Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുഖ്യമന്ത്രി സഹായം ഉറപ്പുനൽകിയതോടെ വർക്ക് ഷോപ്പ് തുടങ്ങിയത് ഒമ്പത് ലക്ഷത്തിലധികം ചെലവഴിച്ച്; രണ്ടുവർഷമായി വർക്ക് ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെ സിപിഐ ഭരിക്കുന്ന വിളക്കുടി പഞ്ചായത്തിന്റെ പകപോക്കൽ വീണ്ടും; എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതോടെ വർക്കഷോപ്പ് തുടങ്ങാനാവാതെ ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കളുടെ കണ്ണീരുകാണാൻ ആരുമില്ല; കട പൂട്ടിയാൽ പെരുവഴി

മുഖ്യമന്ത്രി സഹായം ഉറപ്പുനൽകിയതോടെ വർക്ക് ഷോപ്പ് തുടങ്ങിയത് ഒമ്പത് ലക്ഷത്തിലധികം ചെലവഴിച്ച്; രണ്ടുവർഷമായി വർക്ക് ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെ സിപിഐ ഭരിക്കുന്ന വിളക്കുടി പഞ്ചായത്തിന്റെ പകപോക്കൽ വീണ്ടും; എഐവൈഎഫ് പ്രവർത്തകർ കൊടികുത്തിയതോടെ വർക്കഷോപ്പ് തുടങ്ങാനാവാതെ ജീവനൊടുക്കിയ പ്രവാസി സുഗതന്റെ മക്കളുടെ കണ്ണീരുകാണാൻ ആരുമില്ല; കട പൂട്ടിയാൽ പെരുവഴി

ആർ പീയൂഷ്

കൊല്ലം: രാഷ്ട്രീയ പാർട്ടികളുടെ എതിർപ്പിനെ തുടർന്ന് വർക്ക് ഷോപ്പ് തുടങ്ങാൻ കഴിയാതെ ആത്മഹത്യ ചെയ്ത പ്രവാസി സുഗതന്റെ കുടുംബത്തോട് പഞ്ചായത്തിന്റെ പക ഒടുങ്ങുന്നില്ല. സുഗതന്റെ ആത്മഹത്യ വിവാദമായതോടെ മുഖ്യമന്ത്രി പിണറായി വിജയൻ വരെ വിഷയത്തിൽ ഇടപെട്ട് നിയമസഭയിൽ സംസാരിക്കുകയും വർക്ക്‌ഷോപ്പ് പ്രവർത്തനത്തിന് എല്ലാ സഹായവും നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ച് കൂടുതൽ പണം മുടക്കി വർക്ക്‌ഷോപ്പ് നവീകരിച്ച സുഗതന്റെ മക്കളെ പെരുവഴിയിലാക്കുന്ന നടപടിയാണ് പഞ്ചായത്ത് സ്വീകരിച്ചത്.

മക്കൾ തുടങ്ങിയ വർക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്തിന്റെ അന്ത്യശാസനം നൽകിയികിക്കുകയാണ്. ഇതോടെ വർക്ക് ഷോപ്പ് പ്രവർത്തനം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റാനാണ് സുഗതന്റെ കുടുംബത്തിന്റെ തീരുമാനം.

പ്രവർത്തനമാരംഭിക്കും മുൻപേ വർക്ക്‌ഷോപ്പിൽ എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടികുത്തിയതിനെ തുടർന്ന് വർക്ക്‌ഷോപ്പിൽ ജീവനൊടുക്കിയ പ്രവാസിയുടെ കുടുംബത്തോടാണ് പഞ്ചായത്ത് ഭരണസമിതിയുടെ പക ഒടുങ്ങാത്തത്. വർക്ക്‌ഷോപ്പ് പ്രവർത്തിക്കുന്ന വാടക സ്ഥലത്തിന്റെ ലൈസൻസ് കുടിശികയായ 20,000 രൂപ ഉടൻ അടക്കണമെന്നും അല്ലാത്ത പക്ഷം വർക്ക്‌ഷോപ്പ് പൊളിച്ചുനീക്കാനുമാണ് സിപിഐ നേതൃത്വത്തിലുള്ള വിളക്കുടി പഞ്ചായത്ത് ഭരണസമിതി നിർദ്ദേശം നൽകിയിരിക്കുന്നത്.

വർക്ക്‌ഷോപ്പ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തർക്കമുണ്ടെന്ന കാരണമാണ് പഞ്ചായത്ത് ഭരണസമിതിയുടെ വാദം. രണ്ട് വർഷത്തോളമായി പ്രവർത്തിച്ചുവരുന്ന വർക്ക്‌ഷോപ്പ് മെച്ചപ്പെട്ട് വരുന്നതിനിടെയാണ് പഞ്ചായത്തിന്റെ പകപോക്കൽ നടപടി തുടരുന്നത്. ലൈസൻസ് പുതുക്കി വാങ്ങാൻ ശ്രമിക്കുന്നില്ലെന്നും സുഗതന്റെ പേരിലുള്ള വർക്ക്‌ഷോപ്പ് പൊളിച്ചുനീക്കുകയാണെന്നും സുഗതന്റെ മകൻ സുജിത് പ്രതികരിച്ചു. പല കാരണങ്ങൾ പറഞ്ഞ് പഞ്ചായത്ത് ദ്രോഹിക്കുകയാണെന്ന് കുടുംബം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ ഉറപ്പിൽ 9 ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് കുടുംബം വർക്ക് ഷോപ്പ് തുടങ്ങിയത്. ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷനാണ് ഇതിൽ 5 ലക്ഷം രൂപ ശേഖരിച്ച് നൽകിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ തുടങ്ങിയ വർക്ക് ഷോപ്പിന് താൽക്കാലിക നമ്പറായിരുന്നു നൽകിയത്. ഒരു വർഷം പിന്നിടുമ്പോഴും പഞ്ചായത്തധികാരികൾ വർക്ക്ഷോപ്പ് നിലനിൽക്കുന്ന സ്ഥലം ഡേറ്റാബാങ്കിൽ ഉൾപ്പെട്ടതിനാൽ ലൈസൻസ് നൽകില്ലാ എന്നാണ് അറിയിച്ചിരിക്കുന്നത്. വർക്ക് ഷോപ്പ് പൂട്ടിയില്ലെങ്കിൽ ഉപകരണങ്ങളടക്കം കൊണ്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്. ഇതിനാലാണ് വർക്ക് ഷോപ്പ് ഇവിടെ നിന്നും പൊളിച്ച് മറ്റൊരിടത്തേക്ക് മാറ്റാൻ തീരുമാനിച്ചതെന്ന് സുഗതന്റെ മകൻ സുജിത്ത് മറുനാടൻ മലയാളിയോട് പറഞ്ഞു.

2018 ഫെബ്രുവരി 23നാണ് ഇളമ്പൽ പൈനാപ്പിൾ ജംഗ്ഷനിൽ നിർമ്മാണത്തിലിരുന്ന വർക്ക് ഷോപ്പിൽ സുഗതൻ ആത്മഹത്യ ചെയ്തത്. പ്രവാസിയായിരുന്ന സുഗതൻ പത്തനാപുരത്ത് വർക്ക്ഷോപ്പ് തുടങ്ങാൻ വാങ്ങിയ സ്ഥലത്ത് എ.ഐ.വൈ.എഫ് പ്രവർത്തകർ കൊടി നാട്ടിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. ഈ സ്ഥലം വയൽ നികത്തിയെടുത്തതാണെന്ന് ആരോപിച്ചായിരുന്നു യുവജനസംഘടനയുടെ പ്രതിഷേധം. ഇതിൽ മനംനൊന്ത് സുഗതൻ ആത്മഹത്യ ചെയ്തുവെന്നാണ് കുടുംബം പരാതിപ്പെട്ടിരുന്നത്.

40 വർഷത്തോളം ഗൾഫിൽ ജോലി ചെയ്ത സമ്പാദ്യവുമായാണ് സുഗതൻ വർക്ക്‌ഷോപ്പ് തുടങ്ങി ജീവിതം നാട്ടിലേക്ക് പറിച്ചുനടാൻ ശ്രമിച്ചത്. നാലു ലക്ഷത്തോളം രൂപ വർക്ക്‌ഷോപ്പ് നിർമ്മാണത്തിന് ചെലവാക്കിയിരുന്നു. ഇതിനിടെ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ എത്തിയതോടെ ഇളമ്പലിൽ പണിതീരാത്ത വർക്ക്‌ഷോപ്പിൽ സുഗതൻ ജീവനൊടുക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP