Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202424Saturday

350 കോടിയുടെ കാപികോ റിസോർട്ട് പൊളിച്ച് നീക്കാൻ തുടങ്ങിയ ഉടനെ പാര വന്നു; പരിസ്ഥിതി അനുമതി രേഖകൾ കാണാനില്ലെന്ന് സർക്കാർ; ദേശീയ ഹരിത ട്രിബ്യൂണൽ രേഖകൾ ചോദിച്ചപ്പോൾ ഫയലിൽ കാണാനില്ലെന്ന് ഉഴപ്പൻ വിശദീകരണം; എൻജിടിയുടെ സ്‌റ്റേ വാങ്ങി റിസോർട്ട് പൊളിക്കൽ താമസിപ്പിക്കാൻ നീക്കമെന്ന് സംശയം

350 കോടിയുടെ കാപികോ റിസോർട്ട് പൊളിച്ച് നീക്കാൻ തുടങ്ങിയ ഉടനെ പാര വന്നു; പരിസ്ഥിതി അനുമതി രേഖകൾ കാണാനില്ലെന്ന് സർക്കാർ; ദേശീയ ഹരിത ട്രിബ്യൂണൽ രേഖകൾ ചോദിച്ചപ്പോൾ ഫയലിൽ കാണാനില്ലെന്ന് ഉഴപ്പൻ വിശദീകരണം; എൻജിടിയുടെ സ്‌റ്റേ വാങ്ങി റിസോർട്ട് പൊളിക്കൽ താമസിപ്പിക്കാൻ നീക്കമെന്ന് സംശയം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വേമ്പനാട്ടുകായലിലെ പാണാവള്ളി നെടിയതുരുത്തിൽ നിയമം ലംഘിച്ചു നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയത് സെപ്റ്റംബറിലാണ്. റിസോർട്ടിന്റെ തെക്കുവശം പുറമ്പോക്കുഭൂമിയാണെന്നു കണ്ടെത്തിയ സ്ഥലത്തെ രണ്ടു വില്ലകളാണു ആദ്യം പൊളിച്ചത്. തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ചതെന്നു കണ്ടെത്തിയതിനെ തുടർന്നാണു റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്.

അതിനിടെ, കാപികോ റിസോർട്ട് പൊളിക്കാൻ അനുമതി നൽകിയ കോസ്റ്റൽ സോൺ മാനേജ്മെന്റ് അഥോറിറ്റിയുടെ അനുമതി ഉത്തരവും പരിസ്ഥിതി മാനേജ്മെന്റ് പ്ലാനും (ഇ.എംപി.) കാണാനില്ലെന്ന് വാർത്ത. സർക്കാർ ഫയലിൽ കാണാതെ പോയെന്ന വിശദീകരണം കാപികോ റിസോർട്ടിനെ സഹായിക്കുന്ന തരത്തിലാണെന്ന് ആരോപണമുണ്ട്. റിസോർട്ട് പൊളിക്കാൻ നൽകിയ അനുമതി പത്രം ഹാജരാക്കണമെന്നു 

ഉത്തരവിട്ടിരിക്കുകയാണ്. അപ്പോഴാണ് അത് കാണാനില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചത്.

രേഖകൾ കൃത്യസമയത്ത് ഹാജരാക്കിയില്ലെങ്കിൽ, പൊളിക്കൽ നിർത്തിവയ്ക്കാൻ ദേശീയ ഹരിത ട്രിബ്യൂണൽ നിർദ്ദേശം നൽകിയേക്കും. അടുത്തമാസം 13 നാണ് ഹർജി വീണ്ടും പരിഗണിക്കുന്നത്. അതിനിടെ, പരിസ്ഥിതി അനുമതി വാങ്ങാതെയാണു റിസോർട്ട് പൊളിക്കുന്നതെന്ന് ആരോപിച്ച് നാട്ടുകാരിയായ മത്സ്യത്തൊളിലാളി എൻ.ജി.ടിയെ സമീപിച്ചിരിക്കുകയാണ്. പൊളിക്കൽ മാലിന്യം വൻ പരിസ്ഥിതി നാശത്തിനിടയാക്കുമെന്നും നൈജീരിയൻ കൊക്കുകളുടെ ആവാസം തകർക്കുമെന്നാണു പ്രധാന പരാതി. മരട് ഫ്‌ളാറ്റുകൾ പൊളിക്കും മുമ്പു ഐ.ഐ.ടി. റൂർഖി പഠനം നടത്തിയിരുന്നു.

കോടതിയലക്ഷ്യം ഉണ്ടാകുമെന്ന ആശങ്കയിൽ സുപ്രീം കോടതി വിധി വേഗം നടപ്പാക്കുകയായിരുന്നുവെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി അനുമതി വേണമെന്നു എൻ.ജി.ടി. നിർദ്ദേശിച്ചാൽ, അതിന്റെ മറവിൽ പൊളിക്കൽ വൈകിപ്പിക്കാനാവും.
സുപ്രീം കോടതി ഉത്തരവുപ്രകാരം കാപികോ റിസോർട്ട് പൊളിച്ചു തുടങ്ങിയെന്നു വ്യക്തമാക്കി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, എൻ.ജി.ടിയിലെ ഹർജിക്കാര്യം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടില്ല.

ആറുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി

വേമ്പനാട്ടുകായലിൽ പാണാവള്ളി നെടിയതുരുത്തിൽ കാപികോ റിസോർട്ടിനായി കൈയേറിയ 2.93 ഹെക്ടർ പുറമ്പോക്കുഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. കളക്ടർ വി.ആർ. കൃഷ്ണതേജ സ്ഥലത്തെത്തി 'സർക്കാർ വക ഭൂമി' എന്ന ബോർഡ് സ്ഥാപിക്കുകയും ചെയ്തു. മുത്തൂറ്റ് ഗ്രൂപ്പിന്റേതാണ് ഈ കെട്ടിടം. അവർ തന്നെയാണ് കെട്ടിടം പൊളിക്കുന്നത്. മരടിൽ ഫ്‌ളാറ്റ് പൊളിച്ചതു സർക്കാരിന്റെ നേതൃത്വത്തിലായിരുന്നു. ഇവിടെ ഉത്തരവാദിത്തം മുത്തൂറ്റ് ഏറ്റെടുക്കുകയായിരുന്നു. ആറുമാസം കൊണ്ട് പൊളിക്കൽ പൂർത്തിയാകും.

റിസോർട്ട് നടത്തിപ്പുകാരുടെ ചെലവിലാണ് പൊളിക്കൽ. പരിസ്ഥിതിക്കും മത്സ്യബന്ധനത്തിനും ദോഷകരമാകാത്തവിധം കെട്ടിടാവശിഷ്ടങ്ങൾ മാറ്റുമെന്നു നടത്തിപ്പുകാർ ജില്ലാഭരണകൂടത്തിനുറപ്പു കൊടുത്തിട്ടുണ്ട്. ഘട്ടംഘട്ടമായി ആറുമാസത്തിനുള്ളിൽ പൊളിക്കൽ പൂർത്തിയാക്കാനാണു തീരുമാനം. റിസോർട്ട് നിർമ്മിക്കാൻ കൈയേറിയതായി കണ്ടെത്തിയ 2.9397 ഹെക്ടർ സ്ഥലം കളക്ടർ സർക്കാരിലേക്കേറ്റെടുത്തിരുന്നു. പട്ടയമുള്ള സ്ഥലം റിസോർട്ട് ഉടമകൾക്കുള്ളതാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ആകെയുള്ളത് 7.0212 ഹെക്ടർ സ്ഥലമാണ്.

തീരദേശപരിപാലനനിയമം ലംഘിച്ചും സർക്കാർസ്ഥലം കൈയേറിയും നിർമ്മിച്ച റിസോർട്ട് പൊളിച്ചുമാറ്റാൻ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്ടർ ഭൂമിയിൽ റിസോർട്ടിനു പട്ടയമുള്ളതിന്റെ ബാക്കിവരുന്ന 2.93 ഹെക്ടർ സ്ഥലമാണു സർക്കാർ ഏറ്റെടുത്തത്. നിയമംലംഘിച്ചു നിർമ്മിച്ച കാപികോ റിസോർട്ട് പൊളിച്ചുനീക്കി സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്നു 2013-ൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി 2020 ജനുവരി പത്തിനു സുപ്രീംകോടതി ശരിവെച്ചെങ്കിലും കോവിഡ് സാഹചര്യത്തിലാണു നടപടി വൈകിയത്.

35,900 ചതുരശ്രയടിയിൽ 54 വില്ലകളാണ് ഇവിടെയുള്ളത്. നീന്തൽക്കുളങ്ങളുമുണ്ട്. 2007-ൽ നിർമ്മാണം തുടങ്ങി 2012-ലാണു പൂർത്തിയാക്കിയത്. പരിസ്ഥിതിപ്രശ്‌നങ്ങൾ ഉണ്ടാകാത്തവിധം അവശിഷ്ടങ്ങൾ നീക്കാനാണുനിർദ്ദേശം. തീരനിയമം പാലിക്കാതെയും കായൽ കൈയേറ്റം നടത്തിയും നിർമ്മിച്ച കെട്ടിടങ്ങൾ പൊളിച്ച് സ്ഥലം സർക്കാർ ഏറ്റെടുക്കണമെന്ന 2013-ലെ ഹൈക്കോടതി വിധി 2020 ജനുവരിയിൽ സുപ്രീംകോടതി ശരിവച്ചിരുന്നു. ഇതിനെതിരേയാണ് ഉടമകൾ റിവ്യൂഹർജിയും നൽകി. ഇതും വെറുതയായി. റാംസർ മേഖലയിൽപെട്ട ഇവിടെ പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മറ്റും എതിർപ്പ് വകവെക്കാതെ എല്ലാ നിയമങ്ങളും കാറ്റിൽപറത്തിയാണ് റിസോർട്ട് നിർമ്മിച്ചത്. അധികാരകേന്ദ്രങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് സാധ്യമാക്കിയ ഈ നിർമ്മിതിക്കെതിരെ മത്സ്യത്തൊഴിലാളികളും പരിസ്ഥിതി സ്നേഹികളും ഒറ്റക്കെട്ടായി നടത്തിയ നിയമപോരാട്ടത്തിന്റെ അന്തിമ വിജയമായിരുന്നു സുപ്രീംകോടതി വിധി.

പാണാവള്ളി പഞ്ചായത്തിൽപെടുന്ന നെടിയതുരുത്തിൽ 24 ഏക്കറിലാണ് സപ്തനക്ഷത്ര സൗകര്യങ്ങളോടെ റിസോർട്ട് പണിതത്. ഇത് പൊളിച്ച് ദ്വീപ് പൂർവസ്ഥിതിയിലാക്കാനാണ് ജനുവരി 10ന് സുപ്രീംകോടതി വിധി ഉണ്ടായത്.

മുത്തൂറ്റിന്റെ കാപ്പികോ

ഡീലക്‌സ് ഉൾപ്പടെ 54 വില്ലകളാണ് കാപ്പികോയിൽ ഒരുക്കിയിരുന്നത്. ഡീലക്‌സ് വില്ലകളിൽ രണ്ട് നീന്തൽക്കുളങ്ങൾ വീതമാണ് ഒരുക്കിയിരുന്നത്. മിനി മുത്തൂറ്റ് ഗ്രൂപ്പിൽനിന്നാണ് കാപികോ ഗ്രൂപ്പായി വികസിക്കുന്നത്. 1996-ൽ തന്നെ മിനി മുത്തൂറ്റ് ഗ്രൂപ്പ് ഇവിടെ ഹോട്ടലിനായി പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. 2007-ലാണ് മിനി മുത്തൂറ്റ് ഗ്രൂപ്പ് സിങ്കപ്പൂരിലെ അന്താരാഷ്ട്ര ഹോട്ടൽ വ്യവസായ സംരംഭകരായ ബന്യൻട്രീ, കുവൈത്തിലെ കാപികോ എന്നിവരുമായി കൈകോർത്ത് കാപികോ കേരള റിസോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചത്. 2007 ജൂലായിൽ പുതിയ സംരംഭത്തിന് അനുമതിതേടി. ഗ്രൂപ്പ് ആദ്യം ലക്ഷ്യമിട്ടത് 150 കോടിയുടെ പദ്ധതിയാണെങ്കിലും പൂർത്തിയായപ്പോൾ 350 കോടി കടന്നതായാണ് കണക്കുകൾ. ഇതിനെതിരെയുള്ള നിയമ പോരാട്ടം ആദ്യം മാധ്യമങ്ങൾ വാർത്തയാക്കിയില്ല. ഒന്നും പുറം ലോകത്തുമെത്തിയില്ല. പക്ഷേ കോടതി ഇടപെടലുകൾ നിർണ്ണായകമായി.

കാപികോ റിസോർട്ടിൽ കായൽ കടന്ന് വൈദ്യുതി എത്തിക്കാൻ കേബിൾ ഇട്ടതിന് മാത്രം ഒന്നരക്കോടി രൂപയാണ് ചെലവഴിച്ചത്. വൈദ്യുതി എത്തിച്ചതിനുള്ള ആകെ ചെലവ് രണ്ടുകോടി രൂപയോളം വരും. വേമ്പനാട്ട് കായലിലെ നെടിയതുരുത്തിലേക്ക് കൊല്ലൻകൂമ്പ് ഭാഗത്തുനിന്ന് വൈദ്യുതി എത്തിക്കാൻ ഹൈടെൻഷൻ കേബിളുകളാണ് ഉപയോഗിച്ചിരിക്കുന്നത്.1007 മീറ്റർ കായലിലും 165 മീറ്റർ കരയിലുമായാണ് കേബിൾ ഇട്ടിരിക്കുന്നത്. മാക്കേകവലയിലെ സബ്‌സ്റ്റേഷനിൽ നിന്നും റോഡരികിലൂടെ ഇട്ടിരിക്കുന്ന കേബിൾ വേറെയും. വൈദ്യുതി കണക്ഷൻ ഫീസായി 13 ലക്ഷം രൂപ കെ.എസ്.ഇ.ബി.യിൽ അടച്ചു. വൈദ്യുതി മുടങ്ങാതിരിക്കാൻ 1000 കെ.വി., 250 കെ.വി. തുടങ്ങിയ ജനറേറ്ററുകളും സജ്ജമാക്കിയിരുന്നു.

അതീവ പരിസ്ഥിതി ലോല പ്രദേശം, യുനസ്‌കോയുടെ റാംസർ കൺവൻഷൻ പ്രകാരമുള്ള അന്താരാഷ്ട്ര പ്രാധാന്യമുള്ള ചതുപ്പ് നിലംഈ വിശേഷണങ്ങളുള്ള ചേർത്തല നെടിയ തുരുത്തിലാണ് മുത്തൂറ്റ് കാപ്പികോ റിസോർട്ട് കെട്ടിപ്പൊക്കിയത്. 150 കോടി ചെലവിൽ സെവൻ സ്റ്റാർ റിസോർട്ട് പണിതുയർത്താൻ തീരദേശ പരിപാലന നിയമം, മാത്രമല്ല, 1957ലെ ഭൂസംരക്ഷണ നിയമവുംലംഘിച്ച് ഹെക്ടറുകണക്കിന് സർക്കാർ ഭൂമിയും കൈയേറിയെന്നും ആരോപണമുണ്ടായി. മരടിലെ ഫ്‌ളാറ്റുകളുടെ അതേ വിധി കേരളത്തിലെ മുത്തൂറ്റ്, കുവൈത്തിലെ കാപ്പികോ ഗ്രൂപ്പുകളുടെ ഈ സംയുക്ത സംരംഭത്തെ തേടിയെത്തി..

ചേർത്തലയ്ക്കടുത്ത പാണാവള്ളിയിൽ വേമ്പനാട്ടു കായലിലെ ആൾവാസം കുറഞ്ഞ നെടിയതുരുത്ത് ദ്വീപിനെ കാപ്പിക്കോ കണ്ണു വെക്കുന്നത് തൊണ്ണൂറുകളിലാണ്. വൈദ്യുതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത ശരിക്കും ഒറ്റപ്പെട്ട തുരുത്ത്. ഇവിടേക്ക് എത്തിപ്പെടുക അത്ര എളുപ്പവുമല്ല. വൈദ്യുതിയില്ലാത്ത തുരുത്തിൽ കുടിവെള്ളവും പ്രശ്‌നമായിരുന്നു. അതിനാൽ സ്ഥലം വാങ്ങാൻ റിസോർട്ട് സംഘം എത്തിയപ്പോൾ അവിടെയുള്ള ഏതാനും താമസക്കാർ രണ്ടാമതൊന്ന് ആലോചിച്ചില്ല. കിട്ടാവുന്നതെല്ലാം വാങ്ങിക്കൂട്ടി. പോരാത്തത് കൈയേറി, കായൽ കരയാക്കി. അത്യാധുനിക സൗകര്യങ്ങളോടെ 50 റിസോർട് ഇവിടെ പണിതുയർത്തി. കാപ്പികോ ഭൂമി കൈയേറിയെന്ന് റവന്യൂ വകുപ്പ് കണ്ടെത്തുന്നത് 2012ലാണ്.

2.0939 ഹെക്ടർ സർക്കാർ ഭൂമി റിസോർട്ട് കൈയേറിയെന്ന് സർവേ ഡെപ്യുട്ടി ഡയറക്ടർ റിപ്പോർട്ട് നൽകി. തുടർന്ന് ചേർത്തല ഡെപ്യൂട്ടി തഹസിൽദാർ കൈയേറ്റം സംബന്ധിച്ച് നോട്ടീസ് നൽകി. ഇതിനെതിരെ കാപ്പികോ ഹൈക്കോടതിയിൽനിന്ന് അപ്പീൽ നൽകാൻ ഉത്തരവ് നേടി. കൈയേറ്റം നടന്നതായാണ് ആർഡിഒ റിപ്പോർട്ട്. 7.0212 ഹെക്ടർ ഭൂമിയുള്ളതിൽ 2.0397 ഹെക്ടർ സർക്കാർ ഭൂമിയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൈയേറ്റം ഒഴിപ്പിക്കാൻ നിർദ്ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നാലെ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സുപ്രീം കോടതിയിൽനിന്ന് സ്റ്റേ വാങ്ങി.

ഒടുവിൽ സുപ്രീം കോടതിതന്നെ പൊളിക്കാനും അനുമതി നൽകി. കെട്ടിപ്പൊക്കിയ നക്ഷത്ര സൗധങ്ങൾ ഒന്നുപോലും തുറക്കാതെ, ഒരു അതിഥിയെപോലും താമസിപ്പിക്കാതെയാണ് മുത്തൂറ്റ് കാപ്പികോ തകർന്ന് വീഴുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP