Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫാ ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവത്തെ നേരിട്ടറിയാൻ എത്തിയത് സാക്ഷാൽ ഉദ്ദവ് താക്കറെ; താലൂക് ആശുപത്രിയെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചതിന്റെ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വന്നത് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യത്തിലെ അപൂർവ്വ മാതൃകയെ അടുത്തറിയാൻ; മഹബലേശ്വറിലെ ആരോഗ്യ മോഡൽ ചർച്ചയാകുമ്പോൾ

ഫാ ടോമി കരിയിലക്കുളം നടത്തുന്ന നിശബ്ദ വിപ്ലവത്തെ നേരിട്ടറിയാൻ എത്തിയത് സാക്ഷാൽ ഉദ്ദവ് താക്കറെ; താലൂക് ആശുപത്രിയെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചതിന്റെ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി വന്നത് മഹാരാഷ്ട്രയിലെ പൊതുജനാരോഗ്യത്തിലെ അപൂർവ്വ മാതൃകയെ അടുത്തറിയാൻ; മഹബലേശ്വറിലെ ആരോഗ്യ മോഡൽ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

മഹാബലേശ്വർ: മഹാബലേശ്വരിലെ ഗവണ്മെന്റ് റൂറൽ ഹോസ്പിറ്റൽ ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് ഫെബ്രുവരി ഒന്നാം തിയതി. ഇന്നു തന്നെ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സന്ദർശനം വലിയ ആവേശമാണ് മഹാബലേശ്വറിലെ ജനങ്ങൾക്കിടയിലും ആശുപത്രി ജീവനക്കാർക്കും ഒക്കെ നൽകിയിരിക്കുന്നത്. വളരെ വർഷങ്ങളായിട്ട് പ്രവർത്തനരഹിതമായിക്കിടന്നിരുന്ന ഈ ഗവണ്മെന്റ് ആശുപത്രി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ബെൽ എയർ ഹോസ്പിറ്റലിനെ ഏൽപ്പിച്ചിട്ട് ഒരു വർഷം കഴിയുമ്പോൾ ഇന്ത്യയിലെതന്നെ ഏറ്റം മനോഹരമായ ഒരു ആശുപത്രി പ്രൊജക്ട് ആയിട്ട് ഇതു മാറിക്കഴിഞ്ഞിരിക്കുകയാണ്.

എം.സി.ബി.എസ്. സഭയുടെ നേതൃത്വത്തിൽ ഫാ.ടോമി കരിയിലക്കുളം നടത്തുന്ന ബെൽ എയർ ഹോസ്പിറ്റലിനു ലഭിക്കുന്ന മറ്റൊരംഗീകാരമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. അബ്ദുൾ കലാം സാർ രാഷ്ട്രപതി ആയിരിക്കുമ്പോൾ സന്ദർശനം നടത്തി അനുഗ്രഹിച്ചതാണ് ബെൽ എയർ. അതുകൊണ്ടുതന്നെയാണ് ഈ പ്രവർത്തനരഹിതമായിരുന്ന ഗവണ്മെന്റ് ആശുപത്രിയെ ബെൽ എയർ ഹോസ്പിറ്റലിനെയും ഫാ.ടോമിയെയും ഏൽപ്പിക്കുവാൻ മഹാരാഷ്ട്ര ഗവണ്മെന്റ് തീരുമാനിച്ചത്. ഇന്ത്യയിൽതന്നെ ആദ്യമായിട്ടാണ് ഒരു ഗവണ്മെന്റ് താലൂക്ക് ആശുപത്രി ഒരു എൻജിഒയെ ഏൽപ്പിച്ചത്. മഹാരാഷ്ട്രയിൽ പുതിയ ആരോഗ്യ മോഡൽ അവതരിപ്പിച്ച വൈദികനാണ് ലയാളിയായ ഫാ ടോമി കരിയിലുക്കുളം.

മഹരാഷ്ട്ര സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഈ കോട്ടയത്തുകാരൻ മഹാബലേശ്വറിലെ താലൂക്ക് ആശുപത്രി ഏറ്റെടുത്തത്. മഹാരാഷ്ട്രയിലെ പാഞ്ചഗണി എന്ന സ്ഥലത്ത് റെഡ് ക്രോസിന്റെ ഒരു ആശുപത്രി ഏറ്റെടുത്ത് വിജയകരമായി നടത്തുകയും ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് നഴ്‌സിങ് കോളേജ് നടത്തുകയും അന്താരാഷ്ട്ര സ്‌കൂൾ നടത്തുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകനാണ് ഫാ. ടോമി കരിയിലുക്കുളം. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻ ഉപദേശകൻ കൂടിയായ ഫാ. ടോമി എയിഡ്‌സ് ബാധിതരുടെ പുനരധിവാസ കാര്യത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃക സൃഷ്ടിച്ചയാളാണ്. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ മന്ത്രാലയം കൺസെൾട്ടന്റുമായിരുന്നു. ഈ അനുഭവ സമ്പത്ത് മഹബലേശ്വറിലെ പൊതുജനാരോഗ്യം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയാണ് മുൻ ബിജെപി സർക്കാർ ചെയ്തത്. ഈ മാതൃക ഉദ്ദവ് താക്കറെ സർക്കാരും അംഗീകരിക്കുന്നതിന് തെളിവാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.

ഓ.ടി., ഐ.സി.യു., ഡിജിറ്റൽ എക്‌സ് റേ, സോണോഗ്രഫി, തുടങ്ങി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടും കൂടി ഈ ആശുപത്രിയെ നൂതനവൽക്കരിക്കാനുള്ള ഫണ്ടുകൾ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി വഴി കണ്ടെത്തുകയും ഗവണ്മെന്റ് മറ്റു കാര്യങ്ങളിൽ പിന്തുണ നൽകുകയും ചെയ്യുന്ന ഒരു മോഡൽ പ്രാവർത്തികമാക്കുന്നതിൽ ഈ മഹബലേശ്വർ ആശുപത്രി വലിയ വിജയം കണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് ജില്ലാ കളക്ടറും, ജില്ലാ ആരോഗ്യ അധികാരിയും, സിവിൽ സർജൻ തുടങ്ങിയ മറ്റു ഉദ്യോഗസ്ഥന്മാരും, ജില്ലാ പരിഷത്തിന്റെ മുഖ്യാധികാരിയും പിന്നെ സുഭാഷ് ദേശായി, ശംഭുദാസ് ദേശായി, ആദിത്യ താക്കറേ തുടങ്ങിയ മന്ത്രിമാരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

ഫാ ടോമിയേയും ഉദ്യോഗസ്ഥന്മാരെയും വിളിച്ചു വരുത്തി വളരെ വിശദമായ ചർച്ച മുഖ്യമന്ത്രി നടത്തി. ഈ മാതൃകാപരമായ പരിപാടിയിൽ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഫാ. ടോമിയോടു ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉറപ്പു നൽകി. ഇതു വലിയ വിജയമായി മറാനും തടസ്സങ്ങൾ എല്ലാം നീക്കി ഒന്നിച്ചാൽ ഭാരതത്തിൽ തന്നെ ആരോഗ്യമേലയിലെ മാതൃകയായി മാറ്റാനും ഉള്ള എല്ലാ ഒത്താശകളും ചെയ്തുകൊടുക്കണം എന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

പാഞ്ചാഗണിയിൽ റെഡ് ക്രോസിന് കീഴിൽ വലിയ ആശുപത്രിയുണ്ട്. നേഴ്സിങ് കോളേജുമുണ്ട്. അതുകൊണ്ട് തന്നെ ജീവനക്കാരെ കണ്ടെത്തക പ്രയാസകരമാകില്ല. ഈ മേഖലയിലെ സാധാരണക്കാർക്കിടയിൽ ഫാ ടോമിയും സംഘവും പ്രവർത്തിച്ചിരുന്നു. ഇതിനിടെയാണ് ആശുപത്രിയുടെ ശോചനീയവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഏറ്റെടുക്കാൻ സർക്കാരിന് അപേക്ഷ നൽകി. ഇത് പരിഗണിച്ച മഹാരാഷ്ട്ര സർക്കാർ ഫാ ടോമിയോട് താലൂക്ക് ആശുപത്രി കൂടി ഏറ്റെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. എച്ച് ഐ വി ബാധിതരുടെ പുനരധിവാസത്തിന് മുൻകൈയെടുത്ത ഫാ ടോമി കോട്ടയം ജില്ലയിലെ എടക്കടത്തി സ്വദേശിയാണ്. അനേകം എയ്ഡ്സ് രോഗികളെ പുനരധിവസിപ്പിച്ചു. വേറിട്ട വഴിയിലൂടെ സുവിശേഷ പ്രസംഗ നടത്തിയും വിശ്വാസികളിലേക്ക് ഇറങ്ങി ചെല്ലുന്ന വൈദികൻ. അബ്ദുൾ കലാം പ്രസിഡന്റായിരിക്കെ പാഞ്ചാഗണിയെന്ന സ്ഥലത്തെത്തി ഫാ ടോമിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ പിന്തുണയും നൽകി. അങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ ഉപദേഷ്ടാവായി ടോമി മാറിയത്. ടൈംസ് ഓഫ് ഇന്ത്യ വർഷം തോറും നൽകി വരുന്ന ഹെൽത്ത് കെയർ അച്ചീവേഴ്‌സ് അവാർഡും ടോമിക്ക് ലഭിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ പാഞ്ച്ഗനിയിൽ വൈദികന്റെ നേതൃത്വത്തിൽ നടത്തുന്ന റെഡ്‌ക്രോസ് ഉടമസ്ഥതയിലുള്ള ബെൽ എയർ ഹോസ്പിറ്റലിനാണ് ഇന്നോവേഷൻ ഇൻ മാനേജിങ്ങ് ലോംഗ് ടേം കണ്ടീഷൻ എന്ന വിഭാഗത്തിൽ അവാർഡ് ലഭിച്ചത്. പൂനയിലെ ഗ്രാമകേന്ദ്രീകൃതമായ പ്രദേശത്ത് പ്രവർത്തിക്കുന്ന ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ഫാ ടോമിയുടെ നേതൃത്വം കിട്ടിയതോടെയാണ് പുതുജീവൻ വന്നത്. 1912ൽ പ്രവർത്തനമാരംഭിച്ച ആശുപത്രിയാണ് ബെൽ-എയർ. രാജ്യത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന ടിബി സാനിറ്റോറിയവും ഈ ആശുപത്രിയിലാണ്. 1964ലാണ് ആശുപത്രി ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റിക്ക് കൈമാറുന്നത്. ഒരു നൂറ്റാണ്ടിന് മുമ്പ് ടിബി സാനിറ്റോറിയം ആയി ആരംഭിച്ചതും പിൽക്കാലത്ത് റെഡ് ക്രോസ് ഏറ്റെടുത്തതുമായ ആശുപത്രി കേട് പിടിച്ച് നശിച്ചു

ഇത്തരമൊരു ആശുപത്രിയാണ് കാൽ നൂറ്റാണ്ട് മുമ്പ് ഫാ. ടോമി ഏറ്റെടുത്തത്. 1994ലാണ് ഫാ. ടോമി കരിയിലക്കുളം ഇവിടെ എത്തിയത്. എച്ച്‌ഐവി റീഹാബിലിറ്റേഷൻ രംഗത്ത് കേന്ദ്ര സർക്കാർ നടത്തുന്നത് ഫാ. ടോമി വികസിപ്പിച്ചെടുത്ത മോഡലാണ്. ലോകാരോഗ്യ സംഘടനയുടേയും ഉപദേശകസമിതിയംഗമായിരുന്ന ഫാ. ടോമിയെക്കുറിച്ച് പെൻയിൻ പുസ്തകം ഇറക്കുകയും ചെയ്തു്. അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് ഫാ. ടോമി നടത്തുന്ന നഴ്‌സിങ്ങ് കോളേജിൽ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പലിശ രഹിത വായ്പ വരെ ലഭ്യമാണ്. ഫാ. ടോമി കരിയിലക്കുളം കാൽ നൂറ്റാണ്ടായി മഹാരാഷ്ട്രയിലെ പാഞ്ചഗണിയിലാണ് പ്രവർത്തിക്കുന്നത്. ജോലി തേടി സത്താറ ജില്ലയിൽ പോയ സീറോ മലബാർ വിശ്വാസികൾക്ക് കുർബാന അർപ്പിക്കാനായി അയച്ചതാണ് ഫാദർ ടോമിയെ അദ്ദേഹത്തിന്റെ സഭ.

അതിനിടെയാണ് പാഞ്ചഗണിയിൽ അടച്ചു പൂട്ടപ്പെട്ട നിലയിൽ കിടന്ന റെഡ് ക്രോസ് ആശുപത്രി കണ്ടെത്തിയത്. ആ ആശുപത്രി ഏറ്റെടുത്ത് വലുതാക്കി ഇന്ത്യയിലെ ഏറ്റവും വലിയ എച്ച് ഐ വി പുനരധിവാസ കേന്ദ്രമാക്കി മാറ്റുകയായിരുന്നു ആ വൈദികൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP