Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202228Friday

ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്; ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹം ഇന്നും കൊണ്ടു നടക്കുന്ന മനസ്സ്; സമ്പാദ്യത്തിന്റെ പകുതിയിൽ കൂടുതൽ സേവനത്തിന് ചെലവഴിച്ച സുരേഷിനെ ചർച്ചയാക്കി ഷാജി കൈലാസ്; 60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് ഒരു കണക്ക്.. ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇത് ചേട്ടന്റെ ഒന്നാം പിറന്നാൾ എന്ന് പറഞ്ഞ് സലിംകുമാർ; വട്ടവടയ്ക്ക് കുടിവെള്ളം എത്തിച്ച് ആക്ഷൻ ഹീറോയും; സുരേഷ് ഗോപി പിറന്നാൾ മലയാളി ഏറ്റെടുക്കുമ്പോൾ

ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്; ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹം ഇന്നും കൊണ്ടു നടക്കുന്ന മനസ്സ്; സമ്പാദ്യത്തിന്റെ പകുതിയിൽ കൂടുതൽ സേവനത്തിന് ചെലവഴിച്ച സുരേഷിനെ ചർച്ചയാക്കി ഷാജി കൈലാസ്; 60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് ഒരു കണക്ക്.. ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇത് ചേട്ടന്റെ ഒന്നാം പിറന്നാൾ എന്ന് പറഞ്ഞ് സലിംകുമാർ; വട്ടവടയ്ക്ക് കുടിവെള്ളം എത്തിച്ച് ആക്ഷൻ ഹീറോയും; സുരേഷ് ഗോപി പിറന്നാൾ മലയാളി ഏറ്റെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മൂന്നാർ: മലയാള സിനിമയിലെ ആക്ഷൻ ഹീറോയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയത്തിൽ എത്തിയപ്പോഴും താരം പിന്തുടർന്നത് ഈ മനസ്സ് തന്നെ. തന്റെ ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്‌നം പരിഹരിച്ച് സുരേഷ് ഗോപി എംപി നടത്തിയത് അതിവേഗ ഇടപെടൽ. അദ്ദേഹത്തിന്റെ എംപി.ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച 'കോവിലൂർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. ഗവർണർക്കൊപ്പം എംപി., എസ്.രാജേന്ദ്രൻ എംഎ‍ൽഎ, കളക്ടർ എച്ച്.ദിനേശൻ, സബ് കളക്ടർ എസ്. പ്രേംകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വട്ടവട പഞ്ചായത്തിൽ കോവിലൂർ ടൗണിലെ അഞ്ച് വാർഡുകളിലുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്. അങ്ങനെ പിറന്നാൾ ദിനത്തിലും വ്യത്യസ്തനാവുകയാണ് സുരേഷ് ഗോപി. 2019-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച ശേഷം പ്രദേശവാസികളുമായി സുരേഷ് ഗോപി എംപി. സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ അറിഞ്ഞത്. അന്നുതന്നെ കുടിവെള്ള സൗകര്യമെത്തിക്കുമെന്ന് എംപി. ഉറപ്പുനൽകിയിരുന്നു. നേരത്തേതന്നെ പദ്ധതി പൂർത്തിയായിരുന്നെങ്കിലും കോവിഡ് കാരണം ഉദ്ഘാടനം നീളുകയായിരുന്നു. അങ്ങനെ ആ നാട്ടിൽ വെള്ളമെത്തി.

വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലിൽനിന്നു വെള്ളമെടുത്ത് കോവിലൂർ കുളത്തുമട്ടയിലെത്തിച്ച്, ശുദ്ധീകരിച്ചാണ് വിതരണം. 1,60,000 ലിറ്റർ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയിൽ സ്ഥാപിച്ചിരിക്കുന്നത്. വീടുകളിലേക്ക് പൈപ്പുകളും കുടിവെള്ളസ്രോതസ്സായ അലങ്കലാഞ്ചിയിൽ ജലസംഭരണിയും സ്ഥാപിച്ചത് പഞ്ചായത്താണ്. എല്ലാ പിന്തുണയുമായി സുരേഷ് ഗോപി ഒപ്പം നിന്നു. പിറന്നാൾ ദിനത്തിൽ നിരവധി പേരാണ് സുരേഷ് ഗോപിക്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത്. വ്യത്യസ്താനായൊരു താരത്തെയാണ് പലരും വരച്ചു കാട്ടിയത്. അങ്ങനെ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ കൊണ്ട് നിറഞ്ഞ സുരേഷ് ഗോപിയുടെ പിറന്നാൾ. കൊല്ലം നഗരത്തിൽ ചലച്ചിത്ര വിതരണക്കാരനായിരുന്ന പരേതനായ ഗോപിനാഥൻ പിള്ളയുടെയും പരേതയായ ജ്ഞാനലക്ഷ്മി അമ്മയുടെയും മൂത്ത മകനായാണ് 1959 ജൂൺ 26-ന് സുരേഷ് ഗോപി ജനിച്ചത്.

അഞ്ച് വയസുള്ളപ്പോൾ തുടങ്ങിയതാണ് സുരേഷ് ഗോപിയുടെ അഭിനയജീവിതം. 1965ൽ ഓടയിൽ നിന്ന് എന്ന സിനിമയിൽ ബാലതാരമായിട്ടാണ് അഭിനയിച്ചത്. മുതിർന്നപ്പോൾ മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന സിനിമയിൽ വില്ലനായി എത്തിയും സുരേഷ് ഗോപി ശ്രദ്ധേയനായി. മുതിർന്നപ്പോൾ മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന സിനിമയിൽ വില്ലനായി എത്തിയും സുരേഷ് ഗോപി ശ്രദ്ധേയനായി. സുരേഷ് ഗോപിയുടെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത് തലസ്ഥാനം എന്ന സിനിമയായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ വന്ന തലസ്ഥാനം വൻ വിജയമായി മാറി.</p>
സുരേഷ് ഗോപിയുടെ ജീവിതത്തിൽ വഴിത്തിരിവ് സമ്മാനിച്ചത് തലസ്ഥാനം എന്ന സിനിമയായിരുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിൽ വന്ന തലസ്ഥാനം വൻ വിജയമായി മാറി. ഷാജി കൈലാസിന്റെ തന്നെ കമ്മിഷണർ എന്ന വൻ വിജയ ചിത്രം സുരേഷ് ഗോപിയുടേതായി വന്നു. സുരേഷ് ഗോപിയുടെ ഡയലോഗുകളായിരുന്നു സിനിമയുടെ ആകർഷണം. പിന്നെ മലയാളത്തിലെ ആക്ഷൻ ഹീറോയുമായി.

ഇന്നും മകളുടെ ഓർമ്മയിൽ നീറുമ്പോൾ

കുറച്ചു നാൾ മുമ്പ് നിങ്ങൾക്കുമാകാം കോടീശ്വരൻ വേദിയിൽ പറഞ്ഞ വാക്കുകളും സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ചർച്ചയായി. മരിച്ചു പോയ തന്റെ മകളെക്കുറിച്ചും മഞ്ഞ നിറത്തോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും താരം പറയുന്നത് വേദനയോടെയാണ് മലയാളി കേട്ടത്.

'ഉത്സവമേളം എന്ന ചിത്രത്തിൽ വളരെ കളർഫുൾ ആയ വസ്ത്രങ്ങൾ ആയിരുന്നു എനിക്ക് വേണ്ടി തയ്യാറാക്കിയിരുന്നത്. ഒരു രംഗത്തിൽ മഞ്ഞയിൽ നേർത്ത വരകളുള്ള വസ്ത്രങ്ങളാണ് അണിഞ്ഞിരുന്നത്. എനിക്ക് മഞ്ഞ നിറത്തോട് വല്ലാത്ത ഇഷ്ടമാണ്. മമ്മൂക്ക അടക്കമുള്ളവർ 'മഞ്ഞൻ' എന്നാണ് വിളിച്ചിരുന്നത്. ഷൂട്ടിങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ആ മഞ്ഞ ഷർട്ട് എനിക്ക് തരണമെന്ന് ഞാൻ ഇന്ദ്രൻസിനോട് പറഞ്ഞിരുന്നു. ഷൂട്ടിങ്ങ് കഴിഞ്ഞപ്പോൾ ആ ഷർട്ട് ഇന്ദ്രൻസ് എനിക്ക് പൊതിഞ്ഞ് തന്നു. അത് ഇടക്കിടക്ക് ഇടുമായിരുന്നു.'സുരേഷ് ഗോപി പറഞ്ഞു.

'1992 ജൂൺ 6 ന് മകളെയും ഭാര്യയെയും അനിയനെ ഏൽപിച്ച് തിരിച്ചുപോകുമ്പോളാണ്.. പിന്നെ മകളില്ല. അന്നവൾ അപകടത്തിൽപ്പെടുമ്പോൾ ഞാൻ അണിഞ്ഞിരുന്നത് ഇന്ദ്രൻസ് നൽകിയ ആ മഞ്ഞ ഷർട്ട് ആയിരുന്നു. തിരിച്ചെത്തി, ഹോസ്പിറ്റലിൽ എന്റെ മകളുടെ അടുത്തു നിൽക്കുമ്പോഴൊക്കെ വിയർപ്പ് നിറഞ്ഞ ആ ഷർട്ട് ആയിരുന്നു എന്റെ വേഷം. എന്റെ വിയർപ്പിന്റെ മണം ഏറ്റവുമധികം ഇഷ്ടപ്പെട്ടിരുന്ന മകളാണ്. ലക്ഷ്മിക്ക് അന്തിയുറങ്ങാൻ, അവസാനമായി അവളുടെ പെട്ടി മൂടുന്നതിനു മുൻപ്, ആ മഞ്ഞ ഷർട്ട് ഊരി അവളുടെ മുഖമടക്കം പുതപ്പിച്ചാണ്, കിടത്തിയത്. ഇന്ദ്രൻസ് തുന്നിയ ആ ഷർട്ടിന്റെ ചൂടേറ്റാണ് എന്റെ മകൾ അന്ത്യ വിശ്രമം കൊള്ളുന്നത്. ഇന്ദ്രൻസിനോട് ഒരുപാട് സ്‌നേഹം' സുരേഷ് ഗോപി പറഞ്ഞു

ഷാജി കൈലാസിന് പറയാനുള്ളത്

'ഞാൻ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന സിനിമയിലെ ഹീറോയാണ് സുരേഷ്. അന്ന് തൊട്ടുള്ള ബന്ധമാണ് അദ്ദേഹവുമായി. പത്തു മുപ്പതു വർഷമായിട്ടും ആ സൗഹൃദത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്റെ കുടുംബജീവിതത്തിനായും സുരേഷാണ് മുൻകൈയെടുത്തത്. എന്റെയും ആനിയുടെയും വിവാഹം സുരേഷിന്റെ വീട്ടിൽ വച്ചാണ് നടന്നത്. എന്റെ കരിയറും ജീവിതവും സുരേഷ്‌ഗോപിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഞങ്ങൾ തമ്മിൽ ഔപചാരികതയൊന്നും ഇല്ല. ഞാൻ ഈ ആശംസ പറയുന്നതു പോലും അധികമായിപ്പോകും കാരണം ഞാൻ പറയേണ്ട കാര്യമില്ല, മനസ്സിൽ വിചാരിച്ചാൽ തന്നെ അത് സുരേഷിന് അറിയാം.'

'സിനിമയ്ക്കു പോലും സുരേഷിന്റെ ഡേറ്റ് ഞാൻ വാങ്ങാറില്ല. ഞാൻ അങ്ങ് തുടങ്ങും സുരേഷ് വന്നു ജോയിൻ ചെയ്യും. പിന്നെ അവൻ സൂപ്പർസ്റ്റാർ ആയി, അതിലൊന്നും എനിക്കൊരു പങ്കുമില്ല. ഞാൻ എല്ലാ സംവിധായകരെയും പോലെ അവനെ അഭിനയിപ്പിച്ചു. അവന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് അവൻ സൂപ്പർസ്റ്റാറായി. സുരേഷ് നന്മയുള്ള ഒരു മനുഷ്യനാണ്. ആർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ചാടിയിറങ്ങുന്നത് അവനായിരിക്കും. ഇപ്പൊ ഈ സമൂഹമാധ്യമങ്ങൾ വന്നപ്പോഴല്ലേ എല്ലാവരും ഇതൊക്കെ അറിയുന്നത് പക്ഷെ പണ്ടും സുരേഷ് ഇങ്ങനെ തന്നെ ആയിരുന്നു.

വലിയ നടനാകുന്നതിനു മുൻപും ആര് എന്ത് പ്രശ്‌നം വന്നു പറഞ്ഞാലും 'അതിനെന്താ ഞാൻ ഉണ്ടല്ലോ, ഞാൻ വരാം' എന്ന് പറയും. സുരേഷിന്റെ സമ്പാദ്യത്തിന്റെ പകുതിയിൽ കൂടുതൽ സേവനപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നു. അത്രയധികം കരുണയും മനുഷ്യസ്‌നേഹവുമുള്ള വ്യക്തിയാണ് സുരേഷ്-ഷാജി കൈലാസ് പറയുന്നു.

ആശംസയുമായി സലിം കുമാർ

ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, 'തെങ്കാശിപ്പട്ടണം 'എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമ്മാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത് അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത 'സത്യമേവ ജയതേ 'എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്, ഈ സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു. അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ, എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ.

സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു. ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കമ്പാർട്ട്‌മെന്റ്'. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാർട്ട്‌മെന്റിന്റേത്. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിങ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു ' ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി, പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി. അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി....

60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് 'ഒരുപാട് ജന്മദിനങ്ങൾ സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ സലിംകുമാർ.

ഖാദർ ഹസ്സൻ സമൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പ് വായിക്കാം

മലയാള സിനിമയിലെ ഗർജ്ജിക്കുന്ന സിംഹം സുരേഷ് ഗോപി, സുരേഷേട്ടന് ഒരായിരം ജന്മദിനാശംസകൾ.

ആര്യ, ഹാപ്പി, ബണ്ണി, കൃഷ്ണ, ഹീറോ, ഹാപ്പി ഡേയ്സ്, ബദ്രിനാഥ്, ഗജപോക്കിരി, ബാഹുബലി തുടങ്ങിയ തെലുങ്ക് സിനിമകൾ മലയാളത്തിൽ വിജയം ആയതു പോലെ ഒരുകാലത്തു നമ്മുടെ മലയാള സിനിമകളും ആന്ധ്രയിൽ സ്ഥിരം വിജയം വരിച്ചിരുന്നു. കേരളത്തിൽ അല്ലു അർജുനെ പോലെ ആന്ധ്രയിൽ നമ്മുടെ സുരേഷേട്ടൻ തൊണ്ണൂറുകളിൽ വളരെ പോപ്പുലർ ആയിരുന്നു. മലയാള ആക്ഷൻ സിനിമകളുടെ മാർക്കറ്റ് കൂട്ടിയതും സുരേഷേട്ടന്റെ ഈ സ്റ്റാർഡം കാരണമാണ്. 1994 വിഷുക്കാലത്ത് റിലീസ് ആയ ഷാജി കൈലാസ് രഞ്ജിപണിക്കർ കൂട്ടുകെട്ടിന്റെ കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് അഭൂതപൂർവമായ വിജയം വരിക്കുകയും ചെയ്തു. തെലുങ്ക് വേർഷൻ 'പൊലീസ് കമ്മീഷണർ' ആണ് ഏറ്റവും വലിയ വിജയം ആയത്. ആന്ധ്രയിലുടനീളം 100 ദിവസത്തിന് മുകളിൽ ഓടി ചരിത്രം സൃഷ്ടിക്കുകയായിരുന്നു. കർണാടകയിലും തെലുങ്കു ഡബ്ബ് വേർഷൻ പ്രദർശന വിജയം ആയി. തുടർന്ന് കമ്മീഷണറിന് മുന്നേ കേരളത്തിൽ ഇറങ്ങിയ ഏകലവ്യൻ -CBI Officer എന്ന പേരിൽ തെലുങ്കിലും തമിഴിലും റിലീസ് ആയി. ഈ ചിത്രത്തിലൂടെ ആണ് ആന്ധ്രയിൽ സുരേഷേട്ടന് ' 'സുപ്രീം സ്റ്റാർ 'എന്ന ടൈറ്റിൽ ലഭിക്കുന്നത്. മാഫിയയുടെ ഡബ്ബ് പതിപ്പ് കാണാൻ ആദ്യ ദിനം ഹൈദരാബാദിലും വിശാഖപട്ടണത്തും തടിച്ചു കൂടിയ പുരുഷാരം അക്ഷരാർത്ഥത്തിൽ പല വമ്പന്മാരേയും ഞെട്ടിക്കുകയുണ്ടായി. ഇവിടെ അല്ലു അർജ്ജുന് ജിസ് മോനെ പോലെ തെലുങ്കിൽ സുരേഷേട്ടന് നല്ലൊരു ഡബ്ബിങ് ആർട്ടിസ്റ്റിനെ കിട്ടി. കന്നഡ - തെലുങ്ക് നടൻ സായ് കുമാർ, അദ്ദേഹം വളരെ ഗംഭീരമായി സുരേഷ് ചേട്ടന് വേണ്ടി ഡബ്ബ് ചെയ്തത് ഗുണം ചെയ്തു. കമലിനും രജനിക്കും ഒപ്പം തെലുങ്ക് ഡബ്ബ് മാർക്കറ്റിൽ ഒരാൾ കൂടി മത്സരത്തിന് എത്തി-സുരേഷ് ഗോപി. ഡിസ്റ്റ്രിബ്യൂട്ടേഴ്‌സ് സുരേഷ് ഗോപി ചിത്രങ്ങൾക്ക് വേണ്ടി മത്സരം വരെ തുടങ്ങി.

തക്ഷശില എന്ന മലയാള ചിത്രം ഷൂട്ട് തുടങ്ങുന്നതിനു മുന്നേ തന്നെ തെലുങ്ക് -തമിഴ് റൈറ്റ്‌സ് വിറ്റു പോയത് അക്കാലത്തു വലിയ വാർത്ത ആയിരുന്നു. കാശ്മീരം ന്യൂഡൽഹി എന്ന പേരിൽ വൻ വിജയം ആയിരുന്നു. അതുപോലെ മറ്റൊരു വൻ വിജയം ആയിരുന്നു ഹൈവേ എന്ന ചിത്രം. റിലീസിനു മുന്നേ തന്നെ ആന്ധ്രയിൽ വൻ ഹൈപ്പ് സൃഷ്ടിച്ച ചിത്രമായിരുന്നു ഹൈവേ. ഹൈവേയ്ക്ക് കിട്ടിയ സ്വീകാര്യത്തോടെ സുരേഷേട്ടൻ സഹനടൻ ആയി അഭിനയിച്ച പഴയ മലയാള ചിത്രങ്ങൾ പോലും അദ്ദേഹത്തിന്റെ പേരിൽ ആന്ധ്രയിലും തമിഴ് നാട്ടിലും മാർക്കറ്റ് ചെയ്യപ്പെട്ടു. തൊണ്ണൂറുകളിൽ പാൻ സൗത്ത് മാർക്കറ്റ് ഉള്ള 5 നടന്മാരിൽ ഒരാളായി (കമൽഹാസൻ, രജനികാന്ത്, ചിരഞ്ജീവി, നാഗാർജുന, സുരേഷ് ഗോപി) നമ്മുടെ കൊച്ചു കേരളത്തിൽ നിന്നും ഒരു താരം ഉയർന്നു വന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നൊരു സംഗതി തന്നെ ആയിരുന്നു. എല്ലാ അർഥത്തിലും സൗത്ത് സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാം സുരേഷേട്ടനെ. ഈ സ്റ്റാർഡം മൂലം സുരേഷ് ഗോപി ചിത്രങ്ങൾ മൾട്ടി മാർക്കറ്റ് ചിത്രങ്ങളായി മാറി. ഏതു മാർക്കറ്റിലും വിറ്റു പോകാൻ തരത്തിൽ ഉള്ളതായിരുന്നു ഇത്തരം ചിത്രങ്ങൾ. ഈ ജോണറിൽ വന്ന ഏറ്റവും വലിയ പ്രൊജക്റ്റ് ആയിരുന്ന അമിതാബ് ബച്ചൻ സാബിന്റെ പ്രോഡക്ഷൻ ഹൗസ് എബിസിഎൽ നിർമ്മിച്ച യുവതുർകി (ഡൽഹി ഡയറി). ലേഡി സൂപ്പർ സ്റ്റാർ വിജയശാന്തിയും സുപ്രീം സ്റ്റാർ സുരേഷ് ഗോപിയും ഒന്നിക്കുന്ന വമ്പൻ ആക്ഷൻ ചിത്രം എന്ന നിലയിൽ റിലീസിനു മുന്നേ തന്നെ വലിയ ഓളം സൃഷ്ടിച്ചിരുന്നു. ഭദ്രൻ സാറിന്റെ ഏറ്റവും മികച്ച വർക്ക് എന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. മലയാളം,തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിൽ ഒരേ സമയം റിലീസ് ചെയ്തു ചരിത്രം സൃഷ്ടിച്ചു. ഇക്കാലത്ത് പോലും തെലുങ്കിനോടൊപ്പം മലയാളം ഡബ്ബ് റിലീസ് ചെയ്യാൻ ഉള്ള ബുദ്ധിമുട്ട് ഒരു നിർമ്മാതാവ് എന്ന നിലയ്ക്ക് എനിക്ക് വളരെ നന്നായി അറിയാം. ഡൽഹി ഡയറി തെലുങ്കിലും തമിഴിലും വൻ വിജയമായി.

അക്കാലത്ത് സുരേഷേട്ടന് ഒരുപാട് തെലുങ്ക്- തമിഴ് പ്രൊജെക്ടുകൾ വരികയുണ്ടായി എന്ന് കേട്ടിട്ടുണ്ട്. തുടർന്ന് വന്ന രജപുത്രൻ, മഹാത്മാ ഒക്കെ വിജയങ്ങളായി. 1996-ൽ മാത്രം സുരേഷേട്ടന്റെ 3 ബിഗ് ബജറ്റ് ചിത്രങ്ങൾ മൂന്നും നാലും ഭാഷകളിൽ ഒരേ സമയം റിലീസ് ആയി. തുടർന്ന് വന്ന ലേലം (റോയൽ ചെലഞ്ചു/ലേലം) തെലുങ്ക്/തമിഴ് പതിപ്പുകൾ പരാജയം ആയിരുന്നു. പത്രം(ജേർണലിസ്റ്റ്), FIR, നരിമാൻ(സേനാപതി/Farz Ki Pukaar ഹിന്ദി) പോലെ വീണ്ടും ഡബ്ബ് ഹിറ്റുകൾ സൃഷ്ടിച്ചു തന്റെ സ്റ്റാർഡം ഊട്ടി ഉറപ്പിച്ച ടൈമിൽ ആണ് ആന്ധ്രയിൽ ഡബ്ബ് പടങ്ങൾ സംഘടനാ പ്രശ്‌നം നിമിത്തം ഇടക്കാലത്തേക്ക് റിലീസുകൾ നിലക്കുന്നത്. ഏതാണ്ട് ഈ സമയം തന്നെ ആണ് സുരേഷേട്ടൻ മലയാളത്തിൽ നിന്നും ബ്രേക്ക് എടുക്കുന്നതും. 2005-ൽ അദ്ദേഹത്തിന്റെ രാജകീയ തിരിച്ചു വരവായ ഭരത് ചന്ദ്രൻ IPS ആന്ധ്രയിൽ വിജയം ആയിരുന്നു. ഈ ചിത്രത്തിനായി സുരേഷേട്ടൻ ഹൈദരാബാദ് പ്രൊമോഷന് പോയിരുന്നു. ടൈഗർ (പൊലീസ് സാമ്രാജ്യം) ആയിരുന്നു മറ്റൊരു വിജയ ചിത്രം. മലയാളത്തിന്റെ ഏറ്റവും വലിയ ഡബ്ബ് മാർക്കറ്റ് ഉള്ള നടനായിരുന്നു സുരേഷേട്ടൻ. അദ്ദേഹത്തിന്റെ പൊട്ടൻഷ്യൽ വേണ്ട വിധം വിനിയോഗിച്ചിരുന്നെങ്കിൽ ബോക്‌സ് ഓഫിസ് നാഴികക്കല്ലുകൾ പലതും നമ്മുടെ കൊച്ചു മലയാള സിനിമയ്ക്ക് വളരെ നേരത്തെ തന്നെ വെട്ടിപിടിക്കാമായിരുന്നു.

ആക്ഷൻ മസാലകളുടെ മൂല്യം എല്ലാ കാലത്തും സൗത്ത് മാർക്കറ്റിൽ വളരെ വലുതായിരുന്നു. സുരേഷേട്ടന്റെ യൂണിവേഴ്‌സൽ അപ്പീൽ ലുക്ക്, മാസ്സ് ചിത്രങ്ങളിലെ ഗംഭീര പ്രകടനം, അതുല്യമായ സ്‌ക്രീൻ പ്രെസെൻസ്, ഡയലോഗ് ഡെലിവറി ഒക്കെ സൗത്ത് മാർക്കറ്റിൽ അദ്ദേഹത്തെ പ്രിയങ്കരൻ ആക്കിയതിനു പ്രധാന ഘടകങ്ങൾ ആണ്. ഒരു ക്യാമറ ഗിമിക്കോ പ്രത്യേക ഗെറ്റപ്പോ കഥാ സാഹചര്യമോ ഒന്നും ഒരുക്കേണ്ട ആവശ്യം ഇല്ല അദ്ദേഹത്തിന് മാസ്സ് കാണിക്കാൻ. ഒരു നോട്ടമോ നിൽപ്പോ നടത്തമോ കൊണ്ട് പോലും മാസ്സ് ഫീൽ ചെയ്യിക്കാൻ അസാധ്യ കഴിവുള്ള അല്ലെങ്കിൽ അത്തരത്തിൽ ഉള്ളൊരു കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു. സ്‌ക്രീൻ പ്രെസെൻസ് കൊണ്ടും ഡയലോഗ് പ്രെസെന്റേഷൻ കൊണ്ടും അക്കാലത്തെ തെലുങ്ക് നടന്മാരിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു തെലുങ്ക് പ്രേക്ഷകർക്ക് സുരേഷേട്ടൻ. ( സുരേഷേട്ടന്റെ ഏതെങ്കിലും ഒരു സിനിമ റീമേക്ക് ചെയ്ത് കണ്ടാൽ മാത്രമേ സുരേഷ് ഗോപി ചേട്ടന്റെ സ്‌പെഷ്യാലിറ്റി(impact) എന്തായിരുന്നുവെന്ന് നമ്മൾ മലയാളികൾക്ക് മനസ്സിലാകുകയുള്ളു). കളിയാട്ടത്തിലൂടെ ദേശീയ അവാർഡ് നേടി താൻ ഒരു മാസ്സ് അവതാരം മാത്രമല്ല എന്നും അദ്ദേഹം തെളിയിച്ചു.

നല്ലൊരു ഗായകനും അവതാരകനും കൂടിയാണ് അദ്ദേഹം. എല്ലാത്തിനുമുപരി ഞാൻ അദ്ദേഹത്തെ വലിയൊരു മനുഷ്യ സ്‌നേഹി എന്ന് വിളിക്കാനാണ് എപ്പോഴും ആഗ്രഹിക്കുന്നത്. ഉള്ളിൽ കാപട്യം ഇല്ലാത്ത നന്മയുള്ള കറകളഞ്ഞ മനുഷ്യ സ്‌നേഹി. അദ്ദേഹത്തിന്റെ അടുക്കൽ ഒരാവശ്യം ചോദിച്ചു വരുന്നവന്റെ രാഷ്ട്രീയമോ ജാതിയോ മതമോ നോക്കാതെ തനിക്ക് കഴിയുമെങ്കിൽ സഹായിച്ചിരിക്കും സുരേഷേട്ടൻ. ശ്രീ ചിത്രയിലെ എന്റെ ഒരു ആവശ്യത്തിന് ഡൽഹിയിൽ ആയിരുന്നിട്ടു കൂടി ഡോക്ടർ നെ നേരിട്ട് വിളിച്ച് അന്വേഷിച്ച അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ആത്മാർത്ഥമായി ഞാൻ ഇവിടെ നന്ദി പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഒരു മൂന്നാം വരവ് നടത്തി ഫീനിക്‌സ് പക്ഷിയെ പോലെ അദ്ദേഹം വീണ്ടും തിരിച്ചു വന്നിരിക്കുന്നു. പഴയ പ്രതാപത്തിലേക്ക് മലയാള സിനിമയിൽ തന്റെ സിംഹാസനത്തിലേക്ക് രാജകീയമായി തിരിച്ചെത്തിയ സുരേഷേട്ടന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ. വരും ചിത്രങ്ങൾ എല്ലാം വൻ വിജയങ്ങൾ ആകട്ടെ എന്നും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP