Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകത്തെ മൂല്യമേറിയ രത്‌നം ഇനി എന്നും ബ്രിട്ടന് സ്വന്തം; കോഹിനൂറുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി; ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തിയ രത്‌നം 1877ൽ വിക്‌റ്റോറിയ രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമായി

ലോകത്തെ മൂല്യമേറിയ രത്‌നം ഇനി എന്നും ബ്രിട്ടന് സ്വന്തം; കോഹിനൂറുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി; ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തിയ രത്‌നം 1877ൽ വിക്‌റ്റോറിയ രാജ്ഞിയുടെ കിരീടത്തിന്റെ ഭാഗമായി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി; ഒരു ജനതയുടെ, ഒരു സംസ്‌കാരത്തിന്റെ മുഗ്ധ സങ്കൽപ്പങ്ങളുടെ, അധികാര മോഹങ്ങളുടെ, ഭൗതികചിന്തകളുടെ, പ്രതിബിംബമായി മാറി കോഹിനൂർ. രത്‌നത്തിന്റെ പേരിലുള്ള കേസിന് അന്ത്യം. യുകെയിൽ നിന്ന് കോഹിനൂർ രത്‌നം വീണ്ടെടുക്കണമെന്ന പുനഃപരിശോധനാ ഹർജി നിരസിച്ച 2017 ലെ വിധിക്കെതിരെ നൽകിയ തിരുത്തൽ ഹർജിയും സുപ്രീം കോടതി തള്ളിയതോടെയാണിത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള അഞ്ചംഗ ബെഞ്ച് ആണ് വിഷയത്തിൽ അന്തിമ തീർപ്പ് കൽപിച്ചത്.

തിരുത്തൽ ഹർജിയിൽ പുതുതായി ഒന്നും ഉന്നയിക്കുന്നില്ലെന്നു കാട്ടിയാണ് ജസ്റ്റിസുമാരായ എസ്. എ. ബോബ്‌ഡെ, എൻ. വി. രമണ, ഡി. വൈ. ചന്ദ്രചൂഡ്, എസ്.കെ. കൗൾ എന്നിവർ കൂടി ഉൾപ്പെട്ട ബെഞ്ച് ഹർജി തള്ളിയത്. രത്‌നം വീണ്ടെടുക്കാനോ ലേലം ചെയ്യുന്നത് തടയാനോ ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്നായിരുന്നു 2017 ലെ വിധി. ഇതിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജി തള്ളിയിരുന്നു.

ബ്രിട്ടിഷ് ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിയതാണ് 108 കാരറ്റ് വരുന്ന ഈ രത്‌നം. ഇന്ത്യയിൽ നിന്ന് മോഷ്ടിച്ചതോ ബലമായി പിടിച്ചെടുത്തുകൊണ്ടുപോയതോ അല്ലെന്നും അത് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് സമ്മാനിച്ചതാണെന്നും തിരികെ കിട്ടാൻ ഇന്ത്യ നയതന്ത്രതലത്തിൽ ശ്രമം നടത്തിവരുന്നുണ്ടെന്നുമാണ് കേന്ദ്ര സർക്കാർ അന്ന് കോടതിയെ അറിയിച്ചത്

കോഹിനൂർ രത്നവുമായി ബന്ധപ്പെട്ട് മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. കോഹിനൂർ രത്നം ബ്രിട്ടനിൽനിന്ന് തിരികെ കൊണ്ടുവരാൻ ഉത്തരവിറക്കാനാകില്ലെന്നായിരുന്നു സുപ്രീം കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ക്യുറേറ്റീവ് പെറ്റീഷനും അനുബന്ധ രേഖകളും പരിശോധിച്ചെന്നും എന്നാൽ മുമ്പ് പുറപ്പെടുവിച്ച വിധി പുനഃപരിശോധിക്കാനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് ബെഞ്ച് വിലയിരുത്തി.

ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ പരിതാല എന്ന ഗ്രാമത്തിനടുത്തുള്ള കൊല്ലൂർ ഖനിയിൽ നിന്നാണ് ഈ വജ്രക്കല്ല് ഖനനം ചെയ്‌തെടുത്തത് ഒരുകാലത്ത് ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് എന്ന ഖ്യാതിയുണ്ടായിരുന്ന രത്‌നമാണ് കോഹിനൂർ അഥവാ കോഹ്-ഇ നൂർ പ്രകാശത്തിന്റെ മല എന്നാണ് 105 ക്യാരറ്റ് അഥവാ 21.6 ഗ്രാം തൂക്കമുള്ള ഈ രത്‌നത്തിന്റെ പേരിനർത്ഥം. പേർഷ്യൻ ചക്രവർത്തിയായിരുന്ന നാദിർ ഷായാണ് കോഹിനൂർ എന്ന പേര് ഈ രത്‌നത്തിന് നൽകിയതെന്നു കരുതുന്നു

ഇന്ത്യയിലെ ഹിന്ദു, മുസ്ലിം, മുഗൾ രാജാക്കന്മാരുടേയും പേർഷ്യൻ, അഫ്ഗാൻ രാജാക്കന്മാരുടേയും കൈകളിലൂടെ കടന്നു പോയി വീണ്ടും ഇന്ത്യയിലെ സിഖുകാരുടെ കൈവശമെത്തുകയും തുടർന്ന് ബ്രിട്ടീഷുകാരുടെ കൈകളിലാകുകയും ചെയ്തു.വിക്‌റ്റോറിയ രാജ്ഞി ഇന്ത്യയുടെ ചക്രവർത്തിനിയായപ്പോൾ, 1877-ൽ ഈ രത്‌നം അവരുടെ കിരീടത്തിന്റെ ഭാഗമായി. ഇതിനുവേണ്ടിയാണ്, 186 1/16 കാരറ്റ് (37.21 ഗ്രാം) ഭാരമുണ്ടായിരുന്ന ഈ വജ്രക്കല്ലിനെ ഇന്നത്തെ 105.602 കാരറ്റ് (21.61 ഗ്രാം) ആയി ചെത്തിമിനുക്കിയത്.

ചരിത്രപരമായ തെളിവനുസരിച്ച്, ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ഭരണാധികാരികളായിരുന്ന കാകാത്യ രാജാക്കന്മാരുടെ അധീനതയിലായിരുന്നു ഈ വജ്രക്കല്ല്.1323-ൽ ഡൽഹിയിലെ തുഗ്ലക് വംശത്തിലെ സുൽത്താനായിരുന്ന ഗിയാസ് ഉദ് ദീൻ തുഗ്ലകിന്റെ സേനാനായകനായ ഉലൂഗ് ഖാൻ, കാകാത്യ രാജാക്കന്മാരെ തോൽപ്പിക്കുകയും കാകാത്യരുടെ ആസ്ഥാനമായിരുന്ന ഓറുഗല്ലു (ഇന്നത്തെ വാറങ്കൽ) കൊള്ളയടിച്ചു നശിപ്പിക്കുകയും ചെയ്തു. ഇങ്ങനെ കൊള്ളയടിച്ച് ഡൽഹിയിലേക്ക് കടത്തിയ വിലപിടിപ്പുള്ള വസ്തുക്കളിൽ കൊഹിനൂർ രത്‌നവും ഉൾപ്പെട്ടിരുന്നു.

തുടർന്ന് ഈ രത്‌നം ഡൽഹിയിൽ പിൽക്കാലത്ത് അധികാരത്തിൽ വന്ന സുൽത്താന്മാർക്ക് കൈമാറിക്കൊണ്ടിരിക്കുകയും, 1526-ൽ മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ കൈവശമെത്തുകയും ചെയ്തു.മുഗൾ പരമ്പരയിലെ അഞ്ചാമത്തെ ചക്രവർത്തിയായിരുന്ന ഷാ ജഹാൻ, ഈ ഈ കല്ലിനെ, തന്റെ പ്രസിദ്ധമായ മയൂരസിംഹാസനത്തിന്റെ ഭാഗമാക്കി. ഷാ ജഹാന്റെ പുത്രൻ ഔറംഗസേബ്, പിന്നീട് ഈ രത്‌നത്തെ ലാഹോറിലേക്ക് കൊണ്ടുപോകുകയും അവിടെ താൻ പണികഴിപ്പിച്ച ബാദ്ശാഹി മസ്ജിദിൽ സൂക്ഷിക്കുകയും ചെയ്തു.

1739-ൽ പേർഷ്യയിൽ നിന്നുള്ള നാദിർ ഷാ, ഇന്ത്യ ആക്രമിച്ചതിനെത്തുടർന്ന്, കോഹിനൂർ രത്‌നവും, മയൂരസിംഹാസനവുമടക്കം കൊള്ളയടിച്ച് പേർഷ്യയിലേക്ക് കടത്തി. കോഹ്-ഇ നൂർ എന്ന പേര് ഈ കല്ലിന് നൽകിയത് നാദിർ ഷായാണെന്ന് കരുതപ്പെടുന്നു. 1739-നു മുൻപ് ഇങ്ങനെ ഒരു പേര് ഈ രത്‌നത്തിനു നിലവിലുള്ളതായി രേഖകളില്ല.

1747-ൽ നാദിർഷാ മരണമടഞ്ഞതിനുശേഷം, കോഹിനൂർ, അദ്ദേഹത്തിന്റെ പിൻഗാമിയും ചെറുമകനുമായിരുന്ന മിർസ ഷാ രൂഖിന്റെ കൈയിലായിരുന്നു. ഇദ്ദേഹം മശ്ഹദ് തലസ്ഥാനമാക്കി പടിഞ്ഞാറൻ അഫ്ഗാനിസ്താനും കിഴക്കൻ ഇറാനുമടങ്ങുന്ന ഖുറാസാന്റെ ഭരണാധികാരിയായിരുന്നു. 1751-ൽ അഫ്ഗാനികളുടെ ദുറാനി സാമ്രാജ്യസ്ഥാപകനായ അഹ്മദ് ഷാ അബ്ദാലി, ഷാരൂഖിനെ പരാജയപ്പെടുത്തി സാമന്തനാക്കിയതോടെ, കോഹിനൂർ രത്‌നം, അഹ്മദ് ഷാക്ക് കൈമാറേണ്ടി വന്നു

1809-ൽ അഞ്ചാമത്തെ ദുറാനി ചക്രവർത്തിയായിരുന്ന ഷാ ഷൂജ, തന്റെ അർദ്ധസഹോദരനായ മഹ്മൂദ് ഷായോട് പരാജയപ്പെട്ട് പലായനം ചെയ്യുമ്പോൾ കോഹിനൂർ രത്‌നം കൈവശപ്പെടുത്തിയിരുന്നു. ലാഹോറിലെ സിഖ് നേതാവ് രഞ്ജിത് സിങ്ങിനടുത്ത് അഭയം തേടിയ ഷൂജ, ഇവിടെ വച്ച് തന്റെ കൈയിലെ കോഹിന്നൂർ രത്‌നം 1813-ൽ രഞ്ജിത് സിങ്ങിന് കൈമാറി.

1849-ൽ ബ്രിട്ടീഷുകാർ സിഖുകാരെ തോൽപ്പിച്ചതോടെ കോഹിന്നൂർ രത്‌നം ബ്രിട്ടീഷുകാരുടെ കൈവശമെത്തി. തുടർന്ന് ഇത് ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറുകയും ചെയ്തു.1852-ൽ ആംസ്റ്റർഡാമിൽ വച്ച് വിക്‌റ്റോറിയ രാജ്ഞിയുടെ ഭർത്താവ് ആൽബർട്ട് രാജകുമാരന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഈ രത്‌നം ചെത്തിമിനുക്കിയത്. 1877-ൽ വിക്‌റ്റോറിയ ചക്രവർത്തിനിയായി ഇന്ത്യയിൽ അധികാരത്തിലേറിയതോടെ രത്‌നം അവരുടെ കിരീടത്തിന്റെ ഭാഗമായി.കോഹിനൂർ രത്നം ഇപ്പോൾ ടവർ ഒഫ് ലണ്ടനിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയ അമൂല്യമായ കോഹിനൂർ രത്‌നംബ്രിട്ടന്റെ പ്രതാപത്തിന്റെ പ്രതീകമായാണ് ഇതിനെ കാണുന്നത്. രത്‌നം ഇന്ത്യക്ക് തിരിച്ചു നൽകാനാവില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ. 2013-ൽ ത്രിദിന സന്ദർശനത്തിന്റെ അവസാന ദിവസം അമൃത്സറിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് കാമറൂൺ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ രത്‌നം തിരിച്ചു നൽകണമെന്ന് വർഷങ്ങളായി നിരവധി ഇന്ത്യക്കാർ ബ്രിട്ടനോട് ആവശ്യപ്പെടുന്നതാണ്. മഹാത്മാ ഗാന്ധിയുടെ പേരക്കിടാവും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.എന്നാൽ, തിരിച്ചു നൽകുക എന്ന ആശയത്തോട് യോജിപ്പില്ലെന്ന് കാമറൂൺ പറഞ്ഞു. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പുരാതന ഗ്രീസിൽനിന്ന് ബ്രിട്ടനിൽ എത്തിച്ച എൽജിൻ മാർബിൾ ശിൽപ്പം തിരിച്ചു നൽകണമെന്ന ഗ്രീസിന്റെ ആവശ്യത്തിനു സമാനമാണ് ഇതെന്നും കാമറൂൺ പറഞ്ഞു. ബ്രിട്ടീഷുകാർ പുരാതന ഗ്രീസിൽനിന്ന് കടത്തിക്കൊണ്ടുപോയ എൽജിൻ ശിൽപങ്ങൾ തിരിച്ചുനൽകണമെന്ന് ഗ്രീസ് നിരവധി തവണ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. ഒടുവിൽ ഇത് തിരിച്ചു നൽകാതെ വില നൽകാമെന്ന് സമ്മതിക്കുകയായിരുന്നു ബ്രിട്ടൻ.

ലോകത്തേറ്റവും മൂല്യമേറിയ വസ്തുക്കളിലൊന്നായി ഗണിക്കപ്പെടുന്നതാണ് കോഹിനൂർ രത്നം. ഓട് കൊണ്ട് നിർമ്മിച്ചിട്ടുള്ള ബുദ്ധന്റെ പൂർണ്ണകായ പ്രതിമയാണ് സുൽത്താൻഗഞ്ച് ബുദ്ധ. 2.3 മീറ്റർ ഉയരവും 1 മീറ്റർ വീതിയുമുണ്ട് പ്രതിമയ്ക്ക്. ഇതുൾപ്പെടെ ഒട്ടേറെ അമൂല്യവസ്തുക്കൾ ഇന്ത്യയിൽ നിന്ന് ബ്രിട്ടൻ കടത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP