Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

അബുദാബിയിൽ മറൈൻ എൻജിനീയർക്ക് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആർത്തി മരിച്ചെന്നു വരുത്തി ഇൻഷുറൻസ് തുക തട്ടുകയെന്ന തന്ത്രമൊരുക്കി; പല പേരുകളിലും വേഷങ്ങളിലും മുങ്ങി നടന്ന കുറുപ്പിനെ കണ്ടെത്താൻ ഇനിയുമാകാത്തതും കൊടും കുറ്റവാളിയെന്നതിന് തെളിവ്; ദുൽഖർ സൽമാൻ സിനിമയിലൂടെ ശ്രമിക്കുന്നതു കൊലപാതകിയെ വെള്ളപൂശാനോ? പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമ വിവാദത്തിലേക്ക്; സംശയങ്ങളുമായി ചാക്കോയുടെ കുടുംബം

അബുദാബിയിൽ മറൈൻ എൻജിനീയർക്ക് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആർത്തി മരിച്ചെന്നു വരുത്തി ഇൻഷുറൻസ് തുക തട്ടുകയെന്ന തന്ത്രമൊരുക്കി; പല പേരുകളിലും വേഷങ്ങളിലും മുങ്ങി നടന്ന കുറുപ്പിനെ കണ്ടെത്താൻ ഇനിയുമാകാത്തതും കൊടും കുറ്റവാളിയെന്നതിന് തെളിവ്; ദുൽഖർ സൽമാൻ സിനിമയിലൂടെ ശ്രമിക്കുന്നതു കൊലപാതകിയെ വെള്ളപൂശാനോ? പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമ വിവാദത്തിലേക്ക്; സംശയങ്ങളുമായി ചാക്കോയുടെ കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതം പ്രമേയമാകുന്ന 'കുറുപ്പ്' എന്ന സിനിമക്കെതിരെ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ കുടുംബം. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും മകൻ ജിതിനും സിനിമയുടെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാന് വക്കീൽ നോട്ടിസ് അയച്ചത്. എട്ട് ലക്ഷം ഇൻഷുറൻസ് പണമായി ലഭിക്കാൻ താനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ 1984ൽ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തി ചുട്ടുകരിച്ചെന്നായിരുന്നു കേസ്.

കുറുപ്പ് സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ പ്രതികരിച്ചു. ദുൽഖർ സൽമാൻ പുറത്തിറങ്ങിയ കുറുപ്പ് ടീസറിൽ, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കുന്ന വിവരണം ദുൽഖറിന്റെ ശബ്ദത്തിൽ ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ ചാക്കോയുടെ കുടുംബം ആരോപിക്കുന്നു. ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ ആണ് കുറുപ്പ് സംവിധാനം ചെയ്യുന്നത്. സുകുമാര കുറുപ്പിന്റെ റോളിൽ ദുൽഖറും. പെരുന്നാൾ റിലീസായി നിശ്ചയിച്ചിരുന്ന ചിത്രം കോവിഡ് മൂലം റിലീസ് നീട്ടുകയായിരുന്നു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്.

കേരളാ പൊലീസിന്റെ ഉറക്കം കെടുത്തുന്ന ക്രിമിനലാണ് സുകുമാരക്കുറുപ്പ്. പല പേരുകളിലും വേഷങ്ങളിലും മുങ്ങിനടന്ന സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ കേരളാ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും ഇതുവരെ സാധിച്ചിട്ടില്ല. ഇതിനിടെ മംഗളം റിപ്പോർട്ടർ സജിത് പരമേശ്വരൻ സുകുമാരക്കുറുപ്പ് സൗദി അറേബ്യയിൽ വ്യാജ പേരിൽ താമസിക്കുകയാണെന്ന വാർത്ത പുറത്തുവിടുകയും ചെയ്തു. എന്നിട്ടും കുറുപ്പിനെ കണ്ടെത്താനായില്ല. ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വേണ്ടി രൂപസാദൃശ്യമുള്ള ഒരാളെ കൊന്നുകത്തിച്ചെന്ന കേസിൽ പ്രതിയായ കുറുപ്പിനെ പിന്നീടു ആരും കണ്ടിട്ടില്ല. കുറുപ്പ് സൗദിയിലെ മദീനയിലുണ്ടെന്നു വ്യക്തമായ വിവരം കിട്ടിയെങ്കിലും തിരിച്ചറിയാൻ കഴിയുന്ന തെളിവുകളുടെ അഭാവം മുന്നോട്ടുപോക്കിനെ പ്രതിസന്ധിയിലാക്കുന്നു.

ഫിലിം റെപ്രസന്റേറ്റീവായിരുന്ന ചാക്കോയെ 1984 ജനുവരി 21-നു രാത്രി കൊലപ്പെടുത്തിയതിനു ശേഷം കുറുപ്പും പൊന്നപ്പനും കാറിൽ ആലുവയിലേക്കാണു പോയത്. അവിടെയുള്ള ഒരു ലോഡ്ജിലായിരുന്നു താമസം. പിന്നീട് കാറുമായി പൊന്നപ്പൻ തിരികെ ചെറിയനാട്ടെത്തി. എല്ലാം കുഴഞ്ഞുമറിഞ്ഞെന്നു മനസിലാക്കിയ സുകുമാരക്കുറുപ്പ് അതിസാഹസികമായി മാതാവ് ജാനകിയുടെ സഹോദരി താമസിക്കുന്ന മാവേലിക്കരയ്ക്ക് സമീപമുള്ള ഈരേഴയിലെത്തി. റോഡ് യാത്ര സുരക്ഷിതമല്ലെന്നു കണ്ട് അവിടെനിന്നു റെയിൽവേ ട്രാക്കിലൂടെ കിലോമീറ്ററുകൾ നടന്ന് ചെറിയനാട്ടെ ബന്ധുവീട്ടിൽ വന്നു. തുടർന്നാണ് ചില ബന്ധുക്കളുടെ സഹായത്തോടെ സ്ത്രീവേഷമണിഞ്ഞ് കാറിൽ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലെത്തിയത്. അവിടെ നിന്നു പോയ കുറുപ്പിനെ പിന്നീടു കണ്ടവരില്ല.

കുറുപ്പ് ആലുവയിൽ മുറിയെടുത്ത ലോഡ്ജിൽ വിശദമായ പരിശോധന നടത്തിയിരുന്നെങ്കിൽ വിരലടയാളം കണ്ടെത്താൻ പൊലീസിനു കഴിയുമായിരുന്നു. ഈ നിർദ്ദേശം ചില ഉദ്യോഗസ്ഥർ മുന്നോട്ടുവച്ചെങ്കിലും അതു നടന്നില്ല. ശാസ്ത്രീയ കുറ്റാന്വേഷണ സംവിധാനം ഇന്നത്തെയത്ര വളർന്നിരുന്നില്ലെങ്കിലും ചാക്കോ വധം സംബന്ധിച്ച് പ്രാഥമിക അന്വേഷണങ്ങളെല്ലാം അന്നു നൂതനമായിരുന്ന സാങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു. കൊല്ലപ്പെട്ടത് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയാണെന്നു സ്ഥിരികരിക്കാനായി പൊലീസ് സർജൻ ബി. ഉമാദത്തൻ സൂപ്പർ ഇംപോസിഷനാണ് നടത്തിയത്.

ചാക്കോയുടെ ഫോട്ടോ ഉപയോഗിച്ചാണ്് കത്തിക്കരിഞ്ഞ തലയോട്ടിയിൽനിന്നു മുഖം സൃഷ്ടിച്ചെടുത്തത്. പാദത്തിന്റെ അസ്ഥിയിൽനിന്നു കാലിന്റെ നീളവും കണ്ടെത്തി. ചാക്കോയുടെ ചെരുപ്പുമായി ഒത്തുനോക്കി. ചാക്കോയുടെ മൃതദേഹം ചുട്ടുകരിച്ചത് സുകുമാരക്കുറുപ്പിന്റെ ഭാര്യവീടായ ചെറിയനാട്ടെ സ്മിതാ ഭവനിലെ കുളിമുറിയിലായിരുന്നു. അവിടെനിന്നു മുടിയുടെ ഭാഗം കണ്ടെത്തി. തല കരിച്ചപ്പോൾ മുടിയിഴകൾ പുകച്ചുരുളിനൊപ്പം ഉയർന്ന് കുളിമുറിയിലെ മാറാലയിൽ തൂങ്ങിക്കിടന്നിരുന്നു. കുളിമുറി കഴുകിയപ്പോൾ ഏതാനും മുടിയിഴകൾ ഓവുചാലിലും തങ്ങിനിന്നിരുന്നു. ഇവയെല്ലാം കണ്ടെത്തി ഫോറൻസിക് പരിശോധന നടത്തിയത് പ്രശസ്ത ഫോറൻസിക് വിദഗ്ധൻ ഡോ. മുരളീകൃഷ്ണയാണ്.

കൊല്ലപ്പെട്ടതു ചാക്കോ തന്നെയാണെന്ന് ഇത്രയും ശാസ്ത്രീയമായ മാർഗങ്ങളിലൂടെ സ്ഥിരീകരിച്ച പൊലീസ് എന്തുകൊണ്ട് കുറുപ്പിന്റെ വിരലടയാളം ശേഖരിച്ചില്ലെന്ന ചോദ്യം വലിയ പിഴവിലേക്കു വിരൽ ചൂണ്ടുന്നു. അബുദാബിയിൽ മറൈൻ എൻജിനീയറായിരുന്ന കുറുപ്പിന് പണത്തോടുണ്ടായിരുന്ന അടങ്ങാത്ത ആർത്തിയാണ് മരിച്ചെന്നുവരുത്തി ഇൻഷുറൻസ് തുക തട്ടുകയെന്ന തന്ത്രം മെനയുന്നതിലെത്തിച്ചത്. അതിനു കുറുപ്പിന്റെ ഭാര്യയും പങ്കുവഹിച്ചു എന്നു വിശ്വസിക്കുന്നവരുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP