Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും

പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നത്; സേവറി ഹോട്ടലിലെ നാണുവിനെ കൊന്ന കേസ് വീണ്ടും അന്വേഷിക്കും; നാൽപ്പാടി വാസുവിലും പുനരന്വേഷണം; കണ്ടോത്ത് ഗോപിയും പരാതി നൽകും; കേസിനുള്ള സാധ്യത തേടി ഇരുപക്ഷവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കുമെന്ന് ഉറപ്പായി. കണ്ണൂർ സേവറി ഹോട്ടലിലെ നാണുവിനെ കോൺഗ്രസുകാർ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് നീക്കം. പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ കെ സുധാകരനും ഉന്നയിച്ചിട്ടുണ്ട്. ഇതിൽ കൊണ്ടോത്ത് ഗോപിയുടെ വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്ക് എതിരെയാണ്.

പിണറായി വിജയനു നട്ടെല്ലുണ്ടെങ്കിൽ എനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിച്ചു നടപടിയെടുക്കണം. ആരോപണങ്ങൾ തെളിയിച്ചാൽ ഞാൻ രാഷ്ട്രീയം അവസാനിപ്പിക്കും. മറിച്ചായാൽ പിണറായി എന്തുചെയ്യും ?-ഇതായിരുന്നു സുധാകരന്റെ ചോദ്യം. എന്നാൽ സുധാകരന്റെ ആരോപണങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തൽക്കാലം മറുപടി നൽകില്ല. ഇന്നലെ അദ്ദേഹം വാർത്താസമ്മേളനം നടത്തിയില്ല. സാധാരണ ശനിയും ഞായറും വാർത്താസമ്മേളനം നടത്താറില്ല. ഇനി തിങ്കളോ ചൊവ്വയോ മാത്രമേ സാധ്യതയുള്ളൂ. അന്നും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധ്യത കുറവാണ്.

തോക്കും ഉണ്ടയും എടുത്തു നടക്കുന്ന മുഖ്യമന്ത്രി ഒരു വിരൽ ചൂണ്ടുമ്പോൾ നാലുവിരൽ തന്റേ നേരെത്തന്നെയാണ് ചൂണ്ടുന്നതെന്ന് ഓർക്കണം. സേവറി ഹോട്ടലിൽ അക്രമമുണ്ടായത് പള്ളിക്കുന്ന് ബാങ്കിലെ അക്രമത്തെ തുടർന്ന് കണ്ണൂർ ജില്ലയിൽ നടന്ന കേസുകളെക്കുറിച്ച് അറിയാത്തവരുണ്ട്. താൻ ഡി.സി.സി പ്രസിഡന്റായ കാലയളവിൽ സിപിഎം പ്രവർത്തകരെ ആക്രമിച്ച നാലുകേസുകളാണ് കോൺഗ്രസ് ഉൾപ്പെട്ട കേസുകൾ. ഒന്ന് വിനോദിനെ ചൊവ്വ ബാങ്കിലിട്ട് വെട്ടിയ കേസ്. ഈ കേസ് ജയന്ത്ലാലിനെ വെട്ടിയതിന് കൗണ്ടറായി സംഭവിച്ചതാണ്.

ഈ കേസുകളിലൊക്കെ പ്രതികളുമുണ്ടായിട്ടുണ്ട്. കോഓപ്പറേറ്റീവ് പ്രസ്സിൽ പ്രശാന്തിനെ വെട്ടിയത് കൂടത്തിൽ വിജയന്റെ കൈവെട്ടി വയലിൽ എറിഞ്ഞ ശേഷം ഉണ്ടായ പ്രകോപനത്തിലാണ്. സേവറി ഹോട്ടലിൽ നാണു വധിക്കപ്പെട്ട അക്രമം ഉണ്ടായത് പള്ളിക്കുന്ന് സർവ്വീസ് സഹകരണ ബാങ്കിലെ കരുണാകരനെ വെട്ടിയതിനെ തുടർന്ന് ഒരു കാറിനെ പിന്തുടർന്നതിനെ തുടർന്നാണ് സേവറി സംഭവം ഉണ്ടാകുന്നതെന്നും കെ.സുധാകരൻ പറഞ്ഞു. ഈ വാക്കുകളിൽ നിന്ന് കേസെടുക്കാനുള്ള സാധ്യതയാണ് സർക്കാർ ആലോചിക്കുന്നത്. നാണുവിനെ കൊന്നത് തങ്ങളാണെന്ന് സുധാകരൻ സമ്മതിക്കുന്നുവെന്നാണ് സിപിഎം പറയുന്നത്.

അതിരൂക്ഷ വിമർശനമാണ് പിണറായിയ്‌ക്കെതിരെ സുധാകരൻ നടത്തുന്നത്. പിണറായി വിജയന്റെ നേതൃത്വത്തിലെത്തിയ 30 അംഗ സംഘം വാൾകൊണ്ടു വെട്ടിയെന്നാണ് കണ്ടോത്ത് ഗോപിയുടെ പരാതി. കഴുത്തിനു വെട്ടാൻ ശ്രമിക്കുന്നതിനിടയിൽ കൈകൊണ്ടു തടഞ്ഞപ്പോൾ, കൈക്കു വെട്ടേറ്റ പാടും അദ്ദേഹം കാട്ടി. അന്നു പൊലീസ് മൊഴി രേഖപ്പെടുത്തിയെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ ഇത് വീണ്ടും കേസാക്കാനുള്ള സാധ്യതയാണ് സുധാകരൻ തേടുന്നത്. പൊലീസ് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കില്ല. അതുകൊണ്ട് തന്നെ കോടതിയുടെ ഉത്തരവ് ഇതിന് അനിവാര്യമാണ്.

കെ.സുധാകരൻ വെളിപ്പെടുത്തിയ ചില കാര്യങ്ങളുടെ അടിസ്ഥാനത്തിൽ കേസിനുള്ള സാധ്യത സർക്കാരും പ്രതിപക്ഷവും പരിശോധിക്കുമ്പോൾ മറ്റ് രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചകളിൽ നിന്നും അകലും. നാൽപാടി വാസു വധക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ പുനരന്വേഷണ സാധ്യതയും സർക്കാർ പരിശോധിക്കും. ഇടുക്കിയിലെ പൊതുയോഗത്തിൽ എം.എം. മണി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ അന്നത്തെ യുഡിഎഫ് സർക്കാർ കേസെടുത്ത മാതൃക പിന്തുടരാനാണ് ആലോചന.

പിണറായി വിജയന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ പണ്ടു പദ്ധതിയിട്ടിരുന്നുവെന്ന ആരോപണം അന്വേഷിക്കാൻ വെല്ലുവിളിച്ചും മുഖ്യമന്ത്രിക്കെതിരെ വധക്കേസ് പങ്കാളിത്തം ഉൾപ്പെടെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും ആയിരുന്നു സുധാകരന്റെ പ്രത്യാക്രമണം. ജനസംഘം പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണൻ കൊല്ലപ്പെട്ട കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതിയെന്ന് എഫ്‌ഐആറിലുണ്ടെന്നു സുധാകരൻ ആരോപിച്ചു.

കണ്ണൂർ ഡിസിസി സെക്രട്ടറി കണ്ടോത്ത് ഗോപിയെ അടിയന്തരാവസ്ഥക്കാലത്തു പിണറായി കൊടുവാൾ കൊണ്ടു വെട്ടിയെന്ന് ആരോപിച്ച സുധാകരൻ, അദ്ദേഹത്തെ മാധ്യമപ്രവർത്തകർക്കു മുന്നിൽ ഹാജരാക്കി. പിണറാിയുടെ മക്കളെ തട്ടിക്കൊണ്ടുപോകാൻ ഞാൻ പദ്ധതിയിട്ടെന്ന് അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് മുഖ്യമന്ത്രി വെളിപ്പെടുത്താത്തത് ? എന്തുകൊണ്ടാണ് പരാതി നൽകാതിരുന്നത് ? സ്വന്തം ഭാര്യയോടു പോലും പറഞ്ഞിട്ടില്ലത്രേ. മക്കളുടെ കാര്യം ഭാര്യയോടു പറയില്ലേ ? ഇത്തരം കാര്യങ്ങൾ വാർത്താസമ്മേളനത്തിൽ എഴുതിവച്ചു വേണോ വായിക്കാൻ ? അതു ഹൃദയത്തിൽനിന്നു വരേണ്ടതല്ലേ ? ആ ആരോപണം വിശ്വാസയോഗ്യമല്ല-സുധാകരൻ പറഞ്ഞു.

വിദേശ കറൻസി ഇടപാടും കള്ളക്കടത്തും നടത്തിയതു ഞാനല്ല, മുഖ്യമന്ത്രിയുടെ ഓഫിസാണ്. ഐടി വകുപ്പിന്റെ എന്തു പരിപാടിയിലും സ്വാഗതം പറഞ്ഞിരുന്നതു സ്വപ്ന സുരേഷാണ്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകളിൽ ഒപ്പം പോയി. എന്നിട്ടു ചോദ്യങ്ങൾ ഉയർന്നപ്പോൾ ഏതു സ്വപ്ന എന്നാണു പിണറായി തിരിച്ചുചോദിച്ചത്. എനിക്കു മണൽമാഫിയ ബന്ധമുണ്ടെങ്കിൽ അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ കയ്യിൽ ഭരണമുണ്ടല്ലോ. ആരാണു മാഫിയയെന്നു ജസ്റ്റിസ് സുകുമാരൻ പണ്ടു പറഞ്ഞിട്ടുണ്ട്. വെടിയുണ്ട പിടിച്ചത് എന്റെ കയ്യിൽ നിന്നാണോ ? പിണറായിയുടെ കയ്യിൽനിന്നല്ലേ ? തോക്കു കൊണ്ടുനടന്ന പിണറായി ആണോ, തോക്ക് ഇല്ലാത്ത ഞാനാണോ മാഫിയ എന്നു ജനം പറയട്ടെ.

മനോരമ ആഴ്ചപ്പതിപ്പുമായുള്ള അഭിമുഖത്തിൽ വന്നതിൽ ചിലതു പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചു പറഞ്ഞതായിരുന്നില്ല. പിണറായി വിജയനെ ബ്രണ്ണൻ കോളജ് പഠന കാലത്തു മർദിച്ചെന്ന കാര്യം ലേഖകനോടു വ്യക്തിപരമായി പറഞ്ഞതാണ്. ബ്രണ്ണൻ കോളജിൽ എന്നെ നഗ്‌നനാക്കി നടത്തിയെന്ന ആരോപണം തെറ്റാണ്. അക്കാലത്തെ കാര്യങ്ങൾ ആരോടെങ്കിലും അന്വേഷിച്ചാൽ അതു മനസ്സിലാകും. അന്നത്തെ അദ്ധ്യാപകരും വിദ്യാർത്ഥികളുമുണ്ട്. ഞാൻ വേണമെങ്കിൽ പത്തോ ഇരുപതോ പേരെ കൊണ്ടുവരാം. ഒരാളെങ്കിലും ആരോപണം ശരിവച്ചാൽ ഞാൻ എല്ലാ പണിയും നിർത്താം. പിണറായി ഏതോ സ്വപ്ന ലോകത്താണ്. മമ്പറം ദിവാകരനും എ.കെ. ബാലനും ബ്രണ്ണൻ കോളജിൽ വന്നത് 1971 ലാണ്. പിണറായിയുമായി പ്രശ്‌നമുണ്ടാകുമ്പോൾ അവർ കോളജിൽ ഇല്ല-സുധാകരൻ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP