Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടികൾ കട്ട ഉദ്യോഗസ്ഥരും ക്രിമിനലുകളായ ഐപിഎസുകാരും നാട് ഭരിക്കുമ്പോൾ അഴിമതിക്കെതിരെ സംസാരിച്ചതിന് എട്ടാം മാസവും ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ സസെപ്ൻഷനിൽ; നാല് മാസം കൂടി സസ്‌പെൻഷൻ ദീർഘിപ്പിച്ചത് നിയമവിരുദ്ധമായി; തെളിവ് നശിപ്പിക്കാൻ ഒന്നും ഇല്ലാതിരുന്നിട്ടും മകളുടെ അടുത്ത് പോലും പോകാൻ അനുവദിക്കാതെ ജേക്കബ് തോമസിനെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്നത് ആർക്ക് വേണ്ടി?

കോടികൾ കട്ട ഉദ്യോഗസ്ഥരും ക്രിമിനലുകളായ ഐപിഎസുകാരും നാട് ഭരിക്കുമ്പോൾ അഴിമതിക്കെതിരെ സംസാരിച്ചതിന് എട്ടാം മാസവും ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ സസെപ്ൻഷനിൽ; നാല് മാസം കൂടി സസ്‌പെൻഷൻ ദീർഘിപ്പിച്ചത് നിയമവിരുദ്ധമായി; തെളിവ് നശിപ്പിക്കാൻ ഒന്നും ഇല്ലാതിരുന്നിട്ടും മകളുടെ അടുത്ത് പോലും പോകാൻ അനുവദിക്കാതെ ജേക്കബ് തോമസിനെ വീട്ടു തടങ്കലിൽ ആക്കിയിരിക്കുന്നത് ആർക്ക് വേണ്ടി?

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അഴിമതി വിരുദ്ധ പോരാട്ടത്തിന് പുതിയ മുഖം നൽകിയ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടർന്നതുകൊണ്ട് മാത്രം പൊലീസ് സർവ്വീസിൽ വളരെ കുറച്ച് കാലം ഇരിക്കേണ്ടി വന്ന വ്യക്തിയായിരുന്നു ജേക്കബ് തോമസ്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ഈ ഐപിഎസുകാരനെ വിജിലൻസിലേക്ക് കൊണ്ടു വന്നു. ഇതോട അഴിമതി വിരുദ്ധ പോരാട്ടം പുതിയ തലത്തിലെത്തി.

ബാർ കോഴ പോലെ പലതും ചർച്ചയായി. പക്ഷേ ഉമ്മൻ ചാണ്ടി സർക്കാരിന് അധികകാലം ജേക്കബ് തോമസിനെ ചുമക്കാനായില്ല. വിജിലൻസിൽ നിന്ന് മാറ്റ് മൂലയ്ക്കിരുത്തി. പിണറായി അധികാരത്തിലെത്തിയപ്പോൾ വീണ്ടും വിജിലൻസിൽ എത്തി. അതും ഡിജിപിയായി. പക്ഷേ സത്യം തുറന്നു പറഞ്ഞപ്പോൾ വീണ്ടും കണ്ണിലെ കരട്. ആരും കാട്ടാത്ത ക്രൂരതയാണ് ഈ സത്യസന്ധനോട് പിണറായി സർക്കാർ കാട്ടിയത്. കേരളത്തിലെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ എട്ട് മാസമായി സസ്‌പെൻഷനിലാണ്. ഇനിയും നാല് മാസത്തേക്ക് കൂടി സസ്‌പെൻഷൻ കൂട്ടുകയാണ് പ്രളയകാലത്ത് പിണറായി വിജയൻ. ഇതോടെ ആർക്ക് വേണ്ടിയാണ് ഇതെന്ന ചോദ്യമാണ് സജീവമാകുന്നത്.

ഇപി ജയരാജന്റെ ബന്ധുത്വ നിയമന വിവാദത്തിലെ അഴിമതി ജേക്കബ് തോമസ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പം സ്പോർട്സ് കൗൺസിലിലെ അഴിമതിയും. ഇതോടെയാണ് ജേക്കബ് തോമസ് കണ്ണിലെ കരടായത്. ഓഖിയിൽ സർക്കാർ വീഴ്ചകൾ ചൂണ്ടിക്കാണിച്ചപ്പോൾ ആദ്യ സസ്‌പെൻഷൻ. ഇതിന് കേന്ദ്രം അനുമതി നൽകാതെ വന്നപ്പോൾ പുസ്തക രചന വിവാദമാക്കി സസ്‌പെൻഷൻ നീട്ടി. വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതിസ്ഥാനത്ത് നിർത്തിയ എസ് പി എവി ജോർജ് പോലും ആഴ്ചകൾ കൊണ്ട് സർവ്വീസിൽ തിരിച്ചെത്തി. എന്നാൽ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ ജേക്കബ് തോമസ് പുറത്തു നിൽക്കുകയാണ്. പ്രതിപക്ഷത്തിനും അഴിമതിക്കെതിരെ സംസാരിക്കുന്ന ഈ ഐപിഎസുകാരനെ വേണ്ട. അതുകൊണ്ട് തന്നെ ആരും ജേക്കബ് തോമസിനെതിരായ നീതി നിഷേധം ഉയർത്തിക്കാട്ടുന്നതുമില്ല. കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ജേക്കബ് തോമസിനെ മറന്നു. സസ്‌പെൻഷൻ കാലാവധി നീട്ടുമ്പോഴും പരസ്യ പ്രതികരണത്തിന് ജേക്കബ് തോമസ് തയ്യാറല്ല.

സർക്കാരിന്റെ നീതി നിഷേധത്തെ കോടതിയിൽ ചോദ്യം ചെയ്യാം. എന്നാൽ അതിന് താനില്ലെന്ന നിലപാടിലാണ് ജേക്കബ് തോമസ് എന്നാണ് സൂചന. നിയമ വാഴ്ച ഇല്ലാത്തിടത്ത് എന്ത് നിയമപോരാട്ടമെന്നാണ് ഇതേ കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് മറുനാടനോട് പ്രതികരിച്ചത്. നിയമ പോരാട്ടം നടത്തി കാശ് കളയുന്നത് മാത്രമാകും മിച്ചമെന്നും വിലയിരുത്തുന്നു. ജേക്കബ് തോമസിനെതിരായ ആരോപണത്തെ ചീഫ് സെക്രട്ടറി തല സമിതിയാണ് അന്വേഷണം നടത്തുന്നത്. സാധാരണ അന്വേഷണ പരിധിയിൽ സസ്‌പെൻഷൻ നൽകുന്നത് തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ്. എന്നാൽ ജേക്കബ് തോമസിന്റെ പുസ്തകം എഴുത്തിലും പ്രസംഗത്തിലും തെളിവ് നശിപ്പിക്കാനുള്ള സാധ്യത പോലും ഇല്ല. എന്നിട്ടും സർക്കാർ സസ്‌പെൻഷനിൽ നിർത്തുകയാണ് ഈ മുതിർന്ന ഐപിഎസുകാരനെ. സർക്കാരിന്റെ പ്രതികാര ബുദ്ധിയാണ് ഇതിന് കാരണമെന്നും വ്യക്തം. ശമ്പളം നൽകാതെ പരമാവധി പീഡിപ്പിക്കൽ മാത്രമാണ് ലക്ഷ്യം.

സസ്‌പെൻഷനിലായതു മുതൽ ജേക്കബ് തോമസിന് ശമ്പളമില്ല. ജീവിത ചെലവിനായുള്ള അലവൻസ് മാത്രമാണ് കിട്ടുന്നത്. അതും എല്ലാ മാസവും കിട്ടത്തുമില്ല. ഇതോടെ പൂർണ്ണ പ്രതിസന്ധിയിലാണ് ജേക്കബ് തോമസിന്റെ ജീവിതമെന്നാണ് സൂചന. വിദേശത്ത് പോകാനും വിലക്കുണ്ട്. ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനാൽ വിദേശ യാത്ര പോകരുതെന്ന് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുണ്ട്. അതുകൊണ്ട് വിദേശത്തുള്ള മകളുടെ വീട്ടിൽ പോകാൻ പോലും ജേക്കബ് തോമസിന് കഴിയുന്നില്ല. എല്ലാ അർത്ഥത്തിലും ജേക്കബ് തോമസിനെ സർക്കാർ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് സുഹൃത്തുക്കളുടെ നിരീക്ഷണം. നാല് മാസം കഴിയുമ്പോൾ എന്ത് ചെയ്യുമെന്നതാണ് പ്രധാനം. ജേക്കബ് തോമസിനെതിരായ ആരോപണങ്ങളിൽ അന്വേഷണം പൂർത്തിയാക്കി നടപടിയെടുത്താൽ അദ്ദേഹം കോടതിയിൽ അത് ചോദ്യം ചെയ്യുമെന്ന് സർക്കാർ വിലയിരുത്തുന്നു. അതുകൊണ്ടാണ് അന്വേഷണത്തിൽ തീരുമാനം എടുക്കാതെ സസ്‌പെൻഷൻ കാലാവധി നീട്ടിക്കൊണ്ടുള്ള പിണറായിയുടെ കള്ളക്കളി.

ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ അവലോകന സമിതിയുടെ ശുപാർശ പ്രകാരമാണു നടപടി. ഓഖി ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിനെ വിമർശിച്ചു പ്രസംഗിച്ചതിനാണു ജേക്കബ് തോമസിനെ സസ്‌പെൻഡു ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ 19ന് ഇറക്കിയ ഉത്തരവു നടപടിക്രമം പാലിക്കാത്തതിനാൽ കേന്ദ്ര സർക്കാർ അംഗീകരിച്ചില്ല. തുടർന്നു സർക്കാർ അനുമതിയില്ലാതെ പുസ്‌കമെഴുതിയെന്ന് ആരോപിച്ചു കഴിഞ്ഞ ഏപ്രിലിൽ വീണ്ടും സസ്‌പെൻഡു ചെയ്തു. എട്ടു മാസമായി സസ്‌പെൻഷനിൽ കഴിയുന്ന ജേക്കബ് തോമസിനെതിരെ വകുപ്പുതല അന്വേഷണവും സർക്കാർ നടത്തുന്നുണ്ട്. അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണു വകുപ്പുതല അന്വേഷണം നടത്തുന്നത്. എന്നാൽ വിജിലൻസ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തിയിരുന്നു. അതിനാൽ നീതി ലഭിക്കില്ലെന്ന നിലപാടിൽ ഈ സമിതിയുമായി സഹകരിക്കുന്നില്ല. അതിനാൽ വകുപ്പുതല അന്വേഷണം പൂർത്തിയാകും വരെ ജേക്കബ് തോമസിനെ പുറത്തു നിർത്താനാണു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതി ശുപാർശ ചെയ്തത്.

ചീഫ് സെക്രട്ടറിക്കെതിരെയും ഇദ്ദേഹം അന്വേഷണം നടത്തിയിരുന്നു. സിവിൽ സർവീസ് ഉദ്യോഗസ്ഥനെ കേന്ദ്ര സർക്കാർ അനുമതിയില്ലാതെ ഒരു വർഷംവരെ സർക്കാരിനു സസ്‌പെൻഷനിൽ നിർത്താം. പിന്നെയും സസ്‌പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര അനുമതി ആവശ്യമാണ്. അതിനാൽ പരമാവധി ദിവസം സസ്‌പെൻഷനിൽ നിർത്താനാണു സർക്കാർ നീക്കം. അതിനിടെ ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായി ഡ്രജർ വാങ്ങിയതിൽ സാമ്പത്തിക നഷ്ടമുണ്ടായെന്ന ധനകാര്യ പരിശോധന റിപ്പോർട്ടിൽ നടപടിയെടുക്കാനുള്ള നീക്കവും സർക്കാർ ആരംഭിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നു ചീഫ് സെക്രട്ടറിയായിരുന്ന കെ.എം.ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴാണ് ഏബ്രഹാമിന്റെ വീട്ടിൽ വിജിലൻസ് സംഘം പരിശോധന നടത്തിയത്. ഇതിനുള്ള പ്രതികാരമായിരുന്നു ഡ്രജറിലെ റിപ്പോർട്ട്. ഇത് ശരിയല്ലെന്ന് പിണറായി തന്നെ പറഞ്ഞതുമാണ്. എന്നാൽ എങ്ങനേയും ജേക്കബ് തോമസിനെ ഒഴിവാക്കാനായി ഇതും ആയുധമാക്കാനാണ് തീരുമാനം.

ഇനി രണ്ട് കൊല്ലമാണ് ജേക്കബ് തോമസിന് സർവ്വീസ് കാലാവധിയുള്ളത്. സീനിയോറിട്ടി അനുസരിച്ച് ഐപിഎസുകാരിൽ ഏറ്റവും സീനിയറാണ് ജേക്കബ് തോമസ്. ഐപിഎസ് അസോസിയേഷൻ പോലും ജേക്കബ് തോമസിനെതിരായ നടപടികളെ ചോദ്യം ചെയ്യുന്നില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പോലും വിമർശിച്ചിട്ടുള്ള ജേക്കബ് തോമസിന് പിന്തുണ നൽകാനാകില്ലെന്നാണ് അവരുടേയും നിലപാട്. അഴിമതി തുറന്നുപറയുന്ന ആളുകൾക്ക് സംരക്ഷണം നൽകാനാണ് ജേക്കബ് തോമസ് ശ്രമിച്ചത്. രാഷ്ട്രീയ അഴിമതിക്കാരുടെ ഭാഗത്തുനിന്നാണ് തനിക്ക് ഭീഷണിയുണ്ടായത്. അഴിമതി ചെയ്യേണ്ട ആൾക്കാർക്ക് അഴിമതി തുറന്നുകാണിക്കുന്ന ആളുമായി ചേർന്നുപോകാൻ സാധിക്കില്ല. അതുകൊണ്ടാണ് തനിക്കെതിരായി സർക്കാർ നടപടികൾ ഉണ്ടായതെന്നും ജേക്കബ് തോമസ് നേരത്തെ വിശദീകരിക്കുകയും ചെയ്തിരുന്നു.

'ജനങ്ങൾക്ക് സങ്കടമുണ്ടാകുന്ന ഒരു കാര്യം ഉണ്ടായാൽ ജനങ്ങളോടൊപ്പം നിന്ന് ജനങ്ങൾക്കുവേണ്ടിയായിരിക്കണം കാര്യങ്ങൾ ചെയ്യേണ്ടത്. അങ്ങനെ ചെയ്യാത്ത ആരെങ്കിലുമുണ്ടെങ്കിൽ അവർക്കെതിരെ പറയുക എന്നതും ജനങ്ങളോട് ഒപ്പം നിൽക്കുന്നതിന്റെ ലക്ഷണമാണ്. തന്റെ കാലത്തും അതിനു ശേഷവും വിജിലൻസ് എങ്ങനെ പ്രവർത്തിച്ചു എന്നത് പരിശോധിക്കപ്പെടേണ്ടതാണ്. പണം എങ്ങനെയും ഉപയോഗിക്കാം എന്നത് അഴിമതിയുടെ രീതിയാണ്. താൻ വൈരാഗ്യബുദ്ധിയോടെ പെരുമാറി എന്ന് ആരോപിച്ചവരാണ് തന്നോട് പിന്നീട് വൈരാഗ്യബുദ്ധിയോടെ പെരുമാറിയത്', എന്ന് നേരത്തെ ജേക്കബ് തോമസ് വിശദീകരിച്ചിരുന്നു. ഇങ്ങനെ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലന്ന് പരസ്യമായി പ്രഖ്യാപിച്ച ജേക്കബ് തോമസിനെ അംഗീകരിക്കേണ്ടതില്ലെന്നാണ് സർക്കാരിന്റെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP