Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പഴകിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കൾ നുരച്ചുപൊന്തിയപ്പോൾ ഗതികെട്ടാണ് പരാതി നൽകിയത്; ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി മെസ് പൂട്ടിയതോടെ പ്രതികാരം മുഴുവൻ പെൺകുട്ടികളോട്; പരീക്ഷ അടുത്തിട്ടും ഹോസ്റ്റലിൽ നിന്ന് കെട്ട് കെട്ടിക്കാനുള്ള സിഎസ്‌ഐ സഭാ മാനേജ്‌മെന്റ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാറശ്ശാല ലോ കോളേജിലെ വിദ്യാർത്ഥിനികൾ

പഴകിയ ഭക്ഷണത്തിൽ നിന്ന് പുഴുക്കൾ നുരച്ചുപൊന്തിയപ്പോൾ ഗതികെട്ടാണ് പരാതി നൽകിയത്; ഭക്ഷ്യസുരക്ഷാവിഭാഗം പരിശോധന നടത്തി മെസ് പൂട്ടിയതോടെ പ്രതികാരം മുഴുവൻ പെൺകുട്ടികളോട്; പരീക്ഷ അടുത്തിട്ടും ഹോസ്റ്റലിൽ നിന്ന് കെട്ട് കെട്ടിക്കാനുള്ള സിഎസ്‌ഐ സഭാ മാനേജ്‌മെന്റ് നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പാറശ്ശാല ലോ കോളേജിലെ വിദ്യാർത്ഥിനികൾ

അരുൺ ജയകുമാർ

തിരുവനന്തപുരം: സിഎസ്ഐ സഭയുടെ പാറശ്ശാലയിലെ ലോ കോളേജ് ഹോസ്റ്റൽ ക്യാന്റീനിൽ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധന നടത്തി പൂട്ടിച്ചതിന്റെ പ്രതികാരം വിദ്യാർത്ഥിനികളോട് തീർത്ത് മാനേജ്മെന്റ്. മെസ് പൂട്ടിയ സ്ഥിതിക്ക് ഇനി ഭക്ഷണമില്ലാത്ത സ്ഥലത്ത് താമസിക്കണ്ടെന്നും ബാഗും സാധനങ്ങളുമെടുത്ത് നാട്ടിലേക്ക് വിട്ടോളാനുമായിരുന്നു കൽപ്പന. എന്നാൽ സെമസ്റ്റർ പരീക്ഷ അടുത്തയാഴ്ച ആരംഭിക്കുന്നതിനാൽ നാട്ടിലേക്ക് പോകാൻ കഴിയില്ലെന്ന് നിലപാടെടുത്ത വിദ്യാർത്ഥിനികൾ കോളേജിന് മുന്നിൽ നടത്തുന്ന സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. വിദ്യാർത്ഥികൾ സമരത്തിലേക്ക് കടന്നതോടെ രക്ഷിതാക്കളുമായി ചർച്ച നടത്തുകയാണ് ഇപ്പോൾ കോളേജ് അധികൃതർ

പാറശാല ചെറുവാരക്കുളത്ത് സ്ഥിതി ചെയ്യുന്ന ലോ കോളേജിനോട് ചേർന്നാണ് പെൺകുട്ടികൾക്കുള്ള ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള മെസ്സിൽ നിന്നുമാണ് കുട്ടികൾ ഭക്ഷണം കഴിക്കുന്നത്. മെസ്സിലെ ഭക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് നേരത്തെ തന്നെ മോശം അഭിപ്രായമുണ്ട്. പലപ്പോഴും പരാതി നൽകിയെങ്കിലും അധികൃതർ നടപടിയെടുത്തില്ല. ഓരോ വർഷത്തേക്കുമുള്ള മെസ്, ഹോസ്റ്റൽ ഫീസ് കൃത്യമായി വാങ്ങുന്ന അധികൃതർ പക്ഷേ വാങ്ങുന്ന പണത്തിനുള്ള നിലവാരം പോലും ആഹാരത്തിന് നൽകിയിരുന്നില്ല. നിരവധി തവണ പരാതി പറഞ്ഞിട്ടും കുട്ടികൾക്ക് ഭക്ഷ്യവിഷ ബാധയേൽക്കുന്നത് പതിവായിട്ടും പരിഹാരമുണ്ടായില്ല.

ഇതിനിടയിലാണ് കഴിഞ്ഞയാഴ്ച പഴകിയ ഭക്ഷണത്തിൽ നിന്നും പുഴുക്കളെ ലഭിച്ചതോടെ ഹോസ്റ്റലിൽ തന്നെ താമസിക്കുന്ന പെൺകുട്ടി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് വിഷയം ചൂണ്ടിക്കാണിച്ച് പരാതി നൽകിയത്. പരാതി ലഭിച്ചതിന് പിന്നാലെ ഭക്ഷ്യ സുരക്ഷ വിഭാഗം പരിശോധനയ്ക്കായി എത്തുകയും ചെയ്തു. ഹോസ്റ്റൽ ക്യാന്റീൻ പ്രവർത്തനയോഗ്യമല്ലെന്നും തുടർന്ന് പ്രവർത്തിക്കുന്നതിന് വേണ്ടി ലൈസൻസ് ലഭിക്കണമെങ്കിൽ ക്യാന്റീൻ വൃത്തിയാക്കി പ്രവർത്തന സജ്ജമാക്കാൻ 20 കാര്യങ്ങൾ അടിയന്തരമായി ശരിയാക്കണമെന്നും നിർദ്ദേശം നൽകിയ ശേഷം ഹോസ്റ്റൽ ക്യാന്റീൻ അടച്ച് ഉദ്യോഗസ്ഥർ സീൽ ചെയ്യുകയും ചെയ്തു.

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ക്യാന്റീൻ പൂട്ടിയതിന് പിന്നാലെ ഹോസ്റ്റൽ അധികൃതർ എത്തി പെൺകുട്ടികളോട് ക്യാന്റീൻ വീണ്ടും പ്രവർത്തനം ആരംഭിക്കാൻ സമയമെടുക്കുമെന്നും കുട്ടികൾ സാധനവും ബാഗുകളുമെടുത്ത് താസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തുകയോ അല്ലെങ്കിൽ വീടുകളിലേക്ക് പോകണമെന്നും നിർദ്ദേശിക്കുകയായിരുന്നു. എന്നാൽ കാസർഗോഡ് കണ്ണൂർ ഉൾപ്പടെയുള്ള വടക്കൻ ജില്ലകളിൽ നിന്നു പോലും ഇവിടെ നിന്ന് പഠിക്കുന്ന കുട്ടികൾ നാട്ടിലേക്ക് പോകാൻ വിസമ്മതിക്കുകയായിരുന്നുവെങ്കിലും അധികൃതർ പരിഹാരം കണ്ടില്ല.

ഈ മാസം 18ന് പരീക്ഷ ആരംഭിക്കുന്നതിനാൽ തന്നെ വീട്ടിലേക്ക് പോകാനാകില്ലെന്നും പകരം സംവിധാനം ഏർപ്പെടുത്തണമെന്ന് ആവശ്യപെട്ടിട്ടും ലഭിച്ചില്ല. 8ാം തീയതിക്ക് മുൻപ് ഹോസ്റ്റലിൽ നിന്നും ഒഴിയണമെന്ന് അധികൃതർ അന്തിമ നിലപാട് പ്രഖ്യാപിച്ചതിന് പിന്നാലെ പെൺകുട്ടികൾ പ്രിൻസിപ്പാളിനെ ഉപരോധിക്കുകയും കോളേജിന് മുന്നിൽ സമരമിരിക്കുകയും ചെയ്തു. ഇതോടെ പെൺകുട്ടികളുടെ രക്ഷിതാക്കളെ അധികൃതർ വിളിച്ചു വരുത്തുകയും ഇപ്പോൾ ചർച്ച പുരോഗമിക്കുകയുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP