Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ മരണത്തെ വകവയ്ക്കാതെ ശത്രു പാളയത്തിലേക്ക് ഇരച്ചു കയറിയപ്പോഴും കാലുകൾ ഇടറിയിട്ടില്ല; സ്വന്തം വർഗം തന്നെ ക്രൂരത കാട്ടിയപ്പോൾ സഹിക്കാനായില്ല; വിചാരണയ്ക്കിടയിൽ റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്നു ഭീഷണി; പട്ടാളക്കാരന്റെ അവകാശം എന്തെന്നു ചോദിച്ചതിനു സൈന്യത്തിന്റെ പീഡനത്തിനിരയായ ഷിബിന്റെ കഥ ഇങ്ങനെ

രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ മരണത്തെ വകവയ്ക്കാതെ ശത്രു പാളയത്തിലേക്ക് ഇരച്ചു കയറിയപ്പോഴും കാലുകൾ ഇടറിയിട്ടില്ല; സ്വന്തം വർഗം തന്നെ ക്രൂരത കാട്ടിയപ്പോൾ സഹിക്കാനായില്ല; വിചാരണയ്ക്കിടയിൽ റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ വെടിവച്ചുകൊല്ലുമെന്നു ഭീഷണി; പട്ടാളക്കാരന്റെ അവകാശം എന്തെന്നു ചോദിച്ചതിനു സൈന്യത്തിന്റെ പീഡനത്തിനിരയായ ഷിബിന്റെ കഥ ഇങ്ങനെ

ആലപ്പുഴ : അസ്വാതന്ത്ര്യത്തിന്റെ കാരാഗൃഹത്തിൽനിന്നും ഷിബിൻ മോചിതനായി. പട്ടാളത്തിൽനിന്നും ഷിബിൻ മടങ്ങുന്നത് വെറും സിവിലിയനായി. അഴിമതിയും ധൂർത്തും കൈമുതലാക്കിയ പട്ടാളമേധാവികളോട് പ്രതികരിച്ചപ്പോൾ യുവ പട്ടാളക്കാരന്റെ പണി പോയി. എങ്കിലും ഇന്ത്യൻ പട്ടാള ക്യാമ്പിൽ ദുരിതം പേറുന്ന ഓരോ പട്ടാളക്കാരനും സുരക്ഷയൊരുക്കുന്നതിനുള്ള പോരാട്ടമായിരിക്കും ഇനി മുതൽ തന്റേതെന്ന് ഷിബിൻ പറയുന്നു.

ഇന്ത്യൻ പട്ടാള ക്യാമ്പിൽ അറിയപ്പെടാതെ പോയ പല ആത്മഹത്യകളുമുണ്ട്. ഇവയിൽ പലതും ഉന്നത പട്ടാള മേധാവികളുടെ അറിവോടെ കൊല്ലുന്നതാണെന്നു ഷിബിൻ പറയുന്നു. ഇതിൽ പലതും ആത്മഹത്യയായി വരുത്തിത്തീർക്കുന്നതാണ്. കേരളത്തിൽനിന്നുള്ള മാധ്യമങ്ങളുടെയും സർക്കാരിന്റെയും ഇടപെടലാണ് തനിക്ക് ജീവൻ തിരിച്ചു കിട്ടാൻ കാരണമായതെന്ന് ഷിബിൻ പറഞ്ഞു.

ഇപ്പോൾ വാർത്താമാധ്യമങ്ങളുടെ വലിയ ഇടപെടലുകളാണ് ചുരുക്കം ചില സംഭവങ്ങളെങ്കിലും പുറത്തുവരാൻ കാരണം. സഹജീവികളെ അടിച്ചമർത്തുന്ന ഉത്തരേന്ത്യൻ ലോബിയാണ് ഇന്ത്യൻ പട്ടാളത്തെ നയിക്കുന്നത്. ഇവർക്ക് വഴങ്ങിയില്ലെങ്കിൽ പീഡനം ഉറപ്പാണെന്ന് ഷിബിൻ പറയുന്നു. കള്ളക്കേസുകളിൽ കുടുക്കിയും സ്ഥലം മാറ്റിയും ഇവർ ക്യാമ്പുകളിൽ ഏകാധിപതികളെ പോലെ കഴിയുകയാണ്. ചോദ്യം ചെയ്താൽ ശിക്ഷ ഉറപ്പ്.

താൻ വിശപ്പകറ്റാൻ ഭക്ഷണം ചോദിച്ചപ്പോൾ ആട്ടിപ്പായിച്ചു. കിടന്നുറങ്ങാൻ ഇടം ചോദിച്ചപ്പോൾ അതിർത്തിയിലേക്ക് സ്ഥലം മാറ്റി. കുളിക്കാതെയും ഉറങ്ങാതെയും മാസങ്ങളോളം അതിർത്തി കാത്ത തനിക്ക് ഒടുവിൽ പണിപോയി. രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ മരണത്തെ മുഖാമുഖം കണ്ടിട്ടും പതറാതെ ചങ്കൂറ്റത്തോടെ ശത്രുവിന്റെ പാളയത്തിലേക്ക് ഇരച്ചു കയറിയിട്ടുണ്ട്. എന്നിട്ടും കാലുകൾ ഇടറിയിട്ടില്ല. എന്നാൽ സ്വന്തം വർഗം തന്നെ ക്രൂരത കാട്ടിയപ്പോൾ സഹിച്ചില്ലെന്നും ഷിബിൻ.

ഇന്ന് രാവിലെ പത്തരയോടെയാണ് ഷിബിൻ ചെന്നൈ മെയിലിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. കൂട്ടിക്കൊണ്ടു പോകാൻ പിതാവ് തോമസ് നേരത്തെ തന്നെ റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. നാട്ടിലെത്തിയ സന്തോഷവും സമാധാനവും ഉണ്ടെങ്കിലും ഷിബിൻ തോമസ് എന്ന പട്ടാളക്കാരന് രാജ്യത്തെ കുറിച്ച് പറയാൻ ഏറെ. പക്ഷെ തന്നെ അതിർത്തിയിലേക്ക് പറഞ്ഞയച്ച പട്ടാള മേധാവികളെ കുറിച്ച് പറയുമ്പോൾ അമർഷവും.

കൊല്ലം സ്വദേശിയായ യുവ പട്ടാളക്കാരന്റെ മരണത്തിലും ദുരൂഹതയാണുള്ളത്. ഇത് വകുപ്പുതലത്തിൽ അന്വേഷിക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്ന ഫലം കാണില്ലെന്നും ഷിബിൻ പറയുന്നു. ഓരോ പട്ടാളക്കാരനും ക്യാമ്പുകളിൽ പ്രതിരോധത്തിലാണ്. ക്യാമ്പുകളിലെ ഉന്നതർക്ക് അത്യപ്തിയുണ്ടായാൽ ആരെയും ശിക്ഷിക്കും.

അതൃപ്തിക്ക് ഇരയായ ആളെ ശിക്ഷിക്കുന്നത് ഇങ്ങനെ: ഇരയുടെ അടുത്ത സുഹൃത്തിനോട് അയാൾക്കെതിരെ മൊഴി നൽകാൻ മേധാവി ആവശ്യപ്പെടും. കള്ള മൊഴി നൽകിയില്ലെങ്കിൽ സുഹൃത്തും അകത്താകും. ഇങ്ങനെ ആരും ആർക്കെതിരെയും മൊഴി നൽകുന്ന സാഹചര്യമാണുള്ളത്. ഇത് ഗതികേടുകൊണ്ടും ജീവൻ നഷ്ടമാകുമെന്ന ഭയം കൊണ്ടും ചെയ്യുന്നതാണ്. കാര്യങ്ങൾ ഇങ്ങനെ നീങ്ങിയാൽ രാജ്യത്തിന്റെ മാനം കാക്കാൻ യുവാക്കൾ ആരുംതന്നെ പട്ടാള ജോലിക്ക് സന്നദ്ധരാകില്ല. ഇനി പട്ടാളത്തിലേക്ക് ഇല്ലെന്നും ഷിബിൻ പറഞ്ഞു.

പതിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ആലപ്പുഴ നോർത്ത് ആര്യാട് സ്വദേശി ഷിബിൻ തോമസ് ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ പട്ടാളക്കാരനായി ചേർന്നത്. വെസ്റ്റ് ബംഗാളിൽ സേവനം ചെയ്യുന്നതിനിടയിലാണ് ദുരന്തം ഷിബിനെ തേടിയെത്തിയത്. ക്യാമ്പിൽ അനുഭവിക്കേണ്ടിവന്ന ദുരിതം സഹിക്കാനാവാതെ ഷിബിൻ പട്ടാളക്കാരന്റെ അവകാശങ്ങൾ എന്തൊക്കെ എന്നറിയാൻ മേധാവിക്ക് വിവരാവകാശ നിയമപ്രകാരം എഴുതി ചോദിച്ചു.

2015 ഡിസംബറിലായിരുന്നു സംഭവത്തിന് തുടക്കം. കുടിക്കാൻ വെള്ളമില്ലാതെ, കഴിക്കാൻ ഭക്ഷണമില്ലാതെ ആഴ്ചകളോളം ക്യാമ്പിൽ കഴിഞ്ഞ ഷിബിൻ ഒടുവിലാണ് വിവരാവകാശവുമായി അധികാരികളുടെ മുന്നിൽ എത്തിയത്. ഇതോടെയാണ് ഷിബിന്റെ ജീവിതവും ദുരന്തത്തിലേക്ക് നീങ്ങിയത്.

വിവരാവകാശം ചോദിച്ച ഷിബിന് വ്യക്തമായ മറുപടി നൽകാതെ അധികാരികൾ തഴഞ്ഞു. മാത്രമല്ല ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച് സേനയിൽനിന്നും പുറത്താക്കുകയും ചെയ്തു. എന്നാൽ ഷിബിന്റെ മാതാവ് പ്രധാനമന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകിയതിന്റെയും ഷിബിൻ ഡൽഹി ഹൈക്കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും സേനയിൽ തിരിച്ചെടുക്കണമെന്ന ഉത്തരവ് നേടിയെടുത്തു. ഉത്തരവ് ലഭിച്ച് ക്യാമ്പിലേക്ക് മടങ്ങി ചെന്ന ഷിബിനെ 41-ാം ബറ്റാലിയനിൽ നിന്നും പെട്ടെന്ന് 28 ലേക്ക് മാറ്റി. പിന്നീട് ബംഗ്ലാദേശ് അതിർത്തിയിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

ഇതിനിടെ മേലധികാരികൾക്കെതിരെ പരാതി നൽകുകയും വിവരാവകാശം ചോദിക്കുകയും ചെയ്ത ഷിബിനെതിരെ സേന വിചാരണ നടത്തുന്നുണ്ടായിരുന്നു. ബംഗ്ലാദേശിലേക്ക് തിരിച്ചുവിളിച്ച,് സ്ഥലം മാറ്റം ചെയ്യപ്പെട്ട ഷിബിനെ വിചാരണയുടെ ഭാഗമായി പെട്ടെന്ന് തിരിച്ചുവിളിച്ച് ഹെഡ് ക്വാർട്ടേഴ്‌സിൽ താമസിപ്പിച്ചു. ഈ സമയം വിചാരണ അവസാനഘട്ടത്തിലായിരുന്നു. എന്നാൽ റിപ്പോർട്ടുകൾ എല്ലാം തന്നെ ഷിബിനെതിരും സേനാമേധാവിക്ക് അനുകൂലവുമായിരുന്നു.

ഏറ്റവും ഒടുവിൽ ഡെപ്യൂട്ടി കമാൻഡന്റും സുരക്ഷാ ഉദ്യോഗസ്ഥനും മാത്രമുള്ള അടച്ചിട്ട മുറിക്കുള്ളിൽ ഷിബിനെ വിളിച്ചു വരുത്തി മുൻവിധിയോടെ തയ്യാറാക്കിയ റിപ്പോർട്ടിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. എന്നാൽ തനിക്കെതിരെ ഒരുക്കിയിട്ടുള്ള റിപ്പോർട്ടിലെ ചതി മനസിലാക്കിയ ഷിബിൻ ഇതിന് തയ്യാറായില്ല. ഇതോടെ ഷിബിനെ കൊന്നു കളയുമെന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങി. റിപ്പോർട്ടിൽ ഒപ്പിട്ടില്ലെങ്കിൽ തന്നെ ആക്രമിക്കാൻ ശ്രമിച്ചുവെന്നതിന്റെ പേരിൽ സുരക്ഷാ ഉദ്യോഗസ്ഥനെ കൊണ്ട് വെടിവച്ച് കൊല്ലുമെന്നുവരെ അന്വേഷണ ഉദ്യോഗസ്ഥനായ ഡപ്യൂട്ടി കമാൻഡന്റ് പറഞ്ഞതായി ഷിബിൻ പറഞ്ഞു. ദിവസങ്ങളോളം കുടിക്കാൻ വെള്ളമില്ലാതെയും കിടന്നുറങ്ങാൻ കഴിയാതെയും കടുത്ത ദുരിതത്തിലായിരുന്നു ഷിബിൻ.

മലയാളികൾ ആരും തന്നെയില്ലാത്ത ക്യാമ്പിൽ ഷിബിനു സേനയ്ക്കുള്ളിലെ ഏകാംഗ പോരാളിയാകേണ്ടിവന്നു. പട്ടിണികൊണ്ട് ഒട്ടിപ്പോയ വയറും കുടിക്കാൻ ഒരിറ്റ് ജലവും നൽകാതെ പണിയെടുക്കുന്ന പട്ടാളക്കാരന്റെ ചിത്രം സോഷ്യൽ മീഡിയ പുറത്തുവിട്ടതോടെ പീഡനത്തിന് അല്പം ശമനം ലഭിച്ചെങ്കിലും ഇപ്പോഴും ക്യാമ്പിനുള്ളിൽ അടിച്ചമർത്തപ്പെട്ട ജവാന്മാർ ദുരിതം പേറുകയാണെന്നു ഷിബിൻ പറഞ്ഞു. ഉറ്റവരെയും ഉടയവരെയും വിട്ട് രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഇറങ്ങി പുറപ്പെടുന്ന പട്ടാളക്കാരനെ സ്വന്തം വർഗം തന്നെ ദുരന്തത്തിലേക്ക് വലിച്ചെറിയുന്ന സംഭവങ്ങൾ ഇന്ത്യൻ സേനയ്ക്ക് തീരാകളങ്കം തീർക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP