Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദാറുൽഹുദയിലെ നാടകം സുന്നി വിശ്വാസത്തിന് എതിരാണെന്ന് ജിഫ്രി തങ്ങൾ; സ്വാഗതം ചെയ്ത സുപ്രഭാതം എഡിറ്ററെ പുറത്താക്കി പ്രതികാരം; ദീനിന്റെ പേരു പറഞ്ഞ് ചിത്രകലയിൽ നിന്നും ഫോട്ടോഗ്രഫിയിൽ നിന്നും സമൂഹത്തെ വിലക്കിയവരുടെ പിന്മുറക്കാർ ചിത്രങ്ങൾക്കായി സ്വന്തം പത്രം പ്രസിദ്ധീകരിക്കുന്നു; പടം അച്ചടിച്ചുവന്നില്ലെങ്കിൽ പരാതി പറയുന്നവർ നാടക മത്സരത്തെ എതിർക്കുന്നത് എന്തിനെന്ന് സബ് എഡിറ്റർ മുഹമ്മദ് ഷഹീറിന്റെ ചോദ്യം

ദാറുൽഹുദയിലെ നാടകം സുന്നി വിശ്വാസത്തിന് എതിരാണെന്ന് ജിഫ്രി തങ്ങൾ; സ്വാഗതം ചെയ്ത സുപ്രഭാതം എഡിറ്ററെ പുറത്താക്കി  പ്രതികാരം; ദീനിന്റെ പേരു പറഞ്ഞ് ചിത്രകലയിൽ നിന്നും ഫോട്ടോഗ്രഫിയിൽ നിന്നും സമൂഹത്തെ വിലക്കിയവരുടെ പിന്മുറക്കാർ ചിത്രങ്ങൾക്കായി സ്വന്തം പത്രം പ്രസിദ്ധീകരിക്കുന്നു; പടം അച്ചടിച്ചുവന്നില്ലെങ്കിൽ പരാതി പറയുന്നവർ നാടക മത്സരത്തെ എതിർക്കുന്നത് എന്തിനെന്ന് സബ് എഡിറ്റർ മുഹമ്മദ് ഷഹീറിന്റെ ചോദ്യം

കെ വി നിരഞ്ജൻ

കോഴിക്കോട്: ഇ കെ വിഭാഗം സമസ്തയുടെ നേതൃത്വത്തിലുള്ള ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ ചെമ്മാട് ദാറുൽഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിൽ നടന്ന കലോത്സവത്തിലെ നാടക മത്സരം വിവാദമാകുന്നു. ഈ വിവാദത്തിനൊടുവിൽ സുപ്രഭാതം പത്രത്തിലെ സബ് എഡിറ്ററുടെ ജോലിയും തെറിച്ചു. നാടകമത്സരം വിവാദമായതോടെയാണ് സുന്നി വിശ്വാസത്തിന് എതിരാണ് നാടകമെന്ന വാദവുമായി ഒരു വിഭാഗം രംഗത്ത് വന്നത്. എന്നാൽ നല്ല നിലവാരം പുലർത്തുന്നതാണെന്ന് കാട്ടി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഒടുവിൽ ഖേദപ്രകടനവുമായി കോളെജ് മാനേജർ തന്നെ മുന്നിലെത്തി. മത്സരം സംഘടിപ്പിച്ചത് തങ്ങൾക്ക് പറ്റിയ പിഴവാണെന്നും അറിയാതെ സംഭവിച്ചുപോയ കാര്യത്തിന് മാപ്പുനൽകണമെന്നും ഇനി ഇത്തരം പരിപാടികൾ സംഘടിപ്പിക്കില്ലെന്നുമായിരുന്നു കോളെജ് മാനേജറുടെ വിശദീകരണം.

പിറ്റേ ദിവസം സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയും വന്നു. നാടക മത്സരം സുന്നി വിശ്വാസത്തിന് എതിരാണ്. അത് നടക്കാൻ പാടില്ലാത്തതായിരുന്നു. ബന്ധപ്പെട്ടവർ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നുമായിരുന്നു ജിഫ്രി തങ്ങളുടെ പ്രസ്താവന. ഇതിന് ശേഷമാണ് സമസ്ത നേതൃത്വത്തിൽ പുറത്തിറങ്ങുന്ന സുപ്രഭാതം പത്രത്തിന്റെ സബ് എഡിറ്ററും സൺഡേ സപ്ലിമെന്റിന്റെ എഡിറ്ററുമായ മുഹമ്മദ് ഷഹീർ നാടക മത്സരത്തെ പുകഴ്‌ത്തിക്കൊണ്ട് പോസ്റ്റിട്ടത്. ദാറുൽ ഹുദായിലെ പൂർവ്വ വിദ്യാർത്ഥി കൂടിയാണ് മുഹമ്മദ് ഷഹീർ. നാടക മത്സരം നടത്താനുള്ള തീരുമാനം അഭിനന്ദനാർഹമാണെന്നായിരുന്നു മുഹമ്മദ് ഷഹീറിന്റെ പോസ്റ്റ്. ഫോട്ടോയ്ക്ക് എതിരായിരുന്നവർക്കെല്ലാം ഇപ്പോൾ പത്രത്തിൽ ഫോട്ടോ വന്നില്ലെങ്കിൽ പ്രശ്നമാണ്. ടി വിക്ക് എതിരായിരുന്നവർ ടെലവിഷൻ ചാനലുകൾ തന്നെ തുടങ്ങി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞ് മാറ്റങ്ങളെല്ലാം നല്ലതിനാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഞാൻ ആലോചിക്കുന്നത് മറ്റൊന്നിലുമില്ലാത്ത ഈ അതിസൂക്ഷ്മതാ വാദം ഇവിടെ ഉന്നയിക്കുന്നവർ എത്രകാലം അവരുടെ എൽ സി ഡി പ്രൊജക്റുകൾ വെച്ച് ഇസ്ലാമിനെ സ്ഥാപിച്ചുകൊണ്ടിരിക്കുമെന്നാണ് (അല്ല, ഈ എൽ സി ഡിയിൽ വീഡിയോ ക്ലിപ്പുകൾ വെട്ടിയൊട്ടിച്ചു പ്രതിയോഗികളെ അപഹസിക്കുന്ന കലാപരിപാടിക്ക് എന്താണ് പേര്, നാടകമായിരിക്കില്ല ഏതായാലും). നവമാധ്യമങ്ങളിൽ കണ്ണുപൊത്തിയിരിക്കുന്ന ഡിജി തലമുറ തങ്ങളെ കൈയൊഴിയുമെന്ന വിഭ്രാന്തിയിൽ, മലയാളത്തിലടക്കമുള്ള പരമ്പരാഗത പത്രസ്ഥാപനങ്ങൾ വരെ, ന്യൂമീഡിയയിലേക്ക് ചുവടുമാറ്റുമ്പോഴാണ്, അതിൽ കൂടുതൽ നിക്ഷേപമിറക്കുമ്പോഴാണ്, ഓൺലൈൻ മാധ്യമങ്ങൾ തന്നെ മോജോ ജേണലിസത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോഴാണ് ഇവിടെ മറ്റൊരു സമൂഹം സമാന്തരമായി എത്രത്തോളം പിന്നിലേക്കോടാമെന്ന് ഗവേഷണം നടത്തുന്നത്. അവർ അവരുടെ ഗവേഷണവുമായി ഒരു വഴിക്കു പോകുകയാണെങ്കിൽ പ്രശ്‌നമില്ലെന്നു വയ്ക്കാമായിരുന്നു. ഇതു മാറ്റങ്ങളിലേക്കു വളരെ വൈകിയെങ്കിലും തിരശ്ശീല ഉയർത്തുന്നവരെയെല്ലാം തങ്ങൾക്കും പിന്നിലേക്കു തള്ളാൻ മത്സരിക്കുകയാണ് ചിലരിവിടെയന്നാണ് മുഹമ്മദ് ഷഹീർ വ്യക്തമാക്കിയത്.

മതത്തിന്റെ മൗലികത കൈവിടാതെത്തന്നെ കാലത്തോടൊപ്പം മുന്നോട്ടു നടക്കാനാണ് നിങ്ങളുടെ പദ്ധതിയെങ്കിൽ ഒരു കാര്യത്തിൽ അടിയന്തരമായ അഭിപ്രായ സർവേ നടത്തേണ്ട ഘട്ടമാണിത്. കഴിഞ്ഞ ഒരു അരനൂറ്റാണ്ടിന്റെ (മാത്രം) കേരള ഇസ്ലാമിനെ ചലിപ്പിച്ചുനിർത്തിയ വിദ്യുത്ശക്തിയായിരുന്നു മതപ്രഭാഷണങ്ങളെന്നു പറയാം. അവ നിർവഹിച്ച ചരിത്രപരമായ ദൗത്യങ്ങൾ വിസ്മരിക്കാനുമാകില്ല. എന്നാൽ ഇപ്പോൾ, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിന്റെ അവസാന വർഷത്തിലിരുന്നു ചോദിക്കട്ടെ, ഒരേ താളത്തിലും ഈണത്തിലും മുറുകുന്ന ആവർത്തനവിരസമായ ഈ വയളുകൾ(വാട്‌സ് ആപ്പിലൂടെ പറത്തുന്ന ഓഡിയോ-വിഡിയോ ക്ലിപ്പുകളും) അവ അഭിസംബോധന ചെയ്യുന്ന സമൂഹത്തിൽ എത്ര ശതമാനം പേർ കേൾക്കുന്നുണ്ട്?

തങ്ങൾ ഏതു തലമുറയോടാണ് സംവദിക്കുന്നതെന്ന തിരിച്ചറിവ് ഇപ്പോൾ ഉണ്ടായില്ലെങ്കിൽ, അതിനുചിതമായ മാറ്റങ്ങൾ എടുത്തണിഞ്ഞില്ലെങ്കിൽ ഒരു കാൽനൂറ്റാണ്ടിനകം വംശനാശം സംഭവിക്കാൻ പോകുന്ന ഒരു പ്രത്യേക വിഭാഗമെന്ന് മതപ്രഭാഷകരെ കുറിച്ച് ഇപ്പോൾ ആർക്കും ദീർഘദർശനം നടത്താനാകും. അടുത്തൊരു പത്തുവർഷം കഴിഞ്ഞാലും വയളുവേദികളെ നിറക്കുകയും വയളിന്റെ ഉദ്ദിഷ്ടലക്ഷ്യങ്ങളെ 'പൂർത്തീകരിക്കുകയും ചെയ്യേണ്ട' പെണ്ണുങ്ങൾ ഇപ്പോൾ നിങ്ങളുടെ മൈക്കുകൾക്കുമുൻപിലില്ല എന്നു തിരിച്ചറിയണം. പുതിയ സങ്കേതകങ്ങളെ ഏറ്റവും വിദഗ്ധമായി ഉപയോഗിക്കാൻ, യാതൊരു നന്മേച്ഛയുമില്ലാത്ത ദുർവാശി നിങ്ങളെ അനുവദിക്കുന്നില്ലെങ്കിൽ, ഒഴിഞ്ഞ കസേരകളോടും മൈതാനങ്ങളോടുമായിരിക്കും അന്നു നിങ്ങൾക്ക് സംവദിക്കേണ്ടിവരിക.

കാലത്തിനനുസരിച്ചു മാറ്റാനുള്ളതല്ല ദീനെന്നാണു പറയാനുള്ളതെങ്കിൽ രണ്ടേ രണ്ടു കാര്യം സൂചിപ്പിക്കട്ടെ. ഇതേ ദീനും സൂക്ഷ്മതയും പറഞ്ഞ് ചിത്രകലയിൽനിന്നും ഫോട്ടോഗ്രഫിയിൽനിന്നും സമൂഹത്തെ വിലക്കിയ പണ്ഡിതന്മാരുടെ ഒത്ത പിന്മുറക്കാരാണ്, ഇപ്പോൾ ഏറെക്കുറെ ഭേദപ്പെട്ട ചിത്രീകരണങ്ങളോടെ ബാലമാസികകൾ പ്രസിദ്ധീകരിക്കുന്നത്. ചിത്രങ്ങളും ചിത്രീകരണങ്ങളുമായി സ്വന്തമായി പത്രം പ്രസിദ്ധീകരിക്കുന്നത്. നാലു കോളത്തിൽ സ്വന്തം പടം അടിച്ചുവന്നില്ലെങ്കിൽ പരാതി പറയുന്നത്, എട്ടുകോളത്തിൽ തങ്ങളുടെ പരിപാടികളുടെ ഫോട്ടോ പത്രത്തിൽ അടിച്ചുവരാൻ വാശിപിടിക്കുന്നത്. സ്വന്തമായി ന്യൂസ് സ്റ്റുഡിയോയെ കുറിച്ച് ശുഭോദർക്കമായി മുന്നാലോചന നടത്തുന്നത്. ഒരു പ്രത്യേക സാമൂഹികഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസം ഹറാമാക്കിയ അതേ പണ്ഡിതശ്രേണിയുടെ പിന്മുറക്കാരാണ് സ്ത്രീശാക്തീകരണം മതവിദ്യയിലൂടെ എന്ന തലവാചകത്തിൽ നാടുതോറും വനിതാസ്ഥാപനങ്ങൾ നടത്തി മത്സരിക്കുന്നത്. അങ്ങനെയങ്ങനെ പറയാനെത്ര മാറ്റങ്ങൾ എന്നും മുഹമ്മദ് ഷഹീർ വ്യക്തമാക്കി.

ഇതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ പോസ്റ്റിട്ടുവെന്ന് കാട്ടി ഇദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. നോട്ടീസിന് മറുപടി നൽകിയെങ്കിലും തൃപ്തികരമല്ലെന്നായിരുന്നു സുപ്രഭാതം മാനേജ്മെന്റിന്റെ വിശദീകരണം. പോസ്റ്റ് പിൻവലിക്കാമെന്ന് പറഞ്ഞെങ്കിലും അത് പോരെന്നും പോസ്റ്റ് തിരുത്തി മാറ്റി പോസ്റ്റിടണമെന്നുമായിരുന്നു മാനേജ്മെന്റ് നിർദ്ദേശം. എന്നാൽ പോസ്റ്റ് പിൻവലിക്കാമെന്നും നിലപാട് തിരുത്താൻ കഴിയില്ലെന്നും മുഹമ്മദ് ഷഹീർ വ്യക്തമാക്കിയതോടെ പുറത്താക്കണമെന്ന് ജിഫ്രി തങ്ങൾ ശക്തമായ നിലപാട് സ്വീകരിച്ചു. കഴിവുള്ള ചെറുപ്പക്കാരനാണെന്നും പുറത്താക്കണ്ട ചെറിയ ശിക്ഷയിൽ ഒതുക്കാമെന്നെല്ലാം പത്രം മാനേജ്മെന്റ് പറഞ്ഞുനോക്കിയെങ്കിലും സംഘടനാ നേതൃത്വം പുറത്താണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഒടുവിൽ ദാറുൽഹുദയിൽ നടന്ന നാടകമത്സരത്തെ അനുകൂലിച്ചതിന്റെ പേരിൽ മുഹമ്മദ് ഷഹീറിന് സുപ്രഭാതത്തിൽ നിന്നും പടിയിറങ്ങേണ്ടിയും വന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP