം സമരം നയിക്കാൻ മുൻപന്തിയിൽ ഇറങ്ങിയതാണ് യദുകൃഷ്ണൻ. എന്നാൽ സമരത്തിനു ഇറങ്ങിയ കെഎസ് യു നേതാവ് ഒറ്റപ്പെടുകയും അഴിമതി ആരോപണത്തിനു വിധേയനാവുകയും ചെയ്തു. തെറ്റ് മനസിലായതോടെയാണ് ദേശീയ നേതൃത്വം കെഎസ് യു നേതാവിന്റെ സസ്‌പെൻഷൻ പിൻവലിച്ചത്. കരുത്തനായ വിദ്യാർത്ഥി നേതാവ് വീണ്ടും കെഎസ് യുവിന്റെ തലപ്പത്തേക്ക് എത്തുകയാണ്. മറുനാടൻ ഓഫീസിൽ എത്തിയ യദുകൃഷ്ണൻ ക്വാറി മാഫിയയുടെ പ്രവർത്തനവും സമരവും സസ്‌പെൻഷന് ആധാരമായ സംഭവങ്ങളും മറുനാടനോട് വിശദീകരിച്ചു

 സസ്‌പെൻഷന് പിന്നിലും ക്വാറി മാഫിയ തന്നെ: യദുകൃഷ്ണൻ

പത്തനാപുരം പട്ടാഴി പഞ്ചായത്തിൽ ക്വാറിയ്‌ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം നടക്കുകയാണ്. കഴിഞ്ഞ മാസം ജനുവരിയാണ് സമരം നടത്തിയത്. എന്നോടു സമരത്തിനു ഇറങ്ങാനാണ് പാർട്ടി ആവശ്യപ്പെട്ടത്. എനിക്ക് ഒറ്റയ്ക്ക് കഴിയില്ലെന്ന് പറഞ്ഞപ്പോൾ പാർട്ടി ഉണ്ടെന്നാണ് പറഞ്ഞത്. ജനുവരി മാസം തന്നെ ഞാൻ ജിയോളജി വകുപ്പിന് പരാതി നൽകിയിരുന്നു. പട്ടാഴി പഞ്ചായത്തിലെ ക്വാറി മാഫിയക്കെതിരെയാണ് പരാതി നൽകിയത്. ആ പരാതി വകുപ്പിലുണ്ട്. ഈ ക്വാറിക്കെതിരെ നീങ്ങണമെങ്കിൽ വളരെ ശ്രദ്ധിച്ച് നീങ്ങണമെന്നാണ് പരാതി കണ്ടപ്പോൾ ജിയോളജി വകുപ്പ് ടീം എന്നോടു പറഞ്ഞത്. ഞാൻ ക്വാറിക്കെതിരെ ശക്തമായി നീങ്ങിയപ്പോൾ എനിക്ക് വേണ്ടപ്പെട്ട ചിലർ എന്നോടു വിളിച്ച് പറഞ്ഞത് ഈ ക്വാറിക്കെതിരെയുള്ള നീക്കത്തിൽ നിന്ന് പിൻവാങ്ങണമെന്നാണ്. സമരം മുന്നോട്ട് നീങ്ങിയ അവസ്ഥയിൽ പിൻവാങ്ങാൻ പറ്റില്ലെന്നാണ് ഞാൻ അറിയിച്ചത്. ക്വാറി ഉടമയെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ നേതാക്കന്മാർക്ക് കൊടുക്കാനുള്ളതുകൊടുത്തിട്ടുണ്ട്. നിനക്ക് വേണമെങ്കിൽ നക്കാപ്പിച്ച എന്തെങ്കിലും വേണമെങ്കിൽ നൽകാം എന്നാണ് അയാൾ പറഞ്ഞത്.

ഈ സംസാരം കേട്ടപ്പോൾ എനിക്ക് ദ്വേഷ്യം ഇരച്ചു കയറി. ഞാൻ വയലന്റായി. നിന്റെ അഞ്ച് പൈസ എനിക്ക് ആവശ്യമില്ല. ഒന്നുകിൽ ലോഡ് കൊണ്ടുപോകുന്നത് പകുതിയാക്കുക. എട്ടു ടണ്ണിൽ കൂടുതൽ പഞ്ചായത്ത് റോഡിൽക്കൂടി കൊണ്ട് പോകാൻ പാടില്ലെന്ന് ഓർഡിനൻസ് ഇറക്കി പാസാക്കിയതാണ്. റോഡിൽക്കൂടി മുപ്പത് ടൺ ആണ് കൊണ്ടുപോകുന്നത്. കരിങ്കൽ ലോഡ് കൊണ്ട് പോയി കൊണ്ട് പോയി റോഡിന്റെ രണ്ടു വശവും ഇടിഞ്ഞു താണിരിക്കുകയാണ്. നടുഭാഗമാണെങ്കിൽ പൊന്തി ഇരിക്കുകയും. കാർ പോലും കൊണ്ട് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ഞാൻ പറഞ്ഞു നിങ്ങൾക്ക് സോഷ്യൽ ഫണ്ട് ഉണ്ട്. അത് പഞ്ചായത്തിനു നൽകണം. നീ എന്താണ് ചെയ്യുക എന്ന് വച്ചാൽ ചെയ്യൂ എന്നാണ് ക്വാറിയുടെ ആളുകൾ എന്റെ അടുക്കൽ പറഞ്ഞത്. ഞാൻ നാട്ടുകാരെയും കൂട്ടി കഴിഞ്ഞ ജനുവരി നാലിന് വണ്ടി തടഞ്ഞു. പട്ടാഴി വില്ലേജ് ഓഫീസറെയും ജോയിന്റ് ആർടിഒയും എസ്‌പിയേയും സിഐയെയും വിളിച്ചു വണ്ടി തടയുന്ന കാര്യം പറഞ്ഞിരുന്നു. പൊലീസ് തടഞ്ഞ വണ്ടി പിടിച്ചു കൊണ്ടുപോയി പിന്നീട് വിട്ടു. 80000 രൂപ ഫൈൻ അടച്ച കേസ് ആണിത്. വിവരാവകാശ പ്രകാരം ഞാൻ എടുത്ത വിവരത്തിൽ ഇതുണ്ട്.

പതിനായിരം മെട്രിക് ടൺ പാറ പൊട്ടിക്കാൻ അനുമതി തേടിയാൽ നാൽപ്പതിനായിരവും അമ്പതിനായിരവും മെട്രിക് ടൺ പാറ ഇവർ പൊട്ടിക്കും. കോടികളുടെ ലാഭമാണ് ഇതുവഴി ഇവർ നേടുന്നത്. ഒരു കോടി എൺപത് ലക്ഷം രൂപ ജിയോളജി വകുപ്പുകാർ ഈ പാറമടയ്ക്ക് ഫൈൻ അടപ്പിച്ചിട്ടുണ്ട്. പിന്നെ വണ്ടി തടഞ്ഞിട്ടില്ല. അപ്പോഴാണ് എനിക്ക് പാർട്ടിക്കുള്ളിൽ നിന്നും സമ്മർദ്ദം വന്നത്. സമരത്തിൽ നിന്നും ഞാൻ പിന്മാറണം എന്നായിരുന്നു ആവശ്യം. ഇത്ര മുന്നോട്ടു പോയതിനാൽ സമരത്തിൽ നിന്നും പിന്മാറാൻ കഴിയില്ല എന്നാണ് ഞാൻ അറിയിച്ചത്. ഇനി സമരവുമായി പോയാൽ ഒറ്റപ്പെട്ടു പോകും എന്നാണ് എനിക്ക് ലഭിച്ച മുന്നറിയിപ്പ്. ആരും കാണത്തില്ല എന്നും എനിക്ക് സന്ദേശവും വന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ഓട്ടോ ഡ്രൈവർ ആയ സഹോദരന് നേരെ കയ്യേറ്റ ശ്രമത്തിനുള്ള ഒരുക്കങ്ങൾ നടന്നു. ഇതറിഞ്ഞു ഞാൻ പൊലീസിന് പരാതിയും നൽകിയിരുന്നു. പക്ഷെ ഞാൻ സമരത്തിൽ നിന്നും പിന്മാറിയില്ല.

ഇതോടെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ക്വാറിയുമായി ബന്ധപ്പെട്ടവർ പരാതി നൽകുന്നത്. ഞാൻ ക്വാറി സമരത്തിൽ നിന്നും പിന്മാറാൻ 50000 രൂപ കൈക്കൂലി ചോദിച്ചു എന്ന പരാതിയാണ് ക്വാറിയുമായി ബന്ധമുള്ളവർ നൽകിയത്. ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് ഈ പരാതിയിൽ കാമ്പില്ലെന്ന് മനസിലായിരുന്നു. കൈരളി ചാനൽ ഇത് സംബന്ധമായ വാർത്തയും നൽകി. എന്നെ കെഎസ് യു അഖിലേന്ത്യാ നേതൃത്വം വസ്തുതകൾ അറിയാതെ എന്നെ രാത്രിക്ക് രാത്രി തന്നെ സസ്‌പെൻഡ് ചെയ്തു. പക്ഷെ അപ്പോഴേക്കും സസ്‌പെൻഷന് എതിരെ പരാതി പോയി. കെഎസ് യു ദേശീയ നേതൃത്വം നേരിട്ട് കേരളത്തിൽ അന്വേഷണം നടത്തി. പരാതി വ്യാജമെന്ന് അവർക്ക് ബോധ്യമായി. സസ്‌പെൻഷൻ പിൻവലിച്ചു. എന്നെ കെഎസ് യുവിൽ തിരിച്ചെടുത്തു. പൊലീസ് വരെ എനിക്ക് അനുകൂലമായ റിപ്പോർട്ട് ആണ് നൽകിയത്. എന്റെ രാഷ്ട്രീയ ജീവിതം നശിപ്പിക്കാൻ വേണ്ടി ചിലർ നടത്തിയ ശ്രമത്തിന്റെ ഭാഗമായാണ് എനിക്ക് സസ്‌പെൻഷൻ നേരിടേണ്ടി വന്നത്. പക്ഷെ യാഥാർഥ്യം മനസിലാക്കിയപ്പോൾ എന്നെ കെഎസ് യു ദേശീയ നേതൃത്വം തിരിച്ചെടുക്കുകയും ചെയ്തു. കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ആയിരിക്കെയാണ് എസ്എഫ്‌ഐക്കാർ എന്റെ തലയടിച്ച് പൊട്ടിച്ചത്. എന്റെ കാലും എസ്എഫ്‌ഐക്കാർ അടിച്ചോടിച്ചു. പതിനാലു ദിവസം ഞാൻ എസ്‌പി ഫോർട്ട് ആശുപത്രിയിൽ വെന്റിലെറ്ററിൽ ആയിരുന്നു. 50000 രൂപ ഞാൻ ചോദിച്ചിരുന്നെങ്കിൽ അവർ ഉടൻ സെറ്റിൽ ചെയ്യുമായിരുന്നു. ഈ രീതിയിൽ പരാതിയുമായി പോകില്ലായിരുന്നു. എന്ത് ചെയ്താലും ഞാൻ സമരത്തിൽ നിന്നും മാറില്ലെന്ന് മനസിലാക്കിയാണ് അവർ എനിക്കെതിരെ പ്രതിപക്ഷ നേതാവ് അടക്കമുള്ളവർക്ക് പരാതി നൽകിയത്-യദുകൃഷ്ണൻ പറയുന്നു.

സസ്‌പെൻഷൻ പിൻവലിച്ചതുമായി ബന്ധപ്പെട്ട് പങ്കുവയ്ക്കപ്പെടുന്ന ഫെയ്‌സ് ബുക്ക് പോസ്റ്റ്

സത്യം അത് എത്ര മൂടി വച്ചാലും അതിന്റെ മറകൾ നീക്കി ഒരുനാൾ പുറത്തു വരുമെന്നതിന്റെ തെളിവാണ് ഇത്.

എന്നന്നേക്കുമാഴി ഇല്ലാതാക്കിയേക്കാം എന്നു നിനച്ച് രംഗത്തിറങ്ങിയവർ അറിയാതിരുന്നതോ, വിസ്മരിച്ചു പോയതോ ഈ നേതാവിന്റെ പോരാട്ട വീര്യം.

തോറ്റ് പോയവനല്ല. കൂടെയുള്ളവർ തോൽക്കാതിരിക്കാനായി സ്വന്തം രക്തം കൊണ്ട് ഈ മണ്ണിൽ വിപ്ലവ ചരിതം രചിച്ച #ജീവിച്ചിരിക്കുന്നബരക്തസാക്ഷി.

മറക്കാനാവാത്ത CPM വേട്ടപ്പട്ടികളുടെ കൊടുംക്രൂരതയ്ക്ക് മുന്നിൽ ഒട്ടും അടിപതറാതെ പ്രസ്ഥാനത്തേ നെഞ്ചോട് ചേർത്ത് മരണത്തെ പൊരുതി തോൽപ്പിച്ചവൻ.

ആരോപണങ്ങളായ അസ്ത്രങ്ങളെ തന്റെ ആത്മാർത്ഥതയും,സത്യസന്ധതയും,ചങ്കുറപ്പുമായ പരിച കൊണ്ട് പൊരുതി നിന്നവൻ..

ഇടക്കാലത്തേക്കെങ്കിലും ഇദ്ദേഹത്തേ അവിശ്വസിച്ച് ചെയ്യ്ത നടപടികൾ പൊറുക്കാനാകാത്തതാണെങ്കിലും, വസ്തുഥ തിരിച്ചറിഞ്ഞ് കയ്യ്പിടിച്ചുയർത്തിയ കോൺഗ്രസ്റ്റ് പ്രസ്ഥാനത്തിനോട് #പെരുത്തിഷ്ഠം

വ്യാജ ആരോപണങ്ങൾ കൊണ്ട് തളർത്താൻ കഴിയില്ല ഞങ്ങളുടെ പ്രിയ നേതാവിനെ.
#Yadhu_Krishnan_MJ
#Come_Back

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP