Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുടിവെള്ള കണക്ഷനും കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസുമില്ലാതെ ഒരു മെഡിക്കൽ കോളജ്! അദ്ധ്യാപകരുമില്ല ഉപകരണങ്ങളുമില്ല, ജീവനക്കാർക്ക് ശമ്പളവുമില്ല; എംസിഎ പരിശോധനക്കുവരുമ്പോൾ പണം കൊടുത്ത് രോഗികളുടെ വേഷം കെട്ടിക്കും; ബിജെപി നേതാക്കൾക്ക് അഞ്ചുകോടിയിലേറെ രൂപ കോഴ നൽകി വിവാദങ്ങളിൽ സ്ഥാനം പിടിച്ച വർക്കല എസ്ആർ മെഡിക്കൽ കോളേജിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും

കുടിവെള്ള കണക്ഷനും കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസുമില്ലാതെ ഒരു മെഡിക്കൽ കോളജ്! അദ്ധ്യാപകരുമില്ല ഉപകരണങ്ങളുമില്ല, ജീവനക്കാർക്ക് ശമ്പളവുമില്ല; എംസിഎ പരിശോധനക്കുവരുമ്പോൾ പണം കൊടുത്ത് രോഗികളുടെ വേഷം കെട്ടിക്കും; ബിജെപി നേതാക്കൾക്ക് അഞ്ചുകോടിയിലേറെ രൂപ കോഴ നൽകി വിവാദങ്ങളിൽ സ്ഥാനം പിടിച്ച വർക്കല എസ്ആർ മെഡിക്കൽ കോളേജിനെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും

എം മനോജ് കുമാർ

തിരുവനന്തപുരം: പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാതെ, ശരിയായ ശിക്ഷണമില്ലാതെ എംബിബിഎസ് വിദ്യാർത്ഥികൾ എങ്ങിനെയെങ്കിലും പുറത്തിറങ്ങിയാൽ കേരളത്തിലെ ആതുര ശുശ്രൂഷാ രംഗത്തിന്റെ അവസ്ഥയെന്താകും? ആരോഗ്യ ശുശ്രുഷാ രംഗത്തെ ശരിക്കും ഐസിയുവിലേക്ക് തള്ളിവിടുകയാണ് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ വലിയ പങ്കും. ഈ ഘട്ടത്തിൽ മെഡിക്കൽ കൗൺസിൽ അംഗീകാരം പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ അവസ്ഥ എന്താണ്? കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജ് രംഗത്ത് നിലനിൽക്കുന്ന ഗുരുതരമായ അവസ്ഥാ വിശേഷങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്, ഇതിന്റെ ഇരകളായ കുട്ടികളുടെ രക്ഷിതാക്കൾ. വർക്കല എസ്ആർ മെഡിക്കൽ കോളേജിലെ രക്ഷിതാക്കളും കുട്ടികളുമാണ് ഇപ്പോൾ സംഘടിച്ചിരിക്കുന്നത്.

ഇന്ത്യൻ മെഡിക്കൽ കൗൺസിലിനെ കബളിപ്പിച്ച് എങ്ങിനെയെങ്കിലും അംഗീകാരം നേടിയെടുക്കാനാണ് വർക്കല എസ്ആർ മെഡിക്കൽ കോളേജ് അധികൃതർ ശ്രമം നടത്തുന്നത്. ഇതിനു മുൻപ് തന്നെ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി കേരളത്തിലെ ബിജെപി നേതാക്കൾക്ക് അഞ്ചുകോടിയിലേറെ രൂപ കോഴ നൽകി വിവാദങ്ങളിൽ സ്ഥാനം പിടിച്ച മെഡിക്കൽ കോളേജ് കൂടിയാണ് എസ്ആർ മെഡിക്കൽ കോളേജ്. ആ നീക്കത്തിൽ പരാജയപ്പെട്ട എസ്ആർ ഇപ്പോൾ മെഡിക്കൽ കൗൺസിൽ പരിശോധനയിൽ കടന്നുകൂടാൻ ഡോക്ടർമാരെയും രോഗികളെയും പാരാമെഡിക്കൽ സ്റ്റാഫിനെയും വാടകയ്ക്ക് എടുക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ഗൗരവകരമായ ആരോപണം. കോളേജിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും തന്നെയാണ് കോളേജിനെക്കുറിച്ച് ഇത്രയും ഗുരുതരമായ ആരോപണം ഉയർത്തുന്നതും.

ഇവിടെ എംബിബിഎസിനു പ്രവേശനം നേടിയ നൂറോളം വിദ്യാർത്ഥികളുടെ ഭാവിയും പ്രതിസന്ധിയിലാണ്. വിദ്യാർത്ഥികൾ നേരിടുന്ന ഗൗരവകരമായ പ്രശ്നങ്ങൾക്ക് തെല്ലും ചെവികൊടുക്കാതെയാണ് എസ്ആർ കോളേജ് ചെയർമാൻ മെഡിക്കൽ കൗൺസിൽ അംഗീകാരത്തിനായി തറവേലകൾ പയറ്റുന്നത്. അദ്ധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, മെഡിക്കൽ കൗൺസിൽ അനുമതിയുമില്ല. ഇതാണ് എസ്ആർ മെഡിക്കൽ കോളേജ് നേരിടുന്ന പ്രതിസന്ധി. 2016 ൽ പ്രവേശനം കിട്ടിയ 100 കുട്ടികളാണ് ഇപ്പോൾ ഇവിടെയുള്ളത്. വിദ്യാർത്ഥികളുടെ ഭാവി തുലാസിലാണ്. മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പരിശോധനകളിൽ നിരന്തരമായി പരാജയപ്പെടുന്നതിനാൽ ഇത്തവണയെങ്കിലും പരിശോധനയിൽ കടന്നുകൂടാനാണ് എസ്ആർ മെഡിക്കൽ കോളേജ് ശ്രമിക്കുന്നത്.

അദ്ധ്യാപകരെ നിയമിക്കാതെ, ക്ളാസുകൾ കാര്യക്ഷമമായി നടത്താതെ, പരീക്ഷകളിൽ വരെ കൃത്രിമം കാണിക്കുന്ന മാനേജ്‌മെന്റ് രീതികൾക്കെതിരെയാണ് വിദ്യാർത്ഥികൾ നിലകൊള്ളുന്നത്. എസ്ആർ കോളേജിലെ 100 എംബിബിഎസ് വിദ്യാർത്ഥികളെ മറ്റേതെങ്കിലും കോളേജുകളിലേക്ക് മാറ്റണമെന്ന ആവശ്യത്തിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കഴിഞ്ഞ ഏപ്രിലിൽ കേന്ദ്രസർക്കാരിന് ഹൈക്കോടതി നിർദ്ദേശവും നൽകിയിരുന്നു. കുട്ടികൾ പക്ഷെ ഇപ്പോഴും കോളേജിൽ തുടരുകയാണ്. മുമ്പ് നടന്ന എല്ലാ മെഡിക്കൽ കൗൺസിൽ പരിശോധനകളിലും വലിയ ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് കോളജിന് മെഡിക്കൽ കൗൺസിൽ അനുമതി നിഷേധിച്ചിരുന്നു. ഇപ്പോൾ ഈ മാസം വീണ്ടും മെഡിക്കൽ കൗൺസിൽ പരിശോധന നടത്തുന്നുണ്ട്.

മെഡിക്കൽ കൗൺസിൽ പരിശോധനയ്ക്ക് മുന്നോടിയായി അദ്ധ്യാപകരേയും ജൂനിയർ ഡോക്ടർമാരേയും പാരാമെഡിക്കൽ ജീവനക്കാരേയുമടക്കം താൽകാലികമായി നിയമിച്ചിരിക്കുകയാണ് മാനേജ്മെന്റ് എന്നാണ് ഇപ്പോൾ വിദ്യാർത്ഥികൾ ഉയർത്തുന്ന ആരോപണം. രോഗികളേയും ദിവസ ശമ്പളത്തിന് മാനേജ്‌മെന്റ് എത്തിച്ചിട്ടുണ്ട്. 250 രൂപയും ഭക്ഷണവുമാണത്രേ ഓരോ 'രോഗിക്കും' നൽകുന്നത്.മെഡിക്കൽ കൗൺസിൽ പരിശോധനയിൽ ഇത്തവണയെങ്കിലും ന്യൂനതകളില്ലെന്ന് കണ്ടെത്തിയാൽ കോളജിന് പ്രവർത്തനാനുമതി കിട്ടും. അതിനാണ് ഇങ്ങിനെ ഡോക്ടർമാരെയും രോഗികളെയും എത്തിക്കുന്നത് എന്നതാണ് വിദ്യാർത്ഥികളും അദ്ധ്യാപകരും പറയുന്നത്.

എന്നാൽ പരിശോധനയ്ക്ക് ശേഷം കോളേജിന്റെ സ്ഥിതി പഴയപടിയിലാകും. ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത കോളജിൽ എങ്ങനെ തുടർ പഠനം നടക്കുമെന്നറിയാത്ത അവസ്ഥയിലാണ് വിദ്യാർത്ഥികളുള്ളത്. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ 2016-17ന് ശേഷമുള്ള വർഷങ്ങളിൽ കോളേജിൽ പ്രവേശനം അനുവദിച്ചിരുന്നില്ല. എന്നിട്ടും കോളേജിൽ ഇന്റേണൽ എക്‌സാമിനേഷൻസ് നടത്തുന്നു, ക്ലാസുകൾ നടത്തുന്നുണ്ട്. ഇത്തരം പരീക്ഷകളിൽ പലതിലും അദ്ധ്യാപകർ വാരിക്കോരി മാർക്കിട്ട് കുട്ടികളെ വെറുതെ ജയിപ്പിക്കയാണ്.

എസ്ആർ മെഡിക്കൽ കോളേജ് രീതികളെക്കുറിച്ച് രക്ഷിതാക്കൾ മറുനാടനോട് പറഞ്ഞത് ഇങ്ങിനെ:

2016 എംബിബിഎസ് ബാച്ചിന് മാത്രമാണ് കോളേജിനു അംഗീകാരമുള്ളത്. ഇത് അഡ്‌മിഷന് വേണ്ടിയുള്ള ലോധാ കമ്മറ്റിയുടെ സഹായംകൊണ്ട് ലഭിച്ചതുമാണ്. പക്ഷെ ഇൻസ്‌പെക്ഷൻ വന്നപ്പോൾ മെഡിക്കൽ കോളേജ് പരാജയപ്പെട്ടു. അടിസ്ഥാന സൗകര്യങ്ങളില്ല, ഫാക്കൽറ്റിയില്ല. രോഗികളില്ല എന്നൊക്കെ ചൂണ്ടിക്കാട്ടിയാണ് മെഡിക്കൽ കൗൺസിൽ അംഗീകാരം നിഷേധിച്ചത്. ഇതോടെ 2017-18 വർഷങ്ങളിൽ ഉള്ള എംബിബിഎസ് അഡ്‌മിഷൻ കോളേജിന് നഷ്ടപ്പെട്ടു. 2018- ൽ വീണ്ടും കോളേജിൽ മെഡിക്കൽ കൗൺസിൽ പരിശോധന നടത്തി.

ഈ മെഡിക്കൽ കൗൺസിൽ പരിശോധനയിലും മെഡിക്കൽ കോളേജ് പരാജയപ്പെട്ടു.ഇതോടെ എംസിഐ എസ്ആർ മെഡിക്കൽ കോളേജിന് ഷോക്കോസ് നോട്ടീസ് നൽകി. അംഗീകാരം റദ്ദാക്കാതിരിക്കാൻ കാരണം കാണിക്കണം എന്ന് പറഞ്ഞാണ് നോട്ടീസ് നൽകിയത്. ഈ നോട്ടീസിൽ കോളേജ് വിശദീകരണം നൽകി. ഏപ്രിലിൽ വീണ്ടും മെഡിക്കൽ കൗൺസിൽ ഇൻസ്‌പെക്ഷൻ നടന്നപ്പോൾ പ്രിൻസിപ്പാളും അദ്ധ്യാപകരും കോളേജിൽ ഉണ്ടായിരുന്നുമില്ല. ഉള്ളത് വിദ്യാർത്ഥികൾ മാത്രം. മെഡിക്കൽ കൗൺസിൽ പരിശോധന വീണ്ടും പരാജയപ്പെട്ടു. ശമ്പളം നൽകാതിരുന്നത് കാരണമാണ് അദ്ധ്യാപകർ കോളേജിൽ നിന്നും വിട്ടുനിൽക്കുന്നത്. ഇതിനിടയിലാണ് രണ്ടാം വർഷ എംബിബിഎസ് പരീക്ഷ കോളെജ് നടത്തിയത്. ഒന്നാം വർഷ എംബിബിഎസ് പരീക്ഷയിൽ 48 കുട്ടികൾ പരീക്ഷയിൽ തോറ്റു. രണ്ടു വർഷം അഡ്‌മിഷൻ ഇല്ലാതിരുന്ന സമയത്താണ് പരീക്ഷ നടത്തുന്നത്. ഒരു കുട്ടി തോറ്റാൽ ഒരു പേപ്പറിന് 20000 രൂപയാണ് പുനഃപരീക്ഷയ്ക്ക് ഫീസ്. 5000 രൂപ പരീക്ഷാ ഫീസ് വേറെയും. ഇരുപത് ലക്ഷത്തിലേറെ രൂപയാണ് ഈ ഇനത്തിൽ കോളേജിന് ലഭിച്ചത്.

അദ്ധ്യാപകർ പഠിപ്പിക്കാനില്ലാത്ത അവസ്ഥയിലാണ് കോളേജിൽ രണ്ടാം വർഷ പരീക്ഷ നടത്തുന്നത്.  ഈ പരീക്ഷ എഴുതിയ 52 കുട്ടികളൂം പാസായതായാണ് കോളെജ് റിസൾട്ട് നൽകിയത്. വിദ്യാഭ്യാസം നല്ലതാണ് എന്ന് കാണിക്കാൻ വേണ്ടിയാണ് പരീക്ഷ എഴുതിയ 52 കുട്ടികളെയും വിജയിപ്പിച്ചത്. ഇതിനെ തുടർന്ന് രക്ഷിതാക്കൾ കോടതിയിൽപോയി ഒരു ഓർഡർ വാങ്ങി.

കോളേജിൽ വിദ്യാഭ്യാസം കാര്യക്ഷമമല്ല. കേന്ദ്ര സർക്കാരിന്റെ സെക്രട്ടറിയുമായി ആലോചിച്ച് കുട്ടികളുടെ കാര്യത്തിൽ തീരുമാനം വേണം. ഇതാണ് ഹൈക്കോടതിയിൽ നിന്നും വാങ്ങിയ ഉത്തരവിന്റെ ഉള്ളടക്കം. പക്ഷെ അവിടെ അട്ടിമറി നടന്നു. കേരളാ ആരോഗ്യവാഴ്സിറ്റിയുടെ സഹായം കോളേജിന് ലഭിച്ചു. അല്ലെങ്കിൽ അന്നേ കോളെജ് പണിവാങ്ങുമായിരുന്നു. കോളേജിൽ മെഡിക്കൽ കൗൺസിൽ എംസിഎ പരിശോധന വന്നത് ഏപ്രിൽ ഒൻപതിന് ആണ്. ഇതേ ദിവസം തന്നെ കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെ ഇൻസ്പെക്ഷനും കോളേജിൽ നടന്നു. എങ്ങിനെ ഒരേ ദിവസം രണ്ടു ഇൻസ്‌പെക്ഷൻ എന്ന് കേന്ദ്രം ചോദിച്ചപ്പോൾ അത് യാദൃശ്ചികം മാത്രം എന്നായിരുന്നു കേരള ഹെൽത്ത് യൂണിവേഴ്‌സിറ്റിയുടെ മറുപടി. ഈ പരിശോധനയും പരാജയമായിരുന്നു.

ജീവനക്കാർക്ക് ശമ്പളവും കൊടുക്കുന്നില്ല.2018 മെയിൽ കോളേജിൽ പഠിപ്പിക്കാൻ അദ്ധ്യാപകർ ആരും ഇല്ലാത്ത പ്രശ്നം വന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ കോളേജിൽ പരാതി നൽകി. പ്രിൻസിപ്പാൾ പക്ഷെ പരാതി സ്വീകരിച്ചില്ല. തുടർന്ന് ചെയർമാന് പരാതി നൽകി. ചെയർമാൻ പറഞ്ഞത് ഒരു മാസത്തിനകം പ്രശ്നങ്ങൾ പരിഹരിക്കാം എന്നാണ്. ഒന്നും സംഭവിച്ചില്ല. തുടർന്ന് ഞങ്ങൾ ചെയർമാനെ സമീപിക്കാൻ ശ്രമിച്ചപ്പോൾ അനുമതി ലഭിച്ചില്ല. അങ്ങിനെയാണ് മന്ത്രി കെ.കെ.ശൈലജയ്ക്ക് പരാതി നൽകിയത്. പക്ഷെ മന്ത്രി കൈമലർത്തി. ഞങ്ങൾക്ക് സ്വാശ്രയമെഡിക്കൽ കോളേജുകളുമായി കരാറുണ്ട്. അതിനാൽ പ്രശ്നത്തിൽ സർക്കാർ ഇടപെട്ടില്ല. നിങ്ങൾ നിയമപരമായി നീങ്ങൂ. അങ്ങിനെയേ പരിഹാരം വരൂ. മന്ത്രി പറഞ്ഞു. ഇങ്ങിനെയാണ് ഞങ്ങൾ കോടതിയിൽ പോകുന്നത്. അങ്ങിനെയാണ് കേന്ദ്രത്തിലെ സെക്രട്ടറിയുമായി ആലോചിച്ച് പരിഹാരം കണ്ടെത്താൻ കേന്ദ്രത്തിനു ഹൈക്കോടതി നിർദ്ദേശം നൽകുന്നത്.

ഇതുവരെ എസ്ആർ മെഡിക്കൽ കോളേജ് കെട്ടിടത്തിന് പഞ്ചായത്ത് ലൈസൻസ് ലഭിച്ചിട്ടില്ല. വിവരാവാകാശ പ്രകാരം ചോദിച്ചപ്പോഴാണ് ഇത് വ്യക്തമായത്. കുടിവെള്ള കണക്ഷൻ പോലും ഇപ്പോഴും ലഭ്യമായിട്ടില്ല. മെഡിക്കൽ കോളേജിന് കെട്ടിടം കെട്ടിയപ്പോൾ പഞ്ചായത്തിനോട് ആലോചിച്ചില്ല. അതിനാൽ പഞ്ചായത്തിൽ പോയപ്പോൾ കെട്ടിടം ഉണ്ടാക്കിയത് ആലോചിച്ചില്ല എന്ന് പറഞ്ഞു പഞ്ചായത്ത് കെട്ടിടത്തിന് ലൈസൻസ് നൽകിയില്ല. ലൈസൻസ് വേണമെങ്കിൽ 85 ലക്ഷത്തോളം ഫൈൻ അടയ്ക്കാൻ പറഞ്ഞു. എസ്ആർ ചെയർമാൻ ഫൈൻ അടയ്ക്കാതെ ഹൈക്കോടതിയിൽ പോയി. ഇതോടെ പ്രശ്നപരിഹാരം വൈകുകയും ചെയ്തു. ഇതിപ്പോൾ പഞ്ചായത്തീരാജ് ട്രിബ്യുണലിനു മുന്നിലാണ്. ഇതോടെ ലൈസൻസുമില്ല, വാട്ടർ കണക്ഷൻ പോലുമില്ല എന്നവസ്ഥ വരുകയും ചെയ്തു. ഇപ്പോൾ ഇതൊന്നും കണക്കിലെടുക്കാതെ എങ്ങിനെയെങ്കിലും മെഡിക്കൽ കൗൺസിലിനെ കബളിപ്പിച്ച് അംഗീകാരം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് എസ്ആർമെഡിക്കൽ കോളേജ്-രക്ഷിതാക്കൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP