Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കണ്ണൂർ സെൻട്രൽ ജയിലിലും പാർട്ടിഗ്രാമം; രാഷ്ട്രീയതടവുകാർ രാജാക്കന്മാർ; യഥാർത്ഥതടവുകാർ ജയിൽ ജീവനക്കാരും; ഇഷ്ടഭക്ഷണം പുറത്തുനിന്നു പാഴ്‌സലാക്കി എറിഞ്ഞുതരും; മതിൽ കടന്നു സദ്യവട്ടവുമെത്തും...; മറ്റു പാർട്ടിഅനുഭാവികളെ മാറ്റി; അണികളെ തിരുകിക്കയറ്റി പൂർണമായും ജയിൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമം

കണ്ണൂർ സെൻട്രൽ ജയിലിലും പാർട്ടിഗ്രാമം; രാഷ്ട്രീയതടവുകാർ രാജാക്കന്മാർ; യഥാർത്ഥതടവുകാർ ജയിൽ ജീവനക്കാരും; ഇഷ്ടഭക്ഷണം പുറത്തുനിന്നു പാഴ്‌സലാക്കി എറിഞ്ഞുതരും; മതിൽ കടന്നു സദ്യവട്ടവുമെത്തും...; മറ്റു പാർട്ടിഅനുഭാവികളെ മാറ്റി; അണികളെ തിരുകിക്കയറ്റി പൂർണമായും ജയിൽ രാഷ്ട്രീയവത്കരിക്കാൻ ശ്രമം

രഞ്ജിത് ബാബു

കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ പാർട്ടി ഗ്രാമമായി മാറിയിട്ടു കാലമേറെയായി. ജയിൽനിയമങ്ങളും വ്യവസ്ഥകളൊന്നും ഇവിടത്തെ രാഷ്ട്രീയ തടവുകാർക്ക് ബാധകമായിരുന്നില്ല. മൊബൈൽ ഫോൺ യഥേഷ്ടം ഉപയോഗിക്കാം. അതിനു ചാർജ് ചെയ്യാനുള്ള ചാർജറുകൾ പ്ലഗ് ഉണ്ടാക്കി കുത്തിവെക്കാം. യഥാർത്ഥത്തിൽ ജയിൽ ജീവനക്കാരാണ് ഇവിടത്തെ തടവുകാർ. രാഷ്ട്രീയ തടവുകാർ പറയുന്നതുപോലെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു കൂട്ടം ജീവനക്കാരാണ് കണ്ണൂർ ജയിലിന്റെ ചുമതലക്കാർ. മൊബൈൽ ഫോൺ വിളി തടസ്സപ്പെടുത്താൻ ജാമർ വച്ചെങ്കിലും അതെല്ലാം എന്നേ കേടുവരുത്തി. രാഷ്ട്രീയ തടവുകാരിലെ പ്രധാനികൾക്ക് ജയിലിനു പുറത്തു നിന്നും ഇഷ്ടമുള്ള ഭക്ഷണം പാഴ്‌സലാക്കി എറിഞ്ഞു നൽകും. 36 ഏക്കറിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജയിൽ മതിലിന് എട്ടു മീറ്ററിലേറെ ഉയരമുണ്ട്. ഇതും കടന്ന് സദ്യവട്ടം പോലും ജയിലിനകത്ത് എത്തുന്നുമുണ്ട്.

സംസ്ഥാനം ആര് ഭരിച്ചാലും തടവുകാരിൽ ഭൂരിപക്ഷവും സിപിഐ.(എം.) കാരാണ്. ആർ.എസ്. എസ്സ്, ബിജെപി. സംഘടനക്കാരാണ് തൊട്ടു പിറകിൽ. കണ്ണൂർ ജില്ലയിലെ ഗ്രാമങ്ങളിൽ പരസ്പരം പോരടിച്ചു നിൽക്കുന്നവർ ജയിലിലും മുഖാമുഖം അങ്കം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. കഴിഞ്ഞ സെപ്റ്റംബർ വരെയുള്ള അഞ്ചുമാസങ്ങളിൽ ശാരീരിക അക്രമത്തിന് ഇരയായത് 63 സിപിഐ.(എം.) പ്രവർത്തകരും 86 ബിജെപിക്കാരുമാണ്. ഇതിലെ പ്രതികളിൽ ഭൂരിഭാഗവും റിമാന്റ് പ്രതികളായി ജയിലുകളിലെത്തിക്കഴിഞ്ഞു. നടപ്പു മാസത്തെ രണ്ടു കൊലപാതകങ്ങളും 40 ഓളം അക്രമസംഭവങ്ങളുടേയും പ്രതികളെ കൂടി കൂട്ടിയാൽ കണ്ണൂർ ജയിൽ സംഘർഷ പ്രദേശമായി മാറാവുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ്. അതിൽ സർക്കാറിന്റെ പങ്കും വർദ്ധിക്കുകയാണ്. ജീവനക്കാരെ രാഷ്ട്രീയമായി വേർതിരിച്ച് കണ്ണൂരിൽനിന്നും സ്ഥലം മാറ്റം ചെയ്യപ്പെടുന്നു. സ്വന്തം അനുയായികളായ ജീവനക്കാരെ തിരുകിക്കയറ്റി കണ്ണൂർ ജയിലിനെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

കണ്ണൂർ ജയിലിൽ രാഷ്ട്രീയസംഘർഷം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. ബിജെപി. സിപിഐ.(എം.) സംഘർഷത്തിൽ ജയിലനകത്തു പോലും കൊലപാതകം നടന്ന സംഭവം ഉണ്ടായിട്ടുണ്ട്. 2004 ഏപ്രിൽ ആറിനായിരുന്നു അത്. രാഷ്ട്രീയ കൊലക്കേസിലെ പ്രതിയായ വടകരയിലെ രവീന്ദ്രനാണ് വെട്ടേറ്റു കൊല ചെയ്യപ്പെട്ടത്. കൊലക്കേസ് പ്രതിയെങ്കിലും രവീന്ദ്രൻ ജയിലിനകത്ത് വലിയ പ്രശ്നക്കാരനായിരുന്നില്ല. അതുകൊണ്ടു തന്നെ അയാൾ ഓർഡേർലിയായും പ്രവർത്തിച്ചിരുന്നു. എല്ലാം രാഷട്രീയമായതിനാൽ നിറങ്ങളാണല്ലോ പ്രശ്നം. അങ്ങനെ രവീന്ദ്രൻ കൊല ചെയ്യപ്പെട്ടു. ഈ സംഭവം അരങ്ങേറിയിട്ടും കണ്ണൂർ ജയിലിലെ സംഘർഷാവസ്ഥക്ക് കുറവ് വന്നിരുന്നില്ല. രാഷ്ട്രീയ തടവുകാർ രാഷ്ട്രീയത്തിന്റെ പേരിൽ തന്നെ മുഖാമുഖം നിന്ന് തർക്കങ്ങൾ ഉന്നയിക്കുന്നതും കയ്യാങ്കളിയിലെത്തുന്നതും ഇവിടെ സ്വാഭാവികം മാത്രമാണ്.

തൊട്ടതിനും തൊടുന്നതിനും പ്രശ്നക്കാർ രാഷട്രീയ തടവുകാരാണ്. ഗ്രാമങ്ങളിൽ മേധാവിത്വം പുലർത്തിയിരുന്ന ഇവർക്ക് ജയലിലും ആ സ്ഥാനം കൽപ്പിച്ചു നൽകിയിട്ടുണ്ട്. സിപിഐ.(എം). ആയാലും ബിജെപി.യായാലും ജയിലിനകത്ത് നേതാവും അനുയായികളുമുണ്ട്. അതു തന്നെയാണ് ജയിലിലെ സംഘർഷാവസ്ഥക്ക് കാരണമാവുന്നത്. ഒരു പക്ഷേ മോഷ്ടാക്കളും മയക്കുമരുന്നു കടത്തുകാരുമാണ് ജയിലിൽ ഇവരേക്കാളും മാന്യന്മാർ. 2006 ൽ ഒരു നാൾ കണ്ണൂർ ജയിലിൽ ഭക്ഷണത്തെക്കുറിച്ച് രൂക്ഷമായ തർക്കം ഉടലെടുത്തിരുന്നു. തോട്ടത്തിലെ പണികഴിഞ്ഞ് എത്തിയ തടവുകാർക്ക് രാവിലെ 11 മണിക്കായിരുന്നു ഊണ്. അന്നേ ദിവസം മത്സ്യമായിരുന്നു നൽകേണ്ടത്. മത്സ്യം ലഭിക്കാത്തതിനാൽ ഉണക്കമീനായിരുന്നു വാങ്ങിയത്. കറിക്ക് അരിഞ്ഞു വച്ചശേഷം മീനിൽ പുഴുവുണ്ടെന്ന് ആരോ പറഞ്ഞതിനാൽ അത് മുഴുവൻ നശിപ്പിച്ചു.

പുതുതായി പച്ചക്കറി കൊണ്ട് വിഭവങ്ങൾ തയ്യാറാക്കാൻ സമയമേറെ എടുത്തു. അത് ഉച്ച പന്ത്രണ്ടേ മുക്കാൽ വരെ നീണ്ടു. അതോടെ വാർഡർമാർക്ക് നേരെ ഒരു സംഘം തടവുകാർ തിരിഞ്ഞു. കേട്ടാൽ അറക്കുന്ന തെറിയുമായും കയ്യേറ്റത്തിനുള്ള ശ്രമവുമായും അവരടുത്തപ്പോൾ ജയിൽ ജീവനക്കാർ ഒന്നടങ്കം സമാധാന ശ്രമത്തിനിറങ്ങി. എന്നാൽ അതനുസരിക്കാതെ നിന്നത് രാഷട്രീയ തടവുകാർ മാത്രമായിരുന്നു. ഒടുവിൽ ഡി.ഐ.ജി. ഗോപകുമാർ തന്നെ മഫ്ടിയിൽ സ്ഥലത്തെത്തി. അങ്ങേർക്കും കിട്ടി. തെറിയുടെ മാലപ്പടക്കം. താൻ ഡി.ഐ.ജി.യാണെന്ന് അറിയിച്ചപ്പോൾ തെറിവിളികളുടെ ശക്തി കൂടുകയായിരുന്നു. എല്ലാം രാഷ്ട്രീയ തടവുകാരെന്ന അഹങ്കാരത്തോടെയായിരുന്നു.

ഇന്നലെ വീണ്ടും കണ്ണൂർ ജയിലിൽ അനിഷട്‌സംഭവങ്ങൾ അരങ്ങേറി. പാതിരിയാട്ടെ സിപിഐ.(എം.) പ്രവർത്തകനായ മോഹനൻ കൊല്ലപ്പെട്ട കേസിലെ പ്രതിയായ ബി.ജെ. പി. പ്രവർത്തകൻ നവജിതിനെ ഒരു കൂട്ടം എതിരാളികൾ അക്രമിച്ചതാണ് കുഴപ്പത്തിന് വഴിവച്ചത്. ജയിലിൽ നിന്നും ശാരീരിക പ്രശ്നങ്ങൾക്ക് വേണ്ടി ഡോക്ടറെ കാണാൻ ക്യൂവിൽ നിന്ന നവജിതിനെ പിറകിൽ നിന്ന് ആരോ ചെവിക്ക് പിടിച്ച് വലിക്കുകയും അക്രമത്തിന് തുനിയുകയും ചെയ്താണ് ഇന്നലത്തെ പ്രശ്നത്തിന് കാരണം. ജയിലധികാരികൾ പ്രശ്നം പരിഹരിച്ചെന്ന് പറയുമ്പോഴും ജയിലിലെ തടവുകാർക്കിടയിൽ രാഷട്രീയ പക ആളിക്കത്തുകയാണ്.

ബിജെപി. നേതൃത്വം പ്രശ്നത്തെ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. അതുകൊണ്ടു തന്നെ കണ്ണൂർ ജില്ലയിലെ രാഷ്ട്രീയഅക്രമങ്ങളുടെ ചുവടു പിടിച്ച് ജയിലിലും സംഘർഷാവസ്ഥ ഉടലെടുക്കാൻ കാരണമായേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP