Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഭരണകൂടം എന്തെല്ലാം കടലാസുപണികൾ പൂർത്തിയാക്കിയാലും കീഴാറ്റൂരിൽ ദേശീയപാത യാഥാർത്ഥ്യമാകില്ല; വയൽ ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ ഹൈക്കോടതിയെ സമീപിക്കും; തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് സംഘടനയുടെ തീരുമാന പ്രകാരമെന്നും സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്; വാഗ്ദാനങ്ങൾ പലതും നൽകിയ ബിജെപിയും സമരക്കാരെ നന്നായി പറ്റിച്ചെന്നും വയൽക്കിളി സമര നായകൻ

ഭരണകൂടം എന്തെല്ലാം കടലാസുപണികൾ പൂർത്തിയാക്കിയാലും കീഴാറ്റൂരിൽ ദേശീയപാത യാഥാർത്ഥ്യമാകില്ല; വയൽ ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ ഹൈക്കോടതിയെ സമീപിക്കും; തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയത് സംഘടനയുടെ തീരുമാന പ്രകാരമെന്നും സുരേഷ് കീഴാറ്റൂർ മറുനാടൻ മലയാളിയോട്; വാഗ്ദാനങ്ങൾ പലതും നൽകിയ ബിജെപിയും സമരക്കാരെ നന്നായി പറ്റിച്ചെന്നും വയൽക്കിളി സമര നായകൻ

രഞ്ജിത് ബാബു

കണ്ണൂർ: ഭരണകൂടം എന്തെല്ലാം കടലാസുപണികൾ പൂർത്തിയാക്കിയാലും കീഴാറ്റൂർ വയലിലൂടെ ദേശീയ പാത കൊണ്ടു പോകുന്നത് അസാധ്യമായിരിക്കുമെന്ന് കീഴാറ്റൂർ വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂർ. കീഴാറ്റൂർ വയലിൽ ' മറുനാടൻ മലയാളിയോട് ' സംസാരിക്കുകയായിരുന്നു അദ്ദേഹം. വയൽ ഏറ്റെടുക്കുന്നതിനെതിരെ നിയമപരമായി നേരിടാൻ ഹൈക്കോടതിയെ സമീപിക്കും. കേരളം പോലുള്ള സംസ്ഥാനത്ത് പരിസ്ഥിതി വിരുദ്ധമായി സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന ഏത് വികസനത്തേയും ചെറുത്തു തോൽപ്പിക്കാനാകും. വയൽക്കിളി സമരം അവസാനിച്ചിട്ടില്ല.

സുരേഷ് പറഞ്ഞു. പൊതു തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയതിനാൽ കഴിഞ്ഞ രണ്ട് വർഷത്തെ തങ്ങളുടെ അനുഭവങ്ങൾ പോളിങ് ബൂത്തിൽ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷക്കാലമായി നടന്നു വരുന്ന കീഴാറ്റൂർ സമരം കൊണ്ട് കേരളീയരുടെ മനസ്സിൽ പരിസ്ഥിതി പ്രാധാന്യം വളർത്താൻ കഴിഞ്ഞിട്ടുണ്ട്. ഒരു തണ്ണീർ തടവും ഒരു തുണ്ടു വയലും ഇനി നശിപ്പിക്കപ്പെടരുതെന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പരിസ്ഥിതിക്ക് നേരെ ചെയ്ത ക്രൂരതയുടെ ഫലമാണ് പ്രളയ കാലത്ത് നാം തിരിച്ചറിഞ്ഞത്. ഇപ്പോൾ അതിന്റെ ആഘാതം നേരിട്ടുകൊണ്ടിരിക്കയുമാണ്.

Stories you may Like

കീഴാറ്റൂർ സമരത്തിൽ അണിനിരന്ന വയൽക്കിളി പ്രവർത്തകരെ അറസ്റ്റ് ചെയ്തുകൊണ്ടാണ് ഭരണകൂടം വയൽ അളന്നെടുത്തത്. ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് പരിസ്ഥിതി പ്രശ്നം ചർച്ചയാക്കാനായിരുന്നു. എന്നാൽ വോട്ട് ലഭ്യതയിലൂടെയല്ല വയലിന്റെ പ്രാധാന്യം അളക്കേണ്ടതെന്ന അഭിപ്രായം സംഘടനക്കകത്തു നിന്നുണ്ടായി. സംഘടനയുടെ തീരുമാന പ്രകാരമാണ് മത്സര രംഗത്തു നിന്നും പിന്മാറിയതെന്നും സുരേഷ് കീഴാറ്റൂർ പറഞ്ഞു.

എൺപതുകളിൽ തളിപ്പറമ്പ് നഗരത്തിലൂടെയായിരുന്നു സർവ്വേ നടത്തിയത്. എന്നാൽ പത്ത് വർഷം കഴിഞ്ഞപ്പോൾ ഈ സർവ്വേ മാറ്റി തളിപ്പറമ്പ് പൂക്കോത്ത് തെരുവുവഴി ആക്കി. അപ്പോഴും ശക്തമായ എതിർപ്പുണ്ടായി. അതിനും സിപിഎം. നേതാക്കൾ തന്നെയാണ് നേതൃത്വം നൽകിയത്. തുടർന്ന് സർക്കാർ പുറമ്പോക്ക് ഭൂമിയും കുറഞ്ഞ വീടുകളും മാത്രം നഷ്ടപ്പെടുന്ന സ്ഥലത്തേക്ക് നിർദ്ദേശം വന്നു. എന്നാൽ ഇത് പരിഗണിക്കാതെ കീഴാറ്റൂരിൽ തന്നെ ദേശീയ പാത ലക്ഷ്യമിടുകയായിരുന്നു. കീഴാറ്റൂർ വയൽ സമരം സിപിഎം. പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെ തന്നെ ശക്തമായപ്പോഴാണ് ജില്ലാ നേതൃത്വം ഇതിനെ തള്ളിപ്പറഞ്ഞത്. പാർട്ടി പ്രാദേശിക നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വം പുറത്താക്കൽ നടപടി സ്വീകരിച്ചു. അതോടെ വയൽക്കിളികൾ എന്ന പേരിൽ സമരം ശക്തമാവുകയായിരുന്നു.

സമരത്തെ തള്ളിപ്പറഞ്ഞ ശേഷം സിപിഎം. ജില്ലാ സെക്രട്ടറി തന്നെ സമരക്കാരുടെ വീടുകളിൽ പോയി അനുരഞ്ജനത്തിനുള്ള നീക്കങ്ങളും നടത്തി. എന്നാൽ അത് ഫലവത്തായില്ല. ജില്ലയിലെ സിപിഎം. നേതൃത്വവും കോൺഗ്രസ്സ് നേതൃത്വവുമൊക്കെ സമരത്തിന്റെ ഒരോ ഘട്ടത്തിലും സമരക്കാരുമായി ചർച്ച ചെയ്തിരുന്നു. സിപിഐ സമരക്കാർക്കൊപ്പം സമരത്തിൽ പങ്കാളിയാവുകയും ചെയ്തു. ഇത് സിപിഎം. ന്റെ കടുത്ത വിമർശനങ്ങൾക്ക് പാത്രമാവുകയുണ്ടായി. അതിനിടെയാണ് ബിജെപി. കീഴാറ്റൂർ സമരത്തിലെത്തുന്നത്. ജില്ലാ നേതാക്കൾ കീഴാറ്റൂർ വയലിലെത്തി വയൽക്കിളികളെ കാര്യങ്ങൾ പറഞ്ഞ് ധരിപ്പിച്ചു. കേന്ദ്ര ഭരണത്തിന്റെ ബലത്തിൽ പാത വയലിലൂടെ കൊണ്ടു പോകില്ലെന്ന് അവർ ആവർത്തിച്ചു പറഞ്ഞു.

സിപിഎം. പാർട്ടി ഗ്രാമത്തിൽ കുമ്മനം രാജശേഖരനും സുരേഷ് ഗോപിയുമെല്ലാമെത്തി. ഒടുവിൽ നന്ദി ഗ്രാമിൽ സമരനേതൃത്വം വഹിച്ച ബിജെപി. അഖിലേന്ത്യാ സെക്രട്ടറി രാഹുൽ സിൻഹയും എത്തി. നന്ദി ഗ്രാമിൽ നിന്നും കൊണ്ടു വന്ന മണ്ണ് നിക്ഷേപിച്ചു കൊണ്ട് അദ്ദേഹം പ്രസംഗിച്ചതിങ്ങനെ. തങ്ങളുടെ നെഞ്ചത്ത് കൂടിയേ ഈ പാത കൊണ്ടു പോകാൻ പറ്റൂ. കീഴാറ്റൂർ വയൽ വെട്ടി മുറിക്കാൻ ആരേയും അനുവദിക്കില്ല. കീഴാറ്റൂരിലെ കർഷകർ ഇത് കേട്ട് ആശ്വസിച്ചു. ഒടുവിൽ ബിജെപി. നേതാക്കൾ വയൽക്കിളികളെ ഡൽഹിയിൽ ഉപരിതല മന്ത്രാലയത്തിലെത്തിച്ചു. മന്ത്രി നിധിൻ ഗഡ്കരിയുമായി ചർച്ച ചെയ്തു.

വയൽക്കിളികൾ വെച്ച ബദൽ പാതയെക്കുറിച്ച് പഠനം നടത്താനും സംഘത്തെ അയക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. എന്നാൽ നേരത്തെയുള്ള ഈ പാതക്ക് ഒരു മാറ്റവും വരുത്തിയില്ല. ഒരു വിദഗ്ദ സംഘവും വന്നുമില്ല. നന്ദി ഗ്രാമിലെ മണ്ണ് കീഴാറ്റൂർ വയലിൽ അലിഞ്ഞു ചേർന്നു. പിന്നീട് ബിജെപിക്കാരാരും ഇവരെ തിരിഞ്ഞ് നോക്കിയുമില്ല. നേരത്തെയുള്ള രണ്ട് അലൈന്മെന്റുകളും മാറ്റിയതിന് പിന്നിൽ സിപിഎം. ഉം മറ്റ് രാഷ്ട്രീയ പാർട്ടികളുമുണ്ടെന്ന് വയൽക്കിളികൾ വിശ്വസിക്കുന്നു.

വയൽ ഏറ്റെടുക്കൽ തടഞ്ഞ കർഷകരെ അറസ്റ്റ് ചെയ്ത് രാത്രി 11.30 വരെ ലോക്കപ്പിലിട്ടാണ് . സർക്കാർ സംവിധാനം പൂർണ്ണമായും ദുരുപയോഗം ചെയ്താണ് ഭൂമി പിടിച്ചെടുത്തത്. ജീവിക്കണമോ മരിക്കണമോ എന്ന അവസ്ഥ വന്ന കർഷകന് നഷ്ടപരിഹാരത്തിന് അവകാശമുണ്ട്. എന്നാൽ അതിനെ പരിഹസിക്കാനാണ് സിപിഎം. മുതിർന്നത്. സിപിഎം. ആരോപിക്കും പോലെ ആരും സമ്മത പത്രം നൽകിയിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയും ഒത്തു കളിച്ചാണ് കീഴാറ്റൂരിൽ ഇത്തരമൊരു സാഹചര്യമുണ്ടാക്കിയത്. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഡൽഹി ചർച്ചയിൽ തന്നെ നമുക്ക് സംശയമുണ്ടായിരുന്നു. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഇവർ ഒന്നിച്ചു നിൽക്കുന്നത്. സിപിഎം. ആണ് സമരത്തിന് തുടക്കം കുറിച്ചത്. പിന്നെ അതിനെ തള്ളിപ്പറയുകയും ചെയ്തു. അതിന് ശേഷം അനുരഞ്ജന ശ്രമവും നടത്തി. അതിനിടെ ബിജെപി. സമരം ഏറ്റെടുത്തു. ഈ രണ്ട് സംഘടനകളും വയൽക്കിളികളെ വഞ്ചിച്ചുവെന്നാണ് കീഴാറ്റൂരിൽ നിന്നും ഉയരുന്ന അഭിപ്രായം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP