Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202208Saturday

'അവിടെയൊന്നും നാട്ടുകാർക്കും പോലും അറിയില്ല... കൊറോണ വന്നത്; പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനിൽ തിരുവമ്പാടിക്കാരെ അധിക്ഷേപിച്ച് ധ്യാൻ ശ്രീവാസൻ; പ്രതിഷേധവുമായി ലിന്റോ ജോസഫ് എംഎൽഎ അടക്കമുള്ളവർ

'അവിടെയൊന്നും നാട്ടുകാർക്കും പോലും അറിയില്ല... കൊറോണ വന്നത്; പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞിട്ടില്ലാത്ത നാട്ടുകാരാ'; സിനിമ പ്രമോഷനിൽ തിരുവമ്പാടിക്കാരെ അധിക്ഷേപിച്ച് ധ്യാൻ ശ്രീവാസൻ; പ്രതിഷേധവുമായി ലിന്റോ ജോസഫ് എംഎൽഎ അടക്കമുള്ളവർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമ പ്രൊമോഷന്റെ ഭാഗമായി നൽകുന്ന അഭിമുഖങ്ങളിൽ പഴങ്കഥകൾ പറയുന്ന ആളാണ് നടൻ ധ്യാൻ ശ്രീനിവാസൻ. മീടു പ്രസ്ഥാനത്തിന് എതിരായ ധ്യാനിന്റെ പരാമർശം അടുത്തിടെ വിവാദമായിരുന്നു. 'പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാൻ പെട്ടു, ഇപ്പോൾ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുമ്പേയാണ്. അല്ലെങ്കിൽ ഒരു 15 വർഷം എന്നെ കാണാൻ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെൻഡ് വന്നത്,' എന്നാണ് അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്. ഇതിന് പിന്നാലെ തന്റെ സിനിമാ ഷൂട്ടിങ് നടന്ന തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് ടിവി അഭിമുഖത്തിൽ തമാശമട്ടിൽ അഭിപ്രായം പറഞ്ഞതും പുലിവാലായി. പ്രകാശൻ പറക്കട്ടെ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടിയിൽ ഗോവിന്ദ് വി പൈക്കൊപ്പമായിരുന്നു വിവാദപരാമർശം

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഗോവിന്ദ് വി പൈ: ഒരുമലയുടെ പൊക്കത്ത് കയറിയാ പിന്നെ 30 ദിവസം അവിടെ തന്നെയായിരുന്നു

ധ്യാൻ: (പരിഹാസചിരിയോടെ) അവിടെയൊന്നും കൊറോണ ...നാട്ടുകാർക്കു പോലും അറിയില്ല... കൊറോണ വന്നത്....അപ്പോ....പിന്നെ വലിയ വിഷയമില്ല. പ്രേംനസീർ മരിച്ചത് പോലും അറിഞ്ഞി്ട്ടില്ലാത്ത നാട്ടുകാരാ..ഓ അങ്ങനെ പറയാൻ പാടില്ല അല്ലേ...ആ നാട്ടുകാര്....നമ്മളെ....

(സ്ഥലം പറയുന്നില്ല) ആഹ്..പറയാൻ പാടില്ല....കർണാടക ബോർഡറാണ്...കേരളത്തിലെയല്ല...

ധ്യാനിന്റെ പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധവും എത്തി. ധ്യാൻ ശ്രീനിവാസനെതിരെ വിമർശനവുമായി എംഎ‍ൽഎ ലിന്റോ ജോസഫ്തന്നെ രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമർശം നടത്തിയതെന്ന് ധ്യാൻ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താൻ തയ്യാറാകണമെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.

സ്‌നേഹവും സഹകരണവും നിറഞ്ഞ മനുഷർ താമസിക്കുന്ന സ്ഥലമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേൾവി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സർവ്വാഭരണ ഭൂഷിതയായ ആ നാട് തങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണെന്നും ലിന്റോ ജോസഫ് പറഞ്ഞു.

ലിന്റോ ജോസഫിന്റെ വാക്കുകൾ:

ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..പ്രിയപ്പെട്ട ധ്യാൻ ശ്രീനിവാസൻ അറിയുന്നതിന്.. താങ്കൾ ഒരു ഇന്റർവ്യുവിൽ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി. ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമർശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്‌നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷർ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേൾവി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സർവ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങൾക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്.ഒരു മലയോര മേഖലയിൽ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പിൽ നിന്ന് ഒന്നായി ചേർന്ന് ഈ നാടിനെ കൈ പിടിച്ചുയർത്തിയവരാണ് തിരുവമ്പാടിക്കാർ.! താങ്കളുടെ ഫിലിം ഷൂട്ടിനിടയിൽ താങ്കൾ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവൻ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നൽകി വികസനത്തെ ഹൃദയത്തിൽ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാർ..! അതിമനോഹരമായ ഈ പാത നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.

താങ്കളുടെ ഫിലിം ഷൂട്ടിങ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലിൽ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണൽ പാതയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂർ-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതൽ സഹായിക്കുന്നത് ഈ പാതയായിരിക്കും. ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാൻ പോവുകയാണ്. പ്രവൃത്തികൾ പൂർത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തിൽ അഭ്യർത്ഥിക്കുന്നു.

ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂൾ കെട്ടിടങ്ങൾ പുതിയകാല നിർമ്മാണത്തിന്റെ രൂപഭംഗി ഉൾക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു. താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിങ് ലൊക്കേഷനായ പുല്ലുരാംപാറയിൽ മലബാർ സ്പോർട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്.ദേശീയ അന്തർദേശിയ കായിക ഇനങ്ങളിൽ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.

സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പർ താരം തിരുവമ്പാടിയിലെ കോസ്‌മോസിന്റെ പ്രിയപ്പെട്ട കളിക്കാരൻ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടർ കയാക്കിങ് ഫെസ്റ്റിവൽ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാർ റിവർ ഫെസ്റ്റിവലിന്റെ ഈ വർഷത്തെ ചാമ്പ്യൻഷിപ്പ് അടുത്ത മാസം ആരംഭിക്കും.മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിൽ ഒന്നായ 'എന്ന് നിന്റെ മൊയ്തീൻ' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുൽത്താൻ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താൽ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!

ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാൽ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറൻതോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുൾപ്പെടുന്ന ഗിരിശ്രേഷ്ഠന്മാർ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങൾക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവർത്തകർക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാൻ താത്പര്യമുണ്ട്. താങ്കൾ താങ്കളുടെ പ്രസ്താവന തിരുത്താൻ തയ്യാറാകണം. ഒരിക്കൽ കൂടി പറയുന്നു..തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..അഭിമാനമാണ് തിരുവമ്പാടി..!ലിന്റോ ജോസഫ്, എംഎ‍ൽഎ, തിരുവമ്പാടി

ലിന്റോ ജോസഫ് എംഎൽഎയുടെ പോസ്റ്റിന് താഴെയും ധ്യാനിന് നേരേ വിമർശനങ്ങളുടെ പെരുമഴയാണ്.

നേരത്തെ മീ ടൂ മൂവ്മെന്റിനെതിരായ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനമുയർന്നിരുന്നു. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ താൻ പെട്ടേനെയെന്നും തന്റെ മീ ടൂ ഒക്കെ പത്ത് പന്ത്രണ്ട് വർഷം മുമ്പേയാണെന്നുമാണ് ധ്യാൻ അഭിമുഖത്തിൽ പറയുന്നത്. ഈ അഭിപ്രായ പ്രകടനത്തിനെതിരെ എഴുത്തുകാരൻ എൻ എസ് മാധവൻ രംഗത്തെത്തിയിരുന്നു.

കാലത്താൽ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കിൽ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകൾക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എൻ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP