Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കവളപ്പാറ ഉരുൾപൊട്ടലിൽ പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ മസ്ജിദ് ഹാൾ വിട്ടുകൊടുത്ത് കാട്ടിയ മാതൃക മറന്നു; ഖബറടക്കത്തിൽ പോലും സുന്നി-മുജാഹിദ് തർക്കം; അസുഖ ബാധിതയായി മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കാൻ അനുവദിക്കാതെ മലപ്പുറത്തെ പള്ളിക്കൽ മുജാഹിദ് വിഭാഗം മുസ്ലിം മഹല്ല് കമ്മറ്റി; സുന്നിയായതിൽ ഖബറടക്കം നടപ്പില്ലെന്ന് മുജാഹിദുകൾ; മതസംഘടനകളുടെ കുടിപ്പക വീണ്ടും ഉറക്കം കെടുത്തുന്നു

കവളപ്പാറ ഉരുൾപൊട്ടലിൽ പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ മസ്ജിദ് ഹാൾ വിട്ടുകൊടുത്ത് കാട്ടിയ മാതൃക മറന്നു; ഖബറടക്കത്തിൽ പോലും സുന്നി-മുജാഹിദ് തർക്കം; അസുഖ ബാധിതയായി മരിച്ച സ്ത്രീയുടെ മൃതദേഹം ഖബറടക്കാൻ അനുവദിക്കാതെ മലപ്പുറത്തെ പള്ളിക്കൽ മുജാഹിദ് വിഭാഗം മുസ്ലിം മഹല്ല് കമ്മറ്റി; സുന്നിയായതിൽ ഖബറടക്കം നടപ്പില്ലെന്ന് മുജാഹിദുകൾ; മതസംഘടനകളുടെ കുടിപ്പക വീണ്ടും ഉറക്കം കെടുത്തുന്നു

ജംഷാദ് മലപ്പുറം

മലപ്പുറം: എ പി- ഇ കെ വിഭാഗങ്ങൾ തമ്മിലുള്ള തമ്മിലടിയും പള്ളി പിടിച്ചടക്കലും, സുന്നി- മുജാഹിദ്- ജമാഅത്ത് വിഭാഗങ്ങൾ തമ്മിലുള്ള വാക്‌പോരുകളും സംഘർഷങ്ങളും ഇടക്കാലത്ത് മലപ്പുറം ജില്ലയിലും മലബാറിലും വല്ലാതെ കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത ഏവരെയും ഞെട്ടിപ്പിക്കുന്നതാണ്. മൃതദേഹം ഖബറടക്കാൻ അനുവദിക്കാതെപോലും കടുത്ത ശത്രുത മുസ്ലിം മത സംഘടനകൾ തമ്മിൽ നിലനിൽക്കുന്നുവെന്നതാണ്.

അസുഖ ബാധിതയായി മരിച്ച സ്ത്രീയുടെ മൃതദേഹം മറവ് ചെയ്യാൻ അനുവദിക്കാത്ത മലപ്പുറത്തെ പള്ളിക്കൽ മുജാഹിദ് വിഭാഗം മുസ്ലിംമഹല്ല് കമ്മിറ്റിയുടെ തീരുമാനമാണ് വൻ വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. വർഷങ്ങളായി പുത്തൂർ പള്ളിക്കൽ അങ്ങാടിയിൽ കുടുംബസമേതം താമസിക്കുന്ന സുഹ്‌റാബിയെന്ന 57കാരിയുടെ മൃതദേഹമാണ് എ.പി സുന്നി വിഭാഗക്കാരിയായതിൽ മുജാഹിദ് വിഭാഗം പള്ളിയിൽ മറവ് ചെയ്യുന്നത് ഭാരവാഹികൾ തടഞ്ഞത്. ഈപള്ളി നേരത്തെ സുന്നിവിഭാഗക്കാരിൽനിന്നും മുജാഹിദുകാർ പിടിച്ചെടുത്തതാണെന്നും പള്ളിക്കമ്മിറ്റിക്കെതിരെ നടപടിവേണമെന്ന പരാതിയുമായി ഒരുവിഭാഗം രംഗത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പള്ളിക്കമ്മിറ്റിക്കെതിരെ നിയനടപടി സ്വീകരിക്കാനുള്ള തെയ്യാറെടുപ്പിലാണ് സുഹ്‌റാബിയുടെ കുടുംബവും.

വൻപ്രളയ ദുരന്തമുണ്ടായ മലപ്പുറം കവളപ്പാറയിൽ നിന്നും ലഭിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യാൻ മസ്ജിദ് ഹാൾ വിട്ടുകൊടുത്ത് മാതൃക കാണിച്ചതും ഈ മുജാഹിദ് വിഭാഗം തന്നെയാണ്. കവളപ്പാറ പോത്തുകല്ലിലെ മസ്ജിദുൽ മുജാഹിദിനിൽ മതവും, ജാതിയും നോക്കാതെ പള്ളി നമസ്‌കാര സ്ഥലത്തു ആളുകളുടെ പോസ്്റ്റ്‌മോർട്ടം നടക്കുമ്പോൾ ഇവിടെ മുസ്ലിംമത വിഭാഗക്കാരിയും പള്ളിയുടെ തൊട്ടടുത്ത് താമസിക്കുന്ന രോഗിയായിരുന്ന സ്ത്രീയായിട്ടുകൂടി മൃതദേഹം മറവ് ചെയ്യാൻ അനുവദിക്കാത്തതിനെ ചോദ്യംചെയ്യുകയാണ് നാട്ടുകാരിലെ ഒരു വിഭാഗം. സുന്നി വിഭാഗങ്ങൾ കൈവശംവെച്ചിരുന്ന ഈ പള്ളി പിന്നീട് രാഷ്ട്രീയ സ്വാീധനം ഉപയോഗിച്ച് മുജാഹിദ് വിഭാഗക്കാർ കൈവശപ്പെടുത്തുകയായിരുന്നുവെന്നും എ.പി വിഭാഗം സുന്നികൾ പറയുന്നു. പള്ളിക്കമ്മിറ്റിയുടെ സ്വത്തുക്കൾ നേരത്തെ സുന്നി വിഭാഗങ്ങൾ വഖഫ് ചെയ്തിരുന്നവയാണെന്നും ഇവർ പറയുന്നു. മേഖലയിൽ സുന്നി-മുജാഹിദ് വിഭാഗങ്ങൾ തമ്മിൽ ശക്തമായ വൈര്യം നിലനിൽക്കുന്നുമുണ്ട്.
.
വർഷങ്ങളായി പുത്തൂർ പള്ളിക്കൽ അങ്ങാടിക്ക് സമീപം കുടുംബസമേതം താമസിക്കുന്ന എ.വിഭാഗം സുന്നികളോട് അനുഭാവം പുർത്തുന്ന കുടുംബമായ മാറാട് സ്വദേശി തടിയംകുളം മുസ്തഫയുടെ ഭാര്യ സുഹ്‌റാബി (57) യുടെ മൃതദേഹമാണ് പള്ളിയിൽ മറവ് ചെയ്യുന്നതിന് അനുമതി തേടിയത്. പുത്തൂർ പള്ളിക്കൽ മഹല്ലും ഖബർ സ്ഥാനും മുജാഹിദ് വിഭാഗത്തിന് കീഴിലായതിനാൽ മരണപ്പെട്ടാൽ ഖബറടക്കത്തിന് കഴിഞ്ഞ ആഴ്‌ച്ച സുഹ്‌റാബിയുടെ കുടുംബം അനുമതി തേടിയിരുന്നു. ഈ സമയം മഹല്ല് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും അനുമതി വേണമെന്നായിരുന്നു മറുപടി. പിന്നീട് മഹല്ല് കമ്മിറ്റി തന്നെ യോഗം ചേർന്ന് തീരുമാനമെടുക്കണമെന്ന് മറുപടി നൽകിയിട്ടും തീരുമാനം അറിയിച്ചില്ല. ഒടുവിൽ ഓഗസ്റ്റ് 20ന് ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് ഒന്നരയോടെ സുഹ്‌റാബിയുടെ മരണം സംഭവിക്കുകയായിരുന്നു. മരണം സംഭവിക്കുകയും മഹല്ല് കമ്മിറ്റിയിൽ നിന്ന് വ്യക്തമായ മറുപടിയും ലഭിക്കാതെ വന്നതോടെ കുടുംബവും മറ്റുള്ളവരും തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി ഇരുവിഭാഗമായി നടത്തിയ ചർച്ചയിൽ സുന്നി വിഭാഗക്കാരിയായ സുഹ്‌റാബിയുടെ മൃതദേഹം മറവു ചെയ്യാൻ അനുവദിക്കില്ലെന്ന് മുജാഹിദ് വിഭാഗക്കാരായ മഹല്ല് കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കുകയായിരുന്നു. മുജാഹിദ് വിഭാഗം വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതിനാൽ ഇരുവിഭാഗത്തേയും മലപ്പുറം ഡിവൈഎസ്‌പി ഓഫീസിലേക്ക് വിളിപ്പിച്ചു. രാത്രി വൈകിയും തീരുമാനമാകാത്തതിനാൽ ആശങ്കയിലായ സുഹ്‌റാബിയുടെ ഭർത്താവ് മുസ്തഫയും കുടുംബവും ബുധനാഴ്‌ച്ച പുലർച്ചെ 1.30ന് കുറച്ചപ്പുറമുള്ള ഒന്നര കിലോമീറ്ററോളം ദൂരമുള്ള സുന്നി മഹല്ലായ പരുത്തിക്കോട് ഖബറടക്കുകയായിരുന്നു.

കാലിക്കറ്റ് സർവകലാശാല വി സി മുഹമ്മദ് ബഷീറും, വള്ളിക്കുന്ന് മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ഹമീദ് മാസ്റ്റർ ഉൾപ്പെടെയുള്ള പ്രമുഖർ ഈപള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിട്ടും ഇത്തരത്തിലുള്ളരു നടപടി പള്ളിക്കമ്മിറ്റിയുടെ ഭാഗത്തുനിന്നുണ്ടായതിൽ ശക്തമായ പ്രതിഷേധമാണ് സുന്നി വിഭാഗക്കാർ ഉയർത്തുന്നത്. പതിറ്റാണ്ടുകൾക്കു മുമ്പാണ് സുന്നി വിഭാഗത്തിന്റെ കയ്യിൽനിന്നും
മുജാഹിദ് വിഭാഗം പള്ളി പിടിച്ചെടുത്തതെന്നും ഇവർ ആരോപിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP