Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവശ്യസാധനങ്ങളില്ലാതെ സപ്ലൈകോ വിൽപ്പനശാലകൾ; സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ വില കുതിച്ചുയരുന്നു; സപ്ലൈകോയിൽ കിലോയ്ക്ക് നാൽപ്പത്തിമൂന്ന് രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അൻപത്തിയഞ്ച് രൂപ; ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം എടുത്തുകളഞ്ഞ നടപടി പ്രശ്‌നമാകുന്നു; ദിവസവേതന ജീവനക്കാരും പാക്കിങ് തൊഴിലാളികളും ശമ്പളമില്ലാതെ ദുരിതത്തിൽ

അവശ്യസാധനങ്ങളില്ലാതെ സപ്ലൈകോ വിൽപ്പനശാലകൾ; സബ്സിഡി ഇനങ്ങൾക്ക് ക്ഷാമം നേരിട്ടതോടെ വില കുതിച്ചുയരുന്നു; സപ്ലൈകോയിൽ കിലോയ്ക്ക് നാൽപ്പത്തിമൂന്ന് രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അൻപത്തിയഞ്ച് രൂപ; ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം എടുത്തുകളഞ്ഞ നടപടി പ്രശ്‌നമാകുന്നു; ദിവസവേതന ജീവനക്കാരും പാക്കിങ് തൊഴിലാളികളും ശമ്പളമില്ലാതെ ദുരിതത്തിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: വിലക്കയറ്റത്തിൽ നിന്ന് സാധാരണക്കാർക്ക് ആശ്വാസമാകുന്ന സപ്ലൈകോ വിൽപ്പനശാലകളിൽ അവശ്യസാധനങ്ങളില്ലാത്ത അവസ്ഥ. സബ്സിഡി ഇനങ്ങളായ മുളക്, വെളിച്ചെണ്ണ, കടല, വൻപയറ് എന്നിവയൊന്നും സപ്ലൈകോ വിൽപ്പനശാലകളിൽ ലഭ്യമാകാത്ത സ്ഥിതിയാണുള്ളത്. അതുകൊണ്ട് തന്നെ ഈ ഉത്പന്നങ്ങളുടെ വില പൊതുമാർക്കറ്റിൽ കുതിച്ചുയരുകയാണ്. നോൺ മാവേലി സാധനങ്ങളായ മൈദ, സൂചി, നിലക്കടല, കഞ്ഞി അരി, വെളുത്തുള്ളി എന്നിവയും സപ്ലൈകോയിൽ ലഭ്യമല്ലാതായിട്ട് മാസങ്ങളായി. സാധനങ്ങൾ വാങ്ങാൻ സപ്ലൈകോ വിൽപ്പനശാലകളിൽ എത്തുമ്പോൾ സ്റ്റോക്കില്ലെന്ന മറുപടി കേട്ട് മടങ്ങിപ്പോകേണ്ടുന്ന അവസ്ഥയിലാണ് ഉപഭോക്താക്കൾ.

നോൺമാവേലി ഇനങ്ങളായ മൈദ, സൂചി, വെളുത്തുള്ളി, ശർക്കര, കഞ്ഞി അരി എന്നിവയെല്ലാം വിറ്റാൽ മാത്രമെ സപ്ലൈകോയ്ക്ക് പിടിച്ചു നിൽക്കാൻ പറ്റുകയുള്ളു. ഇതിൽ കഞ്ഞിഅരിക്കാണ് വലിയ ഡിമാന്റുള്ളതെന്ന് ജീവനക്കാർ തന്നെ പറയുന്നു. ഇത് ലഭ്യമാകാതെ വന്നതോടെ കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ വില കൂടി. സപ്ലൈകോയിൽ കിലോയ്ക്ക് 43 രൂപ വിലയുണ്ടായിരുന്ന കഞ്ഞി അരിക്ക് പൊതുമാർക്കറ്റിൽ ഇപ്പോൾ അമ്പത്തഞ്ച് രൂപ വിലയായിട്ടുണ്ട്. വെളുത്തുള്ളിക്ക് പുറത്ത് 300 രൂപയോളം വിലയുണ്ട്. മാസം നാലു ചാക്കോളം മുളക് മാത്രമാണ് ഇപ്പോൾ വിൽപ്പനശാലകളിൽ എത്തുന്നത്. നേരത്തെ ഇരുപത് ചാക്കോളം എത്താറുണ്ടായിരുന്നു. 260 രൂപയാണ് പൊതുമാർക്കറ്റിൽ മുളകിന്റെ വില. സപ്ലൈകോയിൽ സബ്സിഡിയോടുകൂടി എൺപത്തൊന്ന് രൂപയാണ് വില. അഞ്ഞൂറ് മി. ലിറ്റർ വെളിച്ചെണ്ണയ്ക്ക് സപ്ലൈകോയിൽ 46 രൂപയാണ് വില. പുറത്ത് ഇപ്പോൾ നൂറു രൂപയാണ് വില. സപ്ലൈകോയിൽ 46 രൂപയുള്ള കടലയ്ക്ക് പൊതുവിപണിയിൽ 80 രൂപ നൽകണം. ഉഴുന്നിന് സപ്ലൈകോയിൽ എഴുപത് രൂപയാണെങ്കിൽ പുറത്ത് 150 രൂപയാണ് വില. സപ്ലൈകോ വിൽപ്പനശാലകളിൽ സാധനങ്ങളുടെ ദൗർലഭ്യം കാരണം മറ്റ് കടകളെ ആശ്രയിക്കേണ്ടി വരുന്ന സാധാരണക്കാരന് വലിയ പ്രയാസമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

പന്ത്രണ്ടോളം സാധനങ്ങളാണ് സബ്സിഡി വിലയ്ക്ക് നൽകുന്നത്. ഇതിനൊപ്പം നോൺ മാവേലി ഇനങ്ങൾ കൂടുതലായി വിറ്റാൽ മാത്രമെ സപ്ലൈകോയെ ലാഭത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ സാധനങ്ങൾ നേരിട്ടു വാങ്ങുന്നത് നിർത്തിയതാണ് സപ്ലൈകോയ്ക്ക് തിരിച്ചടിയാവുന്നത്. ഇതുകൊണ്ട് തന്നെ സാധനങ്ങൾ യഥാസമയത്ത് ലഭിക്കുന്നില്ല. വില വർദ്ധിച്ചതും സപ്ലൈകോയുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയാണ്. വിപണനകേന്ദ്രങ്ങളിൽ സാധനങ്ങൾ തീരുമ്പോൾ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ വഴി ഇന്റന്റ് നൽകി സാധനങ്ങൾ വാങ്ങുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഇതിൽ മാവേലി ഇനങ്ങൾ ഹെഡ് ഓഫീസിൽ നിന്ന് ഡിപ്പോ വഴി അയക്കും. നോൺ മാവേലി ഇനങ്ങൾ ഡിപ്പോ മാനേജ്മെന്റ് കമ്മിറ്റികൾ നേരിട്ട് വാങ്ങുകയാണ് ചെയ്തിരുന്നത്.

ഒന്നര മാസത്തോളമായി സാധനങ്ങളുടെ ലഭ്യത കുറയാൻ തുടങ്ങിയിട്ടെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോകൾക്ക് പ്രാദേശികമായി സാധനങ്ങൾ വാങ്ങാനുള്ള അധികാരം നേരത്തെ എടുത്തു കളഞ്ഞിരുന്നു. അഴിമതി സാധ്യക കുറയ്ക്കാനാണ് ഇങ്ങനെ ചെയ്തതെങ്കിലും കേന്ദ്രീകൃത പർച്ചേസിലേക്ക് മാറിയതോടെ ചില പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ കൊച്ചി ഹെഡ് ഓഫീസിൽ നിന്നാണ് നേരിട്ട് സാധനങ്ങൾ എത്തുന്നത്. ജീവനക്കാർ അഴിമതി നടത്തുന്നത് കണ്ടെത്തിയതിനെത്തുടർന്നാണ് ഡിപ്പോ വഴി നേരിട്ട് സാധനങ്ങൾ വാങ്ങുന്നത് സപ്ലൈകോ തടഞ്ഞത്. എന്നാൽ ഇതിപ്പോൾ വലിയ തിരിച്ചടിയായിട്ടുണ്ട്. ഹെഡ് ഓഫീസിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന സ്ഥിതി വന്നതോടെ സബ്സിഡി ഇല്ലാത്ത നോൺ മാവേലി ഇനങ്ങൾക്ക് പൊതുവിപണിയേക്കാൾ വിലയേറിയ സാഹചര്യവുണ്ട്.

അരിയുടെ കാര്യത്തിൽ മട്ട അരി ലഭ്യമാകുന്നുണ്ടെങ്കിലും കുറുവ അരി ലഭിക്കുന്നില്ലെന്ന് ജീവനക്കാർ വ്യക്തമാക്കുന്നു. പൊന്നി അരി ഡിപ്പോ പർച്ചേസ് ആയിരുന്നപ്പോൾ 32 രൂപയായിരുന്നു വില. ഹെഡ് ഓഫീസ് പർച്ചേസ് ആയപ്പോൾ 38 രൂപയാണ് വില. സപ്ലൈകോയ്ക്ക് സാധനങ്ങൾ വിതരണം ചെയ്ത കമ്പനികൾക്ക് പണം കൊടുക്കാനുണ്ട്. അതുകൊണ്ട് തന്നെ കമ്പനികൾ സാധനം നൽകുന്നത് കുറച്ചിരിക്കുകയാണ്. ലഭ്യമാകുന്ന സബ്സിഡി ഇനങ്ങൾ മാത്രം വാങ്ങിപ്പോവുകയാണ് ഉപഭോക്താക്കൾ. ഇത് കാരണം വലിയ നഷ്ടമാണ് സപ്ലൈകോ വിപണന കേന്ദ്രങ്ങൾക്ക് ഉണ്ടായിരിക്കൊണ്ടിരിക്കുന്നത്.

ഉത്പന്നങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതിനാൽ സപ്ലൈകോയിൽ ദിവസ വേതന, പായ്ക്കിങ് തൊഴിലാളികളുടെ ജീവിതവും ദുരിതത്തിലാണ്. കച്ചവടം കുറവായതിനാൽ മാസത്തെ കളക്ഷൻ കുറവു വരുന്നതിനാൽ പല തൊഴിലാളികൾക്കും ജോലി ഇല്ലാത്ത അവസ്ഥയാണ്. പാക്കിങ് തൊഴിലാളികൾക്ക് സാധനം ചെലവാകുന്നതിനസിരിച്ചാണ് കൂലി. ഒരു പാക്കിന് 1 രൂപ 40 പൈസയാണ് കൂലിയായി ലഭിക്കുക. ഇപ്പോൾ സാധനങ്ങൾ കുറവായതുകൊണ്ട് ഇവർക്ക് പാക്കിങ് ജോലി കുറവാണ്. ദിവസ വേതനക്കാരന് അഞ്ഞൂറ് രൂപയാണ് ഒരു ദിവസം കൂലിയായി ലഭിക്കുക. പക്ഷെ മാസം പത്ത് ലക്ഷം വിൽപ്പനയായാൽ മാത്രമെ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരന് ശമ്പളം ലഭിക്കുകയുള്ളു. അല്ലെങ്കിൽ ശമ്പളം വീതം വെയ്കേണ്ട അവസ്ഥയാണ് ഉണ്ടാവുക. അതുകൊണ്ട് തന്നെ പലപ്പോഴും പലപ്പോഴും പകുതി ശമ്പളം മാത്രമാണ് ലഭിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP