Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബെഹ്റയെ പ്രതിക്കൂട്ടിലാക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളിക്ക് ഇനി അരുണാചലിൽ സുഖ ജീവിതം! കേരളാ പൊലീസിലെ അഴിമതിയെ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ച സുനിൽരാജിന് പ്രമോഷനോടെ അപ്രതീക്ഷിത സ്ഥലം മാറ്റം; രാജ്യത്തിന്റെ തെക്കേ അറ്റത്ത് നിന്ന് നോർത്ത് ഈസ്റ്റിലേക്ക് സുനിൽ മാറുമ്പോൾ എജീസ് ഓഫീസിൽ ചർച്ച ഈ വഴിക്കും

ബെഹ്റയെ പ്രതിക്കൂട്ടിലാക്കിയ അഴിമതിയും ഉണ്ട നഷ്ടവും കണ്ടെത്തിയത് ഓഡിറ്റിംഗിലെ പ്രതിരോധ തന്ത്ര വൈദഗ്ധ്യവും; അന്താരാഷ്ട്ര ആണവേർജ കമ്മീഷനിലും ലോക ഭക്ഷ്യ സുരക്ഷാ പദ്ധതിയിലും കണക്കുകൾ നോക്കിയ മലയാളിക്ക് ഇനി അരുണാചലിൽ സുഖ ജീവിതം! കേരളാ പൊലീസിലെ അഴിമതിയെ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ച സുനിൽരാജിന് പ്രമോഷനോടെ അപ്രതീക്ഷിത സ്ഥലം മാറ്റം; രാജ്യത്തിന്റെ തെക്കേ അറ്റത്ത് നിന്ന് നോർത്ത് ഈസ്റ്റിലേക്ക് സുനിൽ മാറുമ്പോൾ എജീസ് ഓഫീസിൽ ചർച്ച ഈ വഴിക്കും

എം മനോജ് കുമാർ

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബഹ്‌റ നടത്തിയ അഴിമതികൾ അക്കമിട്ടു വാർത്താസമ്മേളനം നടത്തി പരസ്യപ്പെടുത്തിയ അക്കൗണ്ട്സ് ജനറൽ സുനിൽരാജിന്റെ സ്ഥലം മാറ്റം എജീഎസ് ഓഫീസിൽ പുകയുന്നു. പതിവിൽ നിന്നും വിപരീതമായി വാർത്താസമ്മേളനം വിളിച്ച് ഡിജിപി നടത്തിയ അഴിമതി പരസ്യപ്പെടുത്തിയ സുനിൽ രാജിനെ അരുണാചൽപ്രദേശിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. രണ്ടു മൂന്നു ദിവസം മുൻപാണ് സ്ഥലം മാറ്റം വന്നത്. പ്രമോഷനോടെ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ പദവി നൽകിയാണ് അരുണാചൽ പ്രദേശിലേക്ക് മാറ്റിയിരിക്കുന്നത്. സ്ഥലം മാറ്റത്തിനു പിന്നിൽ ലോക്‌നാഥ് ബഹ്‌റയുടെ കറുത്ത കരങ്ങൾ എന്ന രീതിയിലാണ് എജിയുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽ സംസാരം പരക്കുന്നത്. എക്കാലവും അഴിമതിക്കെതിരെ ശക്തമായ നിലപാടുകളെടുത്തു വിവാദ ഉദ്യോഗസ്ഥനായി നിലകൊണ്ടയാളാണ് സുനിൽരാജ്. പൊലീസ് മേധാവിയെന്നു പേരെടുത്തു പറഞ്ഞ് അക്കൗണ്ടന്റ് ജനറൽ പത്രസമ്മേളനം നടത്തിയതോടെ രാഷ്ട്രീയ കൊടുങ്കാറ്റാണ് വിവാദ വാർത്താസമ്മേളനത്തിന്റെ പേരിൽ രാഷ്ട്രീയ കേരളം കണ്ടത്.

വിവാദ വാർത്താസമ്മേളനം നടത്തി മൂന്നു മാസങ്ങൾക്കകമാണ് എജിയെ കേരളത്തിൽ നിന്നും തെറുപ്പിച്ചിരിക്കുന്നത്. സർക്കാരിനും സിപിഎമ്മിനും ഓർക്കാപ്പുറത്തെ അടിയായി മാറിയിരുന്നു സിഎജി റിപ്പോർട്ടും എജിയുടെ വാർത്താസമ്മേളനവും. കേന്ദ്രസംസ്ഥാന സർക്കാർ വകുപ്പുകളെ ഓഡിറ്റ് ചെയ്ത് വർഷങ്ങളുടെ അനുഭവ സമ്പത്തിന്റെ പിൻബലത്തിലാണ് എജി വാർത്താ സമ്മേളനം വിളിച്ച് കാര്യങ്ങൾ വ്യക്തമാക്കിയത്. വിഴിഞ്ഞം പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ഇതേ സിഎജി റിപ്പോർട്ട് സഭയിൽ വച്ച് ദിവസങ്ങൾക്കുള്ളിൽ അന്വേഷണത്തിന് ജുഡീഷ്യൽ കമ്മീഷൻ രൂപീകരിച്ച സർക്കാർ ബഹ്‌റയ്‌ക്കെതിരെ ആരോപണങ്ങൾക്ക് മറുപടി നൽകുകയോ അന്വേഷണത്തിനു ഉത്തരവിടുകയോ ചെയ്തിരുന്നില്ല. ഇത് സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെയുള്ള സിഎജി റിപ്പോർട്ടിന്റെ കാര്യത്തിൽ സർക്കാർ അകപ്പെട്ട പ്രതിസന്ധിയുടെ തെളിവായിരുന്നു. പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള സ്ഥലംമാറ്റമായാണ് സുനിൽരാജിന്റെ സ്ഥലം മാറ്റത്തെ പലരും വീക്ഷിക്കുന്നത്. തലസ്ഥാനത്തെ പൊലീസുകാരനെ കാസർകോടെയ്ക്ക് എടുത്ത് അടിക്കുന്നത് മാതിരിയാണ് അരുണാചൽ പോലുള്ള ഇന്ത്യൻ അതിർത്തി സംസ്ഥാനത്തേക്ക് സുനിൽ രാജിനെ മാറ്റിയത്. അവിശുദ്ധബന്ധം കാരണമുള്ള സ്ഥലംമാറ്റവുമായി തന്നെയാണ് ഈ സ്ഥലം മാറ്റത്തെ പലരും ബന്ധപ്പെടുത്തുന്നത്. അഴിമതിയുടെ ആഴമുള്ള കണ്ടെത്തലുകൾ വന്നപ്പോൾ വന്നപ്പോൾ പുലിവാല് പിടിച്ച ലോക്‌നാഥ് ബഹ്‌റ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കണ്ടു സിഎജി റിപ്പോർട്ടിന്മേലുള്ള വിശദീകരണം നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയ്‌ക്കൊപ്പം രാജ്ഭവനിലെത്തിയാണ് അന്ന് ബഹ്‌റ ഗവർണറെ കണ്ടത്.

ഇന്ത്യൻ ആഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ 1996 ബാച്ച് ഉദ്യോഗസ്ഥനാണ് സുനിൽ രാജ്. ഐഎഎഎസ് സർവീസ് ആണിത്. എന്നാൽ സിഎജി ഐഎഎസുകാരൻ തന്നെയാണ്. മുൻ ആഭ്യന്തര സെക്രട്ടറിയായ രാജീവ് മെഹ്റിഷിയാണ് നിലവിലെ സിഎജി. സിഎജിയും ബഹ്‌റയും തമ്മിലുള്ള ബന്ധമാണ് എജിയുടെ അരുണാചൽ പ്രദേശിലേക്കുള്ള സ്ഥലംമാറ്റത്തിനു പിന്നിൽ എന്നാണ് സൂചനകൾ ഉയരുന്നത്. ഡിജിപിയുടെ അഴിമതികളും വഴിവിട്ട നടപടികളും എജി വാർത്താസമ്മേളനം വിളിച്ച് പരസ്യപ്പെടുത്തിയതോടെ തകർന്നത് ലോക്‌നാഥ് ബഹ്‌റയുടെ ഇമേജ് ആയിരുന്നു. പതിവിനു വിപരീതമായി വിളിച്ച വാർത്താസമ്മേളനത്തിൽ ഉടനീളം ഡിജിപിയുടെ അഴിമതികളാണ് വിനോദ് രാജ് ചൂണ്ടിക്കാട്ടിയത്. നടപടിക്രമങ്ങൾ പരസ്യമായി ലംഘിച്ച് ഡിജിപി അഴിമതി കാട്ടി എന്നാണ് സിഎജി റിപ്പോർട്ട് ആധാരമാക്കി വിനോദ് രാജ് ചൂണ്ടിക്കാട്ടിയത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ ബഹ്റ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചു. 33 ലക്ഷം രൂപാ സർക്കാരിന്റെ മുൻകൂർ അനുമതി ഇല്ലാതെ ബഹ്റ നൽകി. അതോടൊപ്പം സംസ്ഥാന പൊലീസ് മേധാവിയെ പ്രതിരോധത്തിലാക്കുന്ന അതീവ ഗൗരവതരമായ ആരോപണവും എജിയിൽ നിന്നും ഉയർന്നു.

സംസ്ഥാന പൊലീസിന്റെ 25 റൈഫിളുകളും 12,000ൽ അധികം ബുള്ളറ്റുകളും ക്യാമ്പിൽ നിന്ന് കാണാതായി. ഇവ കാണാതായപ്പോൾ പകരം ഡമ്മി ബുള്ളറ്റുകൾ കൊണ്ടുവച്ചതായും റിപ്പോർട്ട് ഉദ്ധരിച്ച്‌കൊണ്ട് എജി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെ സംസ്ഥാന പൊലീസ് മേധാവി തന്നെ അഴിമതിക്കാരൻ എന്ന രീതിയിൽ ആരോപണം ഉയരുകയും ചെയ്തു. പൊലീസിന്റെ തോക്കും തിരകളും ചോർന്നതും പൊലീസ് മേധാവിയുടെ ക്രമക്കേടുകളും സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമാണ് ബഹ്‌റയ്‌ക്കെതിരായ സിഎജി റിപ്പോർട്ട് ചർച്ചയാക്കിയത്. ഇത് ഡിജിപിക്ക് വലിയ തലവേദന സൃഷ്ടിക്കുകയും സർക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. തോക്കുകളും തിരകളും കാണാനില്ലെന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതെന്ന പ്രതിപക്ഷവിമർശനം എഴുതി തള്ളാൻ സർക്കാരിനും കഴിയുമായിരുന്നില്ല. സിഎജി റിപ്പോർട്ട് ഉദ്ധരിച്ചാണ് പ്രതിപക്ഷത്തിരുന്ന സിപിഎം വലിയ പ്രക്ഷോഭങ്ങൾക്ക് അരങ്ങൊരുക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഇപ്പോഴും വിഷമിപ്പിക്കുന്ന ലാവലിൻ കേസിന്റെ തുടക്കം പോലും സിഎജി റിപ്പോർട്ടിൽ നിന്നായിരുന്നു. പാമോലിൻ, 2ജി സ്‌പെക്ട്രം തുടങ്ങി പ്രധാന അഴിമതി കേസുകളുടെയെല്ലാം തുടക്കം സിഎജി റിപ്പോർട്ട് ആധാരമാക്കിയുള്ളതായിരുന്നു. അതുകൊണ്ട് തന്നെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് എതിരെയുള്ള സിഎജി റിപ്പോർട്ട് സിപിഎമ്മിനും സർക്കാരിനും ഒരുപോലുള്ള കുരിശായി മാറിയത്. വിനോദ് രാജിന്റെ വാർത്താസമ്മേളനത്തിനു ശേഷം പൊലീസിന്റെ ആയുധങ്ങൾ തന്നെ ഇന്റെണൽ ഓഡിറ്റിനു തന്നെ വിധേയമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയും ഐജി ശ്രീജിത്തുമാണ് ഈ അന്വേഷണത്തിനു ചുക്കാൻ പിടിച്ചത്. പൊലീസും സർക്കാരും ഒരുപോലെ പുലിവാൽ പിടിച്ച കണ്ടെത്തലുകളായിരുന്നു എജി നിരത്തിയത്. ആ ആരോപണങ്ങൾ ഇപ്പോഴും പുകയുകയാണ്. ഇതാണ് സംസ്ഥാന പൊലീസ് മേധാവിക്കെതിരെ സിഎജി റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞത്:

പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമ്മിക്കാൻ ഡിജിപി വകമാറ്റി ചെലവഴിച്ചു. നിയമവിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങി. . അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ വാഹനങ്ങൾ ഇല്ലെന്നിരിക്കെ ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങി. 481 പൊലീസ് സ്റ്റേഷനുകളിൽ അഞ്ച് പൊലീസ് സ്റ്റേഷനുകളിൽ ഒരു ലൈറ്റ് വെയ്റ്റ് വാഹനം പോലുമില്ല. 193 പൊലീസ് സ്റ്റേഷനുകളിൽ രണ്ട് വാഹനങ്ങൾ ആവശ്യമുള്ള സ്ഥലങ്ങളിൽ ഒരു വാഹനം മാത്രമേയുള്ളൂ. ഈ സാഹചര്യത്തിലാണ് ചട്ടം ലംഘിച്ച് ആഡംബര കാറുകൾ വാങ്ങിയിരിക്കുന്നത്. കാറുകൾ വാങ്ങുവാൻ യാതൊരു നിവൃത്തിയുമില്ലയെന്ന് എംഒപിഎഫ് ഗൈഡ് ലൈൻസിൽ പ്രതിപാദിച്ചിരുന്നു. എന്നാൽ ആ സ്‌കീം ഗൈഡ് ലൈൻസിൽ പറയുന്നതിൽ വിപരീതമായി കാറുകൾ വാങ്ങി.

ഏകദേശം 15 ലക്ഷത്തിന്റെ 250 ലൈറ്റ് മോട്ടോർ വാഹനങ്ങൾ വാങ്ങി. ഇതിൽ 15 ശതമാനത്തോളം ലക്ഷ്വറി കാറുകളാണെന്നും കണ്ടെത്തി. വാങ്ങുക മാത്രമല്ല, നോൺ ഓപ്പറേഷൻ ആയിട്ടുള്ള ഡിവിഷനുകളിലേക്കും വകുപ്പുകളിലേക്കും കൊടുത്തു. വിഐപി, വിവിഐപി സെക്യൂരിറ്റി എന്ന നിലയിൽ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങുന്നതിനെ കുറിച്ചും മാർഗനിർദ്ദേശങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. ഇവയെല്ലാം പൊലീസ് സേനയുടെ നവീകരണത്തിന് വേണ്ടി വാഹനങ്ങൾ വാങ്ങുമ്പോൾ പൊലീസ് സ്റ്റേഷനുകളിലും പൊലീസ് ഔട്ട്‌പോസ്റ്റുകളിലും വേണ്ടിയുള്ള ഉപയോഗത്തിന് വേണ്ടി മാത്രമേ വാങ്ങാവൂ. ജീപ്പ്, ട്രക്ക്, വാൻ എന്നിവ വാങ്ങുവാൻ വേണ്ടി മാത്രമാണ് ഇവ വകയിരുത്തേണ്ടതെന്ന് വിശദമായും കർശനമായും നിർദ്ദേശങ്ങളുണ്ട്. എന്നിട്ടു പോലും ഫോർച്യുണർ പോലുള്ള ലക്ഷ്വറി കാറുകൾ വാങ്ങുന്നതായി ശ്രദ്ധയിൽപ്പെട്ടു.

പൊലീസ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ വകമാറ്റി ചെലവഴിച്ചു. പൊലീസ് സേനയുടെ സബ് ഇൻസ്‌പെക്ടർമാർക്കും എഎസ്‌ഐമാർക്കും ക്വാർട്ടേഴ്‌സ് ഉണ്ടാക്കുന്നതിന് പകരമായി സംസ്ഥാന പൊലീസ് ഡിജിപിക്കും എഡിജിപിമാർക്കും വേണ്ടി മൂന്ന് വില്ലകൾ അനുവാദമില്ലാതെ പണിഞ്ഞു. ഇത്തരം കണ്ടെത്തലുകൾ സിഎജി നടത്തിയപ്പോൾ പൊലീസും കെൽട്രോണും പാനസോണിക്കും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്നും റിപ്പോർട്ടിൽ സിഎജി ആരോപിച്ചു. ബ്രാൻഡിന്റെ പേര് മുൻകൂട്ടി തന്നെ തീരുമാനിച്ചിട്ട് കെൽട്രോണുമായി ബന്ധപ്പെട്ട് ഒരു നിശ്ചിത ബ്രാൻഡിലുള്ള ഉപകരണങ്ങൾ തിരഞ്ഞെടുത്ത് വാങ്ങിക്കുവാനുള്ള ശ്രമങ്ങൾ നടത്തി-സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അച്ഛനെ മാതൃകയാക്കി സിവിൽ സർവീസിലേക്ക് കടന്നുവന്നയാളാണ് സുനിൽരാജ്. എസ്‌ഐ ആയി സർവീസിൽ കയറി എസ്‌പിയായി വിരമിച്ച സോമരാജ് ഐപിഎസിന്റെ മകനാണ് ഈ എജി. മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിൽനിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രിയും മദ്രാസ് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിൽ മാസ്റ്റേഴ്‌സ് ഡിഗ്രിയും സ്വന്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് എത്തുംമുൻപ് മധ്യപ്രദേശിൽ എജിയായിരുന്നു. അതിനു മുൻപ് ചെന്നൈയിലും രാജ്‌കോട്ടിലും മുംബൈയിലുമെല്ലാം സംസ്ഥാന കേന്ദ്ര സർക്കാർ വകുപ്പുകളുടെയും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഓഡിറ്ററായിരുന്നു. യുനൈറ്റഡ് നേഷൻസിന്റെ ഭക്ഷ്യപദ്ധതികളുടെ ഓഡിറ്റ് ജോലികളുടെ ഭാഗമായി. ലണ്ടൻ, വിയന്ന, ജപ്പാൻ, കൊറിയ, സിംഗപ്പുർ, സെനഗൽ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള വാട്ടർ അഥോറിറ്റിയിലെ അക്കൗണ്ട്‌സ് മെംബറായും സേവനം നടത്തിയിട്ടുണ്ട്. ഇപ്പോൾ അരുണാചൽ പ്രദേശിൽ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറലും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP