Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയ സ്‌കൂൾ വിദ്യാർത്ഥി; എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക്; അഭിനയം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച സിനിമയിലെ ബാക് ഡാൻസർ; ടിവി ഷോയിലൂടെ ബോളിവുഡിൽ താരമായി ചന്ദ്രനിൽ ഭൂമി വാങ്ങിയ സ്വപ്‌ന സഞ്ചാരി; അഞ്ചു കോടിയിൽ അധികം പ്രതിഫലം വാങ്ങിയ നടനുണ്ടായിരുന്നത് 59 കോടിയുടെ ആസ്തി; സാമ്പത്തിക പ്രശ്‌നങ്ങൾ വെറും കെട്ടുകഥ; സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ നെടുകെ പിളർക്കുമ്പോൾ

അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയ സ്‌കൂൾ വിദ്യാർത്ഥി; എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്ക്; അഭിനയം തലയ്ക്ക് പിടിച്ചപ്പോൾ പഠനം ഉപേക്ഷിച്ച സിനിമയിലെ ബാക് ഡാൻസർ; ടിവി ഷോയിലൂടെ ബോളിവുഡിൽ താരമായി ചന്ദ്രനിൽ ഭൂമി വാങ്ങിയ സ്വപ്‌ന സഞ്ചാരി; അഞ്ചു കോടിയിൽ അധികം പ്രതിഫലം വാങ്ങിയ നടനുണ്ടായിരുന്നത് 59 കോടിയുടെ ആസ്തി; സാമ്പത്തിക പ്രശ്‌നങ്ങൾ വെറും കെട്ടുകഥ; സുശാന്ത് സിങ് രജ്പുത്തിന്റെ മരണം ബോളിവുഡിനെ നെടുകെ പിളർക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: സുശാന്ത് സിങ്ങ് രജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പലവിധ കഥകൾ പ്രചരിക്കുന്നുണ്ട്. ബോളിവുഡിലെ ചതികളാണ് നടനെ മാനസികമായി തളർത്തിയതെന്ന വാദം സജീവമാണ്. ഇതിനിടെയാണ് സാമ്പത്തിക പ്രശ്‌നവും ലഹരിയും മാനസിക പ്രശ്‌നവുമെല്ലാം ചർച്ചകളിൽ എത്തിയത്. എന്നാൽ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ ഫലമായി താരസന്തതികൾക്ക് വേണ്ടിയുള്ള ഒതുക്കൽ വാദത്തിനാണ് പ്രാമുഖ്യം കൂടുതൽ. പൊലീസും ഇത് അന്വേഷിക്കുന്നു. ഇതിനിടെയാണ് സുശാന്തിന്റെ സാമ്പത്തികം ഭദ്രമായിരുന്നുവെന്ന റിപ്പോർട്ടുകൾ വരുന്നത്. പ്രതിസന്ധികളോട് പടപൊരുതി കയറിയ അഭിനയ ജീവിതവും. അതുകൊണ്ട് തന്നെ മാനസിക സംഘർഷങ്ങൾ സുശാന്തിനെ തകർക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ബിഹാറിലെ പൂർണിയയിലാണ് സുശാന്ത് സിങ് രജ്പുത് ജനിച്ചത്. ചെറുപ്പത്തിൽ കുടുംബത്തോടൊപ്പം പട്നയിലേക്ക് മാറി. എഞ്ചിനീയറിങ് പഠനത്തിന് ഡൽഹിയിൽ എത്തിയതോടെ അഭിനയം തലയ്ക്ക് പിടിച്ചു. ഇതോടെ പാതിവഴിയിൽ പഠനം നിറുത്തി. സിനിമയിൽ ബാക്ക് ഡാൻസറായായിരുന്നു സുശാന്തിന്റെ തുടക്കം. വെറും 250 രൂപയായിരുന്നു അന്ന് ലഭിച്ചിരുന്ന പ്രതിഫലം. ആറ് പേർക്കൊപ്പം ഒരു ചെറിയ മുറിയിലാണദ്ദേഹം കഴിഞ്ഞിരുന്നത്. മോഡലിങും ചെയ്തു. കിസ് ദേശ് മെൻ ഹായ് മെരാ ദിൽ എന്ന ഷോയിൽ ടിവിയിൽ ഏക്താ കപൂറാണ് സുശാന്ത് സിങിന് ആദ്യമായി അവസരം നൽകിയത്. തുടർന്ന് പവിത്ര റിഷ്തയിലെ പ്രധാന വേഷം ചെയ്തു. ഇതോടെ അറിയപ്പെടുന്ന നടനായി. പിന്നെ ബോളിവുഡിലേക്കും.

2013 ൽ പുറത്തുവന്ന അഭിഷേക് കപൂറിന്റെ 'കായ് പോ ചെ' എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ഫിലം ഫെയർ നോമിനേഷൻ വരെ ലഭിച്ച പ്രകടനമായിരുന്നു അതിലേത്. പന്ത്രണ്ട് ചിത്രങ്ങൾ അഭിനയിച്ചതിൽ ക്രിക്കറ്റർ ധോണിയുടെ ബയോപിക്ക് ആയ എം.എസ് ധോണി: അൺടോൾഡ് സ്റ്റോറി യിലെ അഭിനയം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഇതിനിടെയിൽ താരം സാമ്പത്തിക ഭദ്രത കൈവരിച്ചു. പലതരം ചർച്ചകൾക്കും ഇത് ഇട നൽകി. ചന്ദ്രനിലും ഭൂമി വാങ്ങിയ ബോളിവുഡ് നടനായിരുന്നു അദ്ദഹം. വളരെ ഉയരത്തിൽ സ്വപ്‌നം കണ്ട സുശാന്ത്.

നടന് 59 കോടിയുടെ ആസ്തിയുണ്ടായിരുന്നുവെന്നും സാമ്പത്തിക പ്രശ്‌നങ്ങളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ വാസ്തവിരുദ്ധമാണെന്നും ബോളിവുഡ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചന്ദ്രനിൽ സ്ഥലം വാങ്ങിയ ഒരേയൊരു ഇന്ത്യൻ നടൻ. ചന്ദ്രനിലെ 'സീ ഓഫ് മസ്‌കോവി' എന്ന സ്ഥലം രാജ്യാന്തര ലൂണാർ ലാൻഡ്‌സ് ഓഫ് രജിസ്റ്റ്രിയിൽ നിന്നാണ് അദ്ദേഹം വാങ്ങിയത്. ചന്ദ്രനിൽ സ്ഥലം സ്വന്തമാക്കുക എന്നത് ഇപ്പോഴും വിവാദത്തിലാണ്. ഇത് ഏറെ ചർച്ചയുമായി. ഭൂമിക്കപ്പുറമുള്ള വസ്തുക്കളുടെ അവകാശം രാജ്യത്തിലോ വ്യക്തികളിലോ ഒതുങ്ങുന്നതല്ലെന്നതാണ് ഇതിന് കാരണം.

2018 ൽ ഇത് വലിയ ചർച്ചയായിരുന്നു. ആകാശങ്ങൾക്കപ്പുറമുള്ള കാഴ്ചകൾ കാണുന്നതിനായി തന്റെ ഫ്‌ളാറ്റിൽ അദ്ദേഹം വില കൂടിയ ആഡംബര ടെലിസ്‌കോപ്പും സ്ഥാപിച്ചിരുന്നു. ഭൗതിക ശാസ്ത്രത്തിൽ തൽപ്പരനായിരുന്ന സുശാന്ത് സ്‌കൂൾ കാലഘട്ടത്തിൽ അന്താരാഷ്ട്ര ഫിസിക്‌സ് ഒളിമ്പ്യാഡിൽ മെഡൽ നേടിയിരുന്നു. ഡൽഹി കോളജ് ഓഫ് എൻജിനീയറിങിലെ എൻട്രൻസ് പരീക്ഷയിൽ ഏഴാം റാങ്കുകാരനായിരുന്നു അദ്ദേഹം. അത്ര മിടുക്കനായിരുന്നു പഠനത്തിൽ സുശാന്ത്. എന്നിട്ടും അഭിനയത്തിന് വേണ്ടി ജീവതം വഴി തിരിച്ചു വിട്ടു. അഭിനയമായിരുന്നു സുശാന്തിന് എല്ലാം.

മുംബൈയിലെ ആഡംബര പ്രദേശമായ പാലി ഹില്ലിൽ 20 കോടി രൂപയുടെ ഒരു ബംഗ്‌ളാവും സുശാന്ത് സ്വന്തമാക്കിയിരുന്നു. എം.സ് ധോണിയുടെ ബയോപികിന് ശേഷം ഒരു സിനിമയ്ക്ക് 5 മുതൽ 7 കോടി രൂപ വരെ അദ്ദേഹം പ്രതിഫലം വാങ്ങിയിരുന്നു. ബാന്ദ്രയിലെ ആഡംബര ഫ്‌ളാറ്റിന് ഒരു മാസം 4.51 ലക്ഷം രൂപയായിരുന്നു സുശാന്ത് വാടക നൽകിയിരുന്നത്. ഡിസംബർ 2022 വരെയാണ് ഇവിടെ താമസിക്കാൻ സുശാന്ത് കരാർ ഏർപ്പെട്ടത്. ഇതിനായി 12.90 ലക്ഷം രൂപ അഡ്വാൻസും നൽകി. സുശാന്തിനെക്കൂടാതെ നാല് ജോലിക്കാരും ഈ ഫ്‌ളാറ്റിൽ ഉണ്ടായിരുന്നു. അങ്ങനെ എല്ലാ തരത്തിലും സാമ്പത്തിക ഭദ്രതയുള്ള വ്യക്തി. അതുകൊണ്ട് തന്നെ പണമില്ലാത്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന വാദം സുഹൃത്തുക്കൾ അംഗീകരിക്കുന്നില്ല.

സുശാന്ത് കടുത്ത മാനസിക സമ്മർദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകൻ ശേഖർ കപൂർ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തിൽ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കുറച്ച് വർഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാൽ ആരും അദ്ദേഹത്തോടൊപ്പം നിൽക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയർസ്‌റ്റൈലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു. സിനിമയിൽ നല്ല അവസരങ്ങൾ ലഭിക്കാത്തതും ചില പ്രൊജക്ടുകൾ മുടങ്ങിപ്പോയതും സുശാന്തിനെ വിഷാദത്തിലാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിലേക്ക് തന്നെയാണ് സുശാന്തിന്റെ സുഹൃത്തുക്കൾ ചർച്ചകളെ എത്തിക്കുന്നത്. സുശാന്തിന്റേതുകൊലപാതകമാണെന്ന് ബന്ധുക്കളും പറയുന്നു. എന്നാൽ ഇത് പൊലീസ് ഇതുവരെ സ്ഥിരീകരിക്കുന്നുമില്ല.

അതിനിടെ സുശാന്ത് സിങ്ങിന്റെ വസതിയിൽനിന്ന് അഞ്ചു ഡയറികൾ കണ്ടെടുത്തു. ഡയറികളുടെ വിശദമായ പരിശോധന നടത്താനിരക്കുന്നേയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ചാബ്ര പൊലീസ് സ്റ്റേഷനിലെത്തി. ചാബ്രയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. സുശാന്ത് തന്നിൽതന്നെ ഒതുങ്ങിക്കൂടുന്ന ആളായിരുന്നെന്നും ആരോടും തന്റെ വ്യക്തിപരമായ കാര്യങ്ങൾ പങ്കുവെച്ചിരുന്നില്ലെന്നും മുകേഷ് ചാബ്ര മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അഭിനയരംഗത്തെ ശത്രുതയെപ്പറ്റി തനിക്ക് അറിയില്ലെന്നും കരാർ ഒപ്പിട്ട സിനിമകൾ നഷ്ടപ്പെട്ടകാര്യം അറിയില്ലെന്നും ചാബ്ര പറഞ്ഞു.

ബോളിവുഡ് സിനിമാലോകത്തുനിന്ന് താരത്തിന് വിലക്കുണ്ടായിരുന്നുവെന്നും ഇതാകാം താരത്തെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണങ്ങൾ ശക്തമാണ്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്താ കപൂർ എന്നിവരുടെ പേരിൽ കേസുമായി അഭിഭാഷകൻ സുധീർകുമാർ ഓജ രംഗത്തെത്തിയിട്ടുണ്ട്. സുശാന്ത് സിങ്ങിന്റെ ആത്മഹത്യയുടെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. പക്ഷേ, ഹിന്ദിസിനിമാ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ചൂണ്ടിക്കാട്ടി താരങ്ങളടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. കരൺ ജോഹറിനും സൽമാൻ ഖാനും നേരെ രൂക്ഷ വിമർശനങ്ങളുമുണ്ടായിരുന്നു.

സെക്ഷൻ 306, 109, 504, 506 വകുപ്പുകൾ പ്രകാരമാണ് ഇപ്പോൾ സുധീർകുമാർ ഓജ കേസ് നൽകിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരൺ ജോഹറും സൽമാൻ ഖാനും അടക്കമുള്ളവർ കാരണക്കാരായെന്ന് സുധീർ കുമാർ ഓജ പറയുന്നു. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീർ പറയുന്നു. മുസാഫർപുർ കോടതിയിലാണ് സുധീർകുമാർ ഓജ പരാതി നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP