Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകം; ലീല ഹോട്ടലിലെ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റി; ക്രൈം സീനും മാറ്റപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബിന്റെ റിപബ്ലിക് ടിവി; മരണദിവസവും തലേന്നുമായുള്ള 19 ഓഡിയോ സംഭാഷണങ്ങൾ പുറത്തുവിട്ടു; മാധ്യമപ്രവർത്തകയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ സുനന്ദയും തരൂരിന്റെ സഹായി നാരായണനും; കോടതിയിൽ തെളിയിക്കാൻ തരൂരിന്റെ വെല്ലുവിളി

സുനന്ദ പുഷ്‌കറിന്റെ മരണം ആസൂത്രിത കൊലപാതകം; ലീല ഹോട്ടലിലെ മരണം നടന്ന മുറിയിൽനിന്ന് മൃതദേഹം മാറ്റി; ക്രൈം സീനും മാറ്റപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബിന്റെ റിപബ്ലിക് ടിവി; മരണദിവസവും തലേന്നുമായുള്ള 19 ഓഡിയോ സംഭാഷണങ്ങൾ പുറത്തുവിട്ടു; മാധ്യമപ്രവർത്തകയുമായുള്ള ഫോൺ സംഭാഷണങ്ങളിൽ സുനന്ദയും തരൂരിന്റെ സഹായി നാരായണനും; കോടതിയിൽ തെളിയിക്കാൻ തരൂരിന്റെ വെല്ലുവിളി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: തിരുവനന്തപുരം എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ ദുരൂഹ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അർണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപബ്ലിക് ടിവി. ഡൽഹിയിലെ ലീലാ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സുനന്ദ പുഷ്‌കറിന്റെ മൃതദേഹം മരണം നടന്ന സ്ഥലത്തുനിന്ന് മാറ്റപ്പെട്ടുവെന്നാണ് വൈകിട്ട് ഏഴു മണിക്ക് സൂപ്പർ എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ട വാർത്തയിൽ അർണാബ് ആരോപിച്ചത്. ഹോട്ടലിലെ 307ാംനമ്പർ മുറിയിൽനിന്ന് 345ാം മുറിയിലേക്കു മൃതദേഹം മാറ്റിയെന്നാണ് ആരോപിച്ചിരിക്കുന്നത്. മരണം നടന്ന സ്ഥലത്തെ ക്രൈം സീനിൽ മാറ്റം വരുത്തിയെന്നും ആരോപിക്കുന്നു. ആരോപണം വ്യാജമാണെന്നും കോടതിയിൽ തെളിയിക്കാൻ വെല്ലുവിളിക്കുകയാണെന്നും ശശി തരൂർ പ്രതികരിച്ചു.

മരണം നടന്ന ദിവസത്തെയും തലേ ദിവസത്തെയും ഓഡിയോ ടേപ്പുകൾ പുറത്തുവിട്ടുകൊണ്ടാണ് അർണാബ് ഗോസ്വാമിയും റിപബ്ലിക് ടിവിയും ആരോപണം ഉന്നയിച്ചിരിക്കുന്നത്. സുന്ദയുടേത് അടക്കം 19 പേരുമായുള്ള ഫോൺ സംഭാഷണങ്ങളാണ് ചാനൽ പുറത്തുവിട്ടത്. മലയാളി മാധ്യമപ്രവർത്തകയും മുമ്പ് ടൈംസ് നൗ ചാനലിലും ഇപ്പോൾ റിപബ്ലിക് ടിവിയിലും ജോലി ചെയ്യുന്ന പ്രേമ ശ്രീദേവി തന്റെ ഫോണിൽനിന്നു നടത്തുന്ന സംഭാഷണങ്ങളാണ് ഇത്. സുനന്ദ പുഷ്‌കർ അടക്കമുള്ളവരുടെ ശബ്ദം ടേപ്പിലുണ്ട്. ഭൂരിഭാഗം സംഭാഷണങ്ങളും തരൂരിന്റെ സഹായി നാരായണൻ സിംഗുമായിട്ടുള്ളതാണ്. സുനന്ദ മരിച്ച 2014 ജനുവരി 17 ലെയും തലേദിവസത്തേയും ഫോൺ സംഭാഷണങ്ങളാണിവ.

സുനന്ദ സംസാരിക്കാൻ ആഗ്രിച്ചപ്പോൾ തരൂർ തടുത്തുവെന്നത് ടേപ്പിൽ നിന്നു വ്യക്തമാകുന്നു. എല്ലാം വെളിപ്പെടുത്തണമെന്ന് സുനന്ദ ആഗ്രഹിച്ചിരുന്നുവെന്നാണ് പ്രേമ ശ്രീദേവി വെളിപ്പെടുത്തിയത്. എന്നാൽ തരൂർ ഇത് തടയുകയായിരുന്നുവത്രേ. ഇതാദ്യമായാണ് ഈ ഓഡിയോ സംഭാഷണങ്ങൾ പുറത്തുവരുന്നത്. അർണാബ് ഗോസ്വാമി നയിക്കുന്ന സുപ്പർ എക്‌സ്‌ക്ലൂസീവ് വാർത്താ ചർച്ചയിൽ രാഹുൽ ഈശ്വർ അടക്കമുള്ളവർ പങ്കെടുക്കുന്നുണ്ട്.

മരണത്തിന്റെ തലേന്ന് സുനന്ദയുമായി നടത്തുന്ന ഫോൺ സംഭാഷണമാണ് ആദ്യത്തെ ഓഡിയോ ടേപ്പ്. വീട്ടിൽ കീടനാശിനി പ്രയോഗിക്കുകയാണെന്നും അതിനാൽ ഇപ്പോൾ ലീലാ ഹോട്ടലിലാണെന്നും സുനന്ദ പറയുന്നു. താൻ ഹോട്ടലിന്റെ ഒമ്പതാം നിലയിലാണെന്നും സുനന്ദ പറയുന്നുണ്ട്. വളരെ ക്ഷീണിച്ച ശബ്ദത്തിലാണ് സുനന്ദ സംസാരിക്കുന്നത്. ഒമ്പതരയോടെ ശ്രീദേവി സുനന്ദയെ കാണാനായി ഹോട്ടലിലെത്തി. 9.45ന് തരൂരിന്റെ സഹായിയായ നാരായണനുമായുള്ള സംഭാഷണങ്ങളാണ് തുടർന്നുള്ള ഓഡിയോ ടേപ്പുകൾ.

ഇപ്പോൾ സുനന്ദയുടെ അഭിമുഖം എടുക്കാൻ പറ്റില്ലെന്ന് നാരായണൻ പറയുന്നു. മാഡത്തിന് ഫോൺ കൊടുക്കാമോ എന്ന ചോദ്യത്തിന് പറ്റില്ലെന്നും മറുപടി പറയുന്നു. സുനന്ദയെ കാണാൻ പ്രേമ ശ്രമിക്കുമ്പോൾ തരൂരിന്റെ മറ്റൊരു സഹായി ആർ.കെ. ശർമ തടഞ്ഞു. അപ്പോൾ മുറിയിൽ തരൂർ ഉണ്ടായിരുന്നുവെന്നാണ് പ്രേമ പറയുന്നത്.

തുടർന്ന് ആർ.കെ. ശർമയുമായി പ്രേമ നടത്തുന്ന ഫോൺ കോൾ ആണ് അടുത്ത സംഭാഷണം. എന്നാൽ സുനന്ദയുമായി സംസാരിക്കാൻ തരൂർ അനുവദിച്ചില്ലെന്ന് പ്രേമ ആരോപിക്കുന്നു. തുടർന്ന് നാരായണനുമായിട്ടുള്ളതാണ് അടുത്ത ഫോൺ. പിറ്റേന്ന് വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് തങ്ങൾ വീട്ടിലേക്കു മടങ്ങിയേക്കുമെന്ന് നാരായണൻ പറയുന്നു.

തുടർന്ന് പിറ്റേന്നു രാവിലെ സുനന്ദയെ വിളിച്ചുവെങ്കിലും എടുത്തില്ലെന്നു പ്രേമ ശ്രീദേവി പറയുന്നു. തുടർന്ന് നാരായണനെ ഫോണിൽ വിളിച്ചു. തരൂർ രാവിലെ 6.30വരെ ഹോട്ടൽമുറിയിൽ ഉണ്ടായിരുന്നുവെന്ന് ഈ കോളിൽ നാരായണൻ സ്ഥിരീകരിക്കുന്നു. അവർ രാത്രി മുഴുൻ വഴക്കിട്ടുവെന്നും സുനന്ദ ഭക്ഷണം കഴിച്ചിട്ടില്ലെന്നും നാരായൺ പറയുന്നു.

രാവിലെ 6.30ന് ഹോട്ടൽവിട്ട തരൂർ 9.30ന് തിരിച്ചെത്തിയതായി നാരായണനുമായി നടത്തിയ അടുത്ത കോളിൽ പ്രേമ ശ്രീദേവി പറയുന്നു. ഇക്കാര്യം തരൂർ പൊലീസിനോടു പറഞ്ഞുവോയെന്നു വ്യക്തമല്ലെന്നും പ്രമ പറയുന്നു. സുനന്ദ പുറത്തുപോയിട്ടില്ലെന്നും മുറിയിൽ തന്നെ ഉണ്ടായിരുന്നുവെന്നും അടുത്ത ഓഡിയോ ടേപ്പിൽ നാരായണൻ വെളിപ്പെടുത്തുന്നു. ഞങ്ങൾ വീട്ടിൽ പോകും എന്നാണ് അടുത്ത ഫോൺ സംഭാഷണത്തിൽ വ്യക്തമാക്കുന്നത്.

കീടനാശിനി പ്രയോഗം കഴിഞ്ഞുവെന്നും വൈകിട്ട് അഞ്ചിനും ആറിനും ഇടയ്ക്ക് വീട്ടിലേക്കു മടങ്ങുമെന്നും തുടർന്നുള്ള കോളിൽ നാരായണൻ പ്രേമയെ അറിയിക്കുന്നു. തുടർന്നുള്ള കോളിൽ സുനന്ദ എഴുന്നേൽക്കുന്നില്ലെന്ന് നാരായൺ പ്രേമയോടു പറയുന്നു. സുനന്ദയുടെ മുറിയിൽനിന്നാണ് ഈ സംഭാഷണം നാരായണൻ നടത്തുന്നത്. സുനന്ദ രാത്രിയിൽ ഉറങ്ങിയില്ലെന്നും നാരായണൻ കൂട്ടിച്ചേർക്കുന്നുണ്ട്. വൈകിട്ട് അഞ്ചു മണിയോടെ വീണ്ടും പ്രേമ വിളിക്കുമ്പോൾ നാരായണൻ പരിഭ്രാന്തനാണ്. അടുത്ത കോൾ വൈകിട്ട് ആറു മണിയോടെയാണ്. സുനന്ദയെ വിളിക്കേണ്ടയെന്നും ഉറങ്ങട്ടെയെന്നും തരൂർ നിർദ്ദേശം നല്കിയതായി നാരായണൻ അറിയിക്കുന്നു. ഞാനിപ്പോൾ 307ാം നമ്പർ മുറിയിലാണെന്നും കോൾ കട്ട് ചെയ്യുകയായാണെന്നും നാരായണൻ പറയുന്നു.

ഹോട്ടലിനു പുറത്തിറങ്ങിയ തരൂർ വൈകിട്ട് 8.20ഓടെയാണ് തിരിച്ചെത്തുന്നത്. 307ാം നമ്പർ മുറിയിലായിരുന്ന സുനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത് 34ാം മുറിയിൽനിന്ന് ആണെന്ന് പ്രേമ പറയുന്നു. 307ാം നമ്പർ മുറിയിലാണ് സുനന്ദ ഉണ്ടായിരുന്നതെന്ന് നാരായണൻ വ്യക്തമായി പറഞ്ഞിരുന്നതാണ്. 307ാം നമ്പർ മുറിയിൽനിന്ന് 345ലെത്താൻ മൂന്നു മിനിട്ടു മതി. സുനന്ദയുടെ മരണത്തിൽ ആസൂത്രിക ഗൂഢാലോചന ഉണ്ടെന്നും അതിന്റെ ഭാഗമായാണ് മൃതദേഹം മരണം നടന്ന മുറിയിൽനിന്ന് മാറ്റിയതെന്നും പ്രേമ പറയുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ വ്യാജമാണെന്നു ശശി തരൂർ ട്വിറ്ററിലൂടെ പ്രതികരിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കും ചാനലിന്റെ റേറ്റിങ് ഉയർത്താനുമായി ഒരു മാനുഷിക ദുരന്തത്തെ ചൂഷണം ചെയ്യുകയാണെന്ന് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. തനിക്കെതിരായ വ്യാജ ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാനും തരൂർ വെല്ലുവിളിച്ചു.

 

2014 ജനുവരി 17നാണ് ന്യൂഡൽഹിയിലെ ലീല പാലസ് ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം നടന്ന് മൂന്നു വർഷവും മൂന്നര മാസവും പിന്നിടുമ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ ഉണ്ടായിരിക്കുന്നത്. സുനന്ദയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സുനന്ദയുടെ മരണം നടക്കുമ്പോൾ കേന്ദ്ര മാനവവിഭശേഷി സഹമന്ത്രിയായിരുന്നു ശശി തരൂർ. സുനന്ദയുടെ മരണം വിഷം ഉള്ളിൽ ചെന്നാണെന്ന് ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) ഫോറൻസിക് വിഭാഗം മേധാവി ഡോ.സുധീർ ഗുപ്ത വ്യക്തമാക്കിയിരുന്നു. ഡോ. ഗുപ്തയുടെ നേതൃത്വത്തിലുള്ള എയിംസിലെ ഡോക്ടർമാരുടെ സംഘമാണ് സുനന്ദ പുഷ്‌കറുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയത്. നേരത്തെ ഫോറൻസിക്ക് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ അമിതമായി മരുന്ന് കഴിച്ചതിനാലാണ് മരണം സംഭവിച്ചതെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത് എന്നാൽ പൊലീസ് ഈ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തിയതിനാൽ വീണ്ടും പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ പൊലീസ് ഓൾ ഇന്ത്യ മെഡിക്കൽ സയൻസിന് നിർദ്ദേശം നൽകുകയായിരുന്നു.

ദുബായിലെ ടീകോം ഇൻവെസ്റ്റ്മെന്റിന്റെ ഡയറക്ടറും റാൻഡേവൂ സ്പോർട്സ് വേൾഡിന്റെ സഹ ഉടമയുമായിരുന്ന സുനന്ദ പുഷ്‌കറിനെ 2010 ആഗസ്തിൽ സുനന്ദയെ കേന്ദ്ര മന്ത്രിയായ ശശി തരൂർ വിവാഹം ചെയ്തു. ഇരുവരുടെയും മൂന്നാംവിവാഹമായിരുന്നു ഇത്.

ജമ്മു കശ്മീരിലെ ബോമൈ സ്വദേശിനിയായ സുനന്ദ കരസേനയിൽ ലഫ്.കേണലായിരുന്ന പുഷ്‌കർദാസ് നാഥിന്റെയും പരേതയായ ജയാ ദാസിന്റെയും പുത്രിയാണ്. കശ്മീരിയായ സഞ്ജയ് റെയ്നയെയായിരുന്നു ആദ്യ ഭർത്താവ്. വിവാഹമോചനം നേടി പിന്നീട് മലയാളി വ്യവസായി സുജിത് മേനോനെ വിവാഹം കഴിച്ചു. അദ്ദേഹം കാറപകടത്തിൽ മരിക്കുകയായിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരിക്കെ ശശി തരൂർ ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗിൽ കൊച്ചിൻ ടസ്‌കേഴ്‌സ് എന്ന പേരിൽ ഒരു ടീമുണ്ടാക്കിയത് സുനന്ദ പുഷ്‌കർക്ക് വലിയ ഓഹരി വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു. കൊച്ചി ഐ.പി.എൽ. ടീമിൽ സുനന്ദയ്ക്ക് അനധികൃതമായി 70 കോടിയുടെ ഓഹരി നൽകിയത് ഏറെ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് 2010-ൽ തരൂരിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നു.

ശശി തരൂരിന്റെ ട്വിറ്റർ അക്കൗണ്ടിലെ പ്രണയ സന്ദേശങ്ങൾ സംബന്ധിച്ച് സുനന്ദയുടെ ട്വീറ്റുകൾ വിവാദമായിരുന്നു. തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തുവെന്ന് തരൂർ സന്ദേശമിട്ടെങ്കിലും ഹാക്ക് ചെയ്തതല്ലെന്നും പാക് പത്രപ്രവർത്തക മെഹർ തരാറുമായി തരൂർ പ്രണയത്തിലാണെന്നും താൻ വിവാഹ മോചനം നടത്തുമെന്നും പറഞ്ഞ് സുനന്ദ രംഗത്തുവന്നു. പിന്നീട് തങ്ങൾ സന്തുഷ്ടരാണെന്നും വിവാഹമോചനമില്ലെന്നും അറിയിച്ച് ഇരുവരും പ്രസ്താവനയുമിറക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP