Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202125Monday

രാവിലെ 11 വരെ വസതിയിൽ പൊതുദർശനം; 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത്; സംസ്‌കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ; പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾ ഒഴുകിയെത്തുമെന്നതിനാൽ ഡൽഹിയിൽ എങ്ങും കനത്ത ജാഗ്രത; പ്രിയനേതാവിന് വിട പറയാൻ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ; അധികാരത്തിന്റെ തലക്കനമില്ലാതെ രാജ്യത്ത സേവിച്ച പ്രിയ നേതാവിന്റെ വേർപാടിൽ വിതുമ്പി രാജ്യം; സുഷമാ സ്വരാജിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത് ധീരയായ നേതാവിനെ

രാവിലെ 11 വരെ വസതിയിൽ പൊതുദർശനം; 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത്; സംസ്‌കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ; പ്രധാനമന്ത്രി അടക്കമുള്ള വിവിഐപികൾ ഒഴുകിയെത്തുമെന്നതിനാൽ ഡൽഹിയിൽ എങ്ങും കനത്ത ജാഗ്രത; പ്രിയനേതാവിന് വിട പറയാൻ രാജ്യതലസ്ഥാനത്തേക്ക് ഒഴുകിയെത്തുന്നത് ആയിരങ്ങൾ; അധികാരത്തിന്റെ തലക്കനമില്ലാതെ രാജ്യത്ത സേവിച്ച പ്രിയ നേതാവിന്റെ വേർപാടിൽ വിതുമ്പി രാജ്യം; സുഷമാ സ്വരാജിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത് ധീരയായ നേതാവിനെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായം. ജനനന്മയ്ക്കായും പാവപ്പെട്ടവരുടെ ഉന്നമനത്തിനായും ജീവിതം മാറ്റിവച്ച നേതാവ്. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനം-മോദിയുടെ ട്വീറ്റ് ശരിവയ്ക്കും വിധമുള്ള നേതാവായിരുന്നു സുഷമാ സ്വരാജ്. മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പ്രതീക്ഷയോ മുഖമോ ആയിരുന്നില്ല. രാജ്യത്തിന്റെ ആകാമാനം പ്രതീകമായി മാറാൻ അവർക്കായി. ഇന്നലെ രാത്രി 11 മണിയോടെ ഹൃദയാഘാതെ തുടർന്നാണ് ഡൽഹിയിൽ അവർ അന്തരിച്ചത്. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനിൽക്കുകയായിരുന്നു.

രാവിലെ 11 വരെ വസതിയിൽ പൊതുദർശനം. 12 മുതൽ മൂന്നു വരെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം മൂന്നു മണിക്ക് ലോധി റോഡ് വൈദ്യുത ശ്മശാനത്തിൽ നടക്കും. സുഷമയ്ക്ക് അന്താജ്ഞലി അർപ്പിക്കാൻ രാജ്യം മുഴുവൻ ഡൽഹിയിലേക്ക് ഒഴുകുകയാണ്. പ്രധാനമന്ത്രി മോദി അടക്കമുള്ളവർ സംസ്‌കാരത്തിൽ പങ്കെടുക്കുമെന്നതിനാൽ ഡൽഹിയിൽ സുരക്ഷയും ശക്തമാക്കി. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമാ സ്വരാജിന്റെ അന്ത്യം. വീട്ടിൽ വെച്ച് ഹൃദയാഘാതമുണ്ടായതിനേത്തുടർന്ന് 10.20 ഓടെയാണ് സുഷമാ സ്വരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാത്രി 11 ഓടെയായിരുന്നു മരണം. 2014-ൽ മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മത്സരിക്കാൻ തയ്യാറായിരുന്നില്ല. നേരത്തെ വാജ്പേയി സർക്കാരിലും മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്. 2009-14 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്. സുഷമ സ്വരാജിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. പാർലമെന്ററി രംഗത്തും നയതന്ത്ര രംഗത്തും അവരുടെ പ്രവർത്തനവും ഇടപെടലുകളും ശ്രദ്ധേയമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.

ഹരിയാനയിലെ അംബാല കന്റോൺമെന്റിനടുത്ത് ഹർദേവ് ശർമയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാക്കിസ്ഥാൻ ലാഹോറിലെ ധർമപുരയിൽനിന്ന് ഭാരത വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശർമയും കുടുംബവും. പഞ്ചാബ് സർവകലാശാലയിൽപെട്ട, ചണ്ഡീഗഢ് സനാതാൻ ധർമ കോളെജിൽ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കൽ സയൻസ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എൽഎൽബിയും നേടി. സുഷമ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത് . നിയമബിരുദം നേടിയ അവർ അടിയന്തരാവസ്ഥയ്ക്കെതിരായ പ്രക്ഷോഭപരിപാടികളിൽ പങ്കെടുത്തു. 1977ൽ ഹരിയാന നിയമസഭയിലെത്തിയ സുഷമ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി. 1980ൽ ജനതാ പാർട്ടിയിൽനിന്നു ജനസംഘവിഭാഗം പിരിഞ്ഞു ബിജെപി രൂപീകരിച്ചതു മുതൽ സുഷമ പാർട്ടിയിലുണ്ട്.

ദേശീയ നേതൃത്വത്തിലെത്തിയ അവർ 1990ൽ രാജ്യസഭാംഗമായി. 1998ൽ ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി. ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്‌സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്‌സഭാ വിജയം. രാജ്യത്ത് ഒരു രാഷ്ട്രീയപാർട്ടിയുടെ വക്താവാകുന്ന ആദ്യ വനിതയെന്ന റെക്കോഡും സുഷമക്ക് സ്വന്തം. സോഷ്യലിസ്റ്റ് നേതാവും മിസോറം മുൻ ഗവർണറും സുപ്രീംകോടതി മുതിർന്ന അഭിഭാഷകനുമായ സ്വരാജ് കൗശലാണു ഭർത്താവ്. രാജ്യസഭയിൽ ഒരേ കാലത്ത് അംഗങ്ങളായിരുന്ന ദമ്പതികളെന്ന ബഹുമതിയും ഇവർക്കുണ്ട്. ബൻസൂരി ഏക പുത്രിയാണ്.

ഹരിയാനയിൽ ദേവിലാലിന്റെ നേതൃത്വത്തിലുള്ള ജനതാ പാർട്ടി സർക്കാറിൽ 25-ാംവയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ കാബിനറ്റ് മന്ത്രിയായി. 27-ാം വയസ്സിൽ ജനതാപാർട്ടി പ്രസിഡന്റ്. 90-ൽ രാജ്യസഭാംഗമായി. 1996 -ലാണ് ആദ്യമായി ദക്ഷിണ ഡൽഹി മണ്ഡലത്തിൽനിന്ന് ലോക്സഭയിലെത്തിയത്. 99-ൽ ബെല്ലാരി മണ്ഡലത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ടു. 1998 ൽ ഡൽഹി മുഖ്യമന്ത്രിയായി. എൻ.ഡി.എ. സർക്കാറിൽ വാർത്താ വിതരണപ്രക്ഷേപണം, ആരോഗ്യം, വാർത്താവിനിമയം എന്നീ മന്ത്രാലയങ്ങളുടെ ചുമതലയും വഹിച്ചിട്ടുണ്ട്. ഏഴ് തവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നേരത്തെ വൃക്കരോഗത്തെ തുടർന്ന് ഏറെനാൾ ചികിത്സയിലായിരുന്നു. തുടർന്ന് 2016-ൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയും നടത്തിയിരുന്നു. ഏഴു തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുഷമാ സ്വരാജ് ബിജെപിയുടെ വനിതാമുഖമായാണ് അറിയപ്പെട്ടിരുന്നത്. പതിനഞ്ചാം ലോക്സഭയിൽ പ്രതിപക്ഷ നേതാവായിരുന്നു.

നഷ്ടപ്പെട്ടത് ധീരയായ നേതാവിനെ

സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനുശോചിച്ചു. ധീരയായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടതെന്ന് രാഷ്ട്രപതി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ രാഷ്ട്രീയത്തിലെ മഹത്തായ ഒരു അധ്യായത്തിനാണ് അന്ത്യം കുറിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന സന്ദേശത്തിൽ അറിയിച്ചു. ജനനന്മയ്ക്കായും നിർധനരുടെ ഉന്നമനത്തിനായും വേണ്ടി ജീവിതം മാറ്റിവച്ച നേതാവിന്റെ നിര്യാണത്തിൽ രാജ്യം കേഴുകയാണ്. കോടിക്കണക്കിന് ആളുകൾക്ക് പ്രചോദനമായിരുന്നു സുഷമ സ്വരാജെന്നും പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. സുഷമാ സ്വരാജിന്റെ നിര്യാണത്തിൽ കോൺഗ്രസ് ആദരാഞ്ജലികൾ അർപ്പിച്ചു. മരണവാർത്ത ഏറെ വേദനിപ്പിക്കുന്നുവെന്നും കുടുംബാംഗങ്ങൾക്കും പ്രിയപ്പെട്ടവർക്കുമൊപ്പം ദുഃഖം പങ്കിടുന്നുവെന്നും കോൺഗ്രസ് ട്വിറ്റ് ചെയ്തു.

ബിജെപി. കണ്ട ഏറ്റവും ശക്തമായ വനിതാ പ്രസംഗകരിലൊരാളായിരുന്നു ജോർജ് ഫെർണാണ്ടസിനും ജയപ്രകാശ് നാരായണനുമൊപ്പം രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ സുഷമാ സ്വരാജ്. തീക്ഷ്ണമായിരുന്നു വാക്കുകൾ, പാർലമെന്റിൽ എതിരാളികളെ നേരിടുമ്പോൾ ഒരു ദാക്ഷിണ്യവുമുണ്ടായിരുന്നില്ല. 1999-ൽ സോണിയാ ഗാന്ധി അമേഠിക്കു പുറമേ കർണാടകയിലെ ബെല്ലാരിയിൽ നാമനിർദ്ദേശ പത്രിക നൽകിയപ്പോൾ എതിരാളിയായി ബിജെപി. തെരഞ്ഞെടുത്തതു സുഷമയെ. ഇറ്റാലിയൻ വനിതയായ സോണിയയ്ക്കെതിരേ ആദർശ ഭാരതീയ വനിത! ഇന്ത്യയുടെ മകളും ഇറ്റലിയിൽനിന്നുള്ള മരുമകളും തമ്മിലായി പോരാട്ടം. ഇന്ത്യൻ ഏതാനും ദിവസം കൊണ്ടു കന്നട പഠിച്ചു പ്രസംഗിച്ച് ഏവരെയും അമ്പരപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പിൽ സുഷമ തോറ്റു. പക്ഷേ, രാഷ്ട്രീയത്തിലെ ശത്രുത 2004-ൽ വിശ്വരൂപമെടുത്തു.

25 വയസ് മുതൽ 41 വർഷത്തിനിടെ 11 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. നാലു തവണ ലോക്സഭയിൽ. മൂന്നുവട്ടം രാജ്യസഭയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നു. ഒരിക്കൽക്കൂടി സുഷമയെ വിദേശകാര്യമന്ത്രി പദത്തിൽ പ്രതീക്ഷിച്ച എല്ലാവരും നിരാശരായി. ഇതിനിടെയാണ് മരണമെത്തുന്നതും.

ഒതുക്കപ്പെട്ട സുഷമ

1998ൽ ഡൽഹിയിൽ മദൻലാൽ ഖുറാന - സാഹിബ് സിങ് വർമ ചേരിപ്പോരിന്റെ കാലം; തിരഞ്ഞെടുപ്പിനു മൂന്നുമാസം മുൻപു പാർട്ടി സുഷമയെ മുഖ്യമന്ത്രിയാക്കി. ഒടുവിൽ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ദയനീയ പരാജയത്തിന്റെ ഭാരമേൽക്കേണ്ടിവരികയും ചെയ്തു.

ഹരിയാനയിലും ഉത്തരാഞ്ചലിലും മധ്യപ്രദേശിലും നിന്നു രാജ്യസഭയിലേക്കെത്തിയ സുഷമ രണ്ടു തവണ ലോക്സഭയിലെത്തിയതു സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ്. 2009ലും 2014ലും മധ്യപ്രദേശിലെ വിദിശയിൽ നിന്നായിരുന്നു ലോക്സഭാ വിജയം. ഹരിയാനയിലെ കർണാൽ ലോക്സഭാ മണ്ഡലത്തിൽ '80, '89 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട ചരിത്രവും സുഷമയ്ക്കുണ്ട്. അനുഭവസമ്പത്തിൽ പാർട്ടിയിൽ ആരുടെയും പിന്നിലായിരുന്നില്ലെങ്കിലും തന്നെ ഒതുക്കുന്ന കാര്യത്തിൽ ബിജെപിയിലെ വിവിധ ചേരികളിലെ പുരുഷ സുഹൃത്തുക്കൾ ഒറ്റക്കെട്ടായിരുന്നു. ഒരിക്കൽ ജന കൃഷ്ണമൂർത്തിക്കു പകരം പാർട്ടി അധ്യക്ഷസ്ഥാനത്തേക്കു സുഷമയുടെ പേരും പരിഗണിച്ചിരുന്നു

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു ബദലെന്ന നിലയിൽ സുഷമ ബിജെപി അധ്യക്ഷസ്ഥാനത്തേക്കുയർന്നാൽ രണ്ടാംനിരക്കാരുടെയെല്ലാം കാര്യം അവതാളത്തിലാകുമായിരുന്നു. 2009ൽ ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്തെത്തിയെങ്കിലും ആ പ്രകടനത്തെ വേണ്ട വിധം ആരും അംഗീകരിച്ചില്ല. മോദി ഫാക്ടർ വന്നതോടെ പാർട്ടിയിൽ ഒതുക്കപ്പെട്ടു. എൽ കെ അദ്വാനിയുടെ പിന്തുണയും ആർഎസ്എസ് ഇടപെടലും പലപ്പോഴും സുഷമയെ തുണച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP