Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഫിദ തസ്നീമ പീസ് വാലിക്ക് നൽകിയത് ഭിന്നശേഷിയുള്ള കുട്ടിക്ക് പരീക്ഷ സഹായി ആയതിന് സ്‌കൂളിൽ നിന്ന് കിട്ടിയ 900 രൂപ; പെരുന്നാളിന് കിട്ടിയ ചെറിയ ചെറിയ തുകകൾ പീസ് വാലിയിലെ 'വലിയ പെട്ടിയിൽ' ഇട്ട് ഇമാൻ അൻസാരി; അനാഥരോടും അഗതികളോടും വേദന അനുഭവിക്കുന്നവരോടും കുട്ടികൾ പ്രകടിപ്പിക്കുന്ന കരുതലിന്റെ നേർകാഴ്‌ച്ചകൾ ഇങ്ങനെ

ഫിദ തസ്നീമ പീസ് വാലിക്ക് നൽകിയത് ഭിന്നശേഷിയുള്ള കുട്ടിക്ക് പരീക്ഷ സഹായി ആയതിന് സ്‌കൂളിൽ നിന്ന് കിട്ടിയ 900 രൂപ; പെരുന്നാളിന് കിട്ടിയ ചെറിയ ചെറിയ തുകകൾ പീസ് വാലിയിലെ 'വലിയ പെട്ടിയിൽ' ഇട്ട് ഇമാൻ അൻസാരി; അനാഥരോടും അഗതികളോടും വേദന അനുഭവിക്കുന്നവരോടും കുട്ടികൾ പ്രകടിപ്പിക്കുന്ന കരുതലിന്റെ നേർകാഴ്‌ച്ചകൾ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: അനാഥരോടും അഗതികളോടും വേദന അനുഭവിക്കുന്നവരോടും കുട്ടികൾ പ്രകടിപ്പിക്കുന്ന കരുതലിന്റെ നേർകാഴ്ചയായി വടുതല സ്വദേശി ഫിദ തസ്നീമും പള്ളുരുത്തി സ്വദേശി ഇമാൻ അൻസാരിയും പീസ് വാലിക്ക് നൽകിയ കൈനീട്ടം. കുടുക്ക പൊട്ടിച്ചപ്പോൾ കിട്ടിയതും ക്ഷേമ പെൻഷനായും മറ്റും ലഭിച്ച തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വാർത്തകൾ ഈ കോവിഡ് കാലത്ത് പുറത്തുവന്നിരുന്നു. ഇക്കൂട്ടത്തിൽ വേറിട്ടുനിൽക്കുന്നതാണ് ഫിദയുടെയും ഇമാന്റെയും ഈ വഴിക്കുള്ള നീക്കം.എറണാകുളം ജില്ലയിലെ കോതമംഗലത്ത് പ്രവർത്തിക്കുന്ന പീസ് വാലി പുനരധിവാസ കേന്ദ്രത്തിനാണ് വിദ്യാർത്ഥിനികളായ ഇവർ തങ്ങളാൽ കഴിയുന്ന സാഹായമെത്തിച്ചത്.

ഭിന്നശേഷിയുള്ള കുട്ടിക്ക് പരീക്ഷക്ക് സഹായിയായതിന് സ്‌കൂളിൽ നിന്ന് കിട്ടിയ 900 രൂപ 'പീസ് വാലിക്ക്' കൊടുക്കാൻ ഉപ്പയുടെ കയ്യിൽ കൊടുത്തുവിടുകയായിരുന്നു അരൂക്കുറ്റി വടുതല സ്വദേശി ഫിദ. പിതാവ് വാരപ്പെട്ടി പബ്ലിക് ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സലിം താഹ പീസ് വാലിയിലെ നിത്യസന്ദർശകനാണ്. പിതാവിന്റെ വിവരണത്തിലൂടെയാണ് ഫിദ പീസ് വാലിയെ കുറിച്ച് അറിയുന്നത്.പരീക്ഷ കഴിഞ്ഞു പീസ് വാലിയിൽ കൊണ്ടുപോകാം എന്ന് ഉപ്പ ഫിദക്ക് ഉറപ്പ് ൽകിയിരുന്നു. സ്‌കൂളിലെ ഉയർന്ന ക്ലാസ്സിലെ ഭിന്നശേഷിയുള്ള വിദ്യാർത്ഥിക്ക് വേണ്ടി പരീക്ഷക്ക് സഹായിയായി വരാമോ എന്ന് ടീച്ചർ ചോദിച്ചപ്പോൾ ആ ദൗത്യം സന്തോഷത്തോടെ ഫിദ ഏറ്റെടുത്തു.

ഇതിന് പ്രതിഫലമായി 900 രൂപ ഫിദയ്ക്ക് ലഭിച്ചു.ഈ തുക എന്ത് ചെയ്യുമെന്ന ടീച്ചറുടെ ചോദ്യത്തിന് പീസ് വാലിക്ക് കൊടുക്കും എന്നായിരുന്നു ഫിദയുടെ മറുപടി. ലോക്ക്ഡൗൺ കാരണം പീസ് വാലിയിൽ നേരിട്ടെത്തി പണം കൈമാറാൻ പറ്റാത്തതിനാൽ ഉപ്പയുടെ കൈവശം കൊടുത്തയാക്കുകയായിരിന്നു.അരൂക്കുറ്റി വടുതല ജമാഅത്ത് എച്ച് എസ് എസ് -ലെ 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയാണ് ഫിദ. എട്ടു വയസ്സുകാരി ഇമാൻ അൻസാരി പള്ളുരുത്തി സ്വദേശിയാണ്. മാസങ്ങൾക്കു മുൻപ് ഇമാൻ മാതാവിനും കുടുംബാംഗങ്ങൾക്കുമൊപ്പം പീസ് വാലി സന്ദർശിച്ചിരുന്നു. പീസ് വാലിയിലെ കവാടത്തിലെ വലിയ പെട്ടിയിൽ വല്യമ്മ പൈസ ഇടുന്നത് ഇമാന്റെ ശ്രദ്ധിൽപെട്ടിരുന്നു.

കോവിഡ് കാലത്ത് തനിക്ക് പെരുന്നാളിന് കിട്ടിയ ചെറിയ ചെറിയ തുകകൾ പീസ് വാലിയിലെ 'വലിയ പെട്ടിയിൽ' ഇടാൻ കുറെ ദിവസമായി ആരെയും എടുക്കാൻ അനുവദിക്കാതെ സൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നു ഇമാൻ. ഇതിനായി ഉമ്മ ഫാത്തിമയുടെ കയ്യിൽ നിന്ന് ഒരു പേഴ്‌സും അവൾ സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പീസ് വാലിയിൽ എത്തിയ ഉടനെ കാറിൽ നിന്നും ഇറങ്ങി ഓടിയെത്തി,ഉമ്മയുടെ സഹായത്തോടെ പണം പെട്ടിയിൽ നിക്ഷേപിക്കുന്നു കുഞ്ഞ് ഇമാൻ.കണ്ടു നിന്നവരിൽ കൗതുകമുണർത്തിയ കാഴ്ചയായിരുന്നു ഇത്.പീസ് വാലിയിൽ ഏറെ നേരം ചെലവിട്ട ശേഷമാണ് ഇമാനും കുടുംബവും മടങ്ങിയത്.ചന്തിരൂർ അൽ അമീൻ പബ്ലിക് സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഇമാൻ അൻസാരി.

സ്‌കൂളുകളിൽ നിന്ന് സന്ദർശനത്തിന് വന്ന വിദ്യാർത്ഥികളിൽ പലരും പിന്നീട് അവരുടെ കുടുംബത്തെയും കൂട്ടി സ്ഥാപനത്തിൽ വരാറുണ്ടെന്നും സാധാരണ സാ പുനരധിവാസ കേന്ദ്രങ്ങളിലെ ദയനീയ കാഴ്ചകളിൽ നിന്നും വിഭിന്നമായി കുട്ടികളെ അവർക്കു ലഭിച്ചിട്ടുള്ള സൗഭാഗ്യങ്ങൾ ബോധ്യപ്പെടുത്തുന്ന രീതിയാണ് പീസ് വാലി അവലംബിക്കുന്നതെന്നും പീസ് വാലി ചെയർമാൻ പി എം അബൂബക്കർ അറിയിച്ചു. കോതമംഗലം നെല്ലികുഴിയിൽ പ്രകൃതിമനോഹരമായ പത്തേക്കർ സ്ഥലത്താണ് പീസ് വാലി പ്രവർത്തിക്കുന്നത്. സാമൂഹിക മാനസിക പുനരധിവാസ കേന്ദ്രം, നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രം, ഡയാലിസിസ് സെന്റർ, പാലിയേറ്റീവ് കെയർ സെന്റർ,ആസ്റ്റർ ആശുപത്രിയുമായി സഹകരിച്ചുള്ള സഞ്ചരിക്കുന്ന ആശുപത്രി എന്നിവയാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ.

പൂർണമായും സൗജന്യമായാണ് പീസ് വാലിയുടെ പ്രവർത്തനങ്ങൾ.കോവിഡ് കാലത്ത് ആദിവാസി, പിന്നാക്ക, പാർശ്വ വത്കൃത മേഖലകളിൽ സഞ്ചരിക്കുന്ന ആശുപത്രി നടത്തിയ മെഡിക്കൽ ക്യാമ്പുകൾ ദേശീയ മാധ്യമങ്ങൾ വരെ റിപ്പോർട്ട് ചെയ്തിരുന്നു. നട്ടെല്ലിന് പരിക്കേറ്റവർക്കുള്ള ചികിത്സ-പുനരധിവാസ കേന്ദ്രത്തിൽ മുന്നൂറോളം പേർ അഡ്‌മിഷനായികാത്തിരിക്കുകയാണ്. ഈ കേന്ദ്രത്തിന്റെ വിപുലീകരണവും
ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രാരംഭ ഇടപെടൽ കേന്ദ്രത്തിന്റെ നിർമ്മാണവും പ്രാരംഭ ഘട്ടത്തിലാണ്. പ്രവർത്തന ചെലവിനായി പ്രതിമാസം പതിനഞ്ചു ലക്ഷത്തോളം രൂപയാണ് വേണ്ടി വരുന്നത് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ സ്ഥാപനത്തിന് ആവശ്യമാണെന്നും പി എം അബൂബക്കർ കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP