Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

എകെജിയുടെ പേരിൽ ഗവേഷണം നടത്താൻ എകെ ആന്റണി നൽകിയ സർക്കാർ ഭൂമി ചട്ടങ്ങൾ മറികടന്ന് സിപിഎമ്മിന്റെ ആസ്ഥാനമാക്കി മാറ്റിയത് ഇ കെ നായനാർ; നിയമങ്ങൾ പാലിക്കാൻ തീരുമാനിച്ചാൽ ആദ്യം ഇടിച്ചു നിരത്തേണ്ടത് എകെജി സെന്റർ തന്നെ; ലക്ഷ്മി നായരുടെ കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്ന മണ്ടന്മാർക്ക് സിപിഐ(എം) ആസ്ഥാനത്തിന്റെ കൈയേറ്റ കഥ അറിയുമോ?

എകെജിയുടെ പേരിൽ ഗവേഷണം നടത്താൻ എകെ ആന്റണി നൽകിയ സർക്കാർ ഭൂമി ചട്ടങ്ങൾ മറികടന്ന് സിപിഎമ്മിന്റെ ആസ്ഥാനമാക്കി മാറ്റിയത് ഇ കെ നായനാർ; നിയമങ്ങൾ പാലിക്കാൻ തീരുമാനിച്ചാൽ ആദ്യം ഇടിച്ചു നിരത്തേണ്ടത് എകെജി സെന്റർ തന്നെ; ലക്ഷ്മി നായരുടെ കയ്യേറ്റ ഭൂമി സർക്കാർ ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്ന മണ്ടന്മാർക്ക് സിപിഐ(എം) ആസ്ഥാനത്തിന്റെ കൈയേറ്റ കഥ അറിയുമോ?

ശ്രീലാൽ വാസുദേവൻ

തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തിൽ സിപിഐ-എം പാലിക്കുന്ന അർഥഗർഭമായ മൗനം വെറുതേയല്ല. അക്കാദമി ഭൂമി തിരിച്ചു പിടിക്കാൻ സർക്കാരിന് അവകാശമുണ്ടെങ്കിൽ ഇതിനൊപ്പം എകെജി സെന്ററും ഇടിച്ചു നിരത്താം. 1977 ൽ എകെ ആന്റണി മുഖ്യമന്ത്രിയായിരിക്കുമ്പോൾ എകെജി പഠനകേന്ദ്രം തുടങ്ങാൻ അനുവദിച്ച 28 സെന്റ് ഭൂമിയിലാണ് ചട്ടം ലംഘിച്ച് എകെജി സെന്റർ എന്ന സിപിഐ(എം) പാർട്ടി ഓഫീസ് പടുത്തുയർത്തിയിരിക്കുന്നത്.

30 വർഷം മുമ്പ് വിവാദമായ എകെജി സെന്റർ ഭൂമി വിഷയം ആരെങ്കിലും കുത്തിപ്പൊക്കിയാൽ അത് പാർട്ടിയെ പ്രതികൂലമായി ബാധിക്കും.  ലോ അക്കാദമി ഭൂമിയും എകെജി സെന്റർ ഭൂമിയും തമ്മിൽ സമാനതകൾ ഏറെയാണ്. ഇന്നല്ലെങ്കിൽ നാളെ എകെജി സെന്ററിന്റെ പേരിൽ ഉണ്ടാകാവുന്ന കളങ്കം പാർട്ടി ആസ്ഥാനത്തെ തന്നെ ബാധിക്കുമെന്ന തിരിച്ചറിവാണ് ലോ അക്കാദമി ഭൂമി വിഷയത്തിൽ സിപിഐ-എം പുലർത്തുന്ന മൗനത്തിന് കാരണം. 1977-ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ് കേരള സർവകാലാശാലയുടെ അധീനതയിലുണ്ടായിരുന്ന സ്ഥലം എകെജി മെമോറിയൽ കമ്മിറ്റിക്ക് സൗജന്യമായി വിട്ടുനൽകിയത്. എകെജി പഠനകേന്ദ്രത്തിനായി നൽകിയ ഭൂമിയിൽ രാഷ്ട്രീയ ഭേദമന്യെ പൊതുജനങ്ങൾക്കായി ലൈബ്രറി, കോൺഫ്രൻസ് ഹാൾ എന്നിവ നിർമ്മിക്കണമെന്നായിരുന്നു നിർദ്ദേശം. ആന്റണിയുടെ നടപടിക്കെതിരെ അന്ന് കോൺഗ്രസിൽ എതിർപ്പുയർന്നെങ്കിലും അതൊക്കെ ന്യായീകരിക്കുകയാണ് അദ്ദേഹം ചെയ്തത്.

വൈകാതെ, യൂണിവേഴ്സിറ്റി കോളജിന്റെ കെമിസ്ട്രി ഡിപ്പാർട്ട്മെന്റ് ഒരിക്കൽ സ്ഥിതി ചെയ്തിരുന്ന ഭൂമിയിൽ എകെജി സ്റ്റഡി സെന്ററിന്റെ പേരിൽ അഞ്ചുനില കെട്ടിടം ഉയർന്നു. 1980-ൽ ഇകെ നായനാർ മുഖ്യമന്ത്രിയായപ്പോൾ സിപിഐ-എം ആസ്ഥാനം എകെജി സെന്ററിലേക്ക് മാറ്റി. അതോടെ എകെജി സ്റ്റഡി സെന്റർ എന്ന സങ്കൽപ്പം ഇല്ലാതായി. 1987-ൽ ഇടത് സർക്കാർ നിയമിച്ച കേരളാ സർവകലാശാല വൈസ് ചാൻസിലറുടെ നിർദ്ദേശപ്രകാരം എകെജി സെന്ററിനെയും സർവകലാശാലയേയും വേർതിരിച്ചു കൊണ്ട് മതിൽ ഉയർന്നു. സർവകലാശാലയുടെ പക്കൽ ഉണ്ടായിരുന്ന ഏഴര സെന്റ് ഭൂമി കൂടി എകെജി സെന്ററിന് അനധികൃതമായി വിട്ടുകൊടുത്തു കൊണ്ടായിരുന്നു മതിൽ നിർമ്മാണം. അന്നത്തെ കാലത്ത് ഈ ഭൂമിക്ക് സെന്റിന് അഞ്ചുലക്ഷം രൂപയിലധികം വിലയുണ്ടായിരുന്നു. ഇക്കാര്യം അന്ന് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായിരുന്ന ചെറിയാൻ ഫിലിപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.  ഇതു സംബന്ധിച്ച എല്ലാ ഫയലുകളും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.

1977 ഓഗസ്റ്റ് 20 ലെ സർക്കാർ ഉത്തരവ് പ്രകാരമാണ് ഭൂമി എ കെ ജി സ്മാരക കമ്മിറ്റിക്ക് നൽകിയത് . അതേ വർഷം മെയ് 25 ന് സ്മാരക കമ്മിറ്റി സെക്രട്ടറി നൽകിയ അപേക്ഷയിന്മേലാണ് സർക്കാർ അനുമതി നൽകിയത് .പിന്നീട് സ്മാരക ട്രസ്റ്റുണ്ടാക്കി അതിന്റെ പേരിൽ കുറച്ചു ഭൂമി കൂടി സർവകലാശാലയിൽ നിന്ന് കൈവശപ്പെടുത്തി. പിന്നീട് 1987-91 ലെ നായനാർ സർക്കാരിന്റെ കാലത്ത് ഭൂമിക്കും കെട്ടിടത്തിനും നികുതിയിളവും നൽകി . എട്ടുവർഷത്തെ മുൻ കാല പ്രാബല്യത്തോടെയാണ് നികുതിയിളവ് നൽകിയത് . പാർട്ടി നേതാക്കളുടെ താമസസ്ഥലമായും പാർട്ടി ആസ്ഥാനമായും ഉപയോഗിക്കുന്ന സ്ഥാപനം നിൽക്കുന്ന സ്ഥലത്തിനാണ് നികുതിയിളവ് നൽകിയിരിക്കുന്നത്. നിലവിൽ സ്മാരക കമ്മിറ്റിയുടെ പേരിലാണോ ട്രസ്റ്റിന്റെ പേരിലാണോ ഭൂമിയെന്നത് ഇപ്പോഴും വ്യക്തമല്ല . ഇതിനെച്ചൊല്ലി നിരവധി വാദപ്രതിവാദങ്ങൾ ഉയർന്നിട്ടുണ്ടെങ്കിലും ഒന്നും എങ്ങുമെത്തിയില്ല.

സർവകലാശാല ചാൻസിലറും കേരളാ ഗവർണറുമായിരുന്ന പി. രാമചന്ദ്രനു മുന്നിൽ യൂത്ത് കോൺഗ്രസ് ഇതുസംബന്ധിച്ച് നിവേദനം സമർപ്പിച്ചതിനെ തുടർന്ന് യൂണിവേഴ്സിറ്റി അധികൃതരിൽ നിന്നും ഗവർണർ വിശദീകരണം ചേദിച്ചിരുന്നു. എന്നാൽ യൂണിവേഴ്സിറ്റി സെനറ്റ് യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യാൻ പോലും അന്നത്തെ വൈസ് ചാൻസിലർ അനുമതി നൽകിയിരുന്നില്ല. ഇതുസംബന്ധിച്ച് ഉയർന്ന വിവാദം അന്നത്തെ സിപിഐ(എം) സംസ്ഥാന സെക്രട്ടറി വി എസ്.അച്യുതാനന്ദൻ രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് തള്ളിക്കളയുകയായിരുന്നു.  എകെജിയുടെ സ്മരണയ്ക്കായി സ്റ്റഡി സെന്റർ നിർമ്മിക്കുന്നതിന് കൈമാറിയ ഭൂമി എങ്ങനെ സിപിഐ-എം ആസ്ഥാനമായി മാറി എന്നതാണ് പ്രധാന ചോദ്യം. ഇതിനോട് സമാനമായ സംഭവമാണ് ലോ അക്കാദമി വിഷയത്തിലും നടന്നിട്ടുള്ളത്.

1966 ലാണ് ലോ അക്കാദമിക്കായി പൊതു സൊസൈറ്റി രൂപീകരിക്കുന്നത്. അന്നത്തെ നിയമപ്രകാരം 51 അംഗ ഭരണസമിതിയാണ് അക്കാദമിക്കുള്ളത്. ഇതിൽ നിയമ, വിദ്യാഭ്യാസ വകുപ്പുമന്ത്രിമാർ, സെക്രട്ടറിമാർ, അഡ്വക്കേറ്റ് ജനറൽ, കേരള സർവകാലാശാലാ വി സി,  നിയമവകുപ്പ് ഡീൻ തുടങ്ങിയവർ അംഗങ്ങളായിരുന്നു. 1984-ൽ അക്കാദമിക്ക് സ്ഥലം പതിച്ചുനൽകി. 2014-ൽ അക്കാദമിയുടെ നിയമാവലി ഭേദഗതി ചെയ്തതായി രേഖയുണ്ടാക്കി സർക്കാർ പ്രതിനിധികളെ പുറത്താക്കി. ഭരണസമിതിയിലെ അംഗങ്ങളുടെ സംഖ്യ 51-ൽ നിന്നും 21 ആയും എക്സിക്യുട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ 15-ൽ നിന്നും ഒമ്പതാക്കിയും കുറച്ചു. ഇതോടെയാണ് പൊതു സൊസൈറ്റി തത്വത്തിൽ സ്വകാര്യ സൊസൈറ്റിയായി മാറിയത്. ഇതിന് സമാനമായ വിഷയങ്ങളൊക്കെ എകെജി സെന്ററിലും നടന്നു.

നിലവിലെ സാഹചര്യത്തിൽ ലോ അക്കാദമി വിഷയത്തിന് സമാനമായി എകെജി സെന്ററിനെതിരേയും പ്രക്ഷോഭത്തിന് കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ആലോചിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP