Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ഭീതിയിൽ ലോകം ഉഴറുമ്പോൾ വരാനിരിക്കുന്നത് വലിയ ഭക്ഷ്യ പ്രതിസന്ധി; കേരളം പട്ടിണിയിൽ ആകാതിരിക്കാൻ ഭക്ഷ്യ വസ്തുക്കൾ സ്വയം ഉൽപ്പാദിപ്പിക്കണം; കൃഷി ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ പണം പോക്കറ്റിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ; സ്വന്തം പേരിൽ സ്ഥലമുള്ളവർക്ക് ഏക്കറിന് 16,187 രൂപ വരെ ധനസഹായം നൽകുന്നത് സുഭിക്ഷ പദ്ധതി വഴി; നേരിട്ട് കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വസ്തു വാടകയ്ക്ക് വിട്ടുകൊടുക്കാം; പദ്ധതിയുടെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സർക്കാർ

കോവിഡ് ഭീതിയിൽ ലോകം ഉഴറുമ്പോൾ വരാനിരിക്കുന്നത് വലിയ ഭക്ഷ്യ പ്രതിസന്ധി; കേരളം പട്ടിണിയിൽ ആകാതിരിക്കാൻ ഭക്ഷ്യ വസ്തുക്കൾ സ്വയം ഉൽപ്പാദിപ്പിക്കണം; കൃഷി ചെയ്യാൻ സ്ഥലമുണ്ടെങ്കിൽ പണം പോക്കറ്റിൽ എത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ; സ്വന്തം പേരിൽ സ്ഥലമുള്ളവർക്ക് ഏക്കറിന് 16,187 രൂപ വരെ ധനസഹായം നൽകുന്നത് സുഭിക്ഷ പദ്ധതി വഴി; നേരിട്ട് കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വസ്തു വാടകയ്ക്ക് വിട്ടുകൊടുക്കാം; പദ്ധതിയുടെ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു സർക്കാർ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് ഭീതിയിൽ ലോകം ഉഴരുമ്പോൾ ഇനി വരാനിരിക്കുന്നത് വലിയ സാമ്പത്തിക പ്രതിസന്ധി ആണെന്ന വാർത്തകളാണ് എങ്ങും പുറത്തു വരുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പുറമേ കാർഷിക പ്രതിസന്ധിയും വരാനിരിക്കുന്നു. ഇത് വലിയ ഭക്ഷ്യപ്രതിസന്ധിക്ക് വഴിവെക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് പിടിച്ചു നിൽക്കാൻ ആഭ്യന്തര ഉൽപ്പാദനം വർദ്ധിപ്പിക്കാതെ മറ്റു വഴികളില്ലെന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ സുഭിക്ഷ പദ്ധതിയുമായി രംഗത്തെത്തിയിരിക്കയാണ് സംസ്ഥാന സർക്കാർ.

സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന കാർഷിക പരിപാടികളുടെ വിശദമായ മാർഗനിർദേശങ്ങൾ വ്യാഴാഴ്ച പുറപ്പെടുവിച്ചു. മറുനാടുകളിൽനിന്നു സാധനങ്ങൾ എത്താതിരുന്നാൽ ഭക്ഷ്യക്ഷാമം ഉണ്ടാകുമെന്നത് പരിഗണിക്കുമ്പോൾ, സ്ഥലമുണ്ടായിട്ടും കൃഷിചെയ്യാത്ത നിലവിലെ സ്ഥിതി മാറ്റാതെവയ്യ.

സ്വന്തം പേരിൽ സ്ഥലമുള്ളവർക്ക് ഏക്കറിന് 16,187 രൂപ വരെ ധനസഹായം നൽകും. നേരിട്ട് കൃഷി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് വസ്തു വാടകയ്ക്ക് വിട്ടുകൊടുക്കാം. തുക ബാങ്ക് അക്കൗണ്ടിൽ എത്തും. തരിശുഭൂമി കണ്ടെത്താനും യുവാക്കളെയും മടങ്ങിവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് കൊണ്ടുവരാനും ലക്ഷ്യമിടുന്നു. കുറഞ്ഞത് രണ്ടായിരം പേർക്കെങ്കിലും ഓരോ കൃഷിഭവനിലും ഒരുക്കുന്ന കാർഷിക പാഠശാലയിൽ പരിശീലനം നൽകും. വിവരങ്ങൾ പങ്കുവെയ്ക്കാൻ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കും.

നെല്ല്, വാഴ ഉൾപ്പെടെ പഴവർഗങ്ങൾ, കിഴങ്ങുകൾ, പയർ, ചെറുധാന്യങ്ങൾ, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷികൾ. തെങ്ങ്, കമുക് എന്നിവയിൽ ഇടവിളയായും ആകാം. കന്നുകാലി വളർത്തൽ, മത്സ്യം, തേനീച്ച, കോഴി കൃഷികൾ എന്നിവയും ഉൾപ്പെടുത്താം. വിള ഇൻഷുറൻസ്, കുറഞ്ഞ നിരക്കിൽ വൈദ്യുതി, ജലലഭ്യത എന്നിവ ഉറപ്പാക്കും. പഞ്ചായത്ത് അടിസ്ഥാനത്തിൽ കോൾഡ് സ്റ്റോറേജ് നിർമ്മിച്ച് ഉത്പന്നങ്ങൾ സംഭരിച്ച് ജൈവ സാക്ഷ്യപത്രത്തോടെ ഇടനിലക്കാരെ ഒഴിവാക്കി വിപണിയിലെത്തിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും വിളവുകൾ സംസ്‌കരിച്ച് പായ്ക്ക് ചെയ്യാനും ആവശ്യക്കാർക്ക് ഓൺലൈനിൽ എത്തിക്കാനും സംവിധാനം ഒരുക്കും. ഇതിനായി എംഎ‍ൽഎ. ഫണ്ട് വിനിയോഗിക്കാം.

വാർഡ് മുതൽ സംസ്ഥാന തലം വരെ ജനകീയ സമിതികൾ രൂപവത്കരിച്ച് പുരോഗതി വിലയിരുത്തും. കൃഷി വകുപ്പിന്റെ പദ്ധതി വിഹിതം പര്യാപ്തമല്ലാത്തതിനാൽ പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം വാങ്ങണം. മറ്റ് വകുപ്പുകളുടെ പദ്ധതിയിതര തുകകളും വിനിയോഗിക്കാം. സർക്കാർ വകുപ്പുകൾക്ക് പുറമെ സഹകരണ സംഘങ്ങളും ബാങ്കുകളും പങ്കാളിത്തം വഹിക്കും. എൻ.ജി.ഒ.കൾക്കും ഇതര സംഘടനകൾക്കും ഇടമുണ്ടാകും.

ഒരു വർഷം കൊണ്ട് 3860 കോടി രൂപയുടെ പദ്ധതിയാണ് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ മേഖലകളിലായി നടപ്പാക്കുന്നത്. കൃഷി - 1449 കോടി രൂപ, മൃഗസംരക്ഷണം - 118 കോടി, ക്ഷീരവികസനം - 215 കോടി, മത്സ്യബന്ധനം - 2078 കോടി. കൃഷി, തദ്ദേശസ്വയംഭരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം എന്നീ വകുപ്പുകൾ ഒത്തൊരുമിച്ചാണ് പദ്ധതി നടപ്പാക്കുക. ജലസേചന കാര്യത്തിൽ ജലവിഭവ വകുപ്പും കാർഷികോൽപന്നങ്ങളുടെ മൂല്യവർധനയ്ക്ക് വ്യവസായ വകുപ്പും ഈ പദ്ധതിയുമായി യോജിച്ച് നീങ്ങും.

കോവിഡ് 19 സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്. ഇതിന്റെ ആഘാതം ബാധിക്കാത്ത ഒരു മേഖലയുമില്ല. പ്രവാസികളുടെ മടങ്ങിവരവ് നമ്മുടെ സമ്പദ് ഘടനയെ കൂടുതൽ പ്രയാസത്തിലാക്കും. ഈ അവസ്ഥയെ എങ്ങനെ മറികടക്കാമെന്നതാണ് നമ്മുടെ പ്രധാന വെല്ലുവിളി. വികേന്ദ്രീകരണത്തിലധിഷ്ഠിതമായ വികസന സംവിധാനം നമുക്കുണ്ട്. ഇതിന്റെ ഊർജ്ജം ഉപയോഗപ്പെടുത്തി പുതിയ സാഹചര്യം നേരിടാൻ കഴിയണം. നാടിന്റെ വിഭവ ശേഷി പൂർണായി ഉപയോഗിക്കാൻ കഴിയണം. ഇപ്പോൾ നേരിടുന്നതിലും വലിയ പ്രതിസന്ധി നാം മുന്നിൽ കാണണം. അതുകൊണ്ടാണ് സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

തരിശുനിലങ്ങളിൽ പൂർണമായി കൃഷിയിറക്കുക ഉല്പാദന വർധനവിലൂടെ കർഷകർക്ക് നല്ല വരുമാനം ഉറപ്പാക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് യുവാക്കളെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ ബൃഹദ് പദ്ധതി നടപ്പാക്കുന്നത്.

തരിശുനിലങ്ങളിൽ ശാസ്ത്രീയമായാണ് കൃഷിയിറക്കേണ്ടത്. ഏതു കൃഷിയാണ് ഓരോ പ്രദേശത്തിനും അനുയോജ്യമായതെന്ന് പ്രാദേശിക തലത്തിൽ തീരുമാനിക്കണം. ഉടമസ്ഥരുടെ സമ്മതത്തോടെയും അവരുടെ പങ്കാളിത്തത്തോടെയും കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇതിന് നേതൃത്വം നൽകണം. പുരയിടങ്ങളിലും നല്ല രീതിയിൽ കൃഷിചെയ്യാൻ കഴിയും. സർക്കാരിന്റെ വിവിധ വകുപ്പുകളുടെ തരിശായി കിടക്കുന്ന ഭൂമിയിലും കൃഷി നടത്താൻ ഉദ്ദേശിക്കുകയാണ്. പച്ചക്കറി കൃഷി നാട്ടിൽ ഒരു സംസ്‌കാരമായി വളർന്നിട്ടുണ്ട്. അത് കൂടുതൽ വ്യാപിപ്പിക്കണം. മഴക്കാലം തുടങ്ങുമ്പോൾ ഒരു കോടി ഫലവൃക്ഷതൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അതും ഈ പദ്ധതിയുടെ ഭാഗമാക്കണം. കിഴങ്ങുവർഗ്ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കണം. ഓരോ വീട്ടിലും മത്സ്യം വളർത്താൻ കഴിയും. ചെറിയ കുളങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ മത്സ്യസമ്പത്ത് വലിയ തോതിൽ വർധിപ്പിക്കാൻ കഴിയും.

ഉൽപാദനം വർധിപ്പിക്കുമ്പോൾ വിപണി വിപുലമാക്കാനും പദ്ധതിയുണ്ട്. പ്രാദേശികമായി തന്നെ വിപണിക്ക് വിപുലമായ സംവിധാനം ഉണ്ടാക്കും. പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനത്തിന്റെ ശൃംഖല സൃഷ്ടിക്കും. വിളവെടുപ്പിനു ശേഷമുള്ള പരിപാലനവും പ്രധാനമാണ്. കൃഷി നടത്തുന്നത് സംബന്ധിച്ച എല്ലാ മാർഗ്ഗനിർദേശങ്ങളും കൃഷിവകുപ്പ് നൽകും. അതനുസരിച്ചാണ് നീങ്ങേണ്ടത്. ഇക്കാര്യത്തിൽ നാമെല്ലാം ഒന്നിച്ചിറങ്ങിയാൽ നാട് കൂടെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സാധാരണഗതിയിൽ കൃഷിഭൂമിയുടെ ഉടമസ്ഥർക്കാണ് വായ്പ അനുവദിക്കുക. എന്നാൽ തരിശുനിലങ്ങളിൽ കൃഷിയിറക്കുന്ന സന്നദ്ധ സംഘങ്ങൾക്കോ ഗ്രൂപ്പുകൾക്കോ കമ്മിറ്റികൾക്കോ പ്രാഥമിക കാർഷിക സംഘങ്ങളും സഹകരണ ബാങ്കുകളും വായ്പ അനുവദിക്കണം. പ്രാഥമിക കാർഷിക സംഘങ്ങളുടെ പ്രധാന ചുമതല കാർഷിക വായ്പ നൽകലാണ്. എല്ലാ കൃഷിക്കും വായ്പ നൽകണം. ചില പഞ്ചായത്തിൽ ഒന്നിലേറെ ബാങ്കുകൾ കാണും. അങ്ങനെയാണെങ്കിൽ ഒരു ബാങ്കിനെ ലീഡ് ബാങ്കായി കണക്കാക്കുകയും മറ്റ് ബാങ്കുകൾ അതിനോട് സഹകരിക്കുകയും വേണം. പലിശരഹിത വായ്പയോ കുറഞ്ഞ പലിശയ്ക്കുള്ള വായ്പയോ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കൃഷി വകുപ്പിനാണ് പദ്ധതിയുടെ പ്രധാന ചുമതല എന്നതിനാൽ ഓരോ പ്രദേശത്തും കൃഷി ഓഫീസർമാരുമായി നല്ല ബന്ധം ഉണ്ടാകണം. കാർഷിക സേവന കേന്ദ്രങ്ങൾ രൂപീകരിക്കണം. വിത്തുവിതരണത്തിനുള്ള ശൃംഖല സ്ഥാപിക്കണം. നടീൽ വസ്തുക്കൾ, വളം, കീടനാശിനി, തീറ്റ, കോഴിക്കുഞ്ഞുങ്ങൾ, ആട്ടിൻകുട്ടികൾ, കന്നുകുട്ടികൾ, മത്സ്യക്കുഞ്ഞുങ്ങൾ എന്നിവയൊക്കെ ഇത്തരം കേന്ദ്രങ്ങൾ വഴി ലഭ്യമാക്കണം. കാർഷിക സർവകലാശാലയുടെയും കാർഷിക ഗവേഷണ കേന്ദ്രങ്ങളുടെയും വെറ്റിറിനറി സർവകലാശാലയുടെയും ഫിഷറീസ് സർവകലാശാലയുടെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളുടെയും സേവനം ഈ പദ്ധതിയുടെ വിജയത്തിനു വേണ്ടി പരമാവധി പ്രയോജനപ്പെടുത്തണം.

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കുന്നതിന് പഞ്ചായത്ത് തലത്തിൽ വ്യക്തമായ പദ്ധതിയുണ്ടാകണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളേയും ഇതിൽ പങ്കാളികളാക്കണം. ജലസേചനത്തിന് ജലവിഭവ വകുപ്പുമായി നല്ല രീതിയിൽ യോജിച്ച് നീങ്ങണം. 25,000 ഹെക്ടർ തരിശുനിലത്തിൽ കൃഷിയിറക്കാനാണ് ഉദ്ദേശിക്കുന്നത്. അതിൽ നെല്ല് 5000 ഹെക്ടർ, പച്ചക്കറി 7000 ഹെക്ടർ, വാഴ 7000 ഹെക്ടർ, കിഴങ്ങ് 5000 ഹെക്ടർ, പയർവർഗ്ഗങ്ങൾ 500 ഹെക്ടർ, ചെറുധാന്യങ്ങൾ 500 ഹെക്ടർ എന്നിങ്ങനെയാണ് കണക്കാക്കുന്നത്. പുരയിട കൃഷിയിൽ പച്ചക്കറിയും കിഴങ്ങുവർഗ്ഗങ്ങളും ആകാം.

മൃഗസംരക്ഷണ മേഖല

പതിനായിരം ക്രോസ് ബ്രീഡ് പശു യൂണിറ്റുകൾ സ്ഥാപിക്കും. ശുചിത്വമുള്ള കന്നുകാലി ഷെഡിന് സഹായം നൽകും. 5000 ശുചിത്വമുള്ള കന്നുകാലി ഷെഡുകൾ സ്ഥാപിക്കാനാണ് പദ്ധതി. പുൽകൃഷിയുടെ കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണം.

വാണിജ്യ ക്ഷീരകർഷകർക്കുള്ള യന്ത്രവൽക്കരണ പദ്ധതി - 2 കോടി രൂപ സർക്കാർ സഹായത്തോടെ ഇരുനൂറു യൂണിറ്റുകൾ സ്ഥാപിക്കും.

ക്ഷീരവികസനം

എല്ലാ പഞ്ചായത്തിലുമായി 8000 ഡയറി യൂണിറ്റുകൾ. അതുവഴി 11,000 മൃഗങ്ങളെ കർഷകരുടെ പങ്കാളിത്തത്തോടെ കൊണ്ടുവരും. ചീസ്, തൈര് തുടങ്ങി പാലിൽ നിന്നുണ്ടാക്കുന്ന മൂല്യവർധിത വസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കും. കറവ യന്ത്രങ്ങൾക്കുള്ള സബ്സിഡി വർധിപ്പിക്കാൻ ശ്രമിക്കും.

മത്സ്യബന്ധനം

മൂവായിരം ഹെക്ടർ ഉപ്പുവെള്ള കുളങ്ങളിൽ പേൾ സ്പോട്ട് ഫാമിങ് യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി 6,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും. ഉപ്പുവെള്ളത്തിൽ കൂട്ടിൽ കൃഷി ചെയ്യുന്നതിന് 5000 യൂണിറ്റ് സ്ഥാപിക്കും. ഇതുവഴി മത്സ്യഉല്പാദനം 5000 ടൺ വർധിക്കും. 12,000 മത്സ്യത്തൊഴിലാളികൾക്ക് തൊഴിൽ ലഭിക്കും. ഒരു യൂണിറ്റിന് ഒരു ലക്ഷം രൂപ ചെലവിൽ പടുതാ കുളത്തിൽ 5000 മത്സ്യകൃഷി യൂണിറ്റുകൾ സ്ഥാപിക്കും. ഇതുവഴി 5000 പേർക്ക് തൊഴിൽ ലഭിക്കും. 14 ജില്ലകളിലും രോഗ നിരീക്ഷണത്തിന് ഓരോ മൊബൈൽ അക്വാ ലാബ് സ്ഥാപിക്കും. സുഭിക്ഷ കേരളം പദ്ധതി വൻ വിജയമാക്കുന്നതിന് തദ്ദേശസ്വയംഭരണ തലത്തിലും വാർഡ് തലത്തിലും സമിതികൾ രൂപീകരിക്കണം. നിയോജകമണ്ഡല അടിസ്ഥാനത്തിലും സമിതികൾ രൂപീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP