Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ചന്ദ്രൻ സ്വന്തം മകളെപോലും നരബലി നൽകാൻ തയ്യാറായ കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാർ; പത്തര സെന്റ് സ്ഥലത്ത് വീടിന് പിന്നിൽ നിഗൂഡമായ പൂജാ സ്ഥലം; ആഭിചാരവും ദുർമന്ത്രവാദവും ഇവിടെ പതിവ്; ബാങ്കുകാർ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിൽ എത്തിയപ്പോഴും എല്ലാം 'അവർ നോക്കിക്കൊള്ളും, അവർ വസിക്കുന്ന മണ്ണ് വിൽക്കാനാകില്ല' എന്നായിരുന്നു ചന്ദ്രന്റെയും അമ്മയുടെയും നിലപാട്; നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം 'മന്ത്രവാദക്കൊല'തന്നെ

ചന്ദ്രൻ സ്വന്തം മകളെപോലും നരബലി നൽകാൻ തയ്യാറായ കടുത്ത അന്ധവിശ്വാസിയെന്ന് നാട്ടുകാർ; പത്തര സെന്റ് സ്ഥലത്ത് വീടിന് പിന്നിൽ നിഗൂഡമായ പൂജാ സ്ഥലം; ആഭിചാരവും ദുർമന്ത്രവാദവും ഇവിടെ പതിവ്; ബാങ്കുകാർ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിൽ എത്തിയപ്പോഴും എല്ലാം 'അവർ നോക്കിക്കൊള്ളും, അവർ വസിക്കുന്ന മണ്ണ് വിൽക്കാനാകില്ല' എന്നായിരുന്നു ചന്ദ്രന്റെയും അമ്മയുടെയും  നിലപാട്; നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവം 'മന്ത്രവാദക്കൊല'തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നെയ്യാറ്റിൻകര മഞ്ചവിളാകത്ത് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തെ തുടർന്ന് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളത്തിൽ ഒരു കാലത്ത് സജീവമായിരുന്ന ദുർമന്ത്രവാദവും ആഭിചാരവും അന്ധവിശ്വാസങ്ങളുമെല്ലാം ഇന്നും അതേ തീവ്രതയിൽ പിന്തുടരുന്ന ഒരു സമൂഹം ഇന്നുമുണ്ട് എന്നത് വ്യക്തമാക്കുന്ന സൂചനകളാണ് ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മരണത്തെ തുടർന്ന് പുറത്തു വരുന്നത്. കടക്കെണിയും പീഡനവും ദുർമന്ത്രവാദവുമാണ് വീട്ടമ്മയായ ലേഖയേയും മകൾ 19കാരി വൈഷ്ണവിയേയും മരണത്തിലേക്കു തള്ളി വിട്ടത്. പൊലീസ് കണ്ടെടുത്ത ലേഖയുടെ ആത്മഹത്യ കുറിപ്പിലും മന്ത്രവാദത്തെ കുറിച്ച് സൂചനയുണ്ട്.

പൊലീസിനു ലഭിച്ച വിവരങ്ങൾ അനുസരിച്ച് ലേഖയുടെ ഭർത്താവ് ചന്ദ്രൻ കടുത്ത അന്ധവിശ്വാസത്തിന് അടിമയാണ്. ആഭിചാരവും ദുർമന്ത്രവാദങ്ങളുമുള്ള നിഗൂഢതകൾ നിറഞ്ഞതാണ് ചന്ദ്രന്റെ വീട്. വീടിനു പിന്നിലുള്ള പ്രത്യേക പൂജാസ്ഥലത്ത് ആഭിചാരങ്ങളും മന്ത്രവാദവും നിരന്തരം നടന്നതായി സൂചിപ്പിക്കുന്ന അടയാളങ്ങൾ ഇപ്പോഴുമുണ്ട്.

പത്തര സെന്റ് സ്ഥലത്ത് വീടിന് പിന്നിലായാണ് നിഗൂഡമായ പൂജാ സ്ഥലം. ഇവിടെ രണ്ട് വിഗ്രഹങ്ങളാണ് ഉള്ളത്. വൈദ്യുതി കണക്ഷനും പൈപ്പും ഇവിടെയുണ്ട്. രണ്ട് അറകളോടു കൂടിയ പൂജാസ്ഥലത്തെ ഒരു അറ തുറന്നപ്പോൾ പൊലിസിനു ലഭിച്ചത് താലത്തിൽ പൂജിച്ചുവച്ച ലോട്ടറി ടിക്കറ്റും ഒപ്പം നിലവിളക്കും. ഇതിൽ കൂടുതലും അടുത്തകാലത്ത് എടുത്ത ടിക്കറ്റുകളാണ്. രണ്ടാമത്തെ അറയിൽ നിന്നും ലഭിച്ച പെട്ടിയിൽ ഉണ്ടായിരുന്നത് മുണ്ടും ഷർട്ടും സാരിയും കുറെ കുപ്പിവളകളുമായിരുന്നു.

അന്ധവിശ്വാസത്തിന് അടിമകളായ അമ്മയും മകനും

അന്ധവിശ്വാസത്തിന് അടിമകളായിരുന്നു ലേഖയുടെ ഭർത്താവ് ചന്ദ്രനും അയാളുടെ അമ്മ കൃഷ്ണമ്മയും. സമ്പത്ത് ഉണ്ടാകുന്നതിനായി നിരന്തരം ലോട്ടറി എടുക്കുകയും അവ വെച്ച് പൂജ ചെയ്യുകയും പതിവായിരുന്നു. ബാങ്കുകാർ വീട് ജപ്തി ചെയ്യും എന്ന അവസ്ഥയിൽ കടം എത്തിയപ്പോഴും എല്ലാം 'അവർ നോക്കിക്കൊള്ളും, അവർ വസിക്കുന്ന മണ്ണ് വിൽക്കാനാകില്ല' എന്നായിരുന്നു ചന്ദ്രന്റെയും അമ്മയുടെയും നിലപാട്. മകൾ വൈഷ്ണവിയെ കുട്ടിയായിരുന്നപ്പോൾ നരബലി നടത്താൻ പോലും ശ്രമമുണ്ടായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞതെന്നാണ് മലയാള മനോരമ പത്രം റിപ്പോർട്ട് ചെയ്യുന്നത്.

പൂജാ സ്ഥലത്തേക്ക് മറ്റാർക്കും പ്രവേശനമില്ലായിരുന്നു. അയൽവാസികളുമായി പോലും വലിയ അടുപ്പം സൂക്ഷിക്കാത്തതിനാൽ ഇവിടെ നടക്കുന്ന കാര്യങ്ങൾ അവരും അറിഞ്ഞിരുന്നില്ല. ലേഖയെ പോലും കൊല്ലാനും ഇവിടെ ശ്രമമുണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്.
നാട്ടുകാരുമായി വലിയ അടുപ്പമൊന്നും ചന്ദ്രൻ പുലർത്തിയിരുന്നില്ല. ലൂസ് ചന്ദ്രൻ എന്നാണ് നാട്ടുകാർ ഇയാളെ വിളിച്ചിരുന്നത്.ഭാര്യയോടും മകളോടും വൈകാരികമായ യാതൊരു അടുപ്പവും ചന്ദ്രന് ഇല്ലായിരുന്നു എന്നു വെളിവാകുന്ന പ്രതികരണമായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ ചന്ദ്രൻ കണ്ടത് യാതൊരു ഭാവവ്യത്യാസവും ഇല്ലാതെയായിരുന്നു. ഒരു തുള്ളി കണ്ണീർപോലും പൊഴിഞ്ഞില്ല. 'കണ്ടോ' എന്ന ചോദ്യത്തിന് ശാന്തമായി തന്നെ തലയാട്ടി. 


ചന്ദ്രനെ മൃതശരീരങ്ങൾ കാണിക്കണമോ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ബന്ധുക്കളും മറ്റുള്ളവരും ഒടുവിൽ ചന്ദ്രനെ മാത്രം കാണിക്കാം എന്ന ധാരണയിൽ എത്തി. തുടർന്ന് പൊലീസിനെ അറിയിച്ചു. കനത്ത സുരക്ഷയിൽ സ്റ്റേഷനിൽനിന്ന് പൊലീസ് ഇയാളെ എത്തിച്ചു. ആദ്യം ലേഖയെ കണ്ടു. പൂർണമായി കത്തിക്കരിച്ച വൈഷ്ണവിയുടെ മുഖമുൾപ്പെടെ മറച്ചിരുന്നു. ചന്ദ്രന് വേണ്ടി മുഖം മറച്ചിരുന്ന ഭാഗം നീക്കിക്കൊടുത്തു. ഭാവഭേദങ്ങൾ ഒന്നുമില്ലാതെയാണ് ഭാര്യയെയും മകളെയും അവസാനമായി ചന്ദ്രൻ കണ്ടത്. പിന്നീട് പൊലീസ് വാഹനത്തിലേക്ക് കയറ്റാൻ ശ്രമിച്ചപ്പോൾ ചെറിയ പ്രതിഷേധസ്വരം ഉയർന്നെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.
ചന്ദ്രന്റെ അമ്മ കൃഷ്ണമ്മയെ മൃതദേഹം കാണിക്കാൻ കൊണ്ടുവന്നിരുന്നില്ല. കൃഷ്ണമ്മ, കാശി, ശാന്ത എന്നിവരെ കൊണ്ടുവരരുത് എന്ന് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു

പീഡനം തുടർക്കഥ

സ്ത്രീധനത്തിന്റെ പേരിൽ കൃഷ്ണമ്മയുടെ പീഡനം വിവാഹ ജീവിതത്തിന്റെ തുടക്കം മുതൽ തന്നെ ലേഖ അനുഭവിക്കേണ്ടി വന്നിരുന്നു. പീഡിപ്പിച്ചതിനെ തുടർന്ന് ലേഖ നേരത്തെയും ആത്മഹത്യക്ക് ശ്രമിച്ചതായി ബന്ധുക്കളുടെ വെളിപ്പെടുത്തൽ. ലേഖയുടെ ഇളയച്ഛൻ ശ്രീകുമാറും സഹോദരി ബിന്ദുവുമാണ് ഇക്കാര്യം പുറത്തറിയിച്ചത്.

കൃഷ്ണമ്മ സ്ത്രീധനത്തിന്റെ പേരിൽ വഴക്കുണ്ടാക്കുകയും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. ഇനിമേൽ പ്രശ്‌നങ്ങളൊന്നുമുണ്ടാക്കരുതെന്ന് പൊലീസ് കൃഷ്ണമ്മയ്ക്ക് താക്കീതും നൽകിയിരുന്നതായും ഇവർ പറയുന്നു. ലേഖയെ വിഷം നൽകി കൊല്ലാനും മകളെ നരബലി നടത്താനും കൃഷ്ണമ്മ ശ്രമിച്ചിരുന്നതായും പറയപ്പെടുന്നുണ്ട്. തങ്ങൾ അനുഭവിച്ച പീഡനങ്ങളംെ കുറിച്ച് ലേഖ ആത്മഹത്യാ കുറിപ്പിലും വ്യക്തമാക്കുന്നുണ്ട്. ഭാര്യയെന്ന പരിഗണന ലഭിച്ചിരുന്നില്ലെന്നും ആഹാരം കഴിക്കാൻ പോലും അവകാശമില്ലെന്നും ആത്മഹത്യാ കുറിപ്പിൽ ലേഖ എഴുതിയിരുന്നു.

കോട്ടൂരിലെ മന്ത്രവാദിയും കുടുങ്ങും

കോട്ടൂരിലെ മന്ത്രവാദി പറയുന്നതായിരുന്നു ഇരുവരുടെയും വേദവാക്യം. എന്നാൽ ഇയാൾ ഇപ്പോഴും അദൃശ്യനായി തുടരുകയാണ്. മന്ത്രവാദവും പൂജകളും ചന്ദ്രൻ നടത്തിയിരുന്നത് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന് പരിസരവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇയാളെ സംബന്ധിച്ച് പ്രദേശവാസികൾക്കും വലിയ പിടിയില്ല. രാത്രികാലങ്ങളിലാണ് ഇയാൾ ഇവിടെ എത്തിയിരുന്നത്.
കോട്ടൂരിൽ ഉള്ളതാണെന്ന് മാത്രം അറിയാം. മറ്റുവിവരങ്ങൾ ഒന്നും ഇയാളെക്കുറിച്ച് പരിസരവാസികൾക്ക് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

വസ്തുവിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നതായും കഴിഞ്ഞ ആഴ്ചയും ഇവരുടെ വീട്ടിൽ മന്ത്രവാദം നടന്നതായും ചോദ്യം ചെയ്യലിൽ ചന്ദ്രൻ മൊഴി നൽകിയിട്ടുണ്ട്. മന്ത്രവാദിയെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചന്ദ്രൻ, കൃഷ്ണമ്മ, ചന്ദ്രന്റെ സഹോദരി ശാന്ത, ഇവരുടെ ഭർത്താവ് കാശി എന്നിവരെ നെയ്യാറ്റിൻകര ജില്ലാ സെഷൻസ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.


ചികിത്സ വീണ്ടും തൊലിപ്പുറത്തൊതുങ്ങും

അന്ധവിശ്വാസത്തിന്റെ ഇരകളാണ് സത്യത്തിൽ നെയ്യാറ്റിൻകരയിലെ ലേഖയും വൈഷ്ണവിയും. മറ്റെല്ലാ കാലത്തേക്കാളും സജീവമായി അന്ധവിശ്വാസങ്ങൾ സംസ്ഥാനത്ത് പ്രചരിക്കപ്പെടുന്നുണ്ട്. പ്രാകൃതമായ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിൽ ഒരു മത വിശ്വാസികളും പിന്നിലല്ല. പത്രം സൗഖ്യമാക്കുന്നതും രോഗശാന്തി ശിശ്രൂഷയും തുടങ്ങി കൂടോത്രവും ആഭിചാരവും ജിന്നും മലക്കുകളുമെല്ലാം കേരളത്തിൽ ഇന്ന് സജീവമാണ്. സാങ്കേതിക വിദ്യകളുടെ സാധ്യകൾ കൂടി പ്രയോജനപ്പെടുത്തിയാണ് ഇത്തരം തട്ടിപ്പു സംഘങ്ങൾ പ്രവർത്തിക്കുന്നത്.

ഇത്തരം സംഘങ്ങൾക്ക് എതിരെ സമഗ്രമായ നടപടി എടുക്കുകയും ശാസ്ത്രീയത പ്രചരിപ്പിക്കുകയും ചെയ്യാത്തിടത്തോളം അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ലേഖമാരും വൈഷ്ണവിമാരും എരിഞ്ഞടങ്ങുമെന്നാണ് ഈ വിഷയങ്ങൾ പഠിക്കുന്ന മനഃശാസ്ത്രജ്ഞരും സ്വതന്ത്ര ചിന്തകരും ചൂണ്ടിക്കാട്ടുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP