Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുന്ദര സുബ്രഹ്മണ്യം എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും രണ്ടു പാസ്പോർട്ടുകൾ; അധിക പാൻ കാർഡുകളും; വ്യാജ പേരുകളിൽ പാസ്പോർട്ടും പാൻകാർഡും ചമച്ചുവെന്ന ഹർജിയിൽ വ്യവസായി സുന്ദർമേനോന് സുപ്രിംകോടതി നോട്ടീസ്; ജൂലൈ അവസാനവാരം സുന്ദർമേനോൻ ഹാജരാകേണ്ടി വരും

സുന്ദര സുബ്രഹ്മണ്യം എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും രണ്ടു പാസ്പോർട്ടുകൾ; അധിക പാൻ കാർഡുകളും; വ്യാജ പേരുകളിൽ പാസ്പോർട്ടും പാൻകാർഡും ചമച്ചുവെന്ന ഹർജിയിൽ വ്യവസായി സുന്ദർമേനോന് സുപ്രിംകോടതി നോട്ടീസ്; ജൂലൈ അവസാനവാരം സുന്ദർമേനോൻ ഹാജരാകേണ്ടി വരും

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വ്യാജ രേഖകൾ വഴി വിവിധ പേരുകളിൽ പാസ്പോർട്ടും പാൻകാർഡും ഉൾപ്പെടെയുള്ളവ സ്വന്തമാക്കി സാമ്പത്തിക ഇടപാടുകളും വാഹന രജിസ്ട്രേഷനും നടത്തിയെന്ന ഹർജിയിൽ പ്രവാസി വ്യവസായി സുന്ദർമേനോനെതിരെ നോട്ടീസ് അയക്കാൻ സുപ്രിംകോടതി ഉത്തരവ്. സാമൂഹിക പ്രവർത്തകനും തിരുവമ്പാടി കുന്നത്ത് ലൈനിലെ താമസക്കാരനുമായ ബാലസുബ്രഹ്മണ്യൻ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ റോഹിൻട്ടൻ ഫാലി നരിമാൻ, വിനീത് സരൻ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.

വ്യത്യസ്ത പേരുകളിൽ സുന്ദർമേനോൻ സ്വന്തമാക്കിയ പാസ്പോർട്ടുകൾ, വാഹന രജിസ്ട്രേഷൻ നടത്തിയതിന്റെ രേഖകൾ, ഖത്തറിലെ ബിസിനസ് സർട്ടിഫിക്കറ്റ് തുടങ്ങിയ 18 രേഖകളുടെ പകർപ്പ് ബാലസുബ്രഹ്മണ്യം സുപ്രിംകോടതിയിൽ ഹാജരാക്കിയിരുന്നു. അഭിഭാഷകരായ മുകുൾ റോഹത്ഗി, കെ. രാംകുമാർ, അനുപമ സുബ്രഹ്മണ്യൻ, കെ.ആർ. ശ്രീപതി എന്നിവരാണ് ബാലസുബ്രഹ്മണ്യത്തിനു വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്. . ജൂലൈ അവസാനവാരം സുന്ദർ മേനോൻ സുപ്രീംകോടതിയിൽ ഹാജരാകേണ്ടി വരുമെന്ന് ഈ കേസിൽ ബാലസുബ്രഹ്മണ്യനുവേണ്ടി ഹാജരായ അഡ്വ. ശ്രീപതിയും അഡ്വ. അനുപമയും
മറുനാടനോട് പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നു എന്ന് കണ്ടതുകൊണ്ടാണ് സുപ്രീംകോടതി സുന്ദർമേനോന് നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. അല്ലെങ്കിൽ ഹർജി ഉടനടി തള്ളുമായിരുന്നു-അനുപമ പറഞ്ഞു.

സുന്ദർമേനോന് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലും സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിലും രണ്ടു പാസ്പോർട്ടുണ്ട്. സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലുള്ള പാസ്പോർട്ട് 2005ൽ കൊച്ചിയിൽ നിന്നും എടുത്താണ്. പിന്നീട് കൊച്ചിയിൽ നിന്നു തന്നെ സുന്ദർ അടിയാട്ട് മേനോൻ എന്ന പേരിൽ മറ്റൊരു പാസ്പോർട്ട് സുന്ദർമേനോൻ സ്വന്തമാക്കി. ഖത്തറിലെ ഇന്ത്യൻ എംബസിയിൽ നിന്ന് 2015ൽ ഈ പാസ്പോർട്ട് പുതുക്കിയിട്ടുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചു. ഖത്തറിലെ സൺ ഇന്റർനാഷണൽ ട്രേഡിങ് ആൻഡ് ട്രാൻസ്പോർട്ട് കമ്പനിയുടെ പാർട്ട്ണറായ സുന്ദർമേനോൻ രജിസ്ട്രേഷന് വേണ്ടി ഉപയോഗിച്ചിരിക്കുന്ന പേര് തെക്കെ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്നാണ്.

സുന്ദർമേനോന്റെ ഉടമസ്ഥതയിലുള്ള കാറുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതും വ്യത്യസ്ത പേരുകളിലാണ്. ബെൻസ് കാറിന്റെ രജിസ്ട്രേഷൻ സുന്ദർ മേനോൻ എന്ന പേരിലും ടൊയോട്ട കാറിന്റെത് സുന്ദർ അടിയാട്ട് സുന്ദർമേനോൻ എന്ന പേരിലും ലാന്റ് ക്രൂയിസർ സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലുമാണ്. ബി.എം. ഡബ്ള്യു കാറിന്റെ രജിസ്ട്രേഷൻ നടന്ന 2005 ഫെബ്രുവരി 27 ഒരു ഞായറാഴ്ച ദിവസമാണ്. ഞായറാഴ്ചകളിൽ വാഹന രജിസ്ട്രേഷൻ നടക്കാറില്ല. ആജട9104നമ്പറിലുള്ള പാൻ കാർഡ് സുന്ദർ അടിയാട്ട് മേനോൻ എന്നയാളുടെ പേരിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ സുന്ദർമേനോൻ എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് അനുവദിച്ചത്.

ജമ്മു ആസ്ഥാനമായി രജിസ്റ്റർ ചെയ്ത സുന്ദർമേനോൻ ഡയറക്ടറായ ഹീവാൻ ഫിനാൻസ് കമ്പനിയിൽ സുന്ദർ അടിയാട്ട് മേനോൻ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. സുന്ദർമേനോന് സ്വന്തമായി നേരത്തെ ആനയുണ്ടായിരുന്നു. അന്നത്തെ രേഖയനുസരിച്ച് ആനയുടെ ഉടമ ടി.എ. സുന്ദർമേനോനാണ്. അയ്യന്തോൾ സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളനുസരിച്ച് സുന്ദർമേനോൻ ഭൂമി വാങ്ങുന്നതും വിൽക്കുന്നതും തെക്കെ അടിയാട്ട് സുന്ദര സുബ്രഹ്മണ്യൻ എന്ന പേരിലാണ്.

2014ൽ പത്മ അവാർഡിനായി സുന്ദർമേനോൻ കേന്ദ്ര സർക്കാരിന് അപേക്ഷ നൽകിയത് ടി.എ. സുന്ദർമേനോൻ എന്ന പേരിലാണ്. 2015ൽ സുന്ദർമേനോൻ എന്ന പേരിലും 2016ൽ സുന്ദർ ആദിത്യമേനോൻ എന്ന പേരിലും അപേക്ഷ നൽകി. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി സ്വന്തം പേര് ദുരുപയോഗം ചെയ്തു, ക്രിമിനൽ പശ്ചാത്തലത്തിൽ നിന്ന് രക്ഷനേടാനും പുകമറ സൃഷ്ടിക്കാനുമാണ് സുന്ദർമേനോൻ പേരുമാറ്റം നടത്തിയതെന്നുമായിരുന്നു ബാലസുബ്രഹ്മണ്യന്റെ വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP