Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപം കൊള്ളുന്നത് 21 വർഷത്തിന് ശേഷം; ഇതിന് മുമ്പ് 1999ൽ ഒഡീഷ തീരത്ത് സൂപ്പർ സൈക്ലോൺ ഉണ്ടായപ്പോൾ മാറ്റിപ്പാർപ്പിച്ചത് 11 ലക്ഷത്തോളം പേരെ; അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപം കൊണ്ടത് ക്യാർ സൂപ്പർ സൈക്ലോൺ; ഉംപുൻ സൂപ്പർ സൈക്ലോണിന്റെ ശക്തി കുറയുന്നത് ബംഗാൾ ഒഡീഷ സർക്കാറുകൾക്ക് ആശ്വാസം പകരുന്നു; ഇന്ത്യൻ തീരങ്ങളെ വിറപ്പിച്ച സൈക്ലോളുണകളെ കുറിച്ച് അറിയാം

ബംഗാൾ ഉൾക്കടലിൽ സൂപ്പർ സൈക്ലോൺ രൂപം കൊള്ളുന്നത് 21 വർഷത്തിന് ശേഷം; ഇതിന് മുമ്പ് 1999ൽ ഒഡീഷ തീരത്ത് സൂപ്പർ സൈക്ലോൺ ഉണ്ടായപ്പോൾ മാറ്റിപ്പാർപ്പിച്ചത് 11 ലക്ഷത്തോളം പേരെ; അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപം കൊണ്ടത് ക്യാർ സൂപ്പർ സൈക്ലോൺ; ഉംപുൻ സൂപ്പർ സൈക്ലോണിന്റെ ശക്തി കുറയുന്നത് ബംഗാൾ ഒഡീഷ സർക്കാറുകൾക്ക് ആശ്വാസം പകരുന്നു; ഇന്ത്യൻ തീരങ്ങളെ വിറപ്പിച്ച സൈക്ലോളുണകളെ കുറിച്ച് അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് ഉംപുൻ സൂപ്പർ സൈക്ലോൺ ഗണത്തിലേക്ക് മാറിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പു. ഇത്തരമൊരു സൂപ്പർ സൈക്രോൺ ബംഗാൾ ഉൾക്കടലിൽ രം കൊണ്ടത് 21 വർഷങ്ങൾക്ക് ശേഷമാണ്. മണിക്കൂറിൽ 221 കിലോമീറ്റർ വേഗം കൈവരിക്കുന്നവയാണു 'സൂപ്പർ സൈക്ലോൺ' വിഭാഗത്തിൽ ഉൾപ്പെടുത്തുക. ഉംപുൻ നാളെയോടെ മണിക്കൂറിൽ 185 കിലോമീറ്റർ വരെ വേഗം കൈവരിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ്.

1999ലാണ് ഇതിനു മുൻപ് ഒഡീഷതീരത്തു സൂപ്പർ സൈക്ലോൺ ഉണ്ടായത്. ഒഡീഷ ഇതുവരെ 11 ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ബംഗാൾ സർക്കാരും തീര ജില്ലകളിൽ ഒഴിഞ്ഞുപോകാൻ മുന്നറിയിപ്പു നൽകി. ഒഡീഷയിലെ 809 ചുഴലിക്കാറ്റ് രക്ഷാ കേന്ദ്രങ്ങളിൽ 242 എണ്ണം കോവിഡ് ക്വാറന്റീൻ കേന്ദ്രങ്ങളാക്കി മാറ്റിയതിനിടെയാണിത്. പുതുതായി ഏഴായിരത്തിലേറെ രക്ഷാകേന്ദ്രങ്ങൾ കൂടി സർക്കാർ ഒരുക്കിയിട്ടുണ്ട്.

ബംഗാൾബംഗ്ലാദേശ് തീരത്ത് ഡിഗ ഹാതിയ ദ്വീപുകൾക്കിടയിലൂടെ നാളെ വൈകിട്ടോടെ ചുഴലിക്കാറ്റ് കടന്നുപോകും. ഒഡീഷയുടെ വടക്കൻ മേഖലയിലായിരിക്കും കൂടുതൽ ആഘാതമുണ്ടാകുക. ഭഗത്‌സിങ് പുർ, കേന്ദ്രപറ, ഭദ്രക്, ബാലസോർ എന്നിവിടങ്ങളിൽ ഇന്നും നാളെയും ശക്തമായ മഴയും കാറ്റുമുണ്ടാകും. ബംഗാളിൽ സൗത്ത് 24 പർഗാനാസ്, കൊൽക്കത്ത, കിഴക്കൻ, പടിഞ്ഞാറൻ മിഡ്‌നപുർ, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ ശക്തമായ മഴയും കാറ്റുമുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. കഴിഞ്ഞ വർഷം ഒഡീഷയിൽ ഫാനി ചുഴലിക്കാറ്റിൽ 64 പേർ മരിച്ചിരുന്നു.

അറബിക്കടലിൽ കഴിഞ്ഞ വർഷം സൂപ്പർ സൈക്ലോൺ രൂപപ്പെട്ടിരുന്നു. 2019 ലെ ക്യാർ സൂപ്പർ സൈക്ലോണാണ് അറബിക്കടലിൽ കഴിഞ്ഞ വർഷം രൂപപ്പെട്ടത്. അതിന് മുൻപ് 2007 ൽ ഗോനു സൂപ്പർ സൈക്ലോൺ അറബിക്കടലിൽ രൂപ്പെട്ടിരുന്നു. അതേസമയം ഉംപുൻ' സൂപ്പർ സൈക്ലോൺ അടുത്ത മണിക്കൂറിൽ ശക്തി കുറഞ്ഞു അതി ശക്തമായ ചുഴലിക്കാറ്റായി മാറും. മെയ് 20 ന് വൈകുന്നേരം ബംഗാൾ തീരം തൊടുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗതയിൽ വീണ്ടും ശക്തി കുറഞ്ഞു അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യത. 

ഉംപുൻ സൂപ്പർ സൈക്ലോൺ വിഭാഗത്തിലേക്ക് രൂപം മാറിയത് ശക്തിപ്പെട്ടത് കേവലം 12 മണിക്കൂറിൽ. ഒന്നാംവിഭാഗത്തിൽപ്പെട്ട, താരതമ്യേന ശക്തികുറഞ്ഞ 'സാധാരണ ചുഴലിക്കാറ്റിന്റെ' ഗണത്തിലായിരുന്നു ഉംപുൻ ഇതുവരെ. അതിൽനിന്ന് അതിതീവ്ര ചുഴലിക്കാറ്റ് എന്ന നാലാം വിഭാഗത്തിലേക്കാണ് ഇത്രകുറഞ്ഞ സമയത്തിൽ ഉംപുൻ എത്തിയത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗമാണ് കൂടിയത്. അടുത്ത പത്തു മണിക്കൂറിനുള്ളിൽ സൂപ്പർ ചുഴലിക്കാറ്റ് എന്ന അഞ്ചാംകാറ്റഗറിയിലേക്ക് കയറി. ചുഴലിക്കാറ്റ്, അതിശക്തമായ ചുഴലിക്കാറ്റ്, തീവ്ര ചുഴലിക്കാറ്റ്, അതിതീവ്ര ചുഴലിക്കാറ്റ്, സൂപ്പർ ചുഴലിക്കാറ്റ് എന്നിവയാണ് അഞ്ചുഘട്ടങ്ങൾ. സാധാരണ അടുത്തഘട്ടത്തിലേക്ക് കടക്കുന്നത് 2-3 ദിവസങ്ങൾ കൊണ്ടാണ്. ഇതാദ്യമായാണ് സാധാരണ ചുഴലിക്കാറ്റിൽനിന്ന് 24 മണിക്കൂറിനുള്ളിൽ സൂപ്പർ സൈക്ലോൺ ആയി മാറുന്നതെന്നതെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നു.

മണിക്കൂറിൽ 220 കിലോമീറ്ററിൽ കൂടുതൽ വേഗംവരുന്ന ചുഴലിക്കാറ്റുകളെയാണ് സൂപ്പർ സൈക്ലോണെന്ന് വിളിക്കുന്നത്. കരയിൽ എത്തുമ്പോഴും ഇതേവേഗം തുടർന്നാലാണ് നാശനഷ്ടങ്ങൾ കൂടുക. കടലിൽ ചൂടുകൂടുന്നതാണ് ചുഴലിക്കാറ്റിന്റെ വേഗം നിർണയിക്കുന്നത്. കരയിലെത്തുമ്പോൾ കെട്ടിടങ്ങൾ, മലകൾ, പർവതങ്ങൾ എന്നിവയിൽ തട്ടുന്നതുമൂലം വേഗംകുറയും. എന്നാൽ, 1999-ലെ ഒഡിഷ സൂപ്പർ സൈക്ലോൺ കരയിലെത്തിയതിനുശേഷവും 24 മണിക്കൂറോളം ശക്തി കുറഞ്ഞിരുന്നില്ല. അതാണ് വലിയ നാശനഷ്ടങ്ങൾക്കിടയാക്കിയത്.

ഇന്ത്യയെ ബാധിച്ച സൂപ്പർ സൈക്ലോണുകളുടെ ലിസ്റ്റ് ചുവടേ:

1. ക്യാർ (255 കി.മീ./മണിക്കൂർ)-2019

2. ഗോനു (235 കി.മീ.)2007

3. ഒഡിഷ (260 കി.മീ.)1999

4. ബംഗ്ലാദേശ് (235 കി.മീ.)1991

5. ആന്ധ്രപ്രദേശ് (235 കി.മീ.)1990

6. ഗേ (230 കി.മീ.)1987

7. ആന്ധ്രാപ്രദേശ് (250 കി.മീ.)1977

8. രാമേശ്വരം (240 കി.മീ.)1964

9. ബംഗ്ലാദേശ് (240 കി.മീ.)1963

10. ഉംപുൻ (പ്രവചനം 265 കി.മീ.വരെ)-2020


എങ്ങനെയാണ് ചുഴലിക്കാറ്റുകൾ രൂപമെടുക്കുന്നത്?

സമുദ്ര ജലത്തിലെ താപവ്യതിയാനത്തിൽ നിന്നാണ് ന്യൂനമർദ്ദങ്ങൾ രൂപമെടുക്കുന്നത്. ഇത് വലിയൊരു സിസ്റ്റമായി മാറാൻ വേറെ ചില ഘടകങ്ങൾ കൂടി വേണം. താപനില ഉയർന്ന് നിൽക്കുന്ന കടൽ ജലത്തിൽ നിന്ന് ഊർജം വലിച്ചെടുത്ത് ഇതിന് വേഗത്തിൽ വലുതാകാൻ കഴിയും. ഒരു എഞ്ചിൻ പോലെയാണ് പിന്നീട് ഇവ പ്രവർത്തിക്കുക. മർദ്ദ-താപവ്യതിയാനം കൂടുതൽ ശക്തമാകുന്നതോടെ രൂപവും ഭാവവുമൊക്കെ മാറുന്നവയാണ് ഈ ന്യൂനമർദ്ദങ്ങൾ. ഭൂമിയുടെ സ്വയംകറങ്ങൽ കാരണമുണ്ടാകുന്ന കോറിയോലിസ് പ്രഭാവമാണ് ന്യൂനമർദങ്ങൾക്കും കറക്കം നൽകുന്നത്. ഈ ന്യൂനമർദ്ദങ്ങൾ കൂടുതൽ വേഗതയും വ്യാപ്തിയും ആർജ്ജിക്കുന്നതോടെയാണ് ഡീപ് ഡിപ്രഷൻ, സൈക്ലോൺ, സിവിയർ സൈക്ലോൺ, സൂപ്പർ സൈക്ലോൺ എന്നിങ്ങനെ പരിവർത്തനപ്പെടുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ സൈക്ലോൺ എന്നും അറ്റ്‌ലാന്റിക്കിൽ ഹറികെയ്ൻസ് എന്നും പസഫിക്കിൽ ടൈഫൂൺസ് എന്നും വ്യത്യസ്ത പേരുകളുണ്ടെങ്കിലും പ്രതിഭാസം ഒന്നുതന്നെയാണ്.

ഇത്തരം സിസ്റ്റങ്ങളുടെ അതീവ ശാന്തമായ കേന്ദ്രഭാഗം ഐ എന്ന് അറിയപ്പെടുന്നു. ഐ ക്ക് ചുറ്റുമുള്ള ഐവാളാണ് ഏറ്റവും അപകടകാരിയായ മേഖല. ഈ മേഖലയിൽ അതിശക്തമായ മഴ, കാറ്റ്, ഇടിവെട്ട് മിന്നൽ ഒക്കെ ഉണ്ടാകും. ഇതിന് വെളിയിലുള്ള മേഖലയിലും കാറ്റും മഴയും അനുഭവപ്പെടും. ശക്തി അനുസരിച്ച് 150 മുതൽ 1000 കിലോ മീറ്റർ വരെ വ്യാപ്തി ഈ സിസ്റ്റങ്ങൾ ആർജിക്കാറുണ്ട്. കടലിൽ നിൽക്കുന്നിടത്തോളം ശക്തി കൂടാനാണ് സാധ്യത കൂടുതൽ. കരയിൽ കയറുന്നതോടെ സമുദ്രജലത്തിൽ നിന്ന് കൂടുതൽ ഊർജം വലിച്ചെടുക്കാനുള്ള അവസരം നഷ്ടപ്പെടുന്നതിനാൽ ശക്തി കുറയും . എന്നാൽ അത്രയും സമയം കൊണ്ട് കാറ്റ് ഉണ്ടാക്കുന്ന നാശനഷ്ടം വളരെ വലുതായിരിക്കും.

ചുഴലിക്കാറ്റുകളുടെ പ്രവചനം എങ്ങനെ?

ചുഴലിക്കാറ്റുകളുടെ പ്രവചനം ഇന്ന് മുൻകാലങ്ങളെ അപേക്ഷിച്ച് ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉപഗ്രഹങ്ങൾ, ഡോപ്ലർ റഡാറുകൾ, കപ്പലുകൾ , വിമാനങ്ങൾ, കടലിൽ സ്ഥിരമായി നിക്ഷേപിച്ചിട്ടുള്ള ഉപകരണങ്ങൾ എന്നിവയിൽ നിന്നുള്ള വിവരങ്ങളെ ആശ്രയിച്ചാണ് ഈ പ്രവചനങ്ങൾ നടത്തുന്നത്. ഈ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾക്ക് പുറമെ വിവിരവിശകലനത്തിനുള്ള സൂപ്പർ കംപ്യൂട്ടറുകളും കൃത്യമായ വിവരങ്ങൾ ഉപയോഗിക്കുന്നതിന് സാങ്കേതിക പരിജ്ഞാനവും മുന്നറിവുമുള്ള ആളുകളും വേണം. ലോകത്ത് ആകമാനമുള്ള ചുഴലിക്കാറ്റുകളെ നിരീക്ഷിക്കാൻ ലോക കാലാവസ്ഥ ഏജൻസിക്ക് പ്രത്യേക സംവിധാനമുണ്ട്. വിവിധ മേഖലകളിൽ പല രാജ്യങ്ങളുടെ സഹകരണത്തോടെയാണ് ലോക കാലാവസ്ഥ ഏജൻസി പ്രവർത്തിക്കുന്നത്. മേഖലകളിൽ പ്രവർത്തിക്കുന്ന ഇത്തരം സെന്ററുകൾ RSMC (Regional Specialized Meteorological Centres) കൾ എന്നാണ് അറിയപ്പെടുന്നത്. ഡൽഹി അടക്കം ആറ് RSMC കളാണ് ഉള്ളത്. ഇതിന് പുറമെ ആറ് Tropical Cyclone Warning Centres ഉം ഉണ്ട്.

ന്യൂനമർദ്ദങ്ങൾ ചുഴലിക്കാറ്റുകൾ ആകുന്നതിന് ദിവസങ്ങൾക്ക് മുൻപേ കണ്ടെത്താനും പ്രവചിക്കാനുമുള്ള സംവിധാനങ്ങൾ ഇന്നുണ്ട്. ഇത്തരത്തിൽ രൂപപ്പെടുന്ന ന്യൂനമർദ്ദങ്ങളുടെ പാത , അത് എങ്ങനെ പുരോഗമിക്കും എന്നിവയും പ്രവചിക്കാറുണ്ട്. വിവിധ കാലാവസ്ഥ പ്രവചന ഏജൻസികളുടെ വെബ്‌സൈറ്റ് സന്ദർശിച്ചാൽ ഇത്തരം മുന്നറിയിപ്പുകൾ കാണാനും കഴിയും. കടലിലൂടെയുള്ള ചരക്ക് നീക്കം, വിമാനങ്ങളുടെ പോക്ക്, സൈനിക നീക്കങ്ങൾ എന്നിവയെ ഒക്കെ ചുഴലിക്കാറ്റുകൾ സ്വാധീനിക്കുമെന്നതിനാൽ പ്രവചനങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ലോകരാജ്യങ്ങൾക്കാകില്ല.

പക്ഷെ ഇത്തരം കാറ്റുകൾ കരയിലേക്ക് കയറുന്നതിനെയാണ് ലോകം എന്നും ഭീതിയോടെ നോക്കുന്നത്. അത്തരം സന്ദർഭങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട് . അതുകൊണ്ട് തന്നെ കരയിലേക്ക് കയറാനുള്ള സാധ്യതാപ്രവചനം ഏറ്റവും നിർണായകവുമാണ്. വലിയ മഴമേഘങ്ങളുമായി കിലോമീറ്റർ വ്യാസത്തിൽ വികസിക്കുന്ന ഇത്തരം സിസ്റ്റങ്ങളുടെ നീക്കവും മാറ്റങ്ങളും ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ വിലയിരുത്താനാകും. സമുദ്രജലത്തിന്റെ താപനില അളക്കാനുള്ള പ്രത്യേക ഉപകരണങ്ങളും ഇപ്പോൾ ഉപഗ്രഹങ്ങളിലുണ്ട്. കാറ്റിന്റെ കേന്ദ്രഭാഗത്തെ താപനില, അതിന് പുറത്തുള്ള താപനില അതിനും പുറത്തുള്ള മേഖലകളിലെ താപനില. ഈ വ്യത്യാസങ്ങൾ കണക്കിലെടുത്ത് കാറ്റിന്റെ പാത കണക്ക് കൂട്ടിയെടുക്കാൻ കഴിയാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP