Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സംഘടിത തൊഴിൽ മേഖല പൂർണ്ണമായും നിശ്ചലം; സർക്കാർ ഓഫീസുകളും ബാങ്കുകളും തുറക്കില്ല; സ്വകാര്യ ബസുകൾ അടക്കമുള്ള പൊതു ഗതാഗതവും നിലച്ചു; തീവണ്ടികളെ തടഞ്ഞ് സമരാനുകൂലികൾ; സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം തെരുവിൽ; റോഡിൽ വാഹനങ്ങൾ തടയാനോ അക്രമത്തിനോ ആരും രംഗത്തില്ല; ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം; ഒരിടത്തും അക്രമമില്ല

സംഘടിത തൊഴിൽ മേഖല പൂർണ്ണമായും നിശ്ചലം; സർക്കാർ ഓഫീസുകളും ബാങ്കുകളും തുറക്കില്ല; സ്വകാര്യ ബസുകൾ അടക്കമുള്ള പൊതു ഗതാഗതവും നിലച്ചു; തീവണ്ടികളെ തടഞ്ഞ് സമരാനുകൂലികൾ; സ്വകാര്യ വാഹനങ്ങൾ യഥേഷ്ടം തെരുവിൽ; റോഡിൽ വാഹനങ്ങൾ തടയാനോ അക്രമത്തിനോ ആരും രംഗത്തില്ല; ഇന്നലെ അർദ്ധരാത്രി മുതൽ ആരംഭിച്ച ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണം; ഒരിടത്തും അക്രമമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിഐടിയു, ഐഎൻടിയുസി എന്നിവ ഉൾപ്പെടെ ട്രേഡ് യൂണിയനുകൾ സംയുക്തമായി നടത്തുന്ന 48 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് ആദ്യ മണിക്കുറിൽ കേരളത്തിൽ പൂർണ്ണം. ശബരിമല തീർത്ഥാടനം, പത്രം, പാൽ വിതരണം, ആശുപത്രികൾ, ടൂറിസം എന്നീ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് നേതാക്കൾ അറിയിച്ചു. മോട്ടോർ തൊഴിലാളികൾ പണിമുടക്കും. ട്രെയിനുകൾ തടയില്ലെന്നാണു നേരത്തേ പ്രഖ്യാപിച്ചതെങ്കിലും റെയിൽവേ സ്റ്റേഷനുകളിൽ അതിരാവിലെ തന്നെ പ്രവർത്തകരെത്തി തീവണ്ടി തടഞ്ഞു. ഇത് കേരളത്തിലെ തീവണ്ടി ഗതാഗതത്തെ താറുമാറാക്കി. കേരളത്തിൽ പൊതു പണിമുടക്ക് ഹർത്താൽ പ്രതീതി സൃഷ്ടിച്ചു കഴിഞ്ഞു. എന്നാൽ ദേശീയ തലത്തിൽ സമ്മിശ്ര പ്രതികരണം മാത്രമാണുള്ളത്.

തിരുവനന്തപുരത്ത് ട്രെയിനുകൾ തടഞ്ഞു. വേണാട്, രപ്തിസാഗർ, ജനശതാബ്ദി എക്സ്‌പ്രസുകൾ തടഞ്ഞു. വേണാട് എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകിയാണ് പുറപ്പെട്ടത്. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ട ട്രെയിനുകൾ വൈകുന്നു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബസ്, ഓട്ടോ, ടാക്‌സി സർവീസുകൾ നിലയ്ക്കും. റെയിൽവേ, എയർപോർട്ട്, തുറമുഖം തുടങ്ങിയ മേഖലകളും പണിമുടക്കിന്റെ ഭാഗമാകും. കെഎസ്‌ഐആർടിസി തൊഴിലാളികളും പണിമുടക്കുന്നതിനാൽ സർവ്വീസ് നിശ്ചലമാകും. റെയിൽവേ ജീവനക്കാരിൽ ബി എം എസ് ഒഴികെയുള്ള തൊഴിൽയൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

സ്‌കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്നും നാളെയും പ്രവൃത്തി ദിവസങ്ങളാണെങ്കിലും ബഹൂഭൂരിപക്ഷം അദ്ധ്യാപകരും ജീവനക്കാരും ഓഫീസിൽ എത്തില്ല. ഇതോടെ സർക്കാർ സംവിധാനമെല്ലാം നിശ്ചലമാകും. പണിമുടക്കിയാൽ കെഎസ്ആർടിസിക്ക് രണ്ടു ദിവസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നും സമരത്തിൽ നിന്ന് പിന്മാറണമെന്നും എംഡി ടോമിൻ തച്ചങ്കരി യൂണിയനുകളോട് ആവശ്യപ്പെട്ടെങ്കിലും യൂണിനുകൾ വിട്ടുുവീഴ്ചയ്ക്ക് തയ്യാറായില്ല. ആശുപത്രികളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും സർക്കാർ, സഹകരണ മേഖലയിലെ ഓഫീസുകളും അസംഘടിത മേഖലയിലെ തൊഴിലാളികളും ജോലിയിൽ നിന്ന് വിട്ടു നിൽക്കും.

കേന്ദ്ര, സംസ്ഥാന പൊതുമേഖലാ ജീവനക്കാർ, ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, റോഡ് ഗതാഗത മേഖലയിലെ തൊഴിലാളികൾ, ബാങ്ക്, ഇൻഷൂറൻസ്, ബിഎസ്എൻഎൽ ജീവനക്കാർ എന്നിവരും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അതിനിടെ സംസ്ഥാനത്തെ മുഴുവൻ സ്വർണവ്യാപാര സ്ഥാപനങ്ങളും ഇന്നും നാളെയും തുറന്നു പ്രവർത്തിക്കുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ, ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ എന്നിവർ അറിയിച്ചിരുന്നു. എന്നാൽ ഇത് നടക്കില്ലെന്നാണ് സൂചന. മുതലാളിമാർ തയ്യാറായാലും തൊഴിലാളികൾ എത്തില്ല. സർവീസ് നടത്തുന്നതിനു കെഎസ്ആർടിസി പൊലീസ് സഹായം തേടിയെങ്കിലും പിന്നീട് അത് വേണ്ടെന്ന് വച്ചു. ബാങ്കിങ് മേഖലയും നിശ്ചലമാകും.

ആളുകൾക്കുനേരെ ആക്രമണമുണ്ടാവുകയോ വസ്തുവകകൾ നശിപ്പിക്കുകയോ ചെയ്താൽ ഉടൻ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെ, പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടി സംബന്ധിച്ചു ഡിജിപി ലോക്‌നാഥ് ബെഹ്‌റ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. പലപ്പോഴായുണ്ടായ ഹൈക്കോടതി വിധികളുടെ അടിസ്ഥാനത്തിലാണിത്. കടകളും സ്ഥാപനങ്ങളും ബലമായി അടപ്പിക്കാനും വാഹനങ്ങൾക്കു നേരെ കല്ലെറിയാനും ശ്രമിക്കുന്നവരെ ഉടൻ അറസ്റ്റ് ചെയ്യും. കെഎസ്ആർടിസി ഉൾപ്പെടെ പൊതു ഗതാഗത വാഹനങ്ങൾക്കു സുരക്ഷയൊരുക്കും. ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങളും പൊലീസ് ലഭ്യമാക്കുമെന്നും അറിയിച്ചിരുന്നു. എന്നാൽ റിസ്‌ക് എടുത്ത് വാഹനം ഓടിക്കാൻ കെ എസ് ആർ ടി സി തയ്യാറല്ല. ഇതിനൊപ്പം സ്വകാര്യ വാഹനങ്ങളും റോഡിൽ ഇല്ല. ഇതോടെയാണ് പൊതുപണിമുടക്കിന് ഹർത്താലിന്റെ പ്രതീതി ഉണ്ടായത്.

പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികൾ എല്ലാ പ്രധാന റെയിൽവേസ്റ്റേഷനിലും പിക്കറ്റിങ് നടത്തുന്നതിനാൽ യാത്രക്കാർ ചൊവ്വ, ബുധൻ ദിവസങ്ങളിൽ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു. കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, ബാങ്ക്-ഇൻഷുറൻസ് മേഖലയിലുള്ളവർ, ബി.എസ്.എൻ.എൽ. ജീവനക്കാർ എന്നിവരും പണിമുടക്കിൽ പങ്കെടുക്കുന്നതായി നേതാക്കൾ അറിയിച്ചു. ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന ജി.എസ്.ടി. ഉൾപ്പെടെയുള്ള നടപടികൾക്കെതിരേ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമിതി അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചെറുകിട കടകൾ പോലും തുറക്കാത്തത്.

സമസ്ത മേഖലകളിലെയും തൊഴിലാളികളെയും ജീവനക്കാരെയും പങ്കെടുപ്പിച്ച്, ബിജെപിയുടെ പോഷകസംഘടനകൾ ഒഴികെയുള്ള എല്ലാ ട്രേഡ് യൂണിയനുകളും ചേർന്നു നേതൃത്വം നൽകുന്നതാണ് ഈ ദേശീയ പണിമുടക്ക്. പണിമുടക്കിൽ പങ്കെടുക്കാത്തവർക്കു വാഹനമോടിക്കാനും കടകൾ തുറക്കാനും ജോലിക്കെത്താനും കഴിയേണ്ടതാണ്. എന്നാൽ എല്ലാ വിഭാഗങ്ങളും പണിമുടക്കിനോടു സഹകരിക്കണമെന്ന നിലപാടിലാണ് സംയുക്ത ട്രേഡ് യൂണിയൻ സമിതി. ദേശീയ പണിമുടക്ക് കേരളത്തിൽ സമ്പൂർണമായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ സമിതി നേരത്തെ തന്നെ അറിയിച്ചിരുന്നു. കേന്ദ്ര തൊഴിൽദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ചാണു ദേശീയ പണിമുടക്ക്. സ

സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എച്ച്എംഎസ്, എസ്ടിയു തുടങ്ങി 16 ട്രേഡ് യൂണിയനുകളാണു സംയുക്ത സമിതിയിലുള്ളതെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. വ്യാപാരികൾ ഇതിനോടു സഹകരിക്കുമെന്നാണു കരുതുന്നത്. വ്യാപാരികളോടു പണിമുടക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതും കടയടപ്പിക്കുന്നതും രണ്ടാണ്. പണിമുടക്കാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും കോടിയേരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP