Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202119Saturday

കോമയിൽ മാസങ്ങൾ കഴിഞ്ഞപ്പോഴും കേന്ദ്രമന്ത്രി പദവി നിലനിർത്തി ഖജനാവ് മുടിപ്പിച്ചവർക്ക് മാതൃകയായി രോഗബാധിതയായപ്പോഴെ അരങ്ങൊഴിഞ്ഞ് സാധാരണക്കാരിയായി; മരണം പ്രതീക്ഷിച്ചതിനാൽ ആദ്യം ഇന്ത്യൻ പ്രസിഡന്റ് പദവിയും പിന്നാലെ കേന്ദ്രമന്ത്രി പദവും ഒടുവിൽ ഗവർണ്ണർ പദവിയും നിരസിച്ചു; രോഗക്കിടക്കയിലും സാധാരണക്കാർക്ക് വേണ്ടി പ്രയത്‌നിച്ച സുഷമാ മരണത്തിന് മുമ്പ് സർക്കാർ വീടും ഒഴിഞ്ഞ് മാതൃകയായി; സകല ഇന്ത്യാക്കാരും രാഷ്ട്രീയവും മതവും മറന്ന് സുഷമാ സ്വരാജിനെ സ്‌നേഹിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെ

കോമയിൽ മാസങ്ങൾ കഴിഞ്ഞപ്പോഴും കേന്ദ്രമന്ത്രി പദവി നിലനിർത്തി ഖജനാവ് മുടിപ്പിച്ചവർക്ക് മാതൃകയായി രോഗബാധിതയായപ്പോഴെ അരങ്ങൊഴിഞ്ഞ് സാധാരണക്കാരിയായി; മരണം പ്രതീക്ഷിച്ചതിനാൽ ആദ്യം ഇന്ത്യൻ പ്രസിഡന്റ് പദവിയും പിന്നാലെ കേന്ദ്രമന്ത്രി പദവും ഒടുവിൽ ഗവർണ്ണർ പദവിയും നിരസിച്ചു; രോഗക്കിടക്കയിലും സാധാരണക്കാർക്ക് വേണ്ടി പ്രയത്‌നിച്ച സുഷമാ മരണത്തിന് മുമ്പ് സർക്കാർ വീടും ഒഴിഞ്ഞ് മാതൃകയായി; സകല ഇന്ത്യാക്കാരും രാഷ്ട്രീയവും മതവും മറന്ന് സുഷമാ സ്വരാജിനെ സ്‌നേഹിക്കുന്നത് ഇതുകൊണ്ടൊക്കെ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്രമന്ത്രി പദത്തിൽ മരണം ആഗ്രഹിച്ച് കിടക്കയിൽ കിടന്ന ചിലരെങ്കിലും നമ്മുടെ മനസ്സിലുണ്ട്. ഡിഎംകെ നേതാവായിരുന്ന മുരശൊലി മാരൻ ഏറെ കാലം ചികിൽസയിലായപ്പോഴും കേന്ദ്ര മന്ത്രിപദം വിട്ടുകൊടുത്തില്ല. ഒടുവിൽ ചികിൽസയും സർക്കാർ ചെലവിൽ നടത്തി അദ്ദേഹം യാത്രയായി. ഇത്തരം ഉദാഹരണങ്ങൾക്ക് മുമ്പിൽ സുഷമാ സ്വരാജ് എന്ന പേര് തീർത്തും വ്യത്യസ്തമാണ്. പടപൊരുതിയ രാഷ്ട്രീയ ചരിത്രമാണ് സുഷമ്മയുടേത്. ഓരോ പടവും കയറി ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയത് കഠിനാധ്വാനത്തിലൂടെയാണ്. എന്നാൽ ജനങ്ങൾ ആഗ്രഹിക്കുന്നത് തിരിച്ചു നൽകാനുള്ള ആരോഗ്യം തന്നിൽ നിന്ന് പടിയിറങ്ങുന്നുവെന്ന് തിരിച്ചറിഞ്ഞ സുഷമാ സ്വരാജ് സൃഷ്ടിച്ചത് അപൂർവ്വ മാതൃകയാണ്. ആരോഗ്യം തളർത്തിയപ്പോൾ കുടുംബവുമൊത്ത് വിശ്രമ ജീവിതം. ഒടുവിൽ കാശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി നീക്കിയതോടെ അതിരുവിട്ട സന്തോഷം ട്വിറ്ററിലൂടെ പങ്കുവച്ച് മടക്കം. സമാനതകളില്ലാത്ത മാതൃകയായിരുന്നു അത്.

2009ൽ പ്രതിപക്ഷ നേതാവായിരുന്നു സുഷമ. കോൺഗ്രസിനെ ലോക്‌സഭയിൽ ട്വിറ്ററിൽ തളച്ചത് സുഷമയായിരുന്നു. അതുകൊണ്ട് അദ്വാനിയുടെ പ്രിയ ശിഷ്യ രാജ്യത്തെ നയിക്കുമെന്ന് പോലും കരുതി. ഭാവി പ്രധാനമന്ത്രിയായി സൗമ്യുമുഖത്തെ ബിജെപിക്കാർ കണ്ടു. രാജ്യത്തുടനീളമുള്ള സ്വാധീനത്തിലൂടെ സുഷമ പ്രധാനമന്ത്രിയാകുമെന്ന് ഏവരും കരുതി. ഇതിനിടെയാണ് ആർഎസ്എസ് പിന്തുണയുമായി ഗുജറാത്ത് മോഡൽ ചർച്ചയാക്കി നരേന്ദ്ര മോദി എത്തിയത്. അദ്വാനിക്ക് പോലും മോദിയുടെ വരവിനെ തടയാനായില്ല. പതിയെ സുഷമ പിന്നോട്ട് വലിഞ്ഞു. 2014ൽ കേവല ഭൂരിപക്ഷവുമായി മോദി പ്രധാനമന്ത്രിയായി. ഇതോടെ മോദിയെ സുഷമ അംഗീകരിച്ചുവെന്നതാണ് വസ്തുത. മോദിയുമായി തല്ലിപിരിഞ്ഞ് സുഷമാ വാർത്തകൾ സൃഷ്ടിക്കുമെന്ന് കരുതിയവർക്ക് തെറ്റി. അഞ്ചു കൊല്ലവും ഈഗോയൊന്നുമില്ലാതെ സുഷമാ വിദേശകാര്യമന്ത്രാലയത്തിൽ ചരിത്ര ദൗത്യങ്ങളുമായി ഓടി നടന്നു. വിദേശ രാജ്യങ്ങൾക്ക് ഇന്ത്യാക്കാരുടെ വനിതാ കരുത്ത് പുതിയ പാഠങ്ങൾ പലതും പകർന്നു നൽകി. അങ്ങനെ ഇന്ത്യയുടെ മികച്ച വിദേശകാര്യമന്ത്രിയുമായി സുഷമാ. ഇതിനിടെയാണ് കിഡ്‌നി രോഗം തളർത്തിയത്. എന്നാൽ സ്‌നേഹിക്കുന്നവരുടെ പ്രാർത്ഥനകൾ കാരണം സുഷമയ്ക്ക് കുറച്ചു ദിവസങ്ങൾ മാത്രമേ കിടക്കയിൽ വിശ്രമിക്കേണ്ടി വന്നുള്ളൂ. രോഗക്കിടക്കയിലും സജീവമായിരുന്നു അന്ന് വിദേശകാര്യമന്ത്രി.

കിഡ്‌നി നൽകാൻ ആളുകൾ ക്യൂ നിന്നതും ഇന്ത്യയിൽ കൗതുകമായി. സുഷമയ്ക്ക് വേണ്ടി ജീവൻ പോലും നൽകാൻ പതിനായിരങ്ങളാണ് തയ്യാറായത്. അങ്ങനെ അതിവേഗം രോഗത്തെ അതിജീവിച്ചു. മോദി മന്ത്രിസഭയിലെ മികച്ചത് ആരെന്നതിന് സംശയമില്ലാതെ ഏവരും ചൂണ്ടിക്കാട്ടിയത് സുഷമയെ ആയിരുന്നു. എന്നിട്ടും ഇനിയൊരു തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് വ്യക്തമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പ് എത്തും മുമ്പ് തന്നെ സുഷമാ മത്സരത്തിൽ നിന്ന് പിന്മാറി. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാനെ പോലുള്ളവർ നിർബന്ധിച്ചിട്ടും തീരുമാനം മാറ്റിയില്ല. ഓടി നടക്കാനുള്ള ആരോഗ്യമില്ലെന്ന് പറഞ്ഞായിരുന്നു പിന്മാറ്റം. അപ്പോഴും രാജ്യത്തുടനീളം മറ്റുള്ളവർക്കായി സുഷമാ വോട്ട് ചോദിക്കാനെത്തി. എല്ലാവരും വിജയിച്ചു. മോദി വീണ്ടും പ്രധാനമന്ത്രിയുമായി. രാജ്യസഭയിലൂടെ പാർലമെന്റിലെത്തി വീണ്ടും കേന്ദ്രമന്ത്രിയാകാനുള്ള അവസരം സുഷമയ്ക്കുണ്ടായിരുന്നു. കിഡ്‌നി മാറ്റി വയ്ക്കൽ ശസ്ത്രക്രിയയെ അവർ എല്ലാ അർത്ഥത്തിലും അതിജീവിച്ചിരുന്നു. എന്നാൽ കേന്ദ്ര മന്ത്രിയുടെ ഗ്ലാമറിലേക്ക് കയറാൻ സുഷമ ആഗ്രഹിച്ചില്ല. വിവാദങ്ങളും പൊട്ടിത്തെറികളുമില്ലാതെ മോദിയുടെ മന്ത്രിസഭയിൽ നിന്ന് സ്വയം മാറി. ഇതിന് ശേഷവും ട്വിറ്ററിൽ സജീവമായിരുന്നു സുഷമ.

എംപിയും മന്ത്രിയുമല്ലാത്ത സുഷമയ്ക്ക് ഔദ്യോഗിക വസതിക്ക് അർഹതയില്ലായിരുന്നു. ഡൽഹിയിൽ പദവി പോയാലും വീട് ഒഴിയില്ലെന്ന പതിവ് കീഴ് വഴക്കവും സുഷമ തെറ്റിച്ചു. അവർ സ്വയം വീട് മാറി മാതൃകയായി. ഇതിന് ശേഷം ഗവർണ്ണറാക്കാനും സുഷമയുടെ പേര് മോദി സർക്കാർ പരിഗണിച്ചു. സ്‌നേഹത്തോടെ നോ പറയുകയായിരുന്നു അമിത് ഷായോട് സുഷമ. ആരോഗ്യത്തിലെ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞുള്ള വിട്ടു നിൽക്കൽ. മുമ്പ് പ്രസിഡന്റായി സുഷമയുടെ പേര് സജീവ ചർച്ചയായിരുന്നു. എന്നാൽ രാംനാഥ് കോവിന്ദിനാണ് നറുക്ക് വീണത്. അതിന് ശേഷം ഉപരാഷ്ട്രപതി പദവിയിലും പേര് ചർച്ചയായി. ഇവിടെ നിന്നെല്ലാം സുഷമാ സ്വയം മാറി നടക്കുകയായിരുന്നു. ഈ പദവികൾക്ക് വേണ്ട ആരോഗ്യവും സമയവും ഇല്ലെന്ന ഉൾവിളിയുടെ ഫലമായിരുന്നു ഇതെല്ലാം. മന്ത്രികസേരയിൽ കെട്ടിപിടിച്ചിരുന്ന് അമേരിക്കയിലും ഇന്ത്യയിലും ചികിൽസാ ധൂർത്ത് നടത്താൻ താൽപ്പര്യം കാണിക്കാത്ത ജനകീയ നേതാവ്. അതാണ് സുഷമ. പണിയെടുക്കാതെ പ്രതിഫലം ആഗ്രഹിച്ചാത്ത നേതൃജനുസിലെ അപൂർവ്വത.

തകർപ്പൻ ഹിന്ദി പ്രസംഗം, ഉജ്വല വാക്‌ധോരണി, പുഞ്ചിരിയും സൗമ്യതയും, കൃത്യമായ രാഷ്ട്രീയ കാഴ്ചപ്പാടുകളും വിശകലനവും, കാമ്പസ് രാഷ്ട്രീയത്തിൽ തിളങ്ങാൻ ഇതിൽ പലതും അധികയോഗ്യതകളായിരുന്നു. പഠിത്തം കഴിഞ്ഞ് സുപ്രീം കോടതിയിൽ 1973-ൽ അഭിഭാഷകയായി പ്രവർത്തനം തുടങ്ങി. 1975-ൽ ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിനുകാരണമായത് രാജ്യത്തെ കോൺഗ്രസ് അഴിമതിക്കെതിരേ വിദ്യാർത്ഥി പ്രസ്ഥാനം തുടങ്ങിയ പ്രതിഷേധം കാട്ടുതീപോലെ പടർന്നതും, അത് സമ്പൂർണ വിപ്ലവ ആഹ്വാനമായി ജയപ്രകാശ് നാരായൺ നയിച്ചതുമായിരുന്നുവല്ലോ. അടിയന്തരാവസ്ഥയ്‌ക്കെതിരേയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പലതലത്തിൽ നടന്നു. സോഷ്യലിസ്റ്റ് പ്രസ്ഥാനവും ആർഎസ്എസും അതിശക്തമായി അടിയന്തരാവസ്ഥയ്‌ക്കെതിരേ പോരാടി.-ഈ തീചൂളയിൽ നിന്നാണ് സുഷമായെന്ന നേതാവിന്റെ ഉദയം. ഹിന്ദുത്വരാഷ്ട്രീയം ആർഎസ്എസ് ഉയർത്തി പിടിച്ച് നീങ്ങിയപ്പോഴും ഒരിക്കലും സുഷമയെ മതത്തിന്റെ പേരിൽ ആരും അകറ്റി നിർത്തിയില്ല. ബാബറി മസ്ജിദ് തകർന്ന് വീണപ്പോഴും അവർ പ്രതിസ്ഥാനത്ത് ഉണ്ടായില്ല. എല്ലാപേരേയും നെഞ്ചോട് ചേർക്കുന്ന രാഷ്ട്രീയമായിരുന്നു സുഷമയുടേത്. തിരുവനന്തപുരത്തേക്ക് പോലും ഒരു ഘട്ടത്തിൽ അവർ മത്സരിക്കണമെന്ന് കേരളത്തിലെ ബിജെപി ആഗ്രഹിച്ചിരുന്നു. കേരളത്തിന്റെ മനസ്സ് പിടിക്കാൻ സുഷമയാണ് നല്ലതെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അടുത്ത കേരളാ ഗവർണ്ണർ സുഷമായകുമെന്ന് ആഗ്രഹിച്ചവരും ഉണ്ട്. ഇതിനിടെയാണ് തന്നെ പരിഗണിക്കരുതെന്ന് സുഷമ കേന്ദ്രത്തെ അറിയിച്ചതും. എങ്കിലും സുഷമയാകും ഗവർണ്ണറെന്ന് പലരും കരുതി. ദൈവത്തിന്റെ സ്വന്തം നാട് പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് മരണമെത്തിയത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം കേന്ദ്രത്തിൽ ജനതാ സർക്കാരുണ്ടായി. ജനതാ പാർട്ടിയുടെയും സോഷ്യലിസ്റ്റ് പാർട്ടികളുടെയും രാഷ്ട്രീയ മുന്നേറ്റമായിരുന്നു. ഹരിയാനയിൽ ദേവിലാലിന്റെ നേതൃത്വത്തിലായിരുന്നു ജനതാ പാർട്ടി മുന്നേറ്റം. അവിടെ 1977 -ൽ സുഷമാ സ്വരാജ് എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ പ്രായം 25 വയസ്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ എംഎൽഎ ആയ വനിത. 1982 വരെയും പിന്നീട് 1987 മുതൽ 90 വരെയും എംഎൽഎ. ദേവിലാൽമന്ത്രിസഭയിൽ ഹരിയാനയിൽ സുഷമാ സ്വരാജ് 1979-ൽ കാബിനറ്റ് മന്ത്രിയായി. അപ്പോൾ 27 വയസ്. 1984-ൽ സുഷമ ബിജെപിയിൽ ചേർന്നു. 1987 മുതൽ 90 വരെ ഹരിയാനയിൽ ബിജെപി-ലോക്ദൾ സർക്കാർ ഭരിക്കുമ്പോൾ സുഷമ വിദ്യാഭ്യാസ വകുപ്പുമന്ത്രിയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് സുഷമാ സ്വരാജ് എത്തുന്നത് 1990 ആകുമ്പോഴാണ്. 1990-ൽ രാജ്യസഭാംഗമായി. പതിനൊന്നാം ലോക്‌സഭയിലേക്ക് ഡൽഹി സൗത്ത് മണ്ഡലത്തിൽനിന്ന് 1996-ൽ തെരഞ്ഞെടുക്കപ്പെട്ടു. ആദ്യത്തെ കേന്ദ്ര ബിജെപി സർക്കാരിൽ മന്ത്രിയായി. 13 ദിവസത്തെ വാജ്‌പേയി സർക്കാരിന്റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായിരുന്നു സുഷമ.

1998-ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിച്ചു. ആ സർക്കാരിലും ഇതേ വകുപ്പിൽ. ഒപ്പം ടെലികമ്യൂണിക്കേഷൻ, വ്യവസായം എന്നീ വകുപ്പുകളുടെയും മന്ത്രിയായിരുന്നു. 1998 ഒക്ടോബറിൽ കേന്ദ്ര മന്ത്രിസ്ഥാനത്തുനിന്ന് ഡൽഹി മുഖ്യമന്ത്രിയുടെ ചുമതലയേറ്റു. അതൊരു പരീക്ഷണമായിരുന്നു. തലസ്ഥാനമായ ഡൽഹിക്ക് ആദ്യമായി വനിതാ മുഖ്യമന്ത്രി. കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് സുഷമാ സ്വരാജിനെ രാജിവയ്‌പ്പിച്ച് ഡൽഹി മുഖ്യമന്ത്രിയാക്കിയത്. 24 മണിക്കൂറും ഉണർന്നു പ്രവർത്തിക്കുന്ന മുഖ്യമന്ത്രി. പൊലീസിനൊപ്പം പാതിരാവിലും നഗരം ചുറ്റുന്ന മുഖ്യമന്ത്രി. ജനങ്ങളുടെ ഏതാവശ്യത്തിനും എവിടെയും എപ്പോഴും ഓടിയെത്തുന്ന മുഖ്യമന്ത്രി. 'വിത് യു, ഫോർ യു, ആൾവെയ്‌സ്' - നിങ്ങൾക്കൊപ്പം, നിങ്ങൾക്കുവേണ്ടി, സദാപി. അതൊരു ആവേശമായി. ഇതിനിടെയാണ് ഉള്ളിക്ഷാമം വിനയയാത്. ഡൽഹിയിൽ സുഷമാ ഭരണത്തിന് അവസാനവുമായി. സുഷമാ സ്വരാജ് ബിജെപിയുടെ ആദ്യത്തെ വനിതാ വക്താവാണ്. ബിജെപിയുടെയെന്നല്ല, ഇന്ത്യയിൽ ഒരു ദേശീയ പാർട്ടിയുടെ ആദ്യ വനിതാ വക്താവ്. അതുകൊണ്ടുതന്നെ, പ്രതിപക്ഷകക്ഷിയെന്ന നിലയിൽ ബിജെപിയുടെ നയവും നിലപാടും പറഞ്ഞ്, പ്രതിയോഗികളുടെ വിമർശനങ്ങളെ സമർഥമായി നേരിടുന്ന ആളെന്ന നിലയിൽ സുഷമാ സ്വരാജ് ശ്രദ്ധേയ ആയിരുന്നു.

എന്നാൽ 1999-ലെ പൊതു തെരഞ്ഞെടുപ്പോടെ ലോകശ്രദ്ധ നേടി. ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരേ കർണാടകത്തിലെ ബെല്ലാരിയിൽ മത്സരിച്ചത് സുഷമയായിരുന്നു. കർണാടകം അന്ന് കോൺഗ്രസിന്റെ കുത്തക സംസ്ഥാനമാണ്. പിന്നെ ജനതാദൾ. ബിജെപി വളർന്നുവരുന്നു. ബെല്ലാരി, 1951 മുതൽ കോൺഗ്രസിനെയല്ലാതെ ആരേയും ജയിപ്പിച്ചിട്ടില്ലാത്ത മണ്ഡലം. ബിജെപിക്ക് നാമമാത്രമായ സാന്നിധ്യം. അവിടെ ഹിന്ദിപ്രദേശത്തുനിന്ന് ഒരു സ്ഥാനാർത്ഥി. എതിരാളി കോൺഗ്രസ് അധ്യക്ഷ. അവർ പാർട്ടി അധ്യക്ഷയായി ചുമതലയേറ്റതിന്റെ ആവേശത്തിലായിരുന്നു കോൺഗ്രസ്. അടുത്ത പ്രധാനമന്ത്രിയായി അവരോധിക്കാൻ കോൺഗ്രസ് ആവേശം കാട്ടുന്ന കാലം. ഇതൊക്കെ സുഷമയ്ക്ക് കടുത്ത വെല്ലുവിളിയായിരുന്നു. പാർട്ടി ഏൽപ്പിച്ച ആറാമത്തെ ദൗത്യമായിരുന്നു അത്- ആദ്യം പാർട്ടി ദേശീയ സെക്രട്ടറി സ്ഥാനം, പിന്നീട് വക്താവ്, അതിനു ശേഷം എംപിസ്ഥാനം, പിന്നീട് കേന്ദ്ര മന്ത്രിപദം, തുടർന്ന് ഡൽഹി മുഖ്യമന്ത്രിസ്ഥാനം, അടുത്തതായി സോണിയയോട് നേരിട്ട് ഏറ്റുമുട്ടൽ. കോൺഗ്രസിനെ വിറപ്പിച്ചു. സോണിയയെ വെള്ളം കുടിപ്പിച്ചു. ബല്ലാരിയിൽ സോണിയ ഹിന്ദിയിൽപ്പോലും പ്രസംഗം എഴുതിവായിച്ചപ്പോൾ നാലുദിവസംകൊണ്ട് കന്നഡ പഠിച്ച് സുഷമ പ്രസംഗ വേദികളിൽ കസറി. അന്ന് സുഷമ തോറ്റെങ്കിലും കർണ്ണാടകത്തിൽ ബിജെപി വേരു പിടിച്ചു. അതാണ് സംഭവിച്ചത്.

മോദിയുടെ ആദ്യ സർക്കാരിൽ വിദേശരാജ്യങ്ങളിൽ ദുരിതത്തിൽപ്പെടുന്ന ഇന്ത്യക്കാർക്ക് വിരൽത്തുമ്പിൽ ലഭിക്കുന്ന സഹായമായിരുന്നു വിദേശകാര്യമന്ത്രിയെന്ന നിലയിൽ സുഷമയുടേത്. ട്വിറ്ററിലൂടെ അവർ പ്രശ്‌നങ്ങൾ കേട്ടു, പരിഹാരങ്ങൾ നിർദ്ദേശിച്ചു, ആശ്വാസവാക്കുകൾ ചൊരിഞ്ഞു. നയതന്ത്രം മാത്രമല്ല പ്രവാസികളോടുള്ള കരുതലും വിദേശകാര്യമന്ത്രിയുടെ ചുമതലയാണെന്നു ആദ്യമായി തിരിച്ചറിഞ്ഞു. ഇന്ത്യാക്കാർ മാത്രമല്ല, സുഷമയുെട സഹായത്തിനു പാത്രമായിട്ടുള്ളത്. അയൽരാജ്യമായ പാക്കിസ്ഥാനിൽനിന്നുള്ളവർക്കുേപാലും പലപ്പോഴും ഇന്ത്യയിേലക്കു വിസ സംഘടിപ്പിക്കാൻ വഴിയൊരുക്കുന്നതും ഈ ട്വിറ്റർ അക്കൗണ്ടായിരുന്നു. സുഷമ വൃക്കരോഗിയാെണന്ന വാർത്ത പുറത്തുവന്നപ്പോൾ അവയവദാനത്തിനായി രംഗത്തുവന്നവരുെട എണ്ണം അവരോടുള്ള ജനങ്ങളുടെ സ്‌നേഹവായ്പിനു തെളിവായിരുന്നു. വൃക്കമാറ്റിവെക്കേണ്ടിവരുെമന്ന സുഷമയുെട ട്വീറ്റ് വന്ന നിമിഷം മുതൽ ന്യൂഡൽഹിയിലെ എയിംസ് ആശുപത്രിയിേലക്ക് വിളികളുെട പ്രവാഹമായിരുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളയുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചായിരുന്നു സുഷമാ സ്വരാജിന്റെ അവസാന ട്വീറ്റ്. ഈ ദിവസം കാണാമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ. വളരെയധികം നന്ദി ഇന്നലെ വൈകിട്ട് ഏഴു മണിയോടെയാണു സുഷമ മോദിയെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്്തത്. ഒൻപതു മണിയോടെ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് എയിംസിൽ പ്രവേശിപ്പിച്ചു. മുതിർന്ന ബിജെപി. നേതാക്കളാ ഹർഷവർധൻ, നിതിൻ ഗഡ്കരി തുടങ്ങിയവർ അപ്പോൾ തന്നെ ആശുപത്രിയിലെത്തിയിരുന്നു. പിന്നെ രാജ്യം കേട്ടത് സുഷമാ വിടവാങ്ങിയെന്ന ഞെട്ടിക്കുന്ന സത്യവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP