Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കറുത്ത കോട്ടണിഞ്ഞ് ഇഷാൻ എത്തിയപ്പോൾ ചെണ്ടമേളത്തിന്റേയും നൃത്തത്തിന്റയും അകമ്പടിയോടെയാണ് സൂര്യയുടെ ബന്ധുക്കൾ സ്വീകരിച്ചു; ചുവപ്പിൽ സ്വർണ്ണ നിറത്തിലെ ഡിസൈനുമുള്ള പട്ടുസാരിയുടുത്ത് വധുവും എത്തി; എല്ലാവരുടെയും അനുഗ്രഹം വാങ്ങി സൂര്യക്ക് താലി ചാർത്തി ഇഷാൻ; കല്യാണം മേളം കൊഴുപ്പിക്കാൻ ഗാനമേളയും: കേരള ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെന്റർ വിവാഹ വേദിയിലെ കാഴ്‌ച്ചകൾ

കറുത്ത കോട്ടണിഞ്ഞ് ഇഷാൻ എത്തിയപ്പോൾ ചെണ്ടമേളത്തിന്റേയും നൃത്തത്തിന്റയും അകമ്പടിയോടെയാണ് സൂര്യയുടെ ബന്ധുക്കൾ സ്വീകരിച്ചു; ചുവപ്പിൽ സ്വർണ്ണ നിറത്തിലെ ഡിസൈനുമുള്ള പട്ടുസാരിയുടുത്ത് വധുവും എത്തി; എല്ലാവരുടെയും അനുഗ്രഹം വാങ്ങി സൂര്യക്ക് താലി ചാർത്തി ഇഷാൻ; കല്യാണം മേളം കൊഴുപ്പിക്കാൻ ഗാനമേളയും: കേരള ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെന്റർ വിവാഹ വേദിയിലെ കാഴ്‌ച്ചകൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ ട്രാൻസ്‌ജെന്റർ വിവാഹങ്ങൾ നടക്കുമ്പോൾ അത് അത്യപൂർവ്വമായ സംഭവമല്ല. എന്നാൽ, പാരമ്പര്യവാദികൾ ഏറെയുള്ള കേരളത്തിൽ അത്തരമൊരു വിവാഹം നടക്കുക എന്നു പറഞ്ഞാൽ അതൊരു വിപ്ലവത്തിന്റെ തുടക്കമാണ്. കേരള ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെന്റർ വിവാഹം ഇന്ന് നടന്നു. തിരുവനന്തപുരത്തു നടന്ന വിവാഹം ആഘോഷമാക്കാൻ ട്രാൻസ് ജെന്റർ സമൂഹത്തിനൊപ്പം അവർക്കൊപ്പം നിന്നു പ്രവർത്തിക്കുന്നവരും എത്തി. ആട്ടവും പാട്ടുമായി ആഘോഷ പൂർവ്വമാണ് കേരളത്തിലെ ആദ്യത്തെ ട്രാൻസ്‌ജെന്റെ വിവാഹം നടന്നത്.

ആറ് വർഷത്തെ സൗഹൃദം പ്രണയത്തിലേക്ക് മാറിയപ്പോൾ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തി തങ്ങളുടെ പ്രിയ സുഹൃത്തുക്കളായ സൂര്യയും ഇഷാനും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത് ആഘോഷമാക്കികൊണ്ടാണ് സുഹൃത്തക്കൾ വിവാഹത്തിന് സാക്ഷിയായത്. തിരുവനന്തപുരം മന്നം മെമോറിയൽ നാഷണൽ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ നൂറഖ് കണക്കിനാളുകൾ പങ്കെടുത്തു. സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നും ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും വധീ വരന്മാരും ട്രാൻസ്ജെൻഡർ സമൂഹവും ഒരുമിച്ച് നന്ദി പറഞ്ഞു. തങ്ങളെ സമൂഹത്തിന്റെ ഭാഗമായി കാണുന്നു എന്ന തോന്നൽ ഇത്തരം ചടങ്ങുകൾ ഉണ്ടാക്കുന്നുവെന്ന് ട്രാൻസ്ജെൻഡേഴ്സ് പ്രതികരിച്ചു

രാവിലെ 9.30നും 1015നും ഇടയ്ക്കായിരുന്നു വിവാഹ മുഹർത്തം. രാവിലെ 9 മണി മുതൽ തന്നെ ഇരുവരുടേയും സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ മന്നെ മെമോറിയാൽ നാഷണൽ ഹാളിൽ എത്തിയിരുന്നു. ആഘോഷ മേളത്തിനുള്ള എല്ലാ ഒരുക്കങ്ങളുമായാണ് സുഹൃത്തുക്കൾ എത്തിയത്. കല്യാണ പാട്ടുകളുടെ അകമ്പടിയിൽ നൃത്തം ചെയ്തുകൊണ്ടാണ് സുഹൃത്തുക്കൾ വധൂവരന്മാർക്കായി കാത്തിരുന്നത്.

കറുത്ത ഇന്നോവ കാറിലാണ് ഇഷാൻ എത്തിയത്. കറുത്ത കോട്ടണിഞ്ഞാണ് വരൻ എത്തിയത്. ചെണ്ടമേളത്തിന്റേയും നൃത്തത്തിന്റയും അകമ്പടിയോടെയാണ് സൂര്യയുടെ സഹോദരൻ വിഹാൻ ഇഷാനെ സ്വീകരിച്ചു. അകത്ത് പ്രധാന ഹാളിൽ പച്ച ബ്ലൗസും ചുവപ്പിൽ സ്വർണ്ണ നിറത്തിലെ ഡിസൈനുമുള്ള സാരിയുടുത്തുമാണ് വധു എത്തിയത്. നൃത്തം ചെയ്തും പാട്ടുപാടിയുമാണ് വധുവിനെ സ്റ്റേജിലേക്ക് സുഹൃത്തുക്കൾ എത്തിച്ചത്. എല്ലായിടത്തും സന്തോഷം നിറഞ്ഞ അന്തരീക്ഷം.

വിവാഹ വേദിയിലേക്ക് കയറും മുമ്പ് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബന്ധുക്കളുടെയും സുഹൃത്തുക്കളുടേയും അനുഗ്രഹം വാങ്ങിയ ഇരുവരും. ശേഷം, ഇഷാൻ സൂര്യക്ക് താലി ചാർത്തി. ഇതോടെ ചുറ്റും നിന്നവർ കുരവയിട്ടു. പിന്നീട് ഹാരമണിഞ്ഞ് ഇരുവരും സദസ്സിനെ അഭിവാദ്യം ചെയ്തു. പരമ്പരാഗത കല്യാണമേളം ആയിരുന്നില്ല വേദിയിൽ മുഴങ്ങിയത്. മറിച്ച്, സിനിമാപാട്ടുകളായിരുന്നു. കൂടാതെ കല്യാണ മണ്ഡപത്തിന് സമീപത്തായി ഗാനമേളയും ഒരുക്കി. പാട്ടുകളുടേയും അകമ്പടിയാണ് ചടങ്ങിന് അഴക് കൂട്ടിയത്. ചരിത്രത്തിലെ ആദ്യ ട്രാൻസ് ജെൻഡർ വിവാഹത്തിന് ഇന്ന് കേരളം സാക്ഷിയാകുന്നു എന്ന ആവേശം ചടങ്ങിനെത്തിയവർക്കുണ്ടായിരുന്നു.

രാവിലെ ഒമ്പതിനും പത്ത് മുപ്പത്തിനുമിടക്കുള്ള ശുഭ മുഹൂർത്തത്തിലാണ് ഇഷാൻ സൂര്യക്ക് മിന്നു ചാർത്തി. തുടർന്ന് വധൂരവന്മാരെ ആശംസിക്കാൻ നിരവധി പേരെത്തി. സിപിഎം നേതാവ് ടിഎൻ സീമയാണ് ഇവർക്കു ആശംസകൾ നേരാനെത്തിയ പ്രമുഖ രാഷ്ട്രീയ നേതാവ്. മാധ്യമ പ്രവർത്തകരുടെ വൻ നിരതന്നെ വിവാഹത്തിനായി എത്തിയിരുന്നു. ഇരുവരുടെയും ചിത്രങ്ങളെടുക്കാൻ ഫോട്ടോഗ്രാഫർമാരും ചാനൽ ക്യാമറാമാന്മാരും തിരക്കു കൂട്ടി. വിവാഹത്തിന്റെ സന്തോഷം മാധ്യമപ്രവർത്തകരോടും ഇരുവരും പങ്കുവെച്ചു.

എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നു. ഞങ്ങൾ ഭയങ്കര സന്തോഷത്തിലാണ്. ഇങ്ങനെ ഞങ്ങൾക്കും ജീവിക്കാൻ കഴിയുമെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ഇരുവരും പറഞ്ഞു. ഞങ്ങളെയും മനുഷ്യരായി പരിഗണിക്കണം. ഈ സമൂഹത്തിന് മാതൃകയായ വിവാഹം. അംഗീകാരമാണെങ്കിലും വിമർശിക്കുന്ന ഒരുപാടുപേരുണ്ട്. നൂറുശതമാനം അംഗീകാരം കിട്ടാനൊന്നും പോകുന്നില്ല. വിമർശിക്കുന്നവർ വിമർശിച്ചുകൊണ്ടേയിരിക്കും. നല്ല രീതിയിൽ ഞങ്ങൾ ജീവിക്കുമെനന്നും ഇഷാനും സൂര്യയും മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഏറെപ്രതിസന്ധികളെ മറികടന്നാണ് ഇരുവരും ജീവിതം പങ്കിടാൻ തീരുമാനിച്ചിരിക്കുന്നത്. ട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗങ്ങളായ സൂര്യയുടെയും ഇഷാന്റെയും ആറുവർഷത്തെ സൗഹൃദമാണ് വിവാഹത്തിലേക്ക് വഴിയൊരുക്കിയത്. ഇരുവരും ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായതിനാൽ, ഐഡി കാർഡുകളിൽ സൂര്യ സ്ത്രീയും ഇഷാൻ പുരുഷനുമാണ്. അതുകൊണ്ടുതന്നെ, നിയമ വിധേയമായി വിവാഹം നടത്താൻ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല.

ഇരു കുടുംബങ്ങളുടെയും പൂർണ്ണ സമ്മതത്തോടെ സ്‌പെഷ്യൽ മാര്യേജ് ആക്റ്റ് പ്രകാരമാണ് തങ്ങൾ വിവാഹിതരാകുന്നതെന്ന് സൂര്യയും ഇഷാനും വ്യക്തമാക്കിയിരുന്നു .സൂര്യ ഹൈന്ദവ കുടുംബ പശ്ചാത്തലത്തിൽ നിന്നും ഇഷാൻ ഇസ്ലാം സമുദായത്തിൽ നിന്നുമായതിനാൽ കേവലമൊരു രജിസ്റ്റർ മാര്യേജ് എന്നതിലുപരി സമുദായവും ബന്ധുക്കളുമടങ്ങുന്ന ഒരു വിവാഹവേദി തന്നെ ഒരുക്കാനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത് . സൂര്യ സംസ്ഥാന സമിതി അംഗവും, ഇഷാൻ തിരുവനന്തപുരം ജില്ലാ സമിതി അംഗവുമായിരിക്കുന്ന ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡിലെയും, ഒയാസിസ് തിരുവനന്തപുരം ട്രാൻസ് കമ്മ്യൂണിറ്റിയിലെയും അംഗങ്ങളുടെ പിന്തുണയോടു കൂടെയാണ് വിവാഹം നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP