Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ വാഴ്‌ത്തിയ രാഷ്ട്രീയക്കാരി; ഇന്ത്യൻ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി; അദ്വാനി പക്ഷത്ത് ഉറച്ച് നിൽക്കുമ്പോഴും പ്രവർത്തന മികവിലൂടെ മോദിയുടെ അരുമയായി; മോദി തരംഗവും അസുഖവും ഇല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയായി പരിഗണിക്കേണ്ടിയിരുന്ന വ്യക്തിത്വം; സുഷമ സ്വരാജ് വിടവാങ്ങുമ്പോൾ ഓർത്തുപോവുന്നത് കാര്യക്ഷമതയും ഉൾക്കാഴ്ചയും ഒത്തിണങ്ങിയ ഭരണനേതൃത്വത്തെ

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് വാൾ സ്ട്രീറ്റ് ജേർണൽ വാഴ്‌ത്തിയ രാഷ്ട്രീയക്കാരി; ഇന്ത്യൻ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രി; അദ്വാനി പക്ഷത്ത് ഉറച്ച് നിൽക്കുമ്പോഴും പ്രവർത്തന മികവിലൂടെ മോദിയുടെ അരുമയായി; മോദി തരംഗവും അസുഖവും ഇല്ലായിരുന്നെങ്കിൽ പ്രധാനമന്ത്രിയായി പരിഗണിക്കേണ്ടിയിരുന്ന വ്യക്തിത്വം; സുഷമ സ്വരാജ് വിടവാങ്ങുമ്പോൾ ഓർത്തുപോവുന്നത് കാര്യക്ഷമതയും ഉൾക്കാഴ്ചയും ഒത്തിണങ്ങിയ ഭരണനേതൃത്വത്തെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കൻ മാധ്യമമായ വാൾ സ്ട്രീറ്റ് ജേർണൽ വാഴ്‌ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച സുഷമാ സ്വരാജ്. ജനപ്രീതിയിലും കാര്യക്ഷമതയിലും മുന്നിൽ എത്തിയതോടെ ഒരുവേള അവർ ഇന്ത്യൻ പ്രധാനമന്ത്രിയായി കാണമെന്ന് ആഗ്രഹിച്ചവരും ഏറെയായിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിരുന്നു ഈ ചിന്ത. പക്ഷേ അവരുടെ അനാരോഗ്യവും മോദി തരംഗവും ആ സ്വപ്നങ്ങൾക്ക് മങ്ങലേൽപ്പിച്ചു. മോദിക്ക് പകരം സുഷമ സ്വരാജ് ആയിരുന്നു പ്രധാനമന്ത്രിയെങ്കിൽ ഇന്ത്യ എവിടെ എത്തുമായിരുന്നെന്ന് പ്രശസ്ത എഴുത്തുകാരൻ രാമചന്ദ്രഗുഹ ഒരിക്കൽ എഴുതിയത് ഓർത്തുപോവുന്നു.

15ാം ലോക്സഭയിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവായി തിളങ്ങിയതോടെയാണ് സുഷമ സ്വരാജ് ഒരു തരംഗമായി നിറയാൻ തുടങ്ങിയത്. ബിജെപിയുടെ ആദ്യ വനിതാ വക്താവും സുഷമ സ്വരാജായിരുന്നു. 2014ൽ മോദി സർക്കാറിൽ വിദേശകാര്യ മന്ത്രിയായി മികച്ച പ്രകടനം കാഴ്ചവച്ചു. പ്രവാസികളുടെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ട സുഷമ സ്വരാജ് ജനപ്രീതിയാർജിച്ചു. ആദ്യകാലത്ത് അദ്വാനി പക്ഷത്തായിരുന്ന അവർ മോദിയുടെ ഗുഡ് ലിസ്റ്റിൽ ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർഥ്യം. ലളിത് മോദി വിവാദത്തിൽ പ്രതിസ്ഥാനത്തായിരുന്നു സുഷമ സ്വരാജ്. വിദേശകാര്യമന്ത്രി രാജിവച്ചാലേ ലോക്‌സഭ നടക്കൂവെന്ന് പോലും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സുഷമ സ്വരാജിനെ കൈവിട്ടില്ല. മോദി വിരുദ്ധ ക്യാമ്പിന് നേതൃത്വം നൽകുന്ന ബിജെപിയിലെ പഴയ പടക്കുതിരയായ എൽകെ അദ്വാനിയുടെ വിശ്വസ്തയെ മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കാനുള്ള സുവർണ്ണാവസരമായിരുന്നു അത്. എന്നാൽ മന്ത്രിസഭയിലെ ഏറ്റവും പ്രഗൽഭയെ കൈവിടാൻ മോദിക്ക് താൽപ്പര്യമില്ലായിരുന്നു. ലോക്‌സഭയിലേക്ക് മോദി തരംഗത്തിൽ ബിജെപി അധികാരത്തിലെത്തുമ്പോൽ സുഷമയുടെ റോളിനെ കുറിച്ച് പോലും സംശയം ഉയർന്നു. എന്നാൽ വിദേശകാര്യം ചോദിച്ച് വാങ്ങി മന്ത്രിസഭയുടെ ഭാഗമാവുകയായിരുന്നു സുഷമ.

വിദേശകാര്യവും പ്രവാസികാര്യവുമായിരുന്നു ഇങ്ങനെ ചോദിച്ച് വാങ്ങിയത്. അതുകൊണ്ട് തന്നെ പ്രതിഭ തെളിയിച്ചേ മതിയാകൂ. അതുകൊണ്ട് അവർ ബോധപൂർവം നടത്തിയ ശ്രമങ്ങളും നന്നായി ഫലം കണട്ു. ലോക്‌സഭയിൽ പലപ്പോഴും കണ്ടത് ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് സുഷമയെ അഭിനന്ദിക്കുന്നതാണ്. വിദേശ കാര്യത്തിൽ രാജ്യത്തിന് പുതിയ ദിശാബോധം നൽകിയ മന്ത്രിയായി സുഷമ മാറുന്നു. പ്രധാനമന്ത്രിയുടെ ഓരോ വിദേശ സന്ദർശനവും വിജയമായത് സുഷമയുടെ പിഴയ്ക്കാത്ത നീക്കങ്ങൾ കൊണ്ട് കൂടിയാണ്.രണ്ട് പക്ഷത്ത് നിന്നിട്ടും ഭരണകാര്യത്തിൽ അവർ അത് പ്രകടിപ്പിച്ചില്ല. മോദിക്ക് എല്ലാ പിന്തുണയും നൽകി. അത് ആവോളം തിരിച്ചു നൽകിയതോടെ സുഷമ താരവുമായി. വിദേശ സന്ദർശനങ്ങളിലൂടെ നയതന്ത്രതലത്തിൽ മോദി മികവ് കാട്ടി. സുഷമയാകട്ടെ ഈ മേഖലയിലേക്ക് കടന്നില്ല. മോദിയുമായി ഏറ്റുമുട്ടലിനും പോയില്ല. മറിച്ച് വിദേശകാര്യ വകുപ്പിന്റെ അനന്ത സാധ്യതകൾ രാജ്യത്തെ സാധാരണക്കാർക്കായി വിനിയോഗിച്ചു. ഇതിനുള്ള അംഗീകാരമാണ് അഭിനന്ദനമായി ഇപ്പോഴെത്തുന്നത്.

തന്റെ മുന്നിൽ വരുന്ന ഓരോ വിഷയത്തേയും മാനുഷികമായി പരിഗണിക്കുകയായിരുന്നു സുഷമ. കുറവുകളും കുറ്റങ്ങളും ഏറെയുണ്ടെങ്കിലും റിക്രൂട്ട്‌മെന്റ് ഏജന്റുമാരുടെ ചൂഷണത്തിൽ നിന്ന് നേഴ്‌സുമാരെ രക്ഷിക്കാനുള്ള നടപടികളെ ഏവരും കൈയടിച്ചു. സംസ്ഥാന സർക്കാരുകൾ മാഫിയകളുമായി കൂട്ടുകൂടുന്നതു കൊണ്ടാണ് ഈ തീരുമാനം അട്ടിമറിക്കപ്പെടുന്നതെന്ന് ഏവർക്കും അറിയാം. ഇങ്ങനെ പ്രവാസി ക്ഷേമത്തിന് സുഷമയെടുത്ത തീരുമാനങ്ങൾ ഒരു വലിയ സമൂഹത്തിന് താങ്ങും തണലുമായി. വിദേശത്ത് ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാർക്ക് എപ്പോഴും സമീപിക്കാവുന്ന മന്ത്രി തന്നെയാണ് സുഷമ. സമ്മർദ്ദത്തിലൂടേയും നയതന്ത്രത്തിലൂടേയും ഐസിസ് തടവിലായ 41 മലയാളികളായ നേഴ്‌സുമാർക്ക് ജീവൻ തിരിച്ച് നൽകിയത് സുഷമയുടെ കൂടെ മികവാണ്. ഏറ്റവും ഒടുവിൽ യമനിൽ ഭീകരാക്രമണം നടന്ന വയോധികമന്ദിരത്തിൽ അകപ്പെട്ടുപോയ മലയാളി കന്യാസ്ത്രീ സിസ്റ്റർ സാലിയെ രക്ഷപ്പെട്ടതും സുഷമയുടെ ഇടപെടൽ മൂലമാണ്.

ഈ ജനകീയ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർത്തിക്കാട്ടണമെന്ന് ആഗ്രഹിച്ചവരും ഉണ്ടായി. എന്നാൽ മോദി തരംഗത്തിന്റെ കരുത്ത് മനസ്സിലാക്കി സംഘപരിവാർ സുഷമയെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ അവഗണനയൊന്നും മന്ത്രിപദവിയിലെ പ്രവർത്തനത്തിന് സുഷമയെ തടസ്സപ്പെടുത്തുന്നില്ല. അതു തന്നെയാണ് പ്രവാസിക്ഷേമത്തിലൂന്നിയ വിദേശ കാര്യ നയതന്ത്രത്തിലേക്ക് സുഷമയെ നയിച്ചത്. പ്രവാസികാര്യമന്ത്രാലയം ഇല്ലായ്മ ചെയ്ത് അതിനെ വിദേശ കാര്യമന്ത്രാലയത്തിന് കീഴിലാക്കി. കേരളം അടക്കം ചില ആശങ്കകൾ പ്രകടിപ്പിച്ചു. എന്നാൽ രണ്ടും ഒന്നു തന്നെ എന്ന മറുപടിയുമായി സുഷമ ആവശ്യങ്ങളെ തള്ളി. ഇതിനൊപ്പം മന്ത്രിയെന്ന നിലയിലെ ഏകോപനത്തിന് രണ്ടും ഒരുമിക്കുന്നതാണ് നല്ലതെന്ന് സുഷമ തെളിയിക്കുകയും ചെയ്തു. കാര്യക്ഷമതയും ഉൾക്കാഴ്ചയും ഒത്തിണങ്ങിയ ഇവർ പ്രധാനമന്ത്രി പദം അർഹിച്ചിരുന്നില്ലേ. സുഷമ വിടവാങ്ങുമ്പോഴും ഈ ചോദ്യം ബാക്കിയാണ്.

ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത്. വളരെ ചെറുപ്പത്തിൽ തന്നെ സജീവ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഇന്ത്യൻ സംസ്ഥാന നിയമസഭാ ചരിത്രത്തിൽ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയെന്ന വിശേഷണവുമായാണ് സുഷമ ഇന്ത്യൻ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചത്. 1977 ഹരിയാന നിയമസഭയിൽ 25ാം വയസ്സിൽ ക്യാബിനറ്റ് മന്ത്രിയായി. ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയും സുഷമാ സ്വരാജ് തന്നെയായിരുന്നു. 1998 ഒക്ടോബർ 13 മുതൽ 1998 ഡിസംബർ മൂന്ന് വരെയുള്ള ഹ്രസ്വമായ കാലയളവിലായിരുന്നെങ്കിലും ഷീലാ ദീക്ഷിതിന് മുമ്പേ ഡൽഹിയുടെ വളയം പിടിച്ച കൈകൾ സുഷമയുടേതായിരുന്നു.

ബിജെപിയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിയിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. പിന്നീട് സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളിലേക്കടുത്തു. ഭർത്താവായിരുന്ന സ്വരാജ് കൗശൽ സോഷ്യലിസ്റ്റ് നേതാവ് ജോർജ് ഫെർണാണ്ടസിന്റെ കൂടെ പ്രവർത്തിച്ചിരുന്നു. ജോർജ് ഫെർണാണ്ടസിന്റെ നിയമോപദേശ ടീമിൽ അംഗമായാണ് സുഷമയുടെ രാഷ്ട്രീയ ജീവിത തുടക്കം. പിന്നീട് ജയപ്രകാശ് നാരായാണന്റെ അടിയന്താരാവസ്ഥ വിരുദ്ധ സമരങ്ങളിൽ സജീവമായി. ഒടുവിൽ ബിജെപി ദേശീയ നേതാവായി വളർന്നു. ഹരിയാനയായിരുന്നു സുഷമ സ്വരാജിന്റെ ആദ്യ തട്ടകം. 1977ൽ അംബാലയിൽനിന്ന് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ജനത പാർട്ടി ചിഹ്നത്തിലാണ് അന്ന് മത്സരിച്ചത്. അതേ വർഷം സംസ്ഥാന മന്ത്രിയുമായി. 27ാം വയസ്സിൽ ജനതാ പാർട്ടിയുടെ ഹരിയാന പ്രസിഡന്റായി. പിന്നീട് ബിജെപി-ലോക്ദൾ സഖ്യസർക്കാറിൽ വിദ്യാഭ്യാസ മന്ത്രിയായി. കേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചാണ് 1998ൽ ഡൽഹി മുഖ്യമന്ത്രിയാകുന്നത്. തെരഞ്ഞെടുപ്പിൽ തോറ്റതോടെ കഷ്ടി രണ്ട് മാസം മാത്രമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP