Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുജാഹിദുകളെ പിന്തുണച്ച ഇ ടി മുഹമ്മദ് ബഷീറിനെതിരെ സമസ്ത മുഖപത്രം; ഇ.ടി ആട് മെയ്‌ക്കാൻ വിളിക്കുന്ന ഇടയൻ; നവോത്ഥാനവും തൗഹീദും തിരിച്ചറിയാതെ ഉഴറുന്നവർ നില നിൽപിനായാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്; സുപ്രഭാതത്തിൽ വന്ന ലേഖനത്തിൽ ഞെട്ടി ലീഗ് നേതൃത്വം

മുജാഹിദുകളെ പിന്തുണച്ച ഇ ടി മുഹമ്മദ് ബഷീറിനെതിരെ സമസ്ത മുഖപത്രം; ഇ.ടി ആട് മെയ്‌ക്കാൻ വിളിക്കുന്ന ഇടയൻ; നവോത്ഥാനവും തൗഹീദും തിരിച്ചറിയാതെ ഉഴറുന്നവർ നില നിൽപിനായാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നത്; സുപ്രഭാതത്തിൽ വന്ന ലേഖനത്തിൽ ഞെട്ടി ലീഗ് നേതൃത്വം

കോഴിക്കോട്: വേങ്ങര തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീറിനെതിരെ ഒളിയമ്പെയ്ത് സമസ്ത രംഗത്തെത്തി. ലീഗ് അനുകൂല നിലപാട് വെച്ചു പുലർത്തുന്ന ഇ കെ സമസ്തയുടെ മുഖപത്രത്തിലൂടെ ബഷീറിനെതിരെ രംഗത്തെത്തിയതിൽ ഞെട്ടിയിരിക്കയാണ് ലീഗ് നേതൃത്വം. സുപ്രഭാതം ദിനപത്രത്തിലെ എഡിറ്റ് പേജിലാണ് ഇ ടി മുഹമ്മദ് ബഷീറിനെതിരെ വിമർശന ഉന്നയിച്ച് ലേഖനം എത്തിയത്. മുജാഹിദുകളെ പിന്തുണച്ചു കൊണ്ടുള്ള ഇ ടി മുഹമ്മദ് ബഷീർ എംപിയുടം പ്രസ്താവനയെ വിമർശിച്ചു കൊണ്ടാണ് ലേഖനം. ലീഗ് അദ്ധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വൈസ്പ്രസിഡന്റായ സമസ്തയുടെ മുഖപത്രത്തിൽ വേങ്ങര തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ലേഖനം വന്നത് ലീഗ് നേതൃത്വത്തിനും അമർഷമുണ്ട്.

ആട് സലഫിസ'ത്തിലേക്ക് ആളെ കൂട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നവോത്ഥാനവും തൗഹീദും തിരിച്ചറിയാതെ ഉഴറുന്നവർ നില നിൽപിനായാണ് ഇത്തരം പ്രചാരണങ്ങൾ നടത്തുന്നതെന്നും സുപ്രഭാതം ലേഖനത്തിൽ പറയുന്നു. മുജാഹിദ് സമ്മേളനത്തിന്റെ പ്രചാരണ ക്ലിപിങ്ങിൽ മുജാഹിദുകൾ വിഭാവനം ചെയ്യുന്ന തൗഹീദാണ് ശരിയായ നവോത്ഥാനമുണ്ടാക്കിയതെന്നും, കേരളത്തിൽ സമാധാന അന്തരീക്ഷം വളർത്തിയതും, തൗഹീദ് പരിചയപ്പെടുത്തിയതും മുജാഹിദുകളാണെന്നും ഇ.ടി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മുഖപ്രസംഗം.

താടി നീളുന്നതിനനുസരിച്ച് പാന്റ് ചെറുതാകുന്നു (അബൂബക്കർ കാരക്കുന്നിന്റെ പ്രയോഗം) എന്നതിനൊപ്പം തലച്ചോർ കൂടി ചുരുങ്ങിപ്പോകുന്നു എന്നല്ലേ പാലത്ത് മൗലവിയുടെ പ്രസംഗം നമ്മെ ബോധിപ്പിച്ചത്. കോന്തു നായരെ കെട്ടിപ്പിടിച്ച മമ്പുറം തങ്ങളെയും മങ്ങാട്ടച്ചനെ ചേർത്ത് നിർത്തിയ കുഞ്ഞായിൻ മുസ്ലിയാരെയും കേട്ട് കോരിത്തരിച്ച കേരളീയ പൊതു മണ്ഡലത്തിൽ അവരോട് ചിരിക്കരുതെന്ന ആജ്ഞയുണ്ടാക്കിയ അപമാനത്തിന്റെ പരുക്ക് എത്ര ആഴമുള്ളതായിരുന്നു! സുപ്രഭാതം പറയുന്നു.

സലഫികളായ അബ്ദുൽ വഹാബിന്റെയും അബൂബക്കർ അൽ ബഗ്ദാദിയുടെയും പേര് മുഖപ്രസംഗത്തിൽ പറയുന്നു. വിശുദ്ധനഗരങ്ങളിലെ മഖ്ബറ മുതൽ നാട് കാണി ചുരത്തിലെ സയ്യിദ് മുഹമ്മദ് സ്വാലിഹ് തങ്ങളുടെ മഖ്ബറ വരെ അടിച്ച് തകർക്കുന്നതാണ് യഥാർത്ഥ അസഹിഷ്ണുതയെന്നും സുപ്രഭാതം പറയുന്നു. യൂറോ സെൻട്രിക് നവോത്ഥാനത്തിന്റെ ഉപോൽപന്നമല്ല ഇസ്ലാമിക നവോത്ഥാനം എന്ന് ആട് മെയ്‌ക്കാൻ വിളിക്കുന്ന ഇടയന്മാർ ഇനിയെങ്കിലും മനസ്സിലാക്കണം. ഏത് നവോത്ഥാനത്തെ കുറിച്ചാണ് ഇക്കൂട്ടർ അലമുറയിടുന്നതെന്ന് മനസിലാകുന്നില്ലെന്നും കൈ നെഞ്ചിൽ കെട്ടണോ കെട്ടാതിരിക്കണോ, മരിച്ചാൽ യാസീൻ ഓതണോ വേണ്ടയോ തുടങ്ങിയ ചർച്ചകളൊന്നും നവോത്ഥാനമല്ലെന്നും സുപ്രഭാതം പറയുന്നു.

കേരളത്തിൽ നവോത്ഥാനം കടന്ന് വന്നത് ഖാജാ ശൈഖ്, കാക്കത്തറയ്ക്കൽ ഉമർഖാദി, മഖ്ദൂമുമാർ, മമ്പുറം തങ്ങൾ തുടങ്ങിയ സൂഫികളിലൂടെയും മുജദ്ദിദുകളിലൂടെയുമാണെന്നും അല്ലാതെ ഒളിച്ചോടിയ കെ.എം മൗലവിക്കോ തന്റെ നൂറ്റി എട്ടാമത്തെ വയസിൽ ചേകനൂരിന്റെ ബലിക്കാക്കകൾക്ക് സത്യാഗ്രഹമിരുന്ന ഇ. മൊയ്തു മൗലവിക്കോ അതിലൊന്നും ഒരു പങ്കുമില്ലെന്നും മുഖപ്രസംഗം പറയുന്നു.

ഹിന്ദുമതത്തിനകത്ത് രാജാറാം മോഹൻ റോയിയെയും അയ്യങ്കാളിയെയും വി.ടി ഭട്ടതിരിപ്പാടിനെയുമെല്ലാം നവോത്ഥാന പ്രസ്ഥാനത്തിന്റെ ഉച്ചിയിൽ പ്രതിഷ്ഠിച്ചപ്പോൾ കെ.എം മൗലവിക്ക് ആ സ്ഥാനത്തേക്ക് വച്ച് കയറാൻ ഇസ്ലാം ഒരിക്കലും ഇടം നൽകിയില്ലെന്നും അതാണ് പാരമ്പര്യ ഇസ്ലാമിന്റെ സൗന്ദര്യമെന്നും സുപ്രഭാതം പറയുന്നു.

പിന്നെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് പുറം തിരിഞ്ഞ മാപ്പിളമാരോട് തിരിഞ്ഞ് നടക്കാനും വെള്ളക്കാരന്റെ ചെരുപ്പ് നക്കാനും പറഞ്ഞതാണ് നവോത്ഥാന ശ്രമമെങ്കിൽ രാജഭരണം നിലനിന്ന തിരുവിതാംകൂറിലേക്ക് പേടിച്ചോടിയ കെ.എം മൗലവി, ഇ.കെ മൗലവിമാരോട് ആ തിട്ടൂരം അങ്ങ് അടുപ്പിൽ വച്ചാൽ മതിയെന്ന് പറഞ്ഞ പച്ച മാപ്പിളമാർ തന്നെയല്ലേ യഥാർഥ നവോഥാന നായകരെന്ന് സുപ്രഭാതം ചോദിക്കുന്നു. കാരണം അവരുടെ എതിർപ്പ് ഭാഷയോടോ വിദ്യാഭ്യാസത്തോടോ ആയിരുന്നില്ലെന്നും പകരം കൊളോണിയൽ വരേണ്യതയോട് ആയിരുന്നെന്നും മുഖപ്രസംഗം പറയുന്നു.

ഇമാം നവവി തങ്ങളുടെ മഖ്ബറ ഐ.എസ് നാമാവശേഷമാക്കിയപ്പോൾ എവിടെ നിങ്ങളുടെ ശൈഖിന്റെ കഴിവ് എന്ന് വിളിച്ച് ചോദിക്കുകയും മുത്വലാഖ് വിഷയത്തിൽ മോദിയുടേത് ധീരമായ നിലപാടെന്ന മുക്രയിട്ട പൊട്ടക്കിണറ്റിലെ തവളാണ് ഇക്കൂട്ടരെന്നും മുഖപ്രസംഗം പറയുന്നു. മുജാഹിദികൾ ഏത് തൗഹീദിന്റെ വക്താക്കളാണെന്ന് കൂടെ പറയണമെന്നും തൗഹീദിന്റെ പേരിൽ കോശവിഭജനം നടത്തിക്കൊണ്ടിരിക്കുന്നവരാണ് മുജാഹിദുകളെന്നും മുഖപ്രസംഗം പറയുന്നു. കെ.എൻ.എം, മടവൂരി, ജിന്ന് (ഫൈസൽ മൗലവി, ഹുസൈൻ സലഫി) വിസ്ഡം, ദമ്മാജ്, അബ്ദുറഹിമാൻ ഇരിവേറ്റി, സുബൈർ മങ്കട, പിന്നെ ഗ്രൂപ്പില്ലാത്തവർ എന്നിങ്ങനെയുള്ള മുജാഹിദ് വിഭാഗങ്ങളിൽ ആരുടെ തൗഹീദാണ് ആധുനിക അംബാസഡർമാർ ഉദ്ദേശിച്ചതെന്നും ഇ.ടിയെ ലക്ഷ്യമിട്ട് പത്രം ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP