Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ

ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആദ്യം വെള്ളാപ്പള്ളി നടേശന് വൈ കാറ്റഗറി സുരക്ഷ. ഇപ്പോൾ അമൃതാനന്ദമയീയ്ക്ക ഇസഡ് കാറ്റഗറിയും. കേരളത്തിലെ ഈ വിവിഐപി സുരക്ഷയ്ക്ക് പിന്നിൽ കരുക്കൾ നീക്കിയത് ബിജെപി ദേശീയ നേതൃത്വവുമായി ഏറെ അടുപ്പമുള്ള യുവ നേതാവാണ്. കേരളത്തലെ സംഘപരിവാറും ബിജെപിയും അകറ്റി നിർത്തിയിട്ടും ഹൈന്ദവ രാഷ്ട്രീയത്തിലെ പ്രധാനിയായി മാറുകയാണ് വിഎച്ച്പിയുടെ ഈ മുൻ നേതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വിശ്വസ്തനായി മാറിയാണ് പ്രതീഷ് വിശ്വനാഥൻ ഇന്ദ്രപ്രസ്ഥത്തിലെ കരുനീക്കങ്ങളുടെ ആശാനാകുന്നത്. ബിജെപിയിലേക്ക് വെള്ളാപ്പള്ളിയേയും തുഷാറിനേയും അടുപ്പിച്ചതും പ്രതീഷിന്റെ കരുനീക്കമായിരുന്നു. ഈ പ്രതീഷ് തന്നെയാണ് അമൃതാനന്ദമയിക്ക് ഇസഡ് കാറ്റഗറി സുരക്ഷയും തരപ്പെടുത്തിയത്.

മാതാ അമൃതാനന്ദമയീ മഠവുമായി അടുത്ത ബന്ധമാണ് പ്രതീഷ് വിശ്വനാഥനുള്ളത്. അമൃതാനന്ദമയീയുമായി ഒറ്റയ്ക്ക് ചർച്ച നടത്താൻ പോലും സമയം അനുവദിക്കപ്പെടുന്ന വ്യക്തി. മഠത്തിന്റെ വൈസ് ചെയർമാനായ അമൃത സ്വരൂപാനന്ദയെ പോലെ അമൃതാനന്ദമയീയുമായി അടുത്തിടപെടാനുള്ള അനുവാദം പ്രതീഷിനുണ്ട്. ഇത് കൂടുതൽ അരക്കിട്ടുറപ്പിക്കാനാണ് ഇസഡ് കാറ്റഗറി സുരക്ഷ എത്തുന്നത്. ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് പോലും ഇത് അറിയില്ലായിരുന്നു. അങ്ങനെ മഠത്തിന് പ്രിയപ്പെട്ടവനാവുകയാണ് പ്രതീഷ് വിശ്വനാഥ്. കേരളാ ഹൗസിലെ ബീഫ് വിവാദത്തിൽ പ്രതിസ്ഥാനത്താണ് പ്രതീഷ് വിശ്വനാഥനെന്ന വിഎച്ച്പിയിലെ മുൻ നേതാവ് എസ് എൻ ഡി പിയെ ബിജെപിയുമായി അടുപ്പിച്ചാണ് മോദിയുടെ മനസ്സിൽ ഇടം നേടിയത്. അമിത് ഷായുമായുള്ള തുഷാറിന്റെ ചർച്ചകളിൽ മിക്കപ്പോഴും പ്രതീഷും അനുഗമിച്ചിരുന്നു.

ആറന്മുളക്കാരനായ പ്രതീഷ് ദേശീയ രാഷ്ട്രീയത്തിലെ ഉന്നത സംഘപരിവാർ നേതാക്കളുടെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. വിഎച്ച്പി നേതാക്കളായ ആശോക് സിംഗാളും പ്രവീൺ തൊഗാഡിയയുമെല്ലാം വിശ്വസ്തരുടെ പട്ടികയിൽപ്പെടുത്തിയ വ്യക്തിയായിരുന്നു പ്രതീഷ്. തീവ്ര ഹിന്ദുത്വ നിലപാടുകളായിരുന്നു തുടക്കത്തിൽ പ്രതീഷിനുണ്ടായിരുന്നത്. ഇതു തന്നെയായിരുന്നു സിംഗാളുമായി അടുപ്പിച്ചത്. അതിന് ശേഷം ആർ എസ് എസിലെ ഹൈന്ദവ ചിന്താഗതിക്കാരെല്ലാം പ്രതീഷുമായി അടുപ്പത്തിലായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും അടുത്ത ബന്ധം ഈ മലയാളിക്കുണ്ട്. ആറന്മുള വിമാനത്താവള സമരത്തിലും ആർഎസ്എസ് നിലപാടുകളുമായി പിന്നണിയിൽ നിന്നത് പ്രതീഷ് വിശ്വനാഥനാണ്. കേസിൽ ചെന്നൈയിൽ ഹരിത ട്രിബ്യൂണലിൽ വാദത്തിനെത്തിയും ശ്രദ്ധേയനായി.

എല്ലാത്തിനും ഉപരി മാതാ അമൃതാനന്ദമയീ മഠവുമായുള്ള ആത്മ ബന്ധമാണ് പ്രതീഷിന്റെ കരുത്ത്. മഠത്തിന്റെ പ്രധാന തീരുമാനങ്ങളിലെല്ലാം ആശ്രമത്തിന് പുറത്ത് നിന്ന് സ്വാധീനം ചെലുത്താൻ പോന്ന വ്യക്തിയാണ് ഇയാൾ. അമൃതാനന്ദമിയുമായുള്ള ഈ വ്യക്തി ബന്ധം ദേശീയ തലത്തിൽ ശ്രദ്ധേയനാക്കാനും കാരണമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശുചിത്വ ഫണ്ടിലേക്ക് നൂറ് കോടി രൂപ മഠം നൽകിയിരുന്നു. ഇതിന് പിന്നിലും പ്രതീഷിന്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരം ചർച്ചകളുടെ ഭാഗമായി മോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായും അടുത്തു. പ്രവീൺ തൊഗാഡിയയെ വെള്ളാപ്പള്ളി നടേശനുമായി അടുപ്പിച്ചതും പ്രതീഷായിരുന്നു. ഇത് പിന്നീട് ബിജെപി സഖ്യത്തിലേക്കും വഴിമാറി. ഇതോടെ ഈ യുവാവ് താരമായി.

കേരളാ ഹൗസിലെ ബീഫ് വിവാദമാണ് പ്രതീഷിനെ ആദ്യം ചർച്ചകളിലെത്തിച്ചത്. അതിന് മുമ്പ് ലൗജിഹാദിലും ഈ അഭിഭാഷകന്റ പേര് ഉയർന്നു കേട്ടു. കേരളാ ഹൈസിലെ ബീഷ് വിവാദം ഡൽഹിയിലെ ഹിന്ദു സേനാ നേതാവ് വിഷ്ണു ഗുപ്തയെ ഇക്കാര്യം അറിയിച്ചത് പ്രതീഷാണെന്ന് വ്യക്തമാണ്. സംഘപരിവാർ സംഘടനയ്ക്ക് പുറത്തുള്ള തീവ്ര നിലപാടുകാരാണ് ഹിന്ദു സേന. ബീഫ് വിവാദവുമായി ബന്ധപ്പെട്ട സമരങ്ങളിൽ തങ്ങൾക്ക് പങ്കില്ലെന്ന് ആർഎസ്എസ് ദേശീയ നേതൃത്വം ആവർത്തിച്ച് നിലപാട് എടുക്കുമ്പോഴാണ് മോദിക്കും അമിത് ഷായ്ക്കുമൊപ്പം നിർണ്ണായക രാഷ്ട്രീയ ചർച്ചകളിൽ പങ്കെടുത്ത പ്രതീഷിന്റെ പങ്ക് വെളിപ്പെട്ടത്. മോദിയുടെ അമിത് ഷായുമായി പ്രതീഷ് അടുത്തത് കേരളത്തിലെ പരിവാർ നേതാക്കൾക്ക് പിടിച്ചില്ല. ബീഫ് വിവാദം ഉയർത്തി പ്രതീഷിനെ അവർ സംഘടനാ ചുമതലകളിൽ നിന്ന് മാറ്റി.

ലൗ ജിഹാദുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ സജീവമാക്കിയത് ഒരു ഫെയ്സ് ബുക് പോസ്റ്റായിരുന്നു. നാല് വർഷം മുമ്പ് പ്രത്യക്ഷപ്പെട്ട ഫെയ്സ് ബുക് പോസ്റ്റ് വിവാദങ്ങൾ തന്നെയുണ്ടാക്കി. ഇതിന്റെ തുടർച്ചയായി പലതും നടന്നു. ഈ ഫെയ്സ് ബുക്ക് പോസ്റ്റാണ് പ്രശ്നമായതെന്ന് പൊലീസും കണ്ടെത്തി കേസെടുത്തു. ഈ പോസ്റ്റിനു പിന്നിലും പ്രതീഷായിരുന്നുവെന്നാണ് തെളിഞ്ഞത്. അന്ന് തീവ്ര ഹിന്ദു നിലപാടുകാരെ അണിനിരത്തി ഹിന്ദു സേനയ്ക്ക് തുല്യമായ സംഘടനയും പ്രതീഷ് നടത്തിയിരുന്നു. എന്നാൽ ലൗ ജിഹാദ് വിവാദത്തോടെ ആ സംഘടന തന്നെ ഇല്ലാതായി. അതിന് ശേഷം വിഎച്ച്പിയോട് ചേർന്നായി പ്രവർത്തനം. പഠനകാലത്ത് തന്നെ ആർഎസ്എസുമായി അടുത്തു നിന്ന് പ്രതീഷ് തീവ്ര നിലപാടുകൾ വിശദീകരിക്കുന്ന നേതാവായി മാറിയുന്നു. അതു തന്നെയാണ് മറ്റ് ഹൈന്ദവ സംഘടനകളുമായി പോലും മുന്നേറാൻ പ്രതീഷിന് കരുത്തായതും.

ലൗ ജിഹാദ് വിവാദത്തോടെ പിന്നണിയിൽ പോയ പ്രതീഷ്, പിന്നീട് ആറന്മുള സമരമുഖത്താണ് സജീവമായത്. ഇതു സംബന്ധിച്ച് ഡോക്യുമെന്ററീ പോലും സംവിധാനം ചെയ്ത് പ്രചരണ രംഗത്ത് സജീവമായി. ഇടത്-വലത് പക്ഷങ്ങൾ പോലും അണിനിരന്ന സമരമുഖത്തെ സജീവ സാന്നിധ്യമായിരുന്നു പ്രതീഷ്. ആറന്മുള പൈതൃകഗ്രാമത്തെ സംരക്ഷിക്കാനും സമ്പൂർണ ദുരന്തമായി മാറാൻ പോകുന്ന വിമാനത്താവള നിർമ്മാണത്തെ ചെറുക്കാനും ഉള്ള സമരത്തിന്റെയും ശ്രമങ്ങളുടെയും ഭാഗമായി നിർമ്മിച്ച ഡോകുമെന്ററി 'വിമാനത്താവളം: ആറന്മുളയ്ക്കൊരു ദുരന്തതാവളം' ആറന്മുളയിലെ സമരപ്പന്തലിൽ പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തത്. ആറന്മുളയിലെ പാരിസ്ഥിതികപ്രശ്നം, 'സമീപഭാവിയിൽ അമേരിക്കൻ വ്യോമസേനയ്ക്ക് കൈമാറ്റം ചെയ്യപ്പെട്ടേക്കാവുന്ന വിമാനത്താവളം' എന്നീ തരത്തിലായിരുന്നു അവതരണം. അഭിഭാഷകൻ കൂടിയായ പ്രതീഷ് വിമാനത്താവളക്കേസിലും സജീവമായി. ഇതിനിടെയിൽ ഹിന്ദു ഹൈൽപ് ലൈൻ എന്ന ആശയവും അവതരിപ്പിച്ചു. എറണാകുളം കേന്ദ്രീകരിച്ച് നടക്കുന്ന ഹിന്ദു ഹെൽപ് ലൈൻ പ്രവർത്തനങ്ങൾ ഇപ്പോഴും സജീവമാണ്.

ഹിന്ദു ഹെൽപ് ലൈൻ എന്നത് ഹൈന്ദവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ദേശീയ കൂട്ടായ്മയാണ്. ഇതിൽ പ്രവർത്തനം തുടങ്ങിയതോടെയാണ് പരിവാർ പ്രസ്ഥാനത്തിലെ ദേശീയ നേതാക്കളുമായി പ്രതീഷ് അടുക്കുന്നത്. സംഘ പരിവാറിന്റെ വിഎച്ച്പിയുടെ സജീവ മുഖ ആയിരിക്കുമ്പോൾ തന്നെ മറ്റ് ഹൈന്ദവ സംഘടനകളുമായി സൗഹൃദം സ്ഥാപിക്കാൻ പ്രതീഷിനായി. ഹിന്ദു സേനയിലെ നേതാക്കൾ പോലും പ്രതീഷുമായി ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവാണ് ഡൽഹി കേരളാ ഹൗസിലെ സംഭവം. പരിവാർ പ്രസ്ഥാനങ്ങൾക്ക് അപ്പുറത്തേക്ക് ഹിന്ദു ഹെൽപ് ലൈനിന്റെ പ്രവർത്തനവും സ്വാധീനവും വളർന്നതാണ് ഇതിന് കാരണം. ഹിന്ദു ഹെൽപ് ലൈനിന്റെ സംസ്ഥാന കോർഡിനേറ്റർ എന്ന നിലയ്ക്ക് അപ്പുറം ദേശീയതലത്തിൽ പോലും പ്രതീഷിന് തന്റെ ആശയങ്ങൾ ഈ മേഖലയിൽ അവതരിപ്പിക്കാൻ കഴിഞ്ഞു. ലൗ ജിഹാദിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഹിന്ദു ഹെൽപ് ലൈൻ ലേഡിസ് ഹോസ്റ്റൽ പോലുള്ള സേവനങ്ങളും കേരളത്തിൽ ഒരുക്കുന്നതായാണ് സൂചന.

പെരുമ്പാവൂരിൽ ക്ഷേത്ര മൈതാനത്ത് പശുവിനെ അറുത്തു എന്നു വിവാദം കത്തിച്ചതും പ്രതീഷാണ്. ദേശസ്നേഹം, രാജ്യരക്ഷ, ഗോമാതാവ് എന്നൊക്കെ പറഞ്ഞു നടക്കുന്നതിനു പിന്നിലെ യഥാർത്ഥ അജണ്ട എന്തെന്ന് വ്യക്തമാക്കുന്ന കമന്റുകൾ പ്രതീഷ് ഫെയ്സ് ബുക്കിലിട്ടിരുന്നു. തീവ്ര ഹിന്ദു നിലപാടുമായി ദേശീയ നേതാക്കളെ സ്വാധീനിച്ച് മുന്നോട്ട് പോയ പ്രതീഷിന്റെ നടപടികളിൽ കേരളത്തിൽ സംഘപരിവാറിലെ പല പ്രമുഖർക്കും എതിരഭിപ്രായങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ബീഫ് വിവാദത്തിൽ പ്രതീഷിനെ പരസ്യമായി പന്തുണയ്ക്കാൻ വിഎച്ച്പി പോലും തയ്യാറാകാത്തത്. പകരം പുറത്താക്കുകയും ചെയ്തു. ഇതുകൊണ്ടെന്നും പ്രതീഷിനെ തടയാൻ ആർക്കുമായില്ല. ബിജെപി അധ്യക്ഷനായി കുമ്മനം രാജശേഖരനെ എത്തിച്ചതു പോലും പ്രതീഷാണെന്ന് സൂചനയുണ്ട്.

സ്‌കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ, പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കിയത്. തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. 2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും പിന്നട് വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമായിരുന്നു. അമൃതാനന്ദമയിയുടെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ്വലിന്റെ വെളിപ്പെടുത്തലുകളെ തുടർന്ന് കേരളത്തിലെ പ്രമുഖ ചാനലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചത് പ്രതീഷിന്റെ നേതൃത്വത്തിലാണ്. തുടർന്നാണ് അമൃതാനന്ദമയി മഠവുമായി പ്രതീഷ് വളരെ അടുത്ത ബന്ധം സ്ഥാപിക്കുന്നത്.

പിന്നീടാണ് എസ്എൻഡിപി, എൻഎസ്എസ്, കെപിഎംഎസ്, ആദിവാസി സംഘടനകൾ, ദളിത് സംഘടനകൾ എന്നിവരെ ഒരു വേദിയിലെത്തിക്കുവാൻ പ്രതീഷ് ശ്രമിച്ചത്. ബിജെപിയും,ആർഎസ്എസും ഉൾപ്പെടെ പിന്തുണ കൊടുത്ത് രാജ്യത്ത് ഘർവാപ്പസി അരങ്ങേറിയപ്പോൾ കേരളത്തിലെ ഘർവാപ്പസിയുടെ അമരക്കാരനായി. അപ്രതീക്ഷിതമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുമായി അടുത്തതോടെ പ്രതീഷിന്റെ ബന്ധങ്ങളുടെ വ്യാപ്തിയും മാറി. കേരളത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങളിലെ പോരായ്മകൾ പലപ്പോഴും അമിത് ഷായെ അറിയിക്കുന്നത് പ്രതീഷാണ്. അമൃതാനന്ദമയി മഠത്തെ ഒപ്പം കൂട്ടിയുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള തന്ത്രമൊരുക്കലിലാണ് പ്രതീഷ്. അതിന് മഠത്തെ സ്വാധിനിക്കാൻ കൂടി വേണ്ടിയാണ് അമൃതാനന്ദമയിക്ക് കരിമ്പൂച്ചകളുടെ സുരക്ഷ ഒരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP