Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനവുമായി 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ടു; ആശങ്ക പരത്തിയത് വിദേശകാര്യ മന്ത്രിയുമായി തിരുവനന്തപുരത്തുനിന്ന് മൗറീഷ്യസിലേക്ക് പോയ 'മേഘദൂത്' വിമാനം; ബന്ധം നഷ്ടമായത് മൗറീഷ്യസ് വ്യോമാതിർത്തിയിൽ വച്ച്; അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മൗറീഷൻ എയർ ട്രാഫിക് കൺട്രോൾ

സുഷമാ സ്വരാജ് സഞ്ചരിച്ച വിമാനവുമായി 14 മിനിറ്റ് ബന്ധം നഷ്ടപ്പെട്ടു; ആശങ്ക പരത്തിയത് വിദേശകാര്യ മന്ത്രിയുമായി തിരുവനന്തപുരത്തുനിന്ന് മൗറീഷ്യസിലേക്ക് പോയ 'മേഘദൂത്' വിമാനം; ബന്ധം നഷ്ടമായത് മൗറീഷ്യസ് വ്യോമാതിർത്തിയിൽ വച്ച്; അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മൗറീഷൻ എയർ ട്രാഫിക് കൺട്രോൾ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: വിദേശകാര്യ മന്ത്രി സുഷമസ്വരാജ് സഞ്ചരിച്ച വിമാനവുമായി ബന്ധം നഷ്ടപ്പെട്ടു. ഇന്ത്യയിൽ നിന്ന് മൗറീഷ്യസിലേക്കുള്ള യാത്രയിലായിരുന്നു വിദേശകാര്യമന്ത്രി. മൗറീഷ്യസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് ബന്ധം നഷ്ടപ്പെട്ടത്. പത്തുമിനിറ്റ് നേരത്തോളം വിമാനത്തെ പറ്റി വിവരം നഷ്ടപ്പെട്ടതോടെ മൗറീഷ്യസ് അലർട്ട് സന്ദേശം എത്തി. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് മൗറീഷ്യസിലേക്ക് പോയ 'മേഘദൂത്' വിമാനവുമായുള്ള ബന്ധമാണ് മൗറീഷ്യസിന്റെ വ്യോമാതിർത്തിയിൽ വച്ച് നഷ്ടമായത്.

10 മിനിറ്റിലധികം വിമാനവുമായി ബന്ധപ്പെടാൻ കഴിയായതോടെ എല്ലാവരും പരിഭ്രാന്തിയിലായി. തുടർന്ന് മൗറീഷ്യൻ എയർ ട്രാഫിക് കൺട്രോൾ അപായ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4 മണിക്കാണ് വിമാനം പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈ ഫ്‌ളൈറ്റ് ഇൻഫർമേഷൻ മേഖലയിലേക്ക് വിമാനമെത്തിയതുവരെ വിവരമെല്ലാം കൃത്യമായിരുന്നു. ഇതിന് ശേഷം യാത്ര തുടർന്ന വിമാനം മൗറീഷ്യസിന്റെ വ്യോമ പരിധിയിലേക്ക് പ്രവേശിച്ചു. വിമാനം അവിടെയുള്ള എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടില്ല. അന്താരാഷ്ട്ര ചട്ടങ്ങൾ അനുസരിച്ച് ഒരു വിമാനവുമായുള്ള ബന്ധം 30 മിനിറ്റ് നഷ്ടമാകുമ്പോൾ അതിനെ കാണാതായെന്ന് കണക്കാക്കും. ഇത്തരത്തിൽ സംശയം ഉയർന്നാൽ ആദ്യം 10 മിനിറ്റ് കഴിയുമ്പോളേ ആദ്യ അപായ സന്ദേശം പുറപ്പെടുവിക്കും. ഇത്തരത്തിലുള്ള അപായ സന്ദേശമാണ് സുഷമ സഞ്ചരിച്ച വിമാനത്തെ സംബന്ധിച്ച് പുറപ്പെടുവിച്ചത്.

രണ്ടാം ഘട്ടത്തിൽ 20 മിനിറ്റ് കഴിയുമ്പോഴും അപായ മുന്നറിയിപ്പ് നൽകും. ഇത്തരത്തിൽ മുന്നറിയിപ്പുകൾ വന്നു തുടങ്ങുന്നതോടെ വിമാനം സഞ്ചരിക്കുന്ന വഴിയിലുള്ള വിവിധ എയർട്രാഫിക് കൺട്രോളുകൾ ജാഗ്രത പുലർത്തുകയും വിമാനത്തെ ട്രാക്ക് ചെയ്യാൻ സജീവമായി ഇടപെടുകയും ചെയ്യും. ഇത്തരത്തിൽ ഇടപെടൽ ഉണ്ടായതോടെയാണ് സുഷമ സഞ്ചരിച്ച മേഘദൂത് വിമാനവുമായി ബന്ധം പുനഃസ്ഥാപിക്കാൻ ആയതും ആശങ്ക ഒഴിഞ്ഞതും.

സുഷമ സ്വരാജ് സഞ്ചരിച്ച വിമാനവുമായുള്ള ബന്ധം 10 മിനിറ്റിലധികം നഷ്ടമായതോടെ 4.44ന് മൗറീഷ്യസ് അപായ മുന്നറിയിപ്പ് നൽകി. ഇന്ത്യൻ എയർട്രാഫിക് കൺട്രോളിനെയും വിവരമറിയിച്ചു. ഇവിടെ നിന്നും വിമാനത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ആശങ്ക വർധിച്ചു. കേന്ദ്ര സർക്കാർ അതീവ ജാഗ്രതയിലായി തുടർ നടപടികൾ സ്വീകരിക്കുന്നതിനിടെ ആശങ്കയുടെ നിമിഷങ്ങൾക്കൊടുവിൽ 4.58ന് വിമാനത്തിന്റെ പൈലറ്റ് മൗറീഷ്യസ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. കുഴപ്പമൊന്നുമില്ലെന്ന അറിയിപ്പ് ലഭിച്ചതോടെയാണ് ആശങ്കകൾക്ക് വിരാമമായത്.

ഈ ഭാഗത്ത് സമുദ്രത്തിന് മുകളിലൂടെയുള്ള യാത്രയ്ക്കിടെ ആശയവിനിമയ സംവിധാനത്തിൽ തകരാർ സംഭവിക്കാറുണ്ട്. ഒരു മേഖലയിൽ നിന്ന് മറ്റൊരു മേഖലയിലേക്ക് കടക്കുന്നതിനിടെ ഉണ്ടാകുന്ന പ്രശ്‌നമാണിതെന്നാണ് സൂചന. തുടർ ആശയവിനിമയ സംവിധാനം പലപ്പോഴും ഫലപ്രദമായി പ്രവർത്തിക്കാറില്ലെന്നും വ്യോമയാന വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. റഡാർ പരിധികൾക്ക് പുറത്തായ മേഖലയായതിനാലാണ് ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതെന്നാണ് വിശദീകരണം. റേഡിയോ ഫ്രീക്വൻസി ബന്ധം നഷ്ടപ്പെടുന്ന മേഖലകളിലൂടെ പോകുന്ന വേളയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും അതാണ് സുഷമ സഞ്ചരിച്ച വിമാനത്തിന്റെ കാര്യത്തിൽ ഉണ്ടായതെന്നും പൈലറ്റുമാരും ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നതിനായാണ് സുഷമ മൗറീഷ്യസ് വഴി യാത്ര ചെയ്തത്. ബ്രിക്‌സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കുന്നതിനായി ദക്ഷിണാഫ്രിക്കയിലെത്തുന്ന സുഷമ സ്വരാജിന് മഹാത്മഗാന്ധി അഹിംസ എന്ന ആശയം വികസിപ്പിച്ചെടുത്ത ഫീനിക്‌സ് സെറ്റിൽമെന്റ് സന്ദർശിക്കുക, ഇതിനുശേഷം പെന്റിച്ചിൽനിന്നു പീറ്റർമാരിറ്റ്‌സ്‌ബെർഗിലേക്കു ട്രെയിൻ യാത്ര എന്നിവയാണ് പരിപാടികൾ നിശ്ചയിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP