Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202302Monday

'ദ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ': സിബിഐ ഡയറിക്കുറിപ്പിലെ ഔസേപ്പച്ചനെ പേടിപ്പിച്ച സേതുരാമയ്യരുടെ ഡമ്മി ടു ഡമ്മി ടെക്‌നിക്ക് മലയാളിക്ക് ഇന്ന് മന:പാഠം; ഒരാൾ തൂങ്ങി മരിച്ചാലും തൂക്കി കൊന്നാലും കയറിൽ പാടിലെ വ്യത്യാസം എന്ത്? വാളയാർ കേസിലും ഉത്ര കേസിലും ഇലന്തൂർ നരബലി കേസിലും ഡമ്മി പരീക്ഷണങ്ങൾ കസറുന്നത് ഇങ്ങനെ

'ദ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ': സിബിഐ ഡയറിക്കുറിപ്പിലെ  ഔസേപ്പച്ചനെ പേടിപ്പിച്ച സേതുരാമയ്യരുടെ ഡമ്മി ടു ഡമ്മി ടെക്‌നിക്ക് മലയാളിക്ക് ഇന്ന് മന:പാഠം; ഒരാൾ തൂങ്ങി മരിച്ചാലും തൂക്കി കൊന്നാലും കയറിൽ പാടിലെ വ്യത്യാസം എന്ത്? വാളയാർ കേസിലും ഉത്ര കേസിലും ഇലന്തൂർ നരബലി കേസിലും ഡമ്മി പരീക്ഷണങ്ങൾ കസറുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഡമ്മി എന്ന് കേൾക്കുമ്പോഴേ മലയാളികൾക്ക് സിബിഐ എന്ന് ഓർമ വരാൻ കാരണം, വേറൊന്നുമല്ല, സിബിഐ ഡയറിക്കുറിപ്പ് സിനിമ തന്നെ. ഇലന്തൂർ നരബലി കേസിൽ, പൊലീസ് ഡമ്മി പരീക്ഷണം നടത്തുന്നുവെന്ന് കേൾക്കുമ്പോൾ ചിന്തയിൽ ഓടി വരുന്നത് സേതുരാമയ്യരുടെ ഡമ്മി ടു ഡമ്മി ടെക്‌നിക്കാണ്. മമ്മൂട്ടി നായകനായ സിബിഐ സീരീസ് സിനിമ അഞ്ചാം ഭാഗത്തിൽ എത്തി നിൽക്കുമ്പോഴും, ആദ്യ ഭാഗത്തിലെ ഓമനയുടെ ദുരൂഹമായ ആത്മഹത്യാ കേസ് പരിഹരിക്കാൻ സേതുരാമയ്യർ ഉപയോഗിച്ച ഡമ്മി ടെക്‌നിക് എങ്ങനെ മറക്കാൻ? സേതുരാമയ്യർ ഡമ്മിയെ വച്ച് സംഭവം പുനഃ സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അപ്പോൾ സിനിമയിലെ വില്ലനെന്ന് പ്രേക്ഷകർ കരുതുന്ന ജനാർദ്ദനൻ വേഷമിട്ട ഔസേപ്പച്ചൻ പറയുന്നു: 'ദേ ആ സിബിഐക്കാർ രണ്ട് ആൾരൂപവുമായി വീടിന്റെ മുകളിലേക്ക് കയറിപ്പോയിട്ടുണ്ടേ. ഏതായാലും ഔസേപ്പച്ചന് മാത്രമല്ല, മലയാളികൾക്കാകെ ഡമ്മി പിന്നീട് വീട്ടുകാര്യം പോലെ പരിചിതമായി. അടുത്ത കാലത്ത് വാളയാർ കേസിലും, ഉത്ര കേസിലും ഒക്കെ ഡമ്മി പരീക്ഷണം നടത്തിയിരുന്നു.

1983ൽ എറണാകളുത്ത് നടന്ന കോളിളക്കം സൃഷ്ടിച്ച പോളക്കുളം കേസിന്റെ പശ്ചാത്തലത്തിലാണ് തിരക്കഥാകൃത്ത് എസ്.എൻ സ്വാമി, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന സിബിഐ പരമ്പരയിലെ ആദ്യ ചിത്രം 1988 ൽ എഴുതുന്നത്. ഡമ്മി പരീക്ഷണവും പോളിഗ്രാഫ് ടെസ്റ്റുമൊക്കെ കണ്ട് കേരളത്തിലെ മാധ്യമങ്ങൾ അമ്പരന്നു നിന്ന കാലം. ലോക്കൽ പൊലീസ് ആത്മഹത്യയെന്ന് പറഞ്ഞ് എഴുതി തള്ളിയ കേസ്, സിബിഐ ആന്വേഷണത്തിലാണ് കൊലപാതകമാണെന്ന് 'തെളിയുന്നതും', പ്രതിയായ അബ്ക്കാരി കോൺട്രാക്റ്റർ പോളക്കുളം നാരായണനെ അറസ്റ്റ് ചെയ്യുന്നതും. ഇത് കേരളത്തിൽ സിബിഐയുടെ ഇമേജ് വൻ തോതിൽ ഉയർത്തി. ഈ കാലഘട്ടത്തിലാണ് സ്വാമി, സേതുരാമയ്യർ എന്ന ബുദ്ധി രാക്ഷസനെ സൃഷ്ടിക്കുന്നത്.

പോളക്കുളം കേസിലെ ഡമ്മി പരീക്ഷണം

സിബിഐ ഉദ്യോഗസ്ഥനായിരുന്ന രാധാ വിനോദ് രാജുവിനായിരുന്നു പോളക്കുളം കേസിന്റെ അന്വേഷണച്ചുമതല. ഗൗഡ സാരസ്വത ബ്രാഹ്മണനും, മഹാരാജാസ് കോളേജിലെ പൂർവ വിദ്യാർത്ഥിയും, മാന്യനും ശാന്തനുമായ, രാധ വിനോദ് രാജുവെന്ന മട്ടാഞ്ചേരിക്കാരനെക്കുറിച്ച് പൊതുവെ നല്ല മതിപ്പായിരുന്നു. സിബിഐ പൊലീസ് സൂപ്രണ്ട് ആയ അദ്ദേഹവും, ഡിവൈഎസ്‌പി വർഗീസ് പി തോമസുമാണ് കേസ് അന്വേഷണത്തിനു നിയോഗിക്കപ്പെട്ടത്. ഈ ബ്രാഹ്മണ ഉദ്യോഗസ്ഥൻ ആണ് സിബിഐ സിരീസിലെ മമ്മൂട്ടി അവതരിപ്പിച്ച സേതുരാമയ്യർക്ക് പ്രചോദനമായതത്രേ. വർഗീസ് പി തോമസും സത്യസന്ധതക്ക് പേരുകേട്ട ഉദ്യോഗസ്ഥനാണ്. അഭയകേസിലെ സമ്മർദത്തെത്തുടർന്ന് പിന്നീട് അദ്ദേഹം ജോലി രാജിവെച്ചതും വലിയ വാർത്തയായിരുന്നു.

ചരിത്രമായ ഡമ്മി പരീക്ഷണം

അന്നു വരെ കണ്ടിട്ടില്ലാത്ത രീതികളായിരുന്നു സിബിഐ സംഘം പിന്തുടർന്നത്. ഒരു ദിവസം കേന്ദ്ര ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് 65 കിലോ ഭാരം വരുന്ന രണ്ടു ഡമ്മികളുമായി ( ഇത് മരിച്ച വ്യക്തിയുടെ ഏകദേശഭാരം )ഡിവൈഎസ്‌പി വർഗ്ഗീസ് തോമസും ടീമും പോളക്കുളത്ത് ടൂറിസ്റ്റ് ഹോമിന്റെ മുകൾ ഭാഗത്തെയ്ക്ക് നീങ്ങി. ശേഷം ഒരാൾ തനിയെ ചാടിയാലോ മറ്റൊരാളാൽ എടുത്തെറിയപ്പെട്ടാലോ സംഭവിച്ചേക്കാവുന്ന സാമ്യതകൾ പരിശോധിക്കാൻ 'ഡമ്മി പരീക്ഷണം' തുടങ്ങി. ആദ്യമായി ഡമ്മിയെ പൊക്കി താഴേയ്ക്ക് എടുത്ത് എറിഞ്ഞു, ആകാശത്തിൽ കീഴ്‌മേൽ മറിഞ്ഞു അത് കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും നാലു മീറ്റർ അകലെ തലയും മുതുകും ഇടിച്ചാണ് വീണത്. അടുത്തത് ഒരാൾ തനിയെ ചാടിയാൽ എങ്ങനെ എന്ന പൊസിഷനിൽ വെറുതെ താഴേയ്ക്ക് ഇട്ടു. പക്ഷെ അപ്പോൾ കെട്ടിടത്തിന്റെ ചുവട്ടിൽ നിന്നും വെറും ഒന്നര മീറ്ററിൽ മൃതദേഹം വന്നു വീണു. സിബിഐ ഡയറിക്കുറിപ്പ് സിനിമയിൽ കാണുന്ന രംഗങ്ങൾ ഇതിന്റെ അനുകരണം തന്നെയാണ്.

കേസന്വേഷണത്തിലെ സംശയങ്ങൾ തീർക്കാനും, കോടതിയിലെ തെളിവിനും വേണ്ടിയാണ് ഡമ്മി പരീക്ഷണം നടത്തുന്നത്. വെറും അപകടമരണമാണോ, അതോ കൊലപാതകമാണോ, ആത്മഹത്യയാണോ എന്നിങ്ങനെ വേർതിരിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ഡമ്മി പരീക്ഷണം ഉപകാരപ്പെടും. അന്വേഷണ ഉദ്യോഗസ്ഥന്റെ സംശയം തീർക്കാനുള്ള പരീക്ഷണം തെളിവല്ല. കോടതിയിൽ സമർപ്പിക്കാൻ വിദഗ്ദ്ധർ നൽകുന്ന അഭിപ്രായം സാധൂകരിക്കുന്ന തരത്തിലുള്ള ഡമ്മി പരീക്ഷണം വേണം. അതല്ലെങ്കിൽ കോടതിയിൽ തള്ളി പോകും. ഇലന്തൂരിലെ ഇരട്ടക്കൊലപാതകങ്ങൾ പുനരാവിഷ്‌കരിക്കാൻ പൊലീസ് ശ്രമിക്കുന്നതും ഈ ലക്ഷ്യത്തിൽ തന്നെയാണ്. സ്ത്രീയുടെ രൂപത്തിലുള്ള ഡമ്മി പ്രതിയായ ഭഗവൽസിങ്ങിന്റെ വീട്ടിലെത്തിച്ചു. ആറന്മുള പൊലീസാണ് ഡമ്മി എത്തിച്ചത്. പ്രതികളെ വീട്ടിലെത്തിച്ച് കൊലപാതകം പുനരാവിഷ്‌കരിച്ചു.

ഡമ്മി പരീക്ഷണം നൽകുന്നത് നിഗമനങ്ങളാണ്. ഏതു വിധേനയാണ് കുറ്റകൃത്യം നടന്നത് എന്നത് പരീക്ഷണത്തിൽ വ്യക്തമാകും. മരിച്ചയാളുടെ ശരീരത്തിലെ പരുക്കുകൾ, ശരീരത്തിലെ മറ്റു തെളിവുകൾ എന്നിവയിലെ വിവരങ്ങളുമായി ഡമ്മി പരീക്ഷണത്തിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ താരതമ്യം ചെയ്തു നോക്കും.

മരണങ്ങളിലാണ് ഡമ്മി പരീക്ഷണം കൂടുതലും നടത്തുക. മനുഷ്യ ശരീരത്തിന്റെ ചലനം സംബന്ധിച്ച തത്വങ്ങളാണ് ഇവിടെ നോക്കുക. കൊലയ്ക്കും ആത്മഹത്യയ്ക്കുമുള്ള സാഹചര്യങ്ങൾ പട്ടികയാക്കും. അവയിൽ ഓരോ സാഹചര്യങ്ങളിലും ഡമ്മി എങ്ങനെ ചലിക്കും എന്നാണ് പരീക്ഷിക്കുന്നത്. ഒരാൾ തൂങ്ങി മരിച്ചാൽ കയറിൽ പാട് എവിടെ ആയിരിക്കും. അയാളെ തൂക്കിക്കൊന്നാൽ അതേ പാടുകൾ എവിടെ വരും. ഇത്തരം സൂചനകൾ ഡമ്മി നൽകും. മരിച്ചയാളുടെ അതേ അളവിലാണ് നിർമ്മിക്കുക. പൊതുവേ 50 കിലോ ഭാരമുള്ള പൊള്ളയായ ഡമ്മി വാങ്ങും. ഇതിൽ വെള്ളം നിറയ്ക്കാനുള്ള ടാങ്ക് കാണും. അതിനു ശേഷം വെള്ളമൊഴിച്ച് മരിച്ചയാളുടെ തൂക്കത്തിനൊപ്പം തൂക്കം എത്തിക്കും.

വാളയാറിലും അഞ്ചൽ ഉത്രവധക്കേസിലും ഡമ്മി പരീക്ഷണം

വാളയാറിലെ സഹോദരിമാരുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണ സംഘം ഡമ്മി പരിശോധന നടത്തിയിരുന്നു. കുട്ടികളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയ മുറിക്കുള്ളിൽ ഓരോരുത്തരുടെയും ഭാരത്തിന് സമാനമായ ഡമ്മി തൂക്കി പരീക്ഷണം നടത്തി. മരണ കാരണം സംബന്ധിച്ച് കൂടുതൽ വ്യക്തതയ്ക്ക് വേണ്ടിയായിരുന്നു ഡമ്മി പരിശോധന. കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതുകൊലപാതകമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആദ്യ അന്വേഷണ സംഘം കുട്ടികളുടേത് തൂങ്ങിമരണമെന്ന നിഗമനത്തിലേക്കാണ് എത്തിയത്. ഇക്കാര്യത്തിൽ അവ്യക്തത നീക്കുകയായിരുന്നു സിബിഐ സംഘത്തിന്റെ ലക്ഷ്യം

കേരളത്തെ ഞെട്ടിച്ച ഉത്ര കൊലപാതക കേസിൽ പൊലീസാണ് ഡമ്മി പരീക്ഷണം നടത്തിയക്. ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന്റെ പരീക്ഷണമാണ് നടത്തിയത്. കേസിൽ ചെറിയ തെളിവുകൾ പോലും പ്രധാനപ്പെട്ടതായതിനാലാണ് വേറിട്ട പരീക്ഷണത്തിന് പൊലീസ് തയ്യാറായത്. നേരത്തേ കേസിൽ തെളിവായി ഈ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചിരുന്നു.

കൊല്ലത്തെ അരിപ്പ വനം വകപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ചായിരുന്നു ഇന്ന് പരീക്ഷണം നടത്തിയത്. കൊല്ലം മുൻ റൂറൽ എസ്‌പി ആയിരുന്ന ഹരി ശങ്കർ ആണ് നടപടിക്ക് നേതൃത്വം നൽകിയത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിക്കുമ്പോഴും സാധാരണ രീതിയിൽ പാമ്പ് കടിക്കുമ്പോഴും ഉള്ള വ്യത്യാസം തിരിച്ചറിയുന്നതിന് വേണ്ടിയായിരുന്നു പൊലീസ് വ്യത്യസ്തമായ പരീക്ഷണത്തിന് മുതിർന്നത്.

പരീക്ഷണത്തിനായി ഉത്രയുടെ ഭാരത്തിലുള്ള ഡമ്മിയായിരുന്നു ആദ്യം തയ്യാറാക്കിയത്. പിന്നീട് ഈ ഡമ്മിയുടെ കൈ ഭാഗത്ത് കോഴിയിറച്ചി കെട്ടി വെയ്ക്കുകയായിരുന്നു. പിന്നാലെ മൂർഖൻ പാമ്പിനെ കൊണ്ട് കടിപ്പിക്കാനുള്ള ശ്രമം നടത്തി. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആദ്യം പാമ്പിനെ കൊണ്ട് നിർബന്ധിച്ച് കടുപ്പിക്കുകയാണ്. ഈ സമയത്ത് വലിയ ആഴത്തിൽ ഉള്ള മുറിവുകളാണ് കൈയിൽ ഉണ്ടായത്. ഉത്രയുടെ ശരീരത്തിൽ നീളം കൂടിയ രണ്ട് മുറിവുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് പാമ്പിനെ കൊണ്ട് പ്രകോപിപ്പിച്ച് കടിപ്പിച്ചപ്പോൾ ഉണ്ടായ മുറിവിന് സമാനമായിട്ടുള്ളതായിരുന്നു.

ഉത്രയുടേത് സ്വാഭാവികമായി പാമ്പ് കടിച്ചുണ്ടായ മരണമല്ലെന്ന് നേരത്തേ തന്നെ പാമ്പ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. അണലി കടിച്ചായിരുന്നു ഉത്ര മരിച്ചത്. വീടിന്റെ അകത്ത് വെച്ച് പാമ്പ് കടിക്കുകയയാിരുന്നുവെന്നാണ് തുടക്കത്തിൽ പ്രതിയും ഉത്രയുടെ ഭർത്താവുമായ സൂരജ് പറഞ്ഞത്. എന്നാൽ അണലിക്ക് വീടിന്റെ മുകൾ നിലയിലേക്ക് കയറി പോകാൻ സാധിക്കില്ലെന്നായിരുന്നു വിദഗ്ദ്ധർ പറഞ്ഞത്. മാത്രമല്ല നേരത്തേ ഉത്രയെ കടിച്ചെന്ന് പറഞ്ഞ മൂർഖൻ പാമ്പിനേയും വീട്ടിൽ കണ്ടെത്തിയ രീതി സ്വാഭാവികമല്ലെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നീട് ചോദ്യം ചെയ്യലിൽ പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നുവെന്ന് സൂരജ് വനം വകുപ്പിന് മൊഴി നൽകിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP