Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബന്ധുവും മരിച്ചു; സുശാന്തിന്റെ മരണത്തിൽ അതീവ ദുഃഖവതിയായിരുന്നെന്ന് റിപ്പോർട്ട്; ബോളിവുഡിലെ പോരിനെ കുറിച്ചും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി; തന്റെ ബയോപിക്കിലെ നായികന്റെ ദാരുണ മരണത്തിന്റെ ഷോക്കിൽ മഹേന്ദ്ര സിങ് ധോണിയും; സുശാന്തിന്റെ മരണവാർത്ത ധോണിയെ സ്തബ്ധനാക്കി; പ്രതികരിക്കാൻ അദ്ദേഹത്തിനു വാക്കുകൾ കിട്ടിയില്ലെന്ന് മാനേജർ അരുൺ പാണ്ഡ; ധോണിയെ വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സുശാന്ത് പരിശീലനം നടത്തിയത് ഒമ്പതു മാസം

സുശാന്തിന്റെ മരണത്തിന് പിന്നാലെ ബന്ധുവും മരിച്ചു; സുശാന്തിന്റെ മരണത്തിൽ അതീവ ദുഃഖവതിയായിരുന്നെന്ന് റിപ്പോർട്ട്; ബോളിവുഡിലെ പോരിനെ കുറിച്ചും അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി; തന്റെ ബയോപിക്കിലെ നായികന്റെ ദാരുണ മരണത്തിന്റെ ഷോക്കിൽ മഹേന്ദ്ര സിങ് ധോണിയും; സുശാന്തിന്റെ മരണവാർത്ത ധോണിയെ സ്തബ്ധനാക്കി; പ്രതികരിക്കാൻ അദ്ദേഹത്തിനു വാക്കുകൾ കിട്ടിയില്ലെന്ന് മാനേജർ അരുൺ പാണ്ഡ; ധോണിയെ വെള്ളിത്തിരയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ സുശാന്ത് പരിശീലനം നടത്തിയത് ഒമ്പതു മാസം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന്റെ ആഘാതത്തിലാണ് ബോളിവുഡ് സിനിമാലോകം. സുശാന്തിന്റെ മരണത്തോടെ ബോളിവുഡിലെ കിടമത്സരങ്ങളും ചർച്ചയാകുകയാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് മുംബൈ പൊലീസും വ്യക്തമാക്കുന്നുണ്ട്. ഇതിനിടെ സുശാന്തിന്റെ മരണത്തിന്റെ ആഘാതത്തിൽ അടുത്ത ബന്ധുവും മരിച്ചു. സുശാന്തിന്റെ കസിന്റെ ഭാര്യയായ സുധാ ദേവിയാണ് മരിച്ചത്. സുശാന്തിന്റെ മരണത്തിൽ ഇവർ അതീവ ദുഃഖവതിയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. കുറച്ചു നാളുകളായി ഇവർ രോഗബാധിതയായിരുന്നു. സുശാന്തിന്റെ മരണവാർത്തയറിഞ്ഞ ശേഷം ഇവർ ഭക്ഷണം കഴിക്കാതെ ഇരിക്കുകയായിരുന്നു. തിങ്കളാഴ്ച ബിഹാറിൽ വച്ചാണ് മരണം.

ഞായറാഴ്ച ഉച്ചയ്ക്കാണ് സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സുശാന്ത് കഴിഞ്ഞ അഞ്ച് മാസമായി വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സുശാന്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിലേക്കും അന്വേഷണം വ്യാപിച്ചിരിക്കുകയാണ്. സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിൽ സംശയം ഉന്നയിച്ച് ബന്ധുക്കൾ. മരണത്തിൽ ഗൂഢാലോചനയുണ്ടെന്ന് സുശാന്തിന്റെ അമ്മാവൻ ആരോപിച്ചിരുന്നു.സുശാന്ത് സിംഗിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തുകഴിഞ്ഞു. കൂപ്പർ ഹോസ്പ്പറ്റിലാണ് മൃതദേഹം ഉള്ളത്.

അതേസമയം ബോളിവുഡിലെ കിടമത്സരം നടൻ സുശാന്ത് സിങിനെ മാനസിക സമ്മർദത്തിലേക്ക് നയിച്ചോ എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖും വ്യക്തമാക്കി. പ്രൊഫഷനിലെ സ്പർധ അദ്ദേഹത്തെ വിഷാദത്തിലേക്ക് നയിച്ചെന്ന റിപ്പോർട്ടുകൾ മുംബൈ പൊലീസ് അന്വേഷിക്കുമെന്നാണ് അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തത്. ബോളിവുഡിൽ നിന്നുള്ള അവഗണനയും സിനിമകൾ മുടങ്ങിയതുമാണ് സുശാന്തിനെ വിഷാദ രോഗിയാക്കിയതെന്നാണ് ആരോപണം. സുശാന്തിന്റെ അഞ്ച് സിനിമകൾ മുടങ്ങിപ്പോയെന്നും റിപ്പോർട്ടുണ്ട്. കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെയാണ് കടന്നുപോയിരുന്നതെന്ന് എല്ലാവർക്കും അറിയാമെന്ന് സഹപ്രവർത്തകയും ഹെയർ സ്‌റ്റൈലിസ്റ്റുമായ സ്വപ്ന ഭവാനി ട്വീറ്റ് ചെയ്യുകയുണ്ടായി. ബോളിവുഡിലെ ആരും സുശാന്തിന്റെ കൂടെ നിന്നിരുന്നില്ലെന്നും സ്വപ്ന ട്വീറ്റിൽ പറഞ്ഞു.

സുശാന്തിന്റെ കഴിവിനെ ബോളിവുഡ് അംഗീകരിച്ചിരുന്നില്ലെന്ന് നടി കങ്കണ റണാവത്ത് പറഞ്ഞു. അദ്ദേഹത്തിന് ഗോഡ്ഫാദർമാരില്ലായിരുന്നു. അഭിനയിച്ച സിനിമകൾ കാണാൻ അദ്ദേഹം അപേക്ഷിക്കുകയുണ്ടായി. പ്രേക്ഷകർ കൂടി കയ്യൊഴിഞ്ഞാൽ ബോളിവുഡിൽ നിന്നും പുറത്തേക്ക് വലിച്ചെറിയപ്പെടുമെന്ന് പറയേണ്ടിവന്ന സാഹചര്യം പോലുമുണ്ടായെന്നും കങ്കണ ആരോപിച്ചു. വിഷമഘട്ടത്തിൽ പിന്തുണയ്ക്കാതെ മരിച്ചു കഴിഞ്ഞപ്പോൾ സുശാന്തിനോട് സഹതാപം കാണിക്കുന്നത് കാണിക്കുമ്പോൾ ദേഷ്യം തോന്നുന്നുവെന്നായിരുന്നു നടൻ നിഖിൽ ദ്വിവേദിയുടെ പ്രതികരണം. ബോളിവുഡിന്റെ കാപട്യം തനിക്കിപ്പോൾ മനസിലായെന്നും നിഖിൽ പറഞ്ഞു. നിഖിലിന്റെ ഈ ആരോപണം സംവിധായകൻ കരൺ ജോഹറിനെതിരെയാണെന്നാണ് സൂചന. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുശാന്തിനോട് അടുപ്പം പുലർത്താതിരുന്നതിൽ താൻ ഖേദിക്കുന്നുവെന്നായിരുന്നു സുശാന്ത് മരിച്ചപ്പോൾ കരൺ ജോഹറിന്റെ പ്രതികരണം. കരണും ആലിയ ഭട്ടും കോഫി വിത്ത് കരൺ എന്ന ചാറ്റ് ഷോയ്ക്കിടെ സുശാന്തിനെ പരിഹസിച്ചത് നിരവധി പേർ സോഷ്യൽ മീഡിയയിൽ ചൂണ്ടിക്കാട്ടുന്നു.

ചാറ്റ് ഷോയിൽ സുശാന്ത് സിങ് രാജ്പുത്, രൺവീർ സിങ്, വരുൺ ധവാൻ എന്നിവരെ റേറ്റ് ചെയ്യാൻ കരൺ ജോഹർ ആവശ്യപ്പെട്ടപ്പോൾ 'സുശാന്ത് സിങ് രാജ്പുത്, അതാരാ' എന്നായിരുന്നു ആലിയയുടെ മറുചോദ്യം. സുശാന്തിന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള ആലിയയുടെയും കരണിന്റെയും ട്വീറ്റിന് താഴെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ടുള്ള നിരവധി കമന്റുകൾ കാണാം. അതേസമയം സുശാന്തിന്റെ മരണം മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ സ്തബ്ധനാക്കിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ മാനേജർ കൂടിയായ അരുൺ പാണ്ഡെ. ധോണിയെ വെള്ളിത്തിരയിൽ പകർന്നാടിയ താരമായിരുന്നു സുശാന്ത്.

സുശാന്തിന്റെ വിയോഗം ധോണിയെ സ്തബ്ധനാക്കി. പ്രതികരിക്കാൻ അദ്ദേഹത്തിനു വാക്കുകൾ കിട്ടിയില്ല. എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾക്കു വിശ്വസിക്കാനാകുന്നില്ല. 34 വയസുമാത്രമാണ് അവന്റെ പ്രായം. വലിയ ഒരു കരിയർ അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. -അരുൺ ഇന്ത്യൻ എക്സ്‌പ്രസിനോട് പ്രതികരിച്ചു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം.എസ് ധോണി: ദ അൺടോൾഡ് സ്‌റ്റോറി എന്ന സിനിമ നിർമ്മിച്ചത് അരുൺ പാണ്ഡെയായിരുന്നു.

സുശാന്തിന്റെ വിയോഗം നീരജ് പാണ്ഡെയായിരുന്നു ധോണിയെ വിളിച്ച് അറിയിച്ചത്. ' സുശാന്തിന്റെ മരണ വിവരം ഞെട്ടലോടെയാണ് ധോണി കേട്ടത്. അദ്ദേഹം കുറച്ചു നേരത്തേക്ക് സ്തബ്ധനായി നിൽക്കുകയായിരുന്നു. നീരജ് പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. സംസാരിക്കാനുള്ള ഒരു സാഹചര്യത്തിൽ അല്ല ഞാനിപ്പോൾ ഉള്ളത്. ഏറ്റവും അടുപ്പമുള്ള ഒരാൾ നഷ്ടമായി എന്ന് മാത്രമാണ് എനിക്കിപ്പോൾ പറയാനാവുക. ധോണിയെ കൂടാതെ ഞാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ മിഹിർ ദിവാകർ, അരുൺ പാണ്ഡെ എന്നിവരെയും ഞാൻ വിളിച്ചിരുന്നു. മരണ വാർത്ത കേട്ട് അവരും നടുങ്ങി. -നീരജ് പാണ്ഡെ കൂട്ടിച്ചേർത്തു.

ധോണിയെ അതുപോലെ അഭിനയിച്ചു ഫലിപ്പിക്കാൻ ഒമ്പതു മാസത്തോളമായിരുന്നു സുശാന്ത് പരിശീലനം നടത്തിയത്. മഹിക്കൊപ്പം അദ്ദേഹം 15 ദിവസത്തോളം ചെലവഴിക്കുകയും ചെയ്തു. മുൻ ക്രിക്കറ്റർ കിരൺ മോറെയക്ക്ക്കു കീഴിലാണ് സുശാന്ത് പരിശീലനം നടത്തിയത്. ധോണിയുടെ ഹെലിക്കോപ്റ്റർ ഷോട്ട് പരിശീലിക്കുന്നതിനിടെ താരത്തിന് പേശിവലിവ് അനുഭവപ്പെട്ടിരുന്നു. പരിശീലനത്തിനിടെ ഒരിക്കൽ നട്ടെല്ലിനു ചെറിയ പൊട്ടലുണ്ടാവുകയും ചെയ്തു. എന്നാൽ, ഒരാഴ്ച കൊണ്ട് രോഗം സുഖമായി താരം പരിശീലനം തുടർന്നു. ചിത്രത്തിന് വേണ്ടിയുള്ള സുശാന്തിന്റെ ആത്മസമർപ്പണം ധോണിയെയും ആകർഷിച്ചിരുന്നതായി അരുൺ പറഞ്ഞു.

എം.എസ് ധോണി എന്ന ചിത്രത്തിലേക്ക് തെരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ സുശാന്ത് ധോണിയുടെ ആരാധകനായിരുന്നു. ധോണി അദ്ദേഹത്തിന് ഒരു പ്രചോദനമായിരുന്നു. കാരണം ധോണിയെ പോലെ വളരെ ചെറിയ ഗ്രാമത്തിൽ നിന്നും ബോളിവുഡിലെത്തിയ താരമാണ് സുശാന്ത്. ധോണിയെ സിനിമയിൽ അഭിനയിച്ച് ഫലിപ്പിക്കാൻ അത്ര എളുപ്പമല്ല. എന്നാൽ സുഷാന്ത് വളരെ എളുപ്പം ഇതു സാധിച്ചെടുത്തു. ഈ റോൾ ചെയ്യാൻ അനുയോജ്യനായ വ്യക്തി സുശാന്താണെന്നു തനിക്കും ധോണിക്കുമെല്ലാം അറിയാമായിരുന്നു. -അരുൺ പാണ്ഡെ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP