Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതിനു നന്ദി... മിൽഖാ സിങ് ഓട്ടം നിർത്തിയതു ഞാൻ ഓർക്കുന്നു! 45 വർഷമായി ഞാൻ അവരുടെ പിന്നാലെ നടക്കുന്നു. ഇനിയതു മാറ്റാനാകില്ല! ഡൽഹി സർവ്വകലാശാലയിൽ അരുൺ ജെയറ്റ്‌ലിക്കായി തീപ്പൊരി പ്രസംഗത്തിലൂടെ വോട്ട് ചോദിച്ച മിടുമിടുക്കി; ഇന്ദിരാ ഗാന്ധിയുടെ കരിനിയമത്തെ എതിർക്കുന്നതിനിടെയിൽ പ്രണയം മൊട്ടിട്ടത് ജോർജ് ഫെർണാണ്ടസിന്റെ പ്രിയ ശിഷ്യനോട്; സുഷമാ ശർമ്മയെ സുഷമാ സ്വരാജാക്കിയത് അടിയന്തരാവസ്ഥക്കാലത്തെ മിന്നുകെട്ട്: സ്വരാജ് കൗശൽ തനിച്ചാകുമ്പോൾ

തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതിനു നന്ദി... മിൽഖാ സിങ് ഓട്ടം നിർത്തിയതു ഞാൻ ഓർക്കുന്നു! 45 വർഷമായി ഞാൻ അവരുടെ പിന്നാലെ നടക്കുന്നു. ഇനിയതു മാറ്റാനാകില്ല! ഡൽഹി സർവ്വകലാശാലയിൽ അരുൺ ജെയറ്റ്‌ലിക്കായി തീപ്പൊരി പ്രസംഗത്തിലൂടെ വോട്ട് ചോദിച്ച മിടുമിടുക്കി; ഇന്ദിരാ ഗാന്ധിയുടെ കരിനിയമത്തെ എതിർക്കുന്നതിനിടെയിൽ പ്രണയം മൊട്ടിട്ടത് ജോർജ് ഫെർണാണ്ടസിന്റെ പ്രിയ ശിഷ്യനോട്; സുഷമാ ശർമ്മയെ സുഷമാ സ്വരാജാക്കിയത് അടിയന്തരാവസ്ഥക്കാലത്തെ മിന്നുകെട്ട്: സ്വരാജ് കൗശൽ തനിച്ചാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: 1970കളിൽ, ഡൽഹി സർവകലാശാലയിൽ ചെയർമാൻ പദത്തിന് മത്സരിച്ച എബിവിപി നേതാവ് അരുൺ ജെയ്റ്റലിയുടെ പ്രചാരണത്തിന് ഓടി നടന്ന സുഷമാ ശർമ. തകർപ്പൻ ഹിന്ദി പ്രസംഗം, ഉജ്വല വാക്‌ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, കാമ്പസ് രാഷ്ട്രീയത്തിൽ തിളങ്ങിയ ഈ കൊച്ചു മിടുക്കിയാണ് പിന്നീട് ഇന്ത്യാക്കാരുടെ ഹൃദയം കവർന്ന സുഷമാ സ്വരാജായത്. ലോകം അദരവോടെ വിളിച്ച സൂപ്പർ മോമായതും. ഒന്നാം മോദി സർക്കാരിന്റെ കാലത്തു വിദേശകാര്യമന്ത്രിയായ സുഷമ പ്രവാസികളുടെ ഓരോ പ്രശ്നവും ഏറ്റെടുത്തു തിളങ്ങി. രാജ്യം ഏറ്റവുമധികം ആഘോഷിച്ച വിദേശകാര്യമന്ത്രി. ഇന്ത്യയുടെ സൂപ്പർ മോം എന്നു വാഷിങ്ടൺ പോസ്റ്റ് എന്നു വാഷിങ്ടൺ പോസ്റ്റ് പ്രശംസ ചൊരിഞ്ഞു. ഈ മിടുക്കാണ് ഓർമ്മയാകുന്നത്.

എൽഎൽബി പഠിത്തം കഴിഞ്ഞ് സുപ്രീം കോടതിയിൽ 1973-ൽ അഭിഭാഷകയായി പ്രവർത്തനം തുടങ്ങി. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ കോൺഗ്രസ് അഴിമതിക്കെതിരേ സമ്പൂർണ വിപ്ലവ ആഹ്വാനമായി ജയപ്രകാശ് നാരായൺ രംഗത്തിറങ്ങിയപ്പോഴാണ് അടിയന്തരാവസ്ഥ എത്തിയത്. ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പലതലത്തിൽ നടന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആർഎസ്എസും അതിശക്തമായി ഒരുമിച്ച കാലം. ജോർജ് ഫെർണാണ്ടസിനെപ്പോലുള്ള സോഷ്യലിസ്റ്റ് പ്രവർത്തകർ അതി തീവ്രമായി പ്രതിരോധ രംഗത്തുണ്ടായിരുന്നു. അടിയന്തരാവസ്ഥയെ ചെറുക്കുന്നവർക്ക് നിയമസഹായം നൽകുന്നതിന് അദ്ദേഹം സജ്ജമാക്കിയ നിയമ പ്രതിരോധ സംഘത്തിൽ, അഭിഭാഷകയായ സുഷമാ ശർമ അംഗമായിരുന്നു. ആ കൂട്ടത്തിൽ സ്വരാജ് കൗശൽ എന്ന യുവാവുമുണ്ടായിരുന്നു, രാഷ്ട്രീയംകൊണ്ട് സോഷ്യലിസ്റ്റ്, തൊഴിൽ കൊണ്ട് അഭിഭാഷകനും. അവർ ഒന്നിച്ച് പ്രവർത്തിച്ചു, വിവാഹിതരാകാനും തീരുമാനിച്ചു. അടിയന്തരാവസ്ഥക്കാലത്തായിരുന്നു, 1975 ജൂലൈ 13 ന്, അവർ വിവാഹിതരായത്. അങ്ങനെ സുഷമാ ശർമ, സുഷമാ സ്വരാജ് ആയി.

സ്വരാജ് കൗശൽ അഭിഭാഷകനാണ്. ജോർജ് ഫെർണാണ്ടസിനൊപ്പം സോഷ്യലിസ്റ്റ് രാഷ്ട്രീയപക്ഷത്തായിരുന്നു ആദ്യകാലം. 1990 മുതൽ 93 വരെ മിസോറാം ഗവർണർ ആയിരുന്നു. 1998 മുതൽ 2004 വരെ രാജ്യസഭാംഗവും. ഇക്കാലത്തിനിടെ 1998-99 വർഷം സുഷമ ലോക്‌സഭാംഗവും. പിന്നീട് 2000 മുതൽ 2004 വരെ സുഷമ രാജ്യസഭാംഗമായപ്പോൾ ഇരുവരും ഒരേ സഭയിൽ- ഭാര്യയും ഭർത്താവും ഒരേ സഭയിൽ അംഗമായിരുന്ന റിക്കോർഡും ഈ ദമ്പതികൾ സ്വന്തമാക്കി. ഹരിയാനയിലെ അംബാല കന്റോൺമെന്റിനടുത്ത് ഹർദേവ് ശർമയുടെയും ലക്ഷ്മീദേവിയുടെയും മകളായി സുഷമയുടെ ജനനം; 1952 ഫെബ്രുവരി 14 ന്. പാക്കിസ്ഥാൻ ലാഹോറിലെ ധർമപുരയിൽനിന്ന് ഇന്ത്യാ വിഭജനക്കാലത്ത് ഹരിയാനയിലേക്ക് സ്ഥിരതാമസമാക്കിയതാണ് ശർമയും കുടുംബവും.

പഞ്ചാബ് സർവകലാശാലയിൽപെട്ട, ചണ്ഡീഗഢ് സനാതാൻ ധർമ കോളെജിൽ ബിഎ ഡിഗ്രിയാണ് സുഷമ പഠിച്ചത്, പൊളിറ്റിക്കൽ സയൻസ് മുഖ്യ വിഷയം, സംസ്‌കൃതം ഉപവിഷയം. പിന്നീട് എൽഎൽബിയും നേടി. പഠനകാലത്ത് വിദ്യാർത്ഥിരാഷ്ട്രീയത്തിലുണ്ടായിരുന്നു, എബിവിപിയിൽ. കാര്യമായിത്തന്നെ കാമ്പസ് രാഷ്ട്രീയ രംഗത്തിറങ്ങിയിരുന്നു. അങ്ങനെയാണ് അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി വോട്ട് ചോദിച്ചെത്തിയതും പിന്നീട് തന്റെ കർമ്മ ഭൂമി രാഷ്ട്രീയമാണെന്ന് സുഷമ തിരിച്ചറിഞ്ഞതും. സഹയാത്രികനായി സ്വരാജ് കൗശൽ എത്തിയതോടെ അവർ രാഷ്ട്രീയത്തിൽ അതിവേഗം കത്തിപടർന്നു. അനീതിക്കെതിരെ ശബ്ദമുയർത്തി. പാവങ്ങളുടെ കണ്ണീരൊപ്പം രാജ്യത്തിന്റെ അമ്മയായി.

25 വയസ് മുതൽ 41 വർഷത്തിനിടെ 11 തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. നാലു തവണ ലോക്സഭയിൽ. മൂന്നുവട്ടം രാജ്യസഭയിൽ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്നു. ഒരിക്കൽക്കൂടി സുഷമയെ വിദേശകാര്യമന്ത്രി പദത്തിൽ പ്രതീക്ഷിച്ച എല്ലാവരും നിരാശരായി. അതിനിടയിലും ഭാര്യയുടെ നർമബോധം ഏറ്റെടുത്ത് ഭർത്താവ് സ്വരാജ് കൗശൽ ഏവരെയും ചിരിപ്പിച്ചു. തെരഞ്ഞെടുപ്പുകളിൽനിന്നു പിന്മാറുന്നതിനു നന്ദി. മിൽഖാ സിങ് ഓട്ടം നിർത്തിയതു ഞാൻ ഓർക്കുന്നു! -ഇതായിരുന്നു സ്വരാജ് കൗശലിന്റെ കമന്റ്. ട്വിറ്ററിൽ സജീവമായിരുന്നെങ്കിലും സുഷമ അതിൽ ഭർത്താവിനെ ഫോളോ ചെയ്തിരുന്നില്ല. പക്ഷേ, സുഷമയെ സ്വരാജ് കൗശൽ ഫോളോ ചെയ്തിരുന്നു. ഇതേപ്പറ്റി 2016-ൽ ട്വിറ്ററിൽത്തന്നെ ചോദ്യമുയർന്നു. അദ്ദേഹത്തിന്റെ മറുപടി ഒട്ടും വൈകിയില്ല. 45 വർഷമായി ഞാൻ അവരുടെ പിന്നാലെ നടക്കുന്നു. ഇനിയതു മാറ്റാനാകില്ല!-ഇതായിരുന്നു അവർക്കിടയിലെ വൈകാരിക ബന്ധം.

ഒന്നാം മോദി സർക്കാരിലെ ഏറ്റവും മികച്ച മന്ത്രിമാരിൽ ഒരാളെന്നു മിക്ക മാധ്യമ സർവേകളും കണ്ടെത്തിയത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയായിരുന്നു. ഡിജിറ്റൽ നയതന്ത്രം എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കാമെന്ന് ഇന്ത്യയ്ക്കും ലോകത്തിനും അവർ കാണിച്ചുകൊടുത്തു. ട്വിറ്ററിൽ സജീവമായിരുന്ന അവർ വിദേശ ഇന്ത്യാക്കാരുടെ ആവശ്യങ്ങൾ കേൾക്കാനും തുടർനടപടിയെടുക്കാനും ശ്രദ്ധിച്ചു. ആ പ്രവർത്തനങ്ങൾ സമൂഹമാധ്യമങ്ങൾ കയ്യടിയോടെ സ്വീകരിച്ചു. അവഗണന മാത്രം കണ്ടുശീലിച്ച പ്രവാസികൾക്ക് വിരൽത്തുമ്പിൽ സാന്ത്വനവർഷവുമായി എത്തുന്ന വിദേശകാര്യ മന്ത്രി ആദ്യം അത്ഭുതമായിരുന്നു.

മലേഷ്യയിൽ മനോദൗർബല്യം ബാധിച്ച സുഹൃത്തിനെ രക്ഷിക്കാൻ മുറി ഇംഗ്ലീഷിൽ ഒരാൾ ട്വീറ്റ് ചെയ്തു. പലരും പരിഹസിച്ചെങ്കിലും സുഷമ അവിടെയും മനം കവർന്നു. 'വിദേശ മന്ത്രാലയത്തിൽ എത്തിയശേഷം ഏതു തരം ഇംഗ്ലിഷ് ഉച്ചാരണവും വ്യാകരണവും എനിക്കു വഴങ്ങും' എന്നായിരുന്നു പ്രതികരണം. യുവാവിനെ നാട്ടിലെത്തിക്കുകയും ചെയ്തു. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ 168 ഇന്ത്യക്കാർക്ക് രക്ഷയായതു കൂട്ടത്തിൽ ഒരാൾ സുഷമയ്ക്ക് അയച്ച വിഡിയോ സന്ദേശമാണ്. യെമനിൽ ഇന്ത്യക്കാരനെ വിവാഹം ചെയ്ത തദ്ദേശീയ യുവതി 8 മാസം പ്രായമുള്ള മകന്റെ ചിത്രം അയച്ച് രക്ഷാഭ്യർഥന നടത്തിയപ്പോൾ മണിക്കൂറുകൾക്കകം സഹായമെത്തിച്ചു സുഷമ ചരിത്രമെഴുതി. 'സൂപ്പർ മോം' എന്നാണ് വാഷിങ്ടൻ പോസ്റ്റ് സുഷമയെ വിശേഷിപ്പിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP