Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

45 വർഷം മുമ്പ് മുംബൈയിൽ നിന്നും കപ്പലിൽ ദുബായിൽ എത്തി; അബുദാബിയിൽ കൊച്ചാപ്പയുടെ കടയിൽ സഹായിയായി ജോലി; അന്തിയുറങ്ങിയത് ടെറസ്സിലെ ചൂട് വെള്ളം കോരിയൊഴിച്ച് തണുപ്പിച്ച്; ഗൾഫ് യുദ്ധം പുകയുമ്പോൾ സൂപ്പർമാർക്കറ്റുണ്ടാക്കി; കൊട്ടാരത്തിലേക്ക് ക്ഷണമെത്തിയത് നിർണ്ണായകമായി; ലുലു ഗ്രൂപ്പിനെ യൂസഫിലി വളർത്തിയത് അതിജീവന സന്ദേശവുമായി; ലുലുവിൽ അബുദാബി രാജകുടുംബം നിക്ഷേപം നടത്തുമ്പോഴും ചർച്ചയാകുന്നത് നാട്ടികക്കാരന്റെ സമാനതകളില്ലാത്ത വളർച്ച

45 വർഷം മുമ്പ് മുംബൈയിൽ നിന്നും കപ്പലിൽ ദുബായിൽ എത്തി; അബുദാബിയിൽ കൊച്ചാപ്പയുടെ കടയിൽ സഹായിയായി ജോലി; അന്തിയുറങ്ങിയത് ടെറസ്സിലെ ചൂട് വെള്ളം കോരിയൊഴിച്ച് തണുപ്പിച്ച്; ഗൾഫ് യുദ്ധം പുകയുമ്പോൾ സൂപ്പർമാർക്കറ്റുണ്ടാക്കി; കൊട്ടാരത്തിലേക്ക് ക്ഷണമെത്തിയത് നിർണ്ണായകമായി; ലുലു ഗ്രൂപ്പിനെ യൂസഫിലി വളർത്തിയത് അതിജീവന സന്ദേശവുമായി; ലുലുവിൽ അബുദാബി രാജകുടുംബം നിക്ഷേപം നടത്തുമ്പോഴും ചർച്ചയാകുന്നത് നാട്ടികക്കാരന്റെ സമാനതകളില്ലാത്ത വളർച്ച

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം കൂടുതൽ നിക്ഷേപം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോൾ നിറയുന്നത് ലുലു ഗ്രൂപ്പിന്റെ വിജയഗാഥയുടെ കരുത്താണ്. ജീവിതം കരുപിടിപ്പിക്കാൻ അബുദാബിയിലെത്തി രാജകുടുംബത്തിന്റെ കണ്ണും കരളുമായ വ്യവസായിയാണ് യൂസഫലി. പ്രതിസന്ധികളിൽ യുഎഇയ്ക്ക് വളർച്ചയുടെ പുതുവഴി കാട്ടിക്കൊടുത്തത് യൂസഫലിയാണ്. അതിജീവനത്തിന്റെ ജീവിത പാഠങ്ങളായി യുഎഇയ്ക്ക് അത്. അതുകൊണ്ടാണ് രാജകുടുംബത്തിന്റെ അടുത്ത സുഹൃത്തായി യൂസഫലിയെന്ന നാട്ടികക്കാരൻ മാറിയത്.

പ്രതിസന്ധികളിലൂടെയായിരുന്നു യൂസഫലിയുടെ വിജയഗാഥ രചിക്കൽ. . 1973ൽ ഡിസംബർ 31ന് ദുംറ എന്ന കപ്പലിൽ ദുബായ് തുറമുഖത്ത് ഇറങ്ങിയ യൂസഫലി കൊച്ചാപ്പ എം.കെ. അബ്ദുല്ലയുടെ അബുദാബിയിലെ കടയിൽ സഹായിയായി. പടിപടിയായി ഉയർന്നു. പിന്നീട് അദ്ദേഹം അൽതായബ് കോൾഡ് സ്റ്റോർ സ്വന്തമായി തുടങ്ങി. ഇപ്പോഴും അബുദാബിയിൽ ഈ കടയുണ്ട്. സ്വന്തമായി സാധനങ്ങൾ ഇറക്കുമതി ചെയ്ത് അടുത്തുള്ള ചെറുകിട ഷോപ്പുകൾക്കും മറ്റും വിതരണം ചെയ്യാനും തുടങ്ങി.

ഇറക്കുമതിയും വിതരണവും വിൽപനയും ഒരു പോലെ വർധിച്ചതോടെ സൂപ്പർമാർക്കറ്റ് എന്ന ആശയം അവതരിപ്പിച്ചു. ഗൾഫ് യുദ്ധത്തിന്റെ സമയത്തായിരുന്നു. അതുവരെ സ്വരുക്കൂട്ടിയ മുഴുവൻ തുകയും ഇറക്കി കച്ചവടം വിപുലമാക്കാൻ തന്നെ യൂസഫലി തീരുമാനിച്ചു.
അബുദാബി എയർപോർട് റോഡിൽ ആദ്യ സൂപ്പർമാർക്കറ്റ് ഉയർന്നു. യുദ്ധം ഭയന്ന് സമ്പാദ്യമെല്ലാം വാരിക്കൂട്ടി പലരും നാടുകളിലേക്കു പലായനം ചെയ്യുന്ന സമയത്തായിരുന്നു ഇത്. യൂസഫലി ഏതായാലും അബുദാബി വിടാൻ തീരുമാനിച്ചില്ല. യുഎഇയുടെ രാഷ്ട്രപിതാവ് ഉയർന്നുവന്ന ഈ സൂപ്പർമാർക്കറ്റ് ശ്രദ്ധിച്ചതോടെ ജീവിതം മാറി മറിഞ്ഞു. അതിന്റെ ഉടമ യൂസഫലിയാണെന്ന് മനസിലാക്കി കൊട്ടാരത്തിലേക്കു വിളിപ്പിച്ചു.

യുദ്ധകാലത്ത് യൂസഫലി സംഭരിച്ച സാധങ്ങൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. സംഭരണ സ്ഥലവും കോൾഡ് സ്റ്റോറേജ് സൗകര്യവും ഉണ്ടായിരുന്നതിനാൽ യൂസഫലിയുടെ കച്ചവടം പുതിയ തലത്തിലെത്തി. അങ്ങനെ യുദ്ധസമയം യൂസഫലിക്ക് നേട്ട കാലമായി. ഷെയ്ഖ് സായിദിന്റെ പ്രീതിയും ലഭിച്ചു. 2000ൽ വൈടുകെ വിഷയം ഉൾപ്പടെ കത്തിനിൽക്കുമ്പോഴാണ് ഒരു പ്രശ്‌നവുമില്ലെന്ന മട്ടിൽ യൂസഫലി ദുബായ് ഖിസൈസിൽ ഹൈപ്പർമാർക്കറ്റ് ആരംഭിച്ചത്. ദുബായ്-ഷാർജ അതിർത്തിയിലുള്ള വിശാല മരുഭൂമിയിൽ ലുലു ഹൈപ്പർമാർക്കറ്റ് ആരംഭിക്കുമ്പോൾ പലരും അതിശയിച്ചു.

ആളൊഴിഞ്ഞ പ്രദേശത്തും ലുലു വിജയമായി. പിന്നീട് ഹൈപ്പർമാർക്കറ്റുകളുടെ ഒരു നിര തന്നെ തുടങ്ങി. അങ്ങനെ ലുലു യുഎഇയിലെ നമ്പർ വണ്ണായി. അങ്ങനെ പ്രതിസന്ധി ഘട്ടത്തിൽ എല്ലാം അതിജീവനത്തിന്റെ ഉയർച്ചാ പാഠങ്ങളാണ് യുഎഇയിൽ ലുലുവും യൂസഫലിയും രചിച്ചത്. പതിയെ യൂറോപ്പിലേക്കും ബിസിനസ്സ് വ്യാപിപ്പിച്ചു. കേരളത്തിനും ഇന്ത്യയ്ക്കും മനസ്സിൽ പ്രത്യേക ഇടം നൽകിയ യൂസഫലി ലുലുവിന്റെ സ്ഥാപനങ്ങൾ പിറന്ന മണ്ണിലും സ്വന്തം രാജ്യത്തും വളർത്തി. പ്രധാനമന്ത്രി മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും അടക്കമുള്ളവരുമായും അടുത്ത ബന്ധവും യൂസഫലിക്കുണ്ട്. ഇതെല്ലാം ഇന്ത്യാ-ഗൾഫ് ബന്ധങ്ങളെ സ്വാധീനിക്കുന്ന തരത്തിലേക്ക് പോലും വളർന്നിരുന്നു.

ഇന്ന് ഗൾഫിലും ഇന്ത്യയിലുമായി നിരവധി ശാഖകളുള്ള, അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ചില്ലറ വ്യാപാര ശൃംഖലയാണ് ലുലു ഹൈപ്പർ മാർക്കറ്റ്. ൂസഫലി സ്ഥാപിച്ച 'എംകെ' ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണിത്. യൂസഫലി തന്നെയാണിതിന്റെ മാനേജിങ് ഡൈറക്ടറും. ഗൾഫിലും ഇന്ത്യയിലുമായി 164 ലുലു ഹൈപർമാർക്കറ്റുകളാണുള്ളത്. ഇവ താഴേ കൊടുക്കുന്ന രാജ്യങ്ങളിൽ പലയിടങ്ങളിലായി നില കൊള്ളുന്നു: എഷ്യയിലേത്തന്നെ വലിയ ചില്ലറ വ്യാപാര ശൃംഖലകളിലൊന്നാണ് ലുലു. എല്ലാ ലുലു ഹൈപർമാർക്കറ്റുകളിലുമായി, വിവിധ രാജ്യങ്ങളിൽ നിന്നും വന്ന 57,000-ത്തോളം പേർ ജോലിയെടുക്കുന്നു.

നാൽപത്തിനാലു വർഷം മുൻപ് 1973 ഡിസംബർ 31ന് ആണു യൂസഫലി ദുബായിൽ എത്തുന്നത്. മുംബൈയിൽനിന്നു ദുംറ എന്ന കപ്പലിൽ ദുബായ് തുറമുഖത്തു വന്നിറങ്ങി. അഞ്ചു മണിക്കൂർ സഞ്ചരിച്ച് അന്നു രാത്രിതന്നെ അബുദാബിയിലെത്തി. കച്ചവടക്കാരനാകണം എന്നുതന്നെയായിരുന്നു ആഗ്രഹം. മണൽപ്പരപ്പു മാത്രമായിരുന്നു അന്ന് അബുദാബി. കുടുംബവകയായ കടയിൽ ചെറിയ തുടക്കം. ടെറസിനു മുകളിൽ ഉറക്കം. വെള്ളം കോരിയൊഴിച്ചു തറ തണുപ്പിച്ചായിരുന്നു പലപ്പോഴും കിടന്നിരുന്നത്. മുമ്പോട്ട് കുതിക്കാനുള്ള ഒന്നാമത്തെ പ്രചോദനം പ്രവാചകനായ മുഹമ്മദ് നബിയുടെ വാക്കുകളാണെന്നു യൂസഫലി പറയുന്നു. അശരണർക്ക് കൈതാങ്ങാകാൻ ഓടിയെത്തുന്നതും അതുകൊണ്ടാണ്. മതാപിതാക്കൾ കാട്ടിക്കൊടുത്ത വഴിയേയാണ് യാത്ര.

സത്യസന്ധനും വിശ്വസ്തനുമായ കച്ചവടക്കാരൻ സജ്ജനങ്ങളുടെ കൂടെയാകുന്നു എന്നാണു നബി പറഞ്ഞിരിക്കുന്നത്. സത്യസന്ധനായ കച്ചവടക്കാരൻ എന്നു പറഞ്ഞാൽ അതിനും അദ്ദേഹത്തിനൊരു നിർവചനമുണ്ട്. ആരെയും വഞ്ചിക്കാത്തവനും ചതിക്കാത്തവനും മോഷ്ടിക്കാത്തവനും തൂക്കത്തിൽ കളവു കാണിക്കാത്തവനുമാകണം. വിശ്വസ്തൻ എന്നാൽ കൊടുക്കൽ വാങ്ങലിൽ വിശ്വസ്തത കാണിക്കുന്നവനാണ്. കച്ചവടക്കാർ പലയിടത്തുനിന്നും കടം മേടിക്കും. ആ പണം അവർ കൃത്യമായി നൽകണം. യൂസഫലിയുടെ രണ്ടാമത്തെ പ്രചോദനം ഗാന്ധിജിയാണ്. ഉപഭോക്താവു രാജാവാണ് എന്നതാണല്ലോ ഗാന്ധിവചനം. ഉപഭോക്താവിന് ഇഷ്ടമുള്ള സാധനങ്ങൾ കൊടുക്കണമെന്നും യൂസഫലി പറയുന്നു. ഇങ്ങനെ നബിയേയും ഗാന്ധിജിയേയും മനസ്സിൽ ഉറപ്പിച്ചു നിർത്തിായണ് മുമ്പോട്ട് പോക്ക്.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു സമ്പന്നരുടെ ആഗോള റാങ്കിങ്ങിലും യൂസഫലിയുണ്ട്. തൃശൂർ ജില്ലയിലെ നാട്ടിക സ്വദേശിയാണ്. തൃശ്ശൂർ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൾ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബർ 15ന് ജനനം. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഡയറക്ടർ ബോർഡ് അംഗമാകുന്ന ആദ്യ വിദേശി. നോർക റൂട്ട്സ് വൈസ് ചെയർമാൻ, കൊച്ചി, കണ്ണൂർ വിമാനത്താവള കമ്പനികളുടെ ഡയറക്ടർ ബോർഡ് അംഗം എന്നീ പദവികൾ വഹിക്കുന്നു. നാട്ടിക മാപ്പിള ലോവർ പ്രൈമറി സ്‌കൂൾ, ഗവ. ഫിഷറീസ് സ്‌കൂൾ, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചെറിയ പ്രായത്തിൽ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറൽ സ്റ്റോറിൽ നിന്ന് തുടക്കം. പിന്നീട് കപ്പലിൽ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി.

1989-ൽ ചെറിയ നിലയിൽ ഒരു സൂപ്പർമാർക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടർന്ന് അബുദാബിയിൽ എയർപോർട്ട് റോഡിൽ വിശാലമായ ഡിപ്പാർട്ട്മെന്റ് സ്റ്റോർ തുടങ്ങാനുള്ള ജോലികൾ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം. അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ൽ ഗൾഫിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളർന്നു. താൻ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതൽമുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാൽ, തന്നെ വളർത്തിയ നാടുവിട്ടു പോകാൻ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പർമാർക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നൽകിക്കൊണ്ട് ലുലു ഡിപ്പാർട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാർച്ചിൽ കൊച്ചി ഇടപ്പള്ളിയിൽ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യൻ റീട്ടെയിൽ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളർത്തി.

നാലു പതിറ്റാണ്ടിലേറെ നീളുന്ന സംരംഭക ജീവിതത്തിൽ എം.എ. യൂസഫലി പഠിച്ച പാഠങ്ങൾ അനവധിയാണ്. എപ്പോഴും നല്ല മൂല്യങ്ങൾ മുറുകെ പ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. ''നീ ഉയരങ്ങളിലെത്തുമ്പോൾ മറ്റുള്ളവർ താഴ്ന്നവരാണെന്ന് കരുതരുത്. അതു നിന്റെ പതനത്തിന്റെ തുടക്കമായിരിക്കും'' -കുഞ്ഞുന്നാളിൽ വല്യുപ്പ പകർന്നുനൽകിയ മൂല്യങ്ങളാണ് യൂസഫലിയുടെ കൈമുതൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP