Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണയവിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു: ഇനി ഇങ്ങോട്ടുവരേണ്ട...നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു; കല്ല്യാണത്തിനോ ഗൃഹപ്രവേശത്തിനോ മരണാനന്തര ചടങ്ങുകൾക്കോ പങ്കെടുപ്പിക്കില്ല; ബന്ധുക്കളോട് സംസാരിച്ചാൽ അവർക്കും വിലക്ക്; ഒപ്പം വൻതുക പിഴയും; ജാതി ഭ്രഷ്ടും ഊരുവിലക്കുമായി യാദവ സമുദായം; എന്തുചെയ്യണമെന്ന് അറിയാതെ സുകന്യയും അരുണും; ഗോത്ര രക്തശുദ്ധിയുടെ പേരിലുള്ള ജാതിഭ്രഷ്ടിന്റെ കഥ

പ്രണയവിവാഹം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് വിളിച്ചുപറഞ്ഞു: ഇനി ഇങ്ങോട്ടുവരേണ്ട...നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു; കല്ല്യാണത്തിനോ ഗൃഹപ്രവേശത്തിനോ മരണാനന്തര ചടങ്ങുകൾക്കോ പങ്കെടുപ്പിക്കില്ല; ബന്ധുക്കളോട് സംസാരിച്ചാൽ അവർക്കും വിലക്ക്; ഒപ്പം വൻതുക പിഴയും; ജാതി ഭ്രഷ്ടും ഊരുവിലക്കുമായി യാദവ സമുദായം; എന്തുചെയ്യണമെന്ന് അറിയാതെ സുകന്യയും അരുണും; ഗോത്ര രക്തശുദ്ധിയുടെ പേരിലുള്ള ജാതിഭ്രഷ്ടിന്റെ കഥ

കെ വി നിരഞ്ജൻ

കോഴിക്കോട്: കാലം മാറിയതൊന്നും ഇവർക്ക് പ്രശ്‌നമല്ല. ആധുനിക സമൂഹത്തിലും ഗോത്ര രക്ത ശുദ്ധിയാണ് മുഖ്യം. അത് അടിച്ചേൽപ്പിക്കുകയാണ് യാദവ സമുദായം. കേരളത്തിലാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് അറിയാത്തവരുണ്ടാകും. എന്നാൽ, അന്യസമുദായത്തിൽ നിന്നുള്ളവരെ വിവാഹം ചെയ്താൽ ഊരുവിലക്കും, ജാതിഭ്രഷ്ടുമൊക്കെ പ്രഖ്യാപിക്കുന്ന ഭ്രാന്തൻ ചിന്തകളാണ് ഇവരെ ഭരിക്കുന്നത്. ഊരുവിലക്ക് വന്നാൽ,വിവാഹം, മരണം, ഗൃഹപ്രവേശനം തുടങ്ങിയ ചടങ്ങുകളിലേക്ക് പ്രവേശനമില്ല: ജാതിഭ്രഷ്ടിനും വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തും. ബന്ധുക്കളോട് സംസാരിക്കാൻ പോലും കഴിയാതെ ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ് കഴിയുന്നത്.

സംസ്ഥാനത്ത് മലബാർ മേഖലയിലും പാലക്കാട്, കൊല്ലം ജില്ലകളിലുമാണ് പ്രധാനമായും യാദവ സമുദായക്കാർ താമസിച്ചുപോരുന്നത്. ഈ ജാതികളിലെ യുവതികളോ യുവാക്കളോ അന്യ സമുദായക്കാരിൽ നിന്നുള്ളവരെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്താൽ അവരെ ജാതിയിൽ നിന്ന് പുറത്താക്കുന്നതാണ് പതിവായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ യാദവർ എന്ന് വിളിക്കുന്ന ജാതിക്കുള്ളിൽ നിലനിൽക്കുന്ന ജനാധിപത്യവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ജാതിഭ്രഷ്ടും അതുമായി ബന്ധപ്പെട്ട ഊരുവിലക്കും സാമൂഹിക ബഹിഷ്‌ക്കരണവും സംസ്ഥാനത്തിന്റെ പല ഭാഗത്തും നടന്നുവരികയാണെന്ന് ഇരകളാക്കപ്പെട്ടവർ പറയുന്നു. ഇത്തരത്തിൽ സമുദായത്തിൽ നിന്ന് പുറത്തായ നിരവധി കുടുംബങ്ങളിൽ ഒന്നാണ് സുകന്യ-അരുൺ ദമ്പതികളുടേത്. അവരെ കൂടാതെയും ഒരുപാടുകുടുംബങ്ങളുണ്ട് ഇതേ കഥ പറയാൻ.

യാദവ സമുദായത്തിൽ നിന്നു തന്നെ വിവാഹം കഴിച്ചവരെ സമുദായത്തിൽ നിന്ന് പുറത്താക്കിയ അനുഭവമാണ് വയനാട് മാനന്തവാടിയിലെ സുകന്യ-അരുൺ ദമ്പതികൾക്കുണ്ടായത്. ഒരേ സമുദായത്തിൽ നിന്ന് തന്നെ പ്രണയിച്ചു വിവാഹം കഴിച്ചിട്ടും സമുദായ നേതാക്കൾ ഇവർക്ക് ഊരുവിലക്ക് കൽപ്പിച്ചു എന്ന് മാത്രമല്ല അവർക്ക് നേരെ ഭീഷണിയും കൈയേറ്റവും നടത്തിയതിന്റെ വ്യവഹാരങ്ങൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 2012 ലാണ് പ്രണയത്തിലായിരുന്ന അരുണും സുകന്യയും രജിസ്റ്റർ വിവാഹം ചെയ്യുന്നത്. സുകന്യയുടെ അച്ഛൻ ഗോവിന്ദരാജ് സാമ്പത്തികമായി ഉയർന്ന നിലയിലുള്ള ആളായിരുന്നു. ഒരേ സമുദായത്തിൽ പെട്ടവരായിരുന്നെങ്കിലും സാമ്പത്തിക വ്യത്യാസം തന്നെയായിരുന്നു പ്രധാന പ്രശ്‌നം.

കല്ല്യാണം കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് ഇനി ഇങ്ങോട്ടുവരേണ്ട. നിങ്ങളെ സമുദായത്തിൽ നിന്ന് പുറത്താക്കിയിരിക്കുന്നു എന്നാണ് വിളിച്ചു പറഞ്ഞത്. പിന്നീടിവർ വാടകയ്ക്ക് വീടെടുത്ത് താമസിക്കാൻ തുടങ്ങി. കല്ല്യാണത്തിനോ മരണാനന്തര ചടങ്ങുകൾക്കോ ഒന്നും പോകാൻ പറ്റാത്ത അവസ്ഥ. പൊലീസിൽ പരാതി നൽകിയെങ്കിലും ഓരോ സമുദായത്തിനും ഓരോ ചിട്ടകളുണ്ട്. അതിലൊന്നും ഒരു കോടതിയും ഇടപെടില്ലെന്നായിരുന്നു എസ് ഐയുടെ മറുപടി. ഒരേ സമുദായത്തിൽ പെട്ട അരുണും സുകന്യയും കല്ല്യാണം കഴിച്ചതിൽ സമുദായ നേതൃത്വത്തിന് പ്രശ്‌നമാകുന്ന കാര്യം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സുകന്യ പ്രസവിച്ചപ്പോൾ സഹായിക്കാനായി കുടുംബത്തിലെയോ സമുദായത്തിലേയോ ആർക്കും വരാൻ കഴിഞ്ഞില്ല. കാണാൻ വന്നതിന് സുകന്യയുടെ കുടുംബത്തെയും ഊരുവിലക്കി.

കോഴിക്കോട് നഗരത്തിലെ കച്ചവടക്കാരനാണ് കുമരേശൻ. കുമരേശനും ഭാര്യ അഞ്ജുവും കുട്ടികളും സമുദായത്തിന് പുറത്താണിപ്പോൾ. യാദവ സേവാ സമിതി നേതാക്കൾ തന്നെയാണ് ഊട്ടി സ്വദേശിനിയായ അഞ്ജുവിന്റെയും കുമരേശന്റെയും വിവാഹത്തിന് നേതൃത്വം നൽകിയത്. എന്നാൽ അതേ സമുദായ നേതൃത്വം തന്നെ ഇവരെ പുറത്താക്കിയിരിക്കുകയാണ്. കുമരേശന്റെയും അഞ്ജുവിന്റെയും മാത്രം അവസ്ഥയല്ല ഇത്. ഇത്തരത്തിൽ നിരവധി പേരാണ് യാദവ സമുദായ നേതൃത്വം നടപ്പാക്കുന്ന ജാതിഭ്രഷ്ടിനും ഊരുവിലക്കിനും ഇരകളായി ജീവിതം തള്ളി നീക്കുന്നത്.

പട്ടാളക്കാരനായ ശരത് എന്ന യുവാവിനെ സ്വസമുദായത്തിൽ നിന്ന് വിവാഹം കഴിക്കുന്നതിൽ നിന്ന് മറ്റു ചില കാരണങ്ങൾ പറഞ്ഞ് തടസ്സപ്പെടുത്തുകയാണ്. സ്വസമുദായത്തിൽ തന്നെ വിവാഹം കഴിച്ചിട്ടും ജാതിഭ്രഷ്ട് കൽപ്പിച്ച കോഴിക്കോട് സ്വദേശിയായ കാർത്തിക്- അഞ്ജു ദമ്പതികൾ ആരും കാണാതെ രാത്രിയിൽ അമ്മയെ കാണാൻ പോയതായിരുന്നു. വിവരം അറിഞ്ഞ സമുദായ നേതാക്കൾ അമ്മയെ സമുദായത്തിൽ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മാങ്കാളി വിജയൻ എന്നയാളുടെ മകൻ ഒരു ക്രിസ്ത്യൻ യുവതിയെ വിവാഹം കഴിച്ചതുകൊണ്ട് വിജയനെയും ഭാര്യയെയും കുടുംബാംഗങ്ങളെയും സമുദായത്തിൽ നിന്ന് പുറത്താക്കിയ അവസ്ഥയുമുണ്ട്.

പുറത്താക്കപ്പെട്ടവരുമായി കുടുംബ ബന്ധം പങ്കിടുന്നവർക്കും ഇതേ അനുഭവം തന്നെയാണ് ഉണ്ടാവുക. വിവാഹം, മരണം, ഗൃഹപ്രവേശനം, ക്ഷേത്രകാര്യങ്ങൾ തുടങ്ങിയ ചടങ്ങുകളിലേക്ക് ഭ്രഷ്ട് കൽപ്പിക്കപ്പെട്ടവരെ ക്ഷണിക്കാൻ പാടില്ല. ചടങ്ങിൽ അവർ പങ്കെടുത്താൽ ആ വീട്ടുകാരെയും ജാതിഭ്രഷ്ടിന് വിധേയമാക്കും. വിലക്ക് ലംഘിക്കുന്ന കുടുംബങ്ങൾക്ക് സമുദായ നേതൃത്വം വൻ പിഴ ചുമത്തുന്നതും പതിവാണ്. ഇങ്ങനെ സ്വന്തം അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും നേരിൽ കണ്ട് സംസാരിക്കാൻ പറ്റാത്ത ജാതിഭ്രഷ്ടർ ആത്മഹത്യയുടെ വക്കിലാണ്. ഇത്തരത്തിൽ ജാതിഭ്രഷ്ട് കൽപ്പിക്കപ്പെട്ടവർ സമുദായത്തിൽ ഏറെയാണെന്ന് വിലക്ക് കൽപ്പിക്കപ്പെട്ട കുമരേശൻ, സുകന്യ എന്നിവർ പറയുന്നു. യാദവ സമുദായത്തിലെ രണ്ടുഗോത്രങ്ങൾക്കുള്ളിൽ ഉള്ളവർ (വമ്മ ഗോത്രം), (വങ്കറ ഗോത്രം) തമ്മിൽ മാത്രം വിവാഹം നടത്താവൂ എന്നാണ് സമുദായ നിയമം.

ഭ്രഷ്ടും ഭീഷണിയും മൂലം പഴനി പോലുള്ള സ്ഥലങ്ങളിൽ ഭ്രഷ്ടരാക്കപ്പെട്ടവർ പെന്തക്കോസ്ത് പോലുള്ള വിഭാഗങ്ങൾക്കൊപ്പം ചേരാൻ നിർബന്ധിതരായ അവസ്ഥയാണുള്ളത്. ജാതിഭ്രഷ്ട് കൽപ്പിച്ച മകളുടെ കുട്ടിയെ കാണാൻ പോയതാണ് ഗോവിന്ദരാജനും ഭാര്യയ്ക്കും ഊരുവിലക്ക് കൽപ്പിക്കപ്പെടാൻ കാരണമായത്. ഗോവിന്ദരാജിന്റെ മരണപ്പെട്ട മാതാവിന്റെ ജഡം സമുദായക്കാർ ബലം പ്രയോഗിച്ച് എടുത്തുകൊണ്ടുപോവുകയും മരണാനന്തര കർമ്മം നടത്തുവാനും ശ്മശാനത്തിൽ പോയി മൃതദേഹം കാണാനും ഗോവിന്ദരാജിന് വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. മാനന്തവാടി ആർ ഡി ഒ ഉമേഷിന്റെ ഇടപെടൽ കാരണമാണ് ഗോവിന്ദരാജിന് കർമ്മങ്ങൾ നിർവ്വഹിക്കാൻ കഴിഞ്ഞത്. മാനന്തവാടിയിലെ സുബ്രഹ്ണ്യൻ എന്ന യാദവ കുലാംഗം മരണപ്പെട്ടപ്പോൾ ജാതിയിൽ നിന്ന് പുറത്താക്കപ്പെട്ട സഹോദരി കുസുമം ജ്യേഷ്ഠന്റെ മൃതദേഹം കാണാനെത്തി. ഇതോടെ ജഡം ശ്മശാനത്തിൽ മറവും ചെയ്യുന്നത് യാദവ സമിതി നേതാക്കൾ തടസ്സപ്പെടുത്തി. ഒടുവിൽ കുസുമത്തെ അവിടുത്തെ പിടിച്ച് പുറത്താക്കിയ ശേഷം മാത്രമാണ് മൃതദേഹം മറവ് ചെയ്യാൻ അനുവദിച്ചത്. കുസുമത്തെയും ഭർത്താവ് മഹീന്ദ്രനെയും ഭീഷണിപ്പെടുത്തി മാനന്തവാടിയിൽ നിന്ന് ഓടിച്ചു. അവരിപ്പോൾ ബംഗ്‌ളൂരുവിൽ താമസിച്ചുവരികയാണ്. മാനന്തവാടിയിൽ നിന്ന് പതിനഞ്ചോളം കുടുംബങ്ങളെ ഇതിനകം പുറത്താക്കിയിട്ടുണ്ട്. യാദവ ക്ഷേത്രത്തിലെ പ്രത്യേക പൂജയിൽ നിന്ന് ഇവർക്ക് വിലക്ക് കൽപ്പിച്ചിരിക്കുകയാണ്.

പതിനെട്ടാം നൂറ്റാണ്ടിൽ പഴയ തമിഴകത്തെ ചില ഗോത്രങ്ങളിൽ പ്രബലമായിരുന്ന ഗോത്ര രക്ത ശുദ്ധിയാണ് ഈ ആധുനിക കാലഘട്ടത്തിലും സമുദായ നേതാക്കൾ ഈ സമുദായത്തിൽ നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കുന്നത്. നവോത്ഥാന കേരളത്തിന് ജാതി ഭ്രഷ്ടും ഊരുവിലക്കും അപമാനമാണെന്ന് കുമരേശൻ പറയുന്നു. ജാതിഭ്രഷ്ടിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കും കലക്ടർക്കുമെല്ലാം പരാതി നൽകിയിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇത് സംബന്ധിച്ചുള്ള കേസുകളും നിലനിൽക്കുന്നുണ്ട്.

ഇത്തരമൊരു സാഹചര്യത്തിൽ പോരാടാൻ തന്നെയാണ് ഊരുവിലക്ക് കൽപ്പിക്കപ്പെട്ടവരുടെ തീരുമാനം. സമുദായത്തിൽ നിന്ന് പുറത്താക്കപ്പെട്ട യാദവരുടെ കൂട്ടായ്മ ജനാധിപത്യ വിഭാഗങ്ങളുടെ സഹകരണത്തോടെ 23 ന് കോഴിക്കോട് സെൻട്രൽ ലൈബ്രറി ഹാൾ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP