Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202308Friday

കാളയെ മദ്യം നൽകിയും ഉപദ്രവിച്ചും പ്രകോപിപ്പിച്ച് കൊലയാളിയാക്കും; നാലുവർഷം കൊണ്ട് തമിഴ്‌നാട്ടിൽ മരിച്ചത് 17 പേർ; പരുക്കേറ്റവർ 1100; ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകിയത് വിവാദത്തിൽ

കാളയെ മദ്യം നൽകിയും ഉപദ്രവിച്ചും പ്രകോപിപ്പിച്ച് കൊലയാളിയാക്കും; നാലുവർഷം കൊണ്ട് തമിഴ്‌നാട്ടിൽ മരിച്ചത് 17 പേർ; പരുക്കേറ്റവർ 1100; ജെല്ലിക്കെട്ടിന് വീണ്ടും അനുമതി നൽകിയത് വിവാദത്തിൽ

ഇടുക്കി: തെരുവുപട്ടിയെ കൊല്ലാൻ നിയമമില്ലാത്ത രാജ്യത്ത് മനുഷ്യരെ കൊല്ലുന്ന ക്രൂരമൃഗവിനോദത്തിന് വീണ്ടും അനുമതി നൽകിയത് പ്രതിഷേധമുയർത്തുന്നു. തമിഴ്‌നാട്ടിൽ നിരവധിപ്പേരുടെ ജീവനെടുത്ത ജെല്ലിക്കെട്ടി(മഞ്ജുവിരട്ട്)ന് അനുമതി നൽകിയ കേന്ദസർക്കാർ വിജ്ഞാപനമാണ് വിവാദമുയർത്തുന്നത്. മനുഷ്യരുടെയും കാളകളുടെയും ജീവന് ഭീഷണിയാകുന്ന ജെല്ലിക്കെട്ട് ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും ലംഘനമാണെന്നാണ് മനുഷ്യാവകാശ സംഘടനകളും മൃഗസംരക്ഷക പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.

കേന്ദ്ര പരിസ്ഥിതി വകുപ്പാണ് ജെല്ലിക്കെട്ടിന് അനുവാദം നൽകി കഴിഞ്ഞ ദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. തമിഴ്‌നാട്ടിലെ നിരവധി ഗ്രാമങ്ങളിൽ ആവേശമുയർത്തി കാളകളെ ഉപയോഗിച്ചു നടത്തുന്ന മത്സരമാണ് ജെല്ലിക്കെട്ട്. പ്രത്യേകമായി വളർത്തുന്ന പോരുകാളകളെ ജനക്കൂട്ടത്തിനു നടുവിലെ മൈതാനത്തിലേയ്ക്ക് പ്രകോപിപ്പിച്ചു തുറന്നു വിടുകയും ഒരുപറ്റം ധീരന്മാരായ ചെറുപ്പക്കാർ കാളയെ കീഴടക്കാൻ ശ്രമിക്കുന്നതുമാണ് മത്സരത്തെ ആവേശകരമാക്കുന്നത്. കാളക്കൂറ്റന്മാരെ കീഴടക്കാനുള്ള ശ്രമത്തിനിടെ നിരവധിപ്പേരുടെ മരണം മിക്കപ്പോഴും സംഭവിക്കാറുണ്ട്. ഒട്ടേറെ പേർക്ക് ഗുരുതര പരുക്കുകൾ ഏൽക്കുകയും ചെയ്യും. മനുഷ്യരെപ്പോലെ തന്നെ കാളകളുടെ ജീവനും അപകടത്തിലാകുന്നതും പതിവ് സംഭവമാണ്. ജെല്ലിക്കെട്ടിനിടെ നട്ടെല്ലു തകർന്നും കഴുത്തൊടിഞ്ഞും ആന്തരികാവയവങ്ങൾക്ക് പ്രവർത്തനക്ഷമത നശിച്ചും നൂറുകണക്കിന് യുവാക്കളാണ് തമിഴ്‌നാടൻ ഗ്രാമങ്ങളിൽ ശയ്യാവലംബികളായി കഴിയുന്നത്. ഇതിനു പുറമെയാണ് മത്സരത്തിന്റെ പേരിൽ കാളകളോട് കാട്ടുന്ന ക്രൂരത.

ചാവേറുകളായി മൈതാനത്ത് ഒരുങ്ങിനിൽക്കുന്ന യുവാക്കളുടെ ഇടയിലേയ്ക്ക് കാളകളെ അക്രമാസക്തരാക്കിയാണ് തുറന്നു വിടുന്നത്. ഇതിനായി ഇവയെ മുറിവേൽപിച്ചും മദ്യം നൽകിയും പ്രകോപിതരാക്കുകയാണ് പതിവുശൈലി. കാളകളുടെ വാലിൽ കടിച്ചാണ് വിറളിപിടിപ്പിക്കുക. മത്സരാർത്ഥികളോ, സംഘാടകരോ കാളകളുടെ വാലിൽ മാറിമാറി കടിക്കും. വടികാണ്ട് ദേഹമാസകലം അടിക്കുകും കത്തികൊണ്ട് കുത്തി മുറിവേൽപിക്കുകയും ചെയ്യും. കാളകളെ ഉന്മത്തരാക്കാൻ ഇവയുടെ വായിൽ ബലമായി മദ്യം ഒഴിച്ചു നൽകുകയും ചെയ്യും. ഇങ്ങനെ സ്ഥലകാലബോധം നശിച്ച അവസ്ഥയിലാണ് പോരുകാളകളെ ആയിരക്കണക്കിനാളുകൾ കാണികളായി ചുറ്റും നിൽക്കുന്ന മൈതാനിയിലേയ്ക്ക് തുറന്നു വിടുന്നത്. കാളകളുടെ ഒപ്പമോടി അവയെ മുതുകിൽപ്പിടിച്ചു നിർത്തുന്നവരാണ് ജേതാവ്.

കുത്തേൽക്കാതെയും പിടിവിടാതെയും മുതികിൽ പിടിച്ചു നൂറുമുതൽ 200 വരെ മീറ്റർ ഓടിയാലും വിജയിയാകും. കാളയെ പിടിച്ചു നിർത്താനായില്ലെങ്കിൽ കാളയുടെ ഉടമയാണ് വിജയിയാവുക. ഇത്തരം കാളകൾക്ക് പിന്നീട് വലിയ വില ലഭിക്കും. കാളയെ പിടിച്ചു നിർത്തുന്നവർക്ക് ഒരു ഗ്രാം സ്വർണം, ഗ്രൈൻഡർ തുടങ്ങിയവയൊക്കെയാണ് സമ്മാനം. സമ്മനത്തിലല്ല, വിരകൃത്യത്തിനാണ് നാട്ടിൽ ബഹുമതി. വിജയികൾ നാട്ടിലെ വീരകഥാപാത്രങ്ങളാകും. മത്സരത്തിനിടെ കാളകളുടെ കുത്തേറ്റു വീഴുന്നവരെ ഉടൻ ആശുപത്രിയിലേയ്ക്ക് മാറ്റും. മരണം സംഭവിച്ചാലും ആർക്കും കാര്യമായ ദുഃഖമുണ്ടാകില്ല. അത്രയ്ക്കാണ് ജെല്ലിക്കെട്ടിനോട് തമിഴർക്കുള്ള പ്രിയം. സുരക്ഷാവേലികൾ തകർത്ത് കാളകൾ കാണികൾക്കിടയിലേയ്ക്ക് കുതിച്ചുണ്ടായ അപകടങ്ങളും നിരവധിയാണ്.

മധുരക്കടുത്തുള്ള അളംഗനല്ലൂരാണ് പ്രധാന മത്സരവേദി. ഇവിടെ എല്ലാ വർഷവും അഞ്ഞൂറോളം കാളകളെയാണ് വിവിധ സ്ഥലങ്ങളിൽനിന്നും മത്സരത്തിനായി കൊണ്ടുവരുന്നത്. 2014-ലാണ് ജെല്ലിക്കെട്ട് സുപ്രീം കോടതി തടഞ്ഞത്. കാളകളെ ഉപയോഗിച്ചുള്ള മത്സരങ്ങളും മറ്റും നിരോധിച്ചുകൊണ്ടു 2011 ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ നിരോധന ഉത്തരവ്. അതിനാൽ കഴിഞ്ഞ വർഷം തമിഴ്‌നാട്ടിൽ ജെല്ലിക്കെട്ട് നടന്നില്ല. ഇപ്പോൾ പരിസ്ഥിതി മന്ത്രാലയം തന്നെയാണ് വീണ്ടും അനുമതി നൽകിയതെന്നതും ശ്രദ്ധേയമാണ്. തമിഴ്‌നാടിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടുകിടക്കുന്ന മത്സരമായതിനാലാണ് അനുമതി നൽകുന്നതെന്നും ജില്ലാ ഭരണാധികാരികളുടെ കർശനമായ സുരക്ഷാ മേൽനോട്ടത്തിലായിരിക്കണം മത്സരമെന്നും കേന്ദ്ര മന്ത്രാലയം നിഷ്‌കർഷിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപ്പെടുക മത്സരത്തിൽ പൂർണമായും സാധ്യമല്ലെന്നാണ് കഴിഞ്ഞ കാലങ്ങളിലെ അനുഭവങ്ങൾ വെളിവാക്കുന്നത്. ഒട്ടേറെ നിബന്ധനകളാണ് മത്സരവുമായി ബന്ധപ്പെട്ടുള്ളത്. വീരരും (മത്സരാർത്ഥികൾ) കാളകളും എറ്റുമുട്ടുന്ന വേദിയുടെ ദൈർഘ്യം 60 അടിയിൽ കുറയരുത്.

പ്രവേശന കവാടത്തിൽ നിന്നും (വടിവാസൽ) വേദിയിലേക്ക് വേലി നിർമ്മിച്ചു കാണികളുടെ സുരക്ഷ ഉറപ്പാക്കേണ്ടതാണ്, കാളകൾക്ക് ലഹരി വസ്തുക്കൾ കൊടുക്കരുത്. കാളയുടെ ഉപ്പൂടി(മുതുക്)യിൽ എണ്ണ തേക്കരുത്, കാളകളുടെ കൊമ്പുകളുടെ മൂർച്ച പൂർണ്ണമായും ഇല്ലാതാക്കണം, കാളകൾ ആരോഗ്യവാന്മാരാണെന്ന് മൃഗഡോക്ടറുടെ സാക്ഷ്യപത്രം ലഭിച്ചിരിക്കണം, ഒന്നിൽ കൂടുതൽ കാളകളെ ഒരേ സമയം വേദിയിൽ അനുവദിക്കരുത്, മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന വീരന്മാർ മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ പാടുള്ളു, മത്സരാർത്ഥികൾ പൂർണ്ണ ആരോഗ്യവാ•ാരാണെന്നും ലഹരിമരുന്നുകൾ ഉപയോഗിച്ചിട്ടില്ല എന്നും ഡോക്ടർ സാക്ഷ്യപ്പെടുത്തിയിരിക്കണം, മത്സരവേദിയിൽ ഒരു സംഘം ഡോക്ടർമാരും ആംബുലൻസുകളും തയാറായിരിക്കണം എന്നിവയാണ് പ്രധാനം. എന്നാൽ ഇവയിൽ മിക്കവയും പാലിക്കപ്പെടുന്നില്ല. മുമ്പ് തമിഴ്‌നാട്ടിലെ 2000-ഓളം ഗ്രാമങ്ങളിൽവരെ ജെല്ലിക്കെട്ട് നടത്തിയിരുന്നു. അപകടങ്ങളും മരണങ്ങളും കൂടിയതോടെ പ്രതിഷേധവും വർധിച്ചു. ഇതേതുടർന്നു മത്സരങ്ങളിൽ പത്തോളമായി ചുരുങ്ങി. അളംഗനല്ലൂരിനു പുറമേ, പാളമേട്, ദിണ്ഡിക്കൽ, ആവണപുരം, അയ്യൻപെട്ടി തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാന മത്സരങ്ങൾ അരങ്ങേറുന്നത്.

മുംബൈ ആസ്ഥാനമായ പീപ്പിൾ പോർ ദ് എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് എന്ന സംഘടന നടത്തിയ പഠനത്തിൽ 2010 മുതൽ 2014 വരെയുള്ള കാലഘട്ടത്തിൽ ജെല്ലിക്കെട്ടിൽ 17 പേർ കൊല്ലപ്പെടുകയും 1100 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി വ്യക്തമാക്കുന്നു. ജെല്ലിക്കെട്ട് വീണ്ടും ആരംഭിക്കാനുള്ള നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സംഘടന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP