Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

നാളെ ദൈവത്തിന്റെ മുമ്പിൽ നീയായിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടത്! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയ സൺഡേ ശാലോം പത്രാധിപർ ഒടുവിൽ കുറ്റമെല്ലാം മാധ്യമങ്ങളുടെ പുറത്തു ചാരുന്നത് റോബിനച്ചനെ നിരപരാധിയാക്കാൻ കഴിയില്ലെന്നു ഉറപ്പായതോടെ; പെൺകുട്ടിയും മാതാപിതാക്കളും കൂറു മാറിയിട്ടും കൊട്ടിയൂർ പീഡന കേസിലെ പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ തലയൂരാൻ മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ പേരു പറഞ്ഞ് വിമർശിച്ചു ബെന്നി പുന്നത്തറയും ശാലോമും

നാളെ ദൈവത്തിന്റെ മുമ്പിൽ നീയായിരിക്കും ആദ്യം കുറ്റം ഏറ്റു പറയേണ്ടത്! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വൈദികനെ ന്യായീകരിക്കാൻ രംഗത്തിറങ്ങിയ സൺഡേ ശാലോം പത്രാധിപർ ഒടുവിൽ കുറ്റമെല്ലാം മാധ്യമങ്ങളുടെ പുറത്തു ചാരുന്നത് റോബിനച്ചനെ നിരപരാധിയാക്കാൻ കഴിയില്ലെന്നു ഉറപ്പായതോടെ; പെൺകുട്ടിയും മാതാപിതാക്കളും കൂറു മാറിയിട്ടും കൊട്ടിയൂർ പീഡന കേസിലെ പ്രതി ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായതോടെ തലയൂരാൻ മറുനാടൻ അടക്കമുള്ള മാധ്യമങ്ങളെ പേരു പറഞ്ഞ് വിമർശിച്ചു ബെന്നി പുന്നത്തറയും ശാലോമും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡനത്തിന് ഇരകളായവർക്കൊപ്പമാണ് സഭാ നേതൃത്വമെന്ന് യുഎഇ സന്ദർശന വേളയിലും ഫ്രാൻസിസ് മാർപ്പാപ്പ അഭിപ്രായപ്പെട്ടത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ റോബിൻ അച്ചനെ സംരക്ഷിക്കാൻ കത്തോലിക്കാ സഭയുടെ വിവധ കേന്ദ്രങ്ങളിൽ നിന്നും ശ്രമം ഉണ്ടായിരുന്നു. കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള മാധ്യമങ്ങളും വൈദികനെ വെള്ളപൂശി രംഗത്തുവന്നിരുന്നു. എന്നാൽ, കേസ് വിചാരണ പൂർത്തിയായി വിധി പറയുന്ന ഘട്ടത്തിലേക്ക് എത്തിയതോടെ റോബിൻ അച്ചൻ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെ വൈദികനെ വെള്ളപൂശാൻ രംഗത്തിറങ്ങിയ സൺഡേ ശാലോം പ്രസിദ്ധീകരണം മലക്കം മറിഞ്ഞു രംഗത്തെത്തി.

റോബിൻ അച്ചന്റെ വിഷയം വിവാദമാക്കിയത് അടക്കം എല്ലാ കുറ്റങ്ങളും മാധ്യമങ്ങളുടെ പെടലിക്ക് വെ്ച്ചുകൊണ്ടാണ് ചീഫ് എഡിറ്റർ ബെന്നി പുന്നത്തറ ഒടുവിൽ രംഗത്തുവന്നത്. 'സൺഡേ ശാലോം'. പ്രസിദ്ധീകരണത്തിന്റെ ഫേസ്‌ബുക്ക് പേജിലാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. 2017 മാർച്ച് ആദ്യവാരം ഫാ.റോബിനെ ന്യായീകരിച്ചും ഇരയായ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും സൺഡേ ശാലോം വെബ്സൈറ്റിൽ വന്ന ലേഖനം മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. 'വൈദികനും നേരെ ചൂണ്ടുവിരൽ ഉയരുമ്പോൾ' എന്ന തലക്കെട്ടിൽ എഴുതിയ ലേഖനത്തിൽ പീഡനം നടന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കാണെന്ന മട്ടിലായിരുന്നു വിമർശനം. 'നാളെ ദൈവത്തിന്റെ മുന്നിൽ നീ ആയിരിക്കും ആദ്യം കുറ്റം ഏറ്റുപറയേണ്ടി വരിക. കുഞ്ഞേ, ഒരു വൈദികൻ ആരാണെന്ന് എന്തുകൊണ്ട് നീ മറന്നു?' തുടങ്ങിയ വിവാദ പരാമർശങ്ങൾ വന്നിരുന്നു. ഇതാണ് മാധ്യമങ്ങൾ അന്ന് ഉയർത്തികാട്ടിയത്.

Stories you may Like

എന്നാൽ ഈ ലേഖനം അന്ന് മാധ്യമങ്ങൾ വിവാദമാക്കുകയും ചെയ്തു. ഇപ്പോൾ റോബിൻ അച്ചനെതിരെ ശക്തമായ ശാസ്ത്രീയ തെളിവുകൾ ണ്ടെന്ന് വ്യക്തമായതോടെ ശിക്ഷിക്കുമെന്നത് ഉറപ്പാണ്. ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കളും പെൺകുട്ടിയും മൊഴി മാറ്റിയിരുന്നു. എങ്കിലും ഡിഎൻഎ പരിശോധനയിൽ എല്ലാ കൂറുമാറ്റങ്ങളും പൊളിയുന്ന തെളിവുണ്ടായതോടെ അച്ചൻ ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പായി. ഇതോടെയാണ് ഇവർ മറുകണ്ടം ചാടി ബെന്നി പുന്നത്തറ രംഗത്തുവന്നത്. സൺഡേ ശാലോമിന്റെ ചീഫ് എഡിറ്ററാണ് ബെന്നി പുന്നത്തറ. ലേഖനത്തെ എഡിറ്റോറിയൽ ആയി ചിത്രീകരിച്ചുവെന്നും ചീഫ് എഡിറ്റർ ബെന്നി പുന്നത്തറയുടെ പേരിൽ ലേഖനം ചാർത്തിക്കൊടുത്തുവെന്നും ഇതിന്റെ പേരിൽ രണ്ടു വർഷത്തോളമായി ചീഫ് എഡിറ്ററും സൺഡേ ശാലോമും പഴി കേട്ടുകൊണ്ടിരിക്കുകയാണെന്നുമാണ് ഫേസ്‌ബുക്കിലൂടെ ഉന്നയിക്കുന്നത്.

കൊട്ടിയൂർ കേസിന്റെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പഴികേട്ട് മാനസികമായി തളർന്ന അനേകായിരം പുരോഹിതരെ ആശ്വസിപ്പിക്കുക മാത്രമാണ് രണ്ടു വർഷം മുൻപ് ലേഖനം പോസ്റ്റ് ചെയ്ത വ്യക്തി ലക്ഷ്യം വച്ചത്. വ്യത്യസ്ത കോണുകളിലൂടെ നോക്കികണ്ട പലരുടേയും ആശയങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. തന്റെ മകളുടെ സ്ഥാനത്ത് ആ പെൺകുട്ടിയെ കണ്ട് വികാരനിർഭരമായ കുറിപ്പ് എഴുതിയ ദേവി മേനോൻ എന്ന സ്ത്രീയുടെ ചില വാചകങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ഈ ലേഖനം വ്യക്തിപരമാണെന്നും ശാലോമിനോ ബെന്നി പുന്നത്തറയ്ക്കോ അതുമായി ഒരു ബന്ധവുമില്ലെന്നു വ്യക്തമാക്കിയിരുന്നുവെന്നും ഈ മാസം രണ്ടിന് ഫേസ്‌ബുക്കിൽ സൺഡേ ശാലോം എഡിറ്റോറിയൽ ടീം പോസ്റ്റു ചെയ്തിരിക്കുന്നത്.

പിന്നീട് അങ്ങോട്ട് പോസ്റ്റിൽ ഉടനീളം മാധ്യമങ്ങൾക്കെതിരെ വിമർശനമാണ്. ചില ചാനൽ മാധ്യമപ്രവർത്തകരെ പേരെടുത്ത് പറഞ്ഞും വിമർശിക്കുന്നുണ്ട്. ''അതിന് ശേഷം രണ്ട് വർഷങ്ങളോളമായിട്ടും, നമ്മുടെ ചില മാധ്യമങ്ങളിലെ ചർച്ചാ അവതാരകർ തങ്ങളുടെ നുണകളെ ലജ്ജയില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നൽകുവാൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുന്നത്.

കഴുകൻ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഢാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്. ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയൽ എന്നാൽ എന്താണെന്ന് അറിയാത്തവർ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വർഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകൾ. അവരെ പിന്തുടർന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിർലജ്ജം ഇതേ കള്ളങ്ങൾ ആവർത്തിക്കുകയാണ് ഉണ്ടായത്. പലർക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലർ ശാലോമിന്റെ മറവിൽ സഭയെ ആക്രമിച്ചപ്പോൾ, മറ്റുചിലർ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങൾ ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.''- ഇങ്ങനെ പോകുന്നു പോസ്റ്റിലെ വിമർശനങ്ങൾ.

അതേസമയം, രണ്ടു വർഷം കഴിഞ്ഞപ്പോൾ ഈ ലേഖനത്തിന്റെ പേരിൽ മാധ്യമങ്ങളെ കടന്നാക്രമിക്കാൻ സൺഡേ ശാലോം കാണിക്കുന്ന വ്യഗ്രതയിൽ സംശയം ഉയരുകയാണ്. കൊട്ടിയൂർ കേസിൽ ഈ മാസം 16ന് കോടതി വിധി പറയാനിരിക്കുകയാണ്. ഇരയുടെയും സാക്ഷികളുടെയും മൊഴികൾ കോടതിയിൽ തിരുത്തിപറയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വന്ന വാർത്തകളിൽ വ്യക്തമായിരുന്നു. എന്നാൽ പ്രതിക്കെതിരെ ശക്തമായ തെളിവുകൾ നിലനിൽക്കുമ്പോൾ ഈ മൊഴിമാറ്റത്തിന് വിധിയെ കാര്യമായി സ്വാധീനിക്കാൻ കഴിയില്ലെന്നിരിക്കേ ഒരു മുഴം മുൻപേ എറിഞ്ഞ് നിലപാടിൽ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണ് പ്രസിദ്ധീകരണം.

സൺഡേ ശാലോവും മറ്റ് ശാലോം പ്രസിദ്ധീകരണങ്ങൾക്കും വിശ്വാസികൾക്ക് ഇടയിൽ വലിയ സ്വാധീനമുണ്ട്. അത്തരമൊരു പ്രസിദ്ധീകരണത്തിൽ വരുന്ന ലേഖനങ്ങളുടെ ഉള്ളടക്കം പരിശോധിക്കേണ്ട ബാധ്യത എഡിറ്റോറിയൽ സംഘത്തിനില്ലേ എന്ന ചോദ്യവും ഉയരുന്നു. വിശ്വാസികൾ വളരെ താൽപര്യത്തോടെ വായിക്കുന്ന ഇത്തരം പ്രസിദ്ധീകരണത്തിൽ ഓരോരുത്തരേയും അവരവരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് ലേഖനം എഴുതാൻ അനുവദിക്കുന്നത് ശരിയാണോ? പ്രസിദ്ധീകരണത്തിന്റെ പൊതുവായ നയത്തിന് ലേഖനങ്ങൾ പ്രസിദ്ധീകരിക്കാൻ ശാലോം പോലെയുള്ള സ്ഥാപനം അനുവദിക്കുന്നതും ശരിയാണോ? ഒരു പ്രസിദ്ധീകരണത്തിൽ വരുന്ന ലേഖനത്തിന്റെ ഉത്തരവാദിത്തം ലേഖകൻ ഏറ്റെടുക്കാത്ത പക്ഷം പ്രസാധകൻ അതിനു മറുപടി പറയാൻ ബാധ്യസ്ഥൻ തന്നെയാണ്. കോടതിയിൽ ഒരു വ്യവഹാരം എത്തിയാൽ പ്രസാധകന് ഒഴിഞ്ഞുമാറാൻ കഴിയില്ല എന്നോർമ്മ വേണം.

ലേഖനത്തിന് ശാലോം നിലപാടുമായി ഒരു ബന്ധവുമില്ലെങ്കിൽ രൂക്ഷമായ വിമർശനം ഉയർന്നപ്പോൾ ആദ്യം എഡിറ്റ് ചെയ്യുകയും പിന്നീട് പേജിൽ നിന്ന് ഡിലീറ്റ് ചെയ്തതും എന്തിന്? 2017 ഫെബ്രുവരി കഴിഞ്ഞാൽ പിന്നീട് ഓഗസ്റ്റിലാണ് എഡിറ്റോറിയൽ നൽകിയിരിക്കുന്നത്. അഞ്ചു മാസത്തെ എഡിറ്റോറിയൽ പേജിൽ നിന്ന് ഡിലീറ്റ് ചെയ്തിരിക്കുന്നത് എന്തിനാണ്? 2017 മാർച്ച് രണ്ടു മുതൽ ഈ ലേഖനത്തിന്റെ പേരിൽ ശാലോം പഴി കേൾക്കുന്നു എന്നു പറയുന്ന എഡിറ്റോറിയൽ ടീം അത്തരമൊരു എഡിറ്റോറിയൽ എഴുതിയിരുന്നില്ലെന്ന് അന്ന് പത്രത്തിലൂടെ വിശദീകരണം നൽകിയിരുന്നുവെന്ന് പറയുന്നു. എന്നാൽ ലേഖനം വന്നിട്ടില്ലെന്ന കാര്യം നിഷേധിക്കുന്നുമില്ല. ലേഖനവുമായി അവർക്ക് ബന്ധമില്ലെങ്കിൽ അത് പേജിൽ തന്നെ തുടരാൻ അനുവദിക്കുന്നതിൽ എന്താണ് അപാകത?

ശാലോം ലേഖനം പൊതുസമൂഹം മറന്നിരിക്കുമ്പോൾ കേസിൽ വിധി വരാനിരിക്കേ നൽകിയിരിക്കുന്ന വിശദീകരണം പല തരത്തിലുള്ള സംശയങ്ങളും ഉയർത്തുന്നു. ഒന്നുകിൽ കേസ് അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾ വിധി വരുമ്പോൾ ഫലം കാണുമെന്ന വിശ്വാസമായിരിക്കാം. അല്ലെങ്കിൽ കേസിന്റെ തുടക്കം മുതൽ നടത്തിയ പരിശ്രമങ്ങൾ എല്ലാം പാഴായി പോകുമെന്ന് നിയമവിദഗ്ധരിൽ സൂചന ലഭിച്ചിരിക്കാം. ഇതോടെ ഒരു മുഴം മുൻപേ എറിഞ്ഞ് കൈകഴുകാം എന്ന ചിന്തയാകാം. എന്തിന്റെ പേരിലായാലും എല്ലാവർക്കും അവസാനം പഴിക്കാനുള്ളത് മാധ്യമങ്ങളെ മാത്രമാണ്.

കത്തോലിക്കാ സഭയിൽ അടുത്തകാലത്തായി പീഡന കേസുകൾ വർദ്ധിച്ചുവരികയാണ്. മറിയക്കുട്ടി കേസ് മുതൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കേസ് വരെ ഇതിലുണ്ട്. ഓരോ തവണയും കേസുകൾ ഉയരുമ്പോൾ അത് മൂടിവയ്ക്കാനും ശബ്ദിക്കുന്നവരെ നിശബ്ദരാക്കാനും സഭയിലെ ചിലർ നടത്തുന്ന ശ്രമങ്ങൾ മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നു എന്നതാണ് ഇവരുടെ എല്ലാം പൊതുശത്രുവായി മാധ്യമങ്ങൾ മാറാൻ കാരണം. മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ മാത്രമാണ് ഈ കേസുകളിൽ എല്ലാം പ്രതികൾ നിയമത്തിനു മുന്നിൽ നിൽക്കേണ്ടിവന്നത് എന്ന തിരിച്ചറിവ് ഇവർക്കുണ്ട്. വിമർശനം ഉൾക്കൊണ്ട് സ്വയം തിരുത്തലിന് സഭാ നേതൃത്വം തയ്യാറായിരുന്നുവെങ്കിൽ മാധ്യമങ്ങൾക്ക് വിരൽചൂണ്ടാൻ അവസരം ലഭിക്കുമായിരുന്നോ എന്ന് ഇവർ ചിന്തിക്കുന്നുമില്ല.

സൺഡേ ശാലോം പോസ്റ്റിന്റെ പൂർണ്ണരൂപം:

സൺഡേ ശാലോം ചീഫ് എഡിറ്റർ ഷെവലിയർ ബെന്നി പുന്നത്തറ കൊട്ടിയൂർ പീഡനത്തിൽ ഇരയാക്കപ്പെട്ട പെൺകുട്ടിയെ തെറ്റുകാരിയാക്കി ചിത്രീകരിച്ചുവോ?

സൺഡേ ശാലോം എഡിറ്റോറിയലിലൂടെ കുറ്റവാളിയായ വൈദികനെ നിരപരാധിയാക്കി ചിത്രീകരിക്കാൻ ശ്രമം നടന്നോ?

2017 മാർച്ച് മാസം മുതൽ ഏതാണ്ട് രണ്ടു വർഷങ്ങളോളമായി ശ്രീ ബെന്നി പുന്നത്തറയും, സൺഡേ ശാലോമും പഴികേൾക്കുന്നതിന് പിന്നിലെ സത്യം എന്താണ്?

2017 മാർച്ച് രണ്ടാം തിയ്യതി മുതൽ അനാവശ്യവിവാദത്തിനിടയാക്കിയ സംഭവങ്ങളിലേയ്ക്ക് വരാം. അതിനു പിന്നിൽ, ഒരു എഡിറ്റോറിയാലോ, ശ്രീ ബെന്നി പുന്നത്തറ എഴുതിയ ലേഖനമോ, സൺഡേ ശാലോമിൽ അച്ചടിക്കപ്പെട്ട ഒരു ആർട്ടിക്കിളോ ആയിരുന്നില്ല ഉണ്ടായിരുന്നത്. വിവാദ കാരണമായി മാറിയ ലേഖനം, ആ കാലഘട്ടങ്ങളിൽ ആക്രമിക്കപ്പെട്ടുകൊണ്ടിരുന്ന പൗരോഹിത്യത്തെ വിഷയമാക്കി, സൺഡേ ശാലോമിന്റെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു. ആ ദിവസങ്ങളിൽ ഫേസ്‌ബുക്കിലും മറ്റും അനേകർ ഷെയർ ചെയ്ത ചില കുറിപ്പുകളിലൂടെ, അനാവശ്യമായി പഴികേൾക്കാനിടയായ, മാനസികമായി തളർന്ന അനേകായിരം പുരോഹിതരെ ആശ്വസിപ്പിക്കുക മാത്രമാണ് അത് പോസ്റ്റ് ചെയ്ത വ്യക്തി ലക്ഷ്യം വച്ചത്. ഒപ്പം, ഇത്തരമൊരു സംഭവത്തെയും തുടർന്നുണ്ടായ വിവാദങ്ങളെയും വ്യത്യസ്ഥ വീക്ഷണകോണുകളിലൂടെ നോക്കിക്കണ്ട ചിലരുടെ ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.

തന്റെ മകളുടെ സ്ഥാനത്ത് ആ പെൺകുട്ടിയെ കണ്ട് വികാരനിർഭരമായ ഒരു കുറിപ്പെഴുതിയ ദേവി മേനോൻ എന്ന സ്ത്രീയുടെ ചില വാചകങ്ങളും അതിൽ ഉൾപ്പെട്ടിരുന്നു. ആ വാചകങ്ങൾ സന്ദർഭത്തിൽനിന്ന് അടർത്തിമാറ്റി, ചീഫ് എഡിറ്ററുടെ വാക്കുകളായി ഉദ്ധരിക്കുകയും വെബ്സൈറ്റിൽ വന്ന കുറിപ്പിനെ പത്രത്തിന്റെ എഡിറ്റോറിയൽ എന്ന നിലയിൽ വ്യാജമായി അവതരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ചില മാധ്യമഭീകരർ ഇല്ലാത്ത ഒരു വാർത്ത സൃഷ്ടിച്ചത്. ഇത്തരമൊരു ലേഖനം, ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രമാത്രം വലിയ വിവാദമായി മാറിയത് എങ്ങനെ എന്ന് ചിന്തിക്കേണ്ടതുണ്ട്. അനാവശ്യ ചർച്ചകൾ കണ്ട്, ദേവി മേനോൻ തന്നെ സോഷ്യൽ മീഡിയയിലൂടെ ഇതിനെതിരെ പ്രതികരിക്കുകയും, അത് തന്റെ വ്യക്തിപരമായ നിലപാട് ആണെന്നും ശാലോമിനോ ബെന്നി പുന്നത്തറയ്ക്കോ ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പ്രസ്താവിച്ചിരുന്നു. അതിന് ശേഷം രണ്ട് വർഷങ്ങളോളമായിട്ടും, നമ്മുടെ ചില മാധ്യമങ്ങളിലെ ചർച്ചാ അവതാരകർ തങ്ങളുടെ നുണകളെ ലജ്ജയില്ലാതെ ആവർത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം നൽകുവാൻ ഞങ്ങൾ നിർബ്ബന്ധിതരായിരിക്കുന്നത്.

കഴുകൻ കണ്ണുകളോടെ, ദുഷിച്ചതും അഴുകിയതും മാത്രം തിരയുന്ന, സകലത്തിലും തിന്മ മാത്രം കണ്ടെത്താൻ ശ്രമിക്കുന്ന, തിന്മയെ നന്മയും, നന്മയെ തിന്മയുമാക്കി ചിത്രീകരിക്കാൻ വെമ്പൽ കൊള്ളുന്ന ഒരു കറുത്ത മാധ്യമത്തിന്റെ ഗൂഢാലോചനയായിരുന്നു ഇത്തരം ഒരു വിവാദത്തിന് വഴിവച്ചത്. ഒരു അച്ചടിമാധ്യമത്തിന്റെ എഡിറ്റോറിയൽ എന്നാൽ എന്താണെന്ന് അറിയാത്തവർ ആയിരുന്നില്ല ഈ വിഷയം വിവാദമാക്കാനും, കഴിഞ്ഞ രണ്ടു വർഷങ്ങളോളമായി അത് കെട്ടടങ്ങാതെ സൂക്ഷിക്കുവാനും ശ്രദ്ധിച്ച മാധ്യമഗുണ്ടകൾ. അവരെ പിന്തുടർന്ന് വിഷയം ഏറ്റുപിടിച്ച മറ്റുചില മാധ്യമങ്ങളും നിർലജ്ജം ഇതേ കള്ളങ്ങൾ ആവർത്തിക്കുകയാണ് ഉണ്ടായത്. പലർക്കും പലവിധ ലക്ഷ്യങ്ങളാണ് ഉണ്ടായിരുന്നത് എന്ന് നാം തിരിച്ചറിയണം. ചിലർ ശാലോമിന്റെ മറവിൽ സഭയെ ആക്രമിച്ചപ്പോൾ, മറ്റുചിലർ സ്ഥാപിത താത്പര്യങ്ങളോടെ ശാലോമിനെതിരെയുള്ള ദുഷ്പ്രചരണങ്ങൾ ഇന്നും ആവർത്തിച്ചുകൊണ്ടിരിക്കുന്നു.

കഴിഞ്ഞ ഇരുപത് വർഷങ്ങളായി പത്രത്തിന്റെ പ്രിന്റ് എഡീഷനിൽ വരുന്ന എഡിറ്റോറിയലുകൾ തന്നെയാണ് ഓൺലൈനിലും എഡിറ്റോറിയൽ കോളത്തിൽ നൽകുന്നത്. ഈ പംക്തിയിൽ ഇതുവരെയും ഫാ. റോബിനുമായി ബന്ധപ്പെട്ട യാതൊരു വിഷയങ്ങളും സൺഡേ ശാലോമിന്റെ ഇന്ത്യൻ, യൂറോപ്യൻ, അമേരിക്കൻ എഡീഷനുകളിൽ ഇതുവരെ പ്രതിപാദിച്ചിട്ടുമില്ല. എന്നിട്ടും വെബ്സൈറ്റിൽ നൽകിയ ഒരു ചെറു ലേഖനത്തെ ദുർവ്യാഖ്യാനം ചെയ്ത് എഡിറ്റോറിയലായി അവതരിപ്പിച്ച്, സൺഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും അവഹേളിച്ചതിന്റെ പിന്നിലെ ഗൂഡലക്ഷ്യം എന്തായിരിക്കും? ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രമാത്രം വലിയ വിവാദമായി മാറിയതിന്റെ കാരണം എന്താണെന്നും നാം ചിന്തിക്കേണ്ടതുണ്ട്.

ദുരാരോപണങ്ങളും വ്യാജവാർത്തകളും പതിവാക്കിയ, ധാർമ്മിക അടിത്തറയില്ലാത്ത ഒരു വർഗത്തോട് മൽപ്പിടുത്തം നടത്തുന്നത് വിവേകശൂന്യതയാണ് എന്ന ബോധ്യത്തിൽ നിന്നുകൊണ്ടാണ് ഇതുവരെയും ഞങ്ങൾ നിശബ്ദത പാലിച്ചത്. എന്നാൽ, സമീപകാലങ്ങളിൽ ക്രൈസ്തവ സമൂഹങ്ങളെ നിരന്തരം വേട്ടയാടുന്നതിന്റെ തുടർച്ചയായി ഈ ദുരാരോപണം പതിവായി ആവർത്തിച്ചുകൊണ്ട് ഈ വലിയ വിശ്വാസിസമൂഹത്തെതന്നെ ചിലർ അപമാനിച്ചുകൊണ്ടിരിക്കുന്നു. ഒട്ടേറെപ്പേരെ തെറ്റിദ്ധരിപ്പിക്കുവാൻ ചാനലുകളിലെ വ്യാജവാർത്താവിദഗ്ദരായ ചർച്ചാവതാരകർക്ക് കഴിഞ്ഞിട്ടുണ്ട്. ഇനിയും അത് തുടർന്നുകൂടാ.

ഇങ്ങനെ ഒരു എഡിറ്റോറിയൽ സൺഡേ ശാലോം എഴുതിയിട്ടില്ല എന്ന് വിവാദങ്ങൾ ആരംഭിച്ചപ്പോൾ തന്നെ പത്രത്തിലൂടെ ഞങ്ങൾ വിശദമാക്കിയിരുന്നു. അത് അവഗണിച്ചുകൊണ്ട് വീണ്ടും ജനത്തെ തെറ്റിദ്ധരിപ്പിക്കുവാൻ ശ്രദ്ധിക്കുന്ന വ്യാജ വാർത്താഅവതാരകർക്കായി ഒരിക്കൽക്കൂടി ഞങ്ങൾ വ്യക്തമാക്കട്ടെ,

//ഫാ. റോബിന് അനുകൂലമായോ പ്രതികൂലമായോ സൺഡേ ശാലോം ഒരു എഡിറ്റോറിയൽ എഴുതിയിട്ടില്ല.

//സൺഡേ ശാലോമിന്റെ വെബ്സൈറ്റിൽ വന്ന ലേഖനത്തിന്റെ വിഷയം, ഒരു വൈദികനുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിൽ എല്ലാ വൈദികരെയും മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല എന്നത് മാത്രം.

//സോഷ്യൽ മീഡിയയിൽ വൈദികരെയെല്ലാം അടച്ചാക്ഷേപിക്കുന്ന കമന്റുകൾക്കിടയിൽ വ്യത്യസ്ഥമായ ചുരുക്കം ചില ചിന്തകൾ കണ്ടപ്പോൾ, അതിന്റെ ഉദാഹരണമായി ദേവി മേനോൻ എന്ന സഹോദരി ഇരയായ പെൺകുട്ടിക്കുള്ള ഉപദേശ രൂപേണ എഴുതിയ കത്തിലെ രണ്ടു വാചകങ്ങൾ ഉദ്ധരിച്ചിരുന്നു. അവരുടെ വാക്കുകളെ അനുകൂലിച്ചോ, പ്രതികൂലിച്ചോ യാതൊരുവിധ പ്രസ്താവനകളും മേൽപ്പറഞ്ഞ ലേഖനത്തിൽ ഉണ്ടായിരുന്നതുമില്ല. സോഷ്യൽ മീഡിയയിലെ വേറിട്ട ചില ചിന്തകൾക്ക് ഉദാഹരണമായി അത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

//വെബ്സൈറ്റിലെ ഈ ലേഖനത്തെ സൺഡേ ശാലോം പത്രത്തിന്റെ എഡിറ്റോറിയലായി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച ഏഷ്യാനെറ്റിലെ ശ്രീ വിനു ചെയ്തതും തികച്ചും അധാർമ്മികമായ ഒരു പ്രവൃത്തിയാണ്. മേൽപ്പറഞ്ഞ വാസ്തവങ്ങൾ മറച്ചുവച്ച്, ലേഖനത്തിലെ മിക്ക ഭാഗങ്ങളും വിട്ടുകളഞ്ഞ് ചില വാക്കുകൾ മാത്രം ചീഫ് എഡിറ്ററുടേതായി അദ്ദേഹം അവതരിപ്പിക്കുകയാണ് ഉണ്ടായത്. മറ്റു ചില ചാനലുകളും, ഓൺലൈൻ മാധ്യമങ്ങളും ഇതേ ശൈലി തന്നെയാണ് സ്വീകരിച്ചത്. ഇതുവഴി സൺഡേ ശാലോമിനെയും ചീഫ് എഡിറ്ററെയും ജനമദ്ധ്യത്തിൽ അവഹേളിക്കുവാൻ കൂടി അവർ നടത്തിയശ്രമം അപലപനീയമാണ്.

മാധ്യമപ്രവർത്തനം മഹാപാപം എന്ന് പറയത്തക്ക വിധം നമ്മുടെ ചാനൽ ചർച്ചകൾ തരംതാണു കഴിഞ്ഞിരിക്കുന്ന ഒരു പശ്ചാത്തലത്തിലാണ് നാം ജീവിക്കുന്നത്. രാഷ്ട്രീയ, വർഗീയ, കച്ചവട ലക്ഷ്യങ്ങൾക്ക് വേണ്ടി എത്രയോപേരുടെ സൽപ്പേര് ഇവർ തകർക്കുന്നു? നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്ന ഇവർക്ക് ഹാ കഷ്ടം എന്നേ പറയാനുള്ളൂ. ഇത്തരത്തിൽ ചിലരുടെ നേതൃത്വത്തിൽ നടന്നുവരുന്ന ഗൂഡശ്രമങ്ങളെ ശരിയായി വിലയിരുത്തിക്കൊണ്ട് അത്തരക്കാരുടെ കാപട്യത്തെ തുറന്നുകാണിക്കുവാനുള്ള ബാധ്യത നമുക്കുണ്ട്. മാധ്യമ രംഗത്തെ കീഴടക്കിക്കൊണ്ടിരിക്കുന്ന തിന്മയുടെ ഇരുണ്ട ശക്തികളെ തോൽപ്പിച്ച് സുന്ദരമായ ഒരു ലോകം പണിതുയർത്തുവാനായി നമുക്ക് കൈകോർക്കാം.

സൺഡേ ശാലോം എഡിറ്റോറിയൽ ടീം''

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP