Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

140 കിലോമീറ്ററിൽ കൂടിയ എല്ലാ റൂട്ടുകളും കെ എസ് ആർ ടി സിക്ക് കുത്തകയെന്ന് വിധിച്ച് സുപ്രീംകോടതി; നിയമം ലംഘിച്ച് സംസ്ഥാനത്ത് എമ്പാടും സർവ്വീസ് നടത്തുന്നത് 300ൽ അധികം സ്വകാര്യ ബസുകൾ; പാലയിൽ നിന്നും വെള്ളരിക്കുണ്ടിനുള്ള 396 കിലോമീറ്റർ നീണ്ട റൂട്ട് വരെ സ്വകാര്യന്മാരുടെ സ്വന്തം; മിക്ക ബസുകളും അനധികൃതമായി ഓടുന്നത് ഉന്നതരുടെ പിൻബലത്തിൽ; കെ എസ് ആർ ടി സിയെ എങ്ങനേയും രക്ഷിക്കാനുള്ള ശ്രമം ആത്മാർത്ഥമെങ്കിൽ തച്ചങ്കരി സൂപ്പർ ക്ലാസ് റൂട്ടുകൾ തിരിച്ചു പിടിക്കാൻ ചങ്കൂറ്റം കാട്ടുമോ?

140 കിലോമീറ്ററിൽ കൂടിയ എല്ലാ റൂട്ടുകളും കെ എസ് ആർ ടി സിക്ക് കുത്തകയെന്ന് വിധിച്ച് സുപ്രീംകോടതി; നിയമം ലംഘിച്ച് സംസ്ഥാനത്ത് എമ്പാടും സർവ്വീസ് നടത്തുന്നത് 300ൽ അധികം സ്വകാര്യ ബസുകൾ; പാലയിൽ നിന്നും വെള്ളരിക്കുണ്ടിനുള്ള 396 കിലോമീറ്റർ നീണ്ട റൂട്ട് വരെ സ്വകാര്യന്മാരുടെ സ്വന്തം; മിക്ക ബസുകളും അനധികൃതമായി ഓടുന്നത് ഉന്നതരുടെ പിൻബലത്തിൽ; കെ എസ് ആർ ടി സിയെ എങ്ങനേയും രക്ഷിക്കാനുള്ള ശ്രമം ആത്മാർത്ഥമെങ്കിൽ തച്ചങ്കരി സൂപ്പർ ക്ലാസ് റൂട്ടുകൾ തിരിച്ചു പിടിക്കാൻ ചങ്കൂറ്റം കാട്ടുമോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെഎസ് ആർടിസിയെ രക്ഷിക്കാൻ ഇതാ ഒരു ഒറ്റമൂലി. 2012ൽ ഗതാഗതമന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദ് ഇടപെട്ടാണ് സ്വകാര്യ സൂപ്പർ ക്ലാസുകളെ നിയന്ത്രിക്കുന്ന വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇത് നടപ്പാക്കിയാൽ മാത്രം ദിവസം 60 ലക്ഷം അധിക വരുമാനം കെ എസ് ആർ ടി സിക്ക് ഉറപ്പ്.

സൂപ്പർ ക്ലാസ് പെർമിറ്റുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയതോടെ സ്വകാര്യ ബസ് ഉടമകൾ കോടതിയെ സമീപിച്ചെങ്കിലും 2015ൽ വിജ്ഞാപനം സുപ്രീംകോടതി ശരിവയ്ക്കുകയും പെർമിറ്റ് തീരുന്ന മുറയ്ക്ക് റൂട്ട് കെ.എസ്.ആർ.ടി.സി ഏറ്റെടുക്കാൻ ഉത്തരവിടുകയുമായിരുന്നു. എന്നാൽ ഇത് ഇതുവരേയും കെ എസ് ആർ ടി സി ചെയ്തില്ല. ഇതിലൂടെ തന്നെ അറുപത് ലക്ഷത്തോളം രൂപ അധികമായി കെ എസ് ആർ ടി സി്ക്ക് കിട്ടും. സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിൽ കെ.എസ്.ആർ.ടി.സിയും മടികാട്ടി. സ്വകാര്യബസുകളെ കടത്തിവെട്ടാൻ ആവശ്യത്തിന് ബസ് കെ.എസ്.ആർ.ടി.സിക്കില്ല. 5,000ത്തിനു താഴെ ബസുകളാണ് നിരത്തിലുള്ളത് 1000 എണ്ണം ഓടുന്നുമില്ല.

കാൽ നൂറ്റാണ്ടിനിടെ ആദ്യമായി കെ.എസ്.ആർ.ടി.സിക്ക് അത്യപൂർവനേട്ടം കൈവരിക്കുകയാണ്. ജീവനക്കാരുടെ ജനുവരി മാസത്തെ ശമ്പളം സ്വന്തം വരുമാനത്തിൽനിന്ന് നൽകും. കാൽ നൂറ്റാണ്ടിനിടെ ആദ്യമായാണ് ഇത്തരത്തിൽ സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകുന്നത്. 90 കോടിരൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ഒരുമാസം ശമ്പളം നൽകാൻ വേണ്ടത്. കെ എസ് ആർ ടി സിക്ക വേണ്ടി സർക്കാരും എംഡി ടോമിൻ തച്ചങ്കരിയും ചേർന്ന് നടത്തിയ നീക്കങ്ങളാണ് ഇതിന് കാരണം. ശബരിമല സർവീസാണ് കെ.എസ്.ആർ.ടി.സി കൈവരിച്ച നേട്ടത്തിന് പിന്നിൽ. 45.2 കോടിയാണ് ശബരിമല സർവീസുകളിൽനിന്ന് ഇത്തവണ ലഭിച്ചത്. മുൻ വർഷത്തെക്കാൾ 30 കോടിരൂപ അധിക വരുമാനം ലഭിച്ചു. ഈ സാഹചര്യത്തിലാണ് സ്വന്തം വരുമാനത്തിൽനിന്ന് ശമ്പളം നൽകാൻ കഴിയുന്ന നിലയിലേക്ക് കോർപ്പറേഷൻ എത്തിയത്.

ഡബിൾ ഡ്യൂട്ടി നിർത്തലാക്കിയതും കെ.എസ്.ആർ.ടി.സിക്ക് വരുമാന നേട്ടമുണ്ടാക്കി. 30 കോടിരൂപയുടെ നേട്ടം ഒരുവർഷം ഈയിനത്തിലുണ്ടാകും. 8.2 ലക്ഷം രൂപയുടെ ദിവസച്ചിലവും ഇതിലൂടെ കുറയ്ക്കാൻ കഴിയുന്നുണ്ട്. മറ്റു ഡ്യൂട്ടിലിയുണ്ടായിരുന്ന 613 കണ്ടക്ടർമാരെ സർവീസ് ഓപ്പറേഷൻസ് ഡ്യൂട്ടിക്ക് നിയോഗിച്ചതും അധിക വരുമാനമുണ്ടാക്കി. ഇവയ്‌ക്കെല്ലാം പുറമെ പരസ്യ വരുമാനവും സ്വന്തം കെട്ടിടങ്ങളിൽ മൊബൈൽ ടവറുകൾ സ്ഥാപിക്കാൻ അനുമതി നൽകിയതും കെ.എസ്.ആർ.ടി.സിക്ക് നേട്ടമായി. ഇതെല്ലാം തച്ചങ്കരിയുടെ ക്രിയാത്മക ഇടപെടലിന്റെ ഫലമായിരുന്നു. ഒരു ദിവസം ഒരു കോടിയുടെ കളക്ഷൻ വർദ്ധനവാണ് തച്ചങ്കരി ലക്ഷ്യമിടുന്നത്. 5000 ബസുകൾ ഓടുന്നു. ഇതിൽ 1000 എണ്ണം കട്ടപ്പുറത്തും. ഇത് കൂടി ഓടിച്ച് ദിവസം ഒരു കോടി അധികമുണ്ടാക്കാനാണ് തച്ചങ്കരിയുടെ നീക്കം. ഇതിനിടെയാണ് കെ എസ് ആർ ടി സിക്ക് അർഹതപ്പെട്ട 60 ലക്ഷം സ്വകാര്യ മുതലാളിമാർ കൊണ്ടു പോകുന്നത് ചർച്ചയാകുന്നത്. ഇത് തടയാനുള്ള ആത്മാർത്ഥ ശ്രമം നടന്നാൽ കെ എസ് ആർ ടി സിക്ക് അതു വലിയ അനുഗ്രഹമാകും.

കെ എസ് ആർ ടി സിക്ക് പ്രതിദിന നഷ്ടം 60 ലക്ഷം

കെ.എസ്.ആർ.ടി.സിക്ക് ദിവസവരുമാനത്തിൽ 60ലക്ഷം രൂപ നഷ്ടപ്പെടുത്തി സൂപ്പർ ക്ലാസ് റൂട്ടുകളിൽ സ്വകാര്യ ബസുകൾ പായുന്നു. സൂപ്പർക്ലാസ് റൂട്ടുകളുടെ അവകാശം കെ.എസ്.ആർ.ടി.സിക്ക് മാത്രമാക്കിയ സുപ്രീംകോടതി വിധി ലംഘിച്ച് മുന്നൂറിലേറെ സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്. പാലായിൽ നിന്ന് കാസർകോട് വെള്ളരിക്കുണ്ടിലേക്കുള്ള 396 കി.മീ സർവീസാണ് ഇതിൽ ഏറ്റവും ദൈർഘ്യമേറിയത്. ഈ റൂട്ടുകളിൽ ആധിപത്യം കെ എസ് ആർ ടി സി നേടിയാൽ അത് ആനവണ്ടിക്ക് പുതിയ കരുത്താകും. കൂടുതൽ ബസുകൾ ഈ റൂട്ടിലേക്ക് ഇറക്കി വലിയ നേട്ടം കെ എസ് ആർ ടി സിക്ക് കൊയ്യാനുമായും. ഇതിനുള്ള കരുത്ത് തച്ചങ്കരിക്കുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. മോട്ടോർ വാഹന വകുപ്പിലെ ഉന്നതരുടെ ഒത്താശയും സ്വകാര്യ ബസുകൾക്കുണ്ട്. രാഷ്ട്രീയക്കാരുടേയും. അതുകൊണ്ട് തന്നെ ആർ ടി ഒമാരും കരുതലോടെ മാത്രമേ ഇടപെടാറുള്ളൂ.

അധികൃതരുടെ മൗനാനുവാദത്തോടെയാണ് സ്വകാര്യബസുകളുടെ കടന്നുകയറ്റം. ഈ ബസുടമകളെല്ലാം ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്ക് വേണ്ടപ്പെട്ടവരാണ്. നിയമം ലംഘിച്ച് സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് ചില ആർ.ടി.ഒമാർ റദ്ദാക്കുമെങ്കിലും ബസുടമകൾ സ്വാധീനം ഉപയോഗിച്ച് അതെല്ലാം സംഘടിപ്പിക്കുകയാണ് പതിവ്. റെഡ്ബസ് റിസർവേഷൻ സംവിധാനം ഉപയോഗിച്ചു വരെ സ്വകാര്യബസുകൾ സർവീസ് നടത്തുന്നുണ്ട്. റെഡ് ബസിൽ എല്ലാ വിവരവും ലഭ്യവുമാണ്. ഈ ബസുകൾക്കെതിരെ നടപടി എടുക്കലും എളുപ്പമാണ്. എന്നാൽ ആരും ഒന്നും ചെയ്യുന്നില്ല. കൊള്ള ലാഭവുമായാണ് സ്വകാര്യ ബസുകൾ ഓടുന്നത്. 2015ലാണ് സൂപ്പർക്‌ളാസ് അവകാശം കെ.എസ്.ആർ.ടി.സിക്ക് നൽകി സുപ്രീംകോടതി ഉത്തരവിട്ടത്. അതിനു മുമ്പ് സർക്കാരിന്റെ ഉത്തരവുകളെല്ലാം ലംഘിക്കപ്പെട്ടപ്പോഴാണ് കോടതി രക്ഷയായത്.

സൂപ്പർക്ലാസ് സർവീസ് നഷ്ടപ്പെട്ടതോടെ 140 കിലോമീറ്ററിനപ്പുറത്തേക്കു പോകാൻ സ്വകാര്യ ബസിനു കഴിയില്ല. യു.ഡി.എഫ് സർക്കാർ ഫാസ്റ്റ് സർവീസ് നടത്താൻ കഴിയാതിരുന്ന സ്വകാര്യബസിന് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസിന് അനുവാദം നൽകി. ഈ സർക്കാർ കഴിഞ്ഞ വർഷം ജനുവരിയിൽ സ്വകാര്യ ബസുകളുടെ ഒരു കിലോമീറ്റർ റണ്ണിങ് ടൈം രണ്ടര മിനിട്ടിൽ നിന്ന് ഒന്നേമുക്കാലായി കുറച്ചു നൽകി. കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറിന് റണ്ണിങ് ടൈം രണ്ടു മിനിട്ടായിരിക്കുമ്പോഴാണ് ഈ ആനുകൂല്യം. ഇങ്ങനെ ഇടത് വലതു സർക്കാരുകളും സ്വകാര്യ ബസ് ഉടമകളെ സഹായിച്ചു.

പ്രതീക്ഷ തച്ചങ്കരിയിൽ

ശബരിമല സർവീസ് ,ഷെഡ്യൂൾ പുനഃക്രമീകരണം, എന്നിവയിലൂടെ ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആർ.ടി.സിക്ക് പിടിവള്ളിയായത്.മണ്ഡല-മകരവിളക്കു കാലത്ത് റെക്കാഡ് വരുമാനമായ 45.2 കോടി രൂപയാണ് പ്രത്യേക സർവീസിലൂടെ ലഭിച്ചത്. കഴിഞ്ഞ വർഷം ഈ സീസണിലെ വരുമാനം 15.2 കോടിയായിരുന്നു. ഡബിൾ ഡ്യൂട്ടി നിറുത്തിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാൻ കഴിഞ്ഞു. ഇതുവഴി വർഷം 58.94 കോടിയുടെ ലാഭമുണ്ടാകും. ദിവസ അലവൻസ് ഇനത്തിൽ 8.2 ലക്ഷം രൂപയുടെ ചെലവും കുറഞ്ഞു. അദർ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടർമാരെ ബസുകളിൽ നിയോഗിച്ചതും വരുമാനം ഉയർത്തി. .പമ്പ -നിലയ്ക്കൽ പാതയിലെ കണ്ടക്ടറില്ലാത്ത ബസുകളും ചെലവ് കുറച്ചു.ഡ്രൈവർ കം കണ്ടക്ടർ സംവിധാനത്തിലൂടെ അപകടം കുറയ്ക്കാനുമായി. ഇതെല്ലാം തച്ചങ്കരിയുടെ തന്ത്രങ്ങളുടെ വിജയമായിരുന്നു. സ്വകാര്യ ബസുകളെ പിടിച്ചു കെട്ടുന്നതിലും തച്ചങ്കരി ഉറച്ച നിലപാട് എടുക്കുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. എങ്കിൽ വലിയ നേട്ടം കെ എസ് ആർ ടി സിക്കുണ്ടാകും.

സർക്കാർ ധനസഹായത്താൽ പെൻഷൻ വിതരണം സഹകരണബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തിൽ നിന്ന് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശരാശരി 20 മുതൽ 30 കോടി രൂപവരെയാണ് എല്ലാമാസവും സർക്കാരിൽ നിന്ന് കോർപ്പറേഷൻ വാങ്ങിയിരുന്നത്. ഇതിന് പരിഹാരമുണ്ടാക്കാൻ വരുമാനം കൂട്ടണം. ദിവസം ഒരു കോടിയിൽ അധികം ഉണ്ടാക്കുകയാണ് ലക്ഷ്യം. സ്വകാര്യ മുതലാളിമാരെ പിടിച്ചു കെട്ടി ദീർഘ ദൂര റൂട്ടുകളിൽ കെ എസ് ആർ ടി സിക്ക് കുത്തക ഉറപ്പാക്കാനായാൽ വലിയ നേട്ടം അതിലൂടെ ലഭിക്കും. ഫാസ്റ്റ് പാസഞ്ചർ 140 കി.മീറ്ററിൽ കൂടുതൽ, സൂപ്പർഫാസ്റ്റ് 160 കി.മീറ്ററിൽ കൂടുതൽ, സൂപ്പർ എക്സ്‌പ്രസ് 180 കി.മീറ്ററിൽ കൂടുതൽ എന്നിങ്ങനെയാണ് വേർതിരിവ്. നിലവിലെ സാഹചര്യത്തിൽ നിയമ പ്രകാരം 140 കിലോ മീറ്ററിൽ അധികം ഓടിക്കാൻ കഴിയില്ല. ഇത് പൂർണ്ണമായും നടപ്പാക്കുകയാണ് കെ എസ് ആർ ടി സിക്ക് രക്ഷപ്പെടാനുള്ള നല്ല മാർഗ്ഗം.

കെ.എസ്.ആർ.ടി.സിയുടെ എല്ലാ സൂപ്പർക്ലാസ് സർവീസുകളിലും ഡ്രൈവർ കം കണ്ടക്ടർ സംവിധാനമോ ജോലി സമയം കഴിയുമ്പോൾ പകരം ജീവനക്കാരെ നിയോഗിക്കുകയോ ചെയ്താൽ അതും നേട്ടമാകും. കെഎസ്ആർടിസിയുടെ വരുമാനം ഇടിയുമ്പോൾ നിറയുന്നത് സ്വകാര്യ ബസ് ഉടമകളുടെ കീശയാണ്. പരിഷ്‌ക്കാരങ്ങളുടെ പേരിൽ കൊർപറേഷനിലെ ഉന്നതാധികാരി ഏകപക്ഷീയമായി നടപ്പാക്കുന്നത് സ്വകാര്യ ഉടമകളുടെ താൽപര്യമാണെന്നാണ് ജോലി നഷ്ടപ്പെട്ട താൽകാലിക ജീവനക്കാരും യാത്രക്കാരും പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP