Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202022Tuesday

പുണ്യം തേടി ഹജ്ജിന് പുറപ്പെടുമ്പോഴും വൈരം വെടിയാത്ത സുന്നിപ്പോര്! കാന്തപുരം മുസ്ലിയാരെ മുഖ്യപ്രഭാഷകനാക്കി ക്ഷണിച്ചതോടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച ഇ കെ സുന്നികളുടെ നടപടി വിവാദത്തിൽ; മുടിപ്പള്ളി വിവാദങ്ങളെല്ലാം മറന്ന് വീണ്ടും ഒരേ വേദി പങ്കിട്ട് പിണറായി വിജയനും കാന്തപുരവും

പുണ്യം തേടി ഹജ്ജിന് പുറപ്പെടുമ്പോഴും വൈരം വെടിയാത്ത സുന്നിപ്പോര്! കാന്തപുരം മുസ്ലിയാരെ മുഖ്യപ്രഭാഷകനാക്കി ക്ഷണിച്ചതോടെ ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ച ഇ കെ സുന്നികളുടെ നടപടി വിവാദത്തിൽ; മുടിപ്പള്ളി വിവാദങ്ങളെല്ലാം മറന്ന് വീണ്ടും ഒരേ വേദി പങ്കിട്ട് പിണറായി വിജയനും കാന്തപുരവും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: രണ്ടാം തവണയും സംസ്ഥാന ഹജ്ജ് ക്യാമ്പിൽ മുഖ്യ പ്രഭാഷകനായി കാന്തപുരത്തെ ക്ഷണിച്ചതോടെ ഇ.കെ വിഭാഗം സുന്നികൾ പരിപാടി ബഹിഷ്‌കരിച്ചു. ഇന്നലെ നെടുമ്പാശേരിയിൽ നടന്ന സംസ്ഥാന ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ മുഖ്യ പ്രഭാഷകനായി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ എത്തിയതാണ് സമസ്ത ഇ.കെ വിഭാഗം സുന്നികളെ ചൊടിപ്പിച്ചത്.

ഇടതുപക്ഷവുമായും ഹജ്ജ് മന്ത്രി ഡോ.കെ.ടി ജലീലുമായും അടുത്ത ബന്ധം പുലർത്തുന്നവരാണ് എ.പി സുന്നികൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനായിരുന്നു കാന്തപുരം സുന്നികളുടെ പിന്തുണ. ഇതിന്റെ പ്രത്യുപകാരമാണ് എ.പി സുന്നികൾക്ക് സർക്കാർ പരിഗണന നൽകുന്നതിന് പിന്നിലെന്നാണ് സംസാരം. ഇന്നലെ നടന്ന ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിൽ വിവിധ മുസ്ലിം സംഘടനാ നേതാക്കളും ജനപ്രതിനിധികളും പങ്കെടുത്തിരുന്നു. എന്നാൽ ക്ഷണം ഉണ്ടായിട്ടും സമസ്ത ഇ.കെ വിഭാഗം നേതാക്കൾ പങ്കെടുത്തിരുന്നില്ല.

യു.ഡി.എഫ് ഭരണകാലത്ത് ഹജ്ജ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഹജ്ജ് കമ്മിറ്റി ചെയർമാൻ ഇ.കെ സമസ്ത നേതാവായിരുന്ന അന്തരിച്ച കോട്ടുമല ബാപ്പു മുസ്ല്യാരുമായിരുന്നു. എന്നാൽ ഓരോ വർഷവും നടക്കാറുള്ള ഹജ്ജ് ക്യാമ്പ് ഉദ്ഘാടന ചടങ്ങിലേക്ക് എ.പി സമസ്ത പ്രതിനിധികളെ വിളിച്ചിരുന്നില്ല. ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇതിന് മാറ്റമുണ്ടായത്. നിലവിൽ ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ പ്രതിനിധി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി ആണ് ഹജ്ജ് കമ്മിറ്റി ചെയർമാൻ. ഇടത് സർക്കാർ വന്ന ശേഷം ഹജ്ജ്, വഖഫ് ഉപകമ്മിറ്റികൾ നടത്തുന്ന പരിപാടികളിൽ എല്ലാ മുസ്ലിം സംഘടകൾക്കും പ്രാതിനിധ്യം നൽകുന്ന രീതിയാണ് സ്വീകരിച്ചു വരുന്നത്.

എന്നാൽ ബന്ധശത്രുവായ എ.പി സുന്നികൾക്ക് പ്രാതിനിധ്യം നൽകുന്നത് ഇ.കെ സുന്നികൾക്ക് താൽപര്യമില്ല. മുസ്ലിം ലീഗുമായി അടുത്ത് നിൽക്കുന്ന ഇ.കെ സമസ്തയെ ലീഗ് ഭരണത്തിലിരിക്കുമ്പോൾ വേണ്ട പരിഗണന നൽകാറുണ്ട്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ഇ.കെ സുന്നികൾ ഇടതുപക്ഷത്തെ പിന്തുണച്ചതായി അവർ തന്നെ അവകാശപ്പെട്ടിരുന്നു. മുഖ്യമന്ത്രിയായ ശേഷം സമസ്ത ഇ.കെ വിഭാഗം നേതാക്കൾ പിണറായി വിജയനുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. എന്നാൽ ഈയിടെയുണ്ടായ പള്ളി തർക്കങ്ങളിലും വഖഫ് സംബന്ധമായ തീർപ്പുകളും തങ്ങൾക്ക് അനുകൂലമല്ലെന്നാണ് ഇ കെ സുന്നികളുടെ ആക്ഷേപം. ഇതോടൊപ്പം തന്നെ രണ്ടാം തവണയും കാന്തപുരത്തെ ഹജ്ജ് ക്യാമ്പിൽ മുഖ്യ പ്രഭാഷകനായി സർക്കാർ ക്ഷണിച്ചതിലും കടുത്ത അമർഷമാണ് ഇവർക്കുള്ളത്.

മുസ്ലിം സമൂഹം ശ്രദ്ധിക്കപ്പെടുന്ന പൊതു പരിപാടിയിൽ നിന്ന് ഇ കെ സുന്നി നേതാക്കൾ വിട്ടു നിന്നത് ഇതിനോടകം ചർച്ചയായിട്ടുണ്ട്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ അടക്കമുള്ള ലീഗ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്തിരുന്നെങ്കിലും ഇ.കെ സുന്നി പ്രതിനിധിയായി ആരും ഉണ്ടായിരുന്നില്ല. അതേസമയം, രണ്ടാം ശനി ആയതിനാൽ വിവിധ പരിപാടികളം സംഘടനാ, സ്ഥാപന യോഗങ്ങളും ഉള്ളതുകൊണ്ടാണ് ഹജ്ജ് ക്യാമ്പ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് നേതാക്കൾ പറഞ്ഞു.

ഹജ്ജ് മന്ത്രി കെ.ടി ജലീലിന്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള 11. 828 തീർത്ഥാടകരാണ് ഈ വർഷം ഹജ്ജനുഷ്ഠാനതിനു പോകുന്നത്. 28കുട്ടികളും തീർത്ഥാടക സംഘത്തിലുണ്ട്. തീർത്ഥാടകർക്കായി സംസ്ഥാന ഹജ്ജ് കമ്മിറ്റിയാണ് നെടുമ്പാശ്ശേരിയിൽ ക്യാമ്പ് ഒരുക്കിയത്. കൊച്ചിയിൽ നിന്നും ആദ്യസംഘം ഇന്ന് പുറപ്പെടും. ആദ്യയാത്ര മന്ത്രി കെ ടി ജലീൽ ഫ്‌ലാഗ് ഓഫ് ചെയ്യും. ഈ മാസം 26നാണ് ഹജ്ജ് ക്യാമ്പ് സമാപിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP