Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എത്ര അക്രമകാരികളായ തെരുവ് നായയും സാലിയുടെ തലോടൽ ലഭിച്ചാൽ നല്ലകുട്ടികളായി മാറും; തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നോവ് സാലിയുടേതുമായിരിക്കും; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനിറങ്ങി രാഷ്ട്രപതിയുടെ അംഗീകാരം വരെ നേടിയ മലയാളി യുവതിയുടെ കഥ

എത്ര അക്രമകാരികളായ തെരുവ് നായയും സാലിയുടെ തലോടൽ ലഭിച്ചാൽ നല്ലകുട്ടികളായി മാറും; തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നോവ് സാലിയുടേതുമായിരിക്കും; തെരുവ് നായ്ക്കളുടെ സംരക്ഷണത്തിനിറങ്ങി രാഷ്ട്രപതിയുടെ അംഗീകാരം വരെ നേടിയ മലയാളി യുവതിയുടെ കഥ

എം പി റാഫി

മലപ്പുറം: തെരുവ് മൃഗങ്ങളെ പ്രണയിച്ച സാലി കണ്ണൻ എന്ന മലയാളി യുവതിയുടെ കഥയാണിത്. സഹജീവികൾക്ക് ചികിത്സയും സംരക്ഷണവും ഒരുക്കുന്നതിനായി സ്വന്തം ജീവിതം തന്നെ മാറ്റിവച്ചിരിക്കുകയാണ് സാലികണ്ണൻ. മൃഗങ്ങളെ അതിരറ്റ് സ്നേഹിക്കുന്ന സാലി കണ്ണനെ തേടി നിരവധി നേട്ടങ്ങളും പുരസ്‌കാരങ്ങളും തേടിയെത്തിയിട്ടുണ്ട്. കേന്ദ്ര മൃഗ സംരക്ഷണ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ലോകോത്തര സംഘടനയായ ഹ്യൂമേൺ സൊസൈറ്റി ഇന്റർനാഷണലിന്റെ പ്രോഗ്രാം മാനേജറാണിന്ന് സാലി കണ്ണൻ.

തൃശൂർ സാൽക്കൺ വീട്ടിൽ ആർട്ടിസ്റ്റ് ബാലകൃഷ്ണൻ വർമയുടെയും സംഗീതാധ്യാപിക ശോഭ വർമയുടെയും മൂത്ത മകളാണ് സാലി. മംഗലാപുരത്തായയിരുന്നു ജനനം. 19ാം വയസിൽ കണ്ണനുമായുള്ള പ്രണയ വിവാഹം നടന്നു. ചെറുപ്പം തൊട്ടേ തുടങ്ങിയ മൃഗ സ്നേഹത്തിന് വിവാഹമോ കുടുംബ ജീവിതമോ തടസമായില്ല. ഭർത്താവ് കണ്ണൻനാരായണന്റെയും സാലിയുടെ കുടുംബത്തിന്റെയും പിന്തുണ ലഭിച്ചതോടെ തെരുവ് മൃഗങ്ങൾക്കായി തന്റെ ജീവിതം സമർപ്പിക്കുകയായിരുന്നു. റോഡരികിലും മറ്റുമായി അവശനിലയിൽ കഴിയുന്ന മൃഗങ്ങളെ എടുത്ത് സാലി സംരക്ഷണവും ആവശ്യമായ ചികിത്സയും നൽകൽ ശീലമായിരുന്നു. സാലിയുടെ വീടിനോടു ചേർന്ന് സഹ താമസക്കാരായി പട്ടിയും പൂച്ചകളും നിരവധിയാണ്. പണം കൊടുത്ത് വാങ്ങിയതായിരുന്നില്ല, തെരുവിൽ നിന്നും ര്ക്ഷിച്ച് ജീവിതത്തിലേക്കു കൈപിടിച്ചു കൊണ്ടുവന്നതായിരുന്നു ഈ തെരുവ് മൃഗങ്ങളെയെല്ലാം.

മൃഗസംരക്ഷണമെന്ന ഉറച്ച തീരുമാനവും നിലപാടും ഊട്ടിയിലെ വേൾഡ് വൈൽഡ് വെറ്റിനറി സർവീസിന്റെ വെറ്റിനറി അസിസ്റ്റന്റ് കോഴ്സ് പൂർത്തിയാക്കുന്നതിന് പ്രേരിപ്പിച്ചു. ജോർണലിസം കോഴ്സും പൂർത്തിയാക്കിയ സാലി ഏത് മേഖലയിലേക്ക് കരിയർ ചലിപ്പിക്കണമെന്ന കൺഫ്യൂഷൻ ഉണ്ടായിരുന്നു. എന്നാൽ തന്റെ ഇഷ്ടമേഖലയിലെത്തിയ സാലി ഇന്ന് ഏറെ സംതൃപ്തയാണ്. സ്വന്തമായി മൃഗങ്ങളെ സംരക്ഷിക്കുന്നതിനായി സേവ് എ ലൈഫ് എന്ന സംഘടനയും ഫേസ്‌ബുക്ക് പേജും സാലി ആരംഭിച്ചു. സഹജീവി സ്നേഹത്തിന്റെ മാതൃകയായകുന്നതോടൊപ്പം പുതുതലമുറയ്ക്ക് പുത്തൻ ആത്മവിശ്വാസവും കൂടിയാണ് സാലികണ്ണൻ എന്ന വനിത തന്റെ പ്രവർത്തനത്തിലൂടെ പകർന്നു നൽകുന്നത്. 2016 ജനുവരിയിൽ രാഷ്ട്രപതിയുടെ അംഗീകാരം സാലിയെ തേടിയെത്തി.

രാജ്യത്തെ 100 പ്രമുഖ വനിതകളിൽ നാല് മലയാളികളിൽപ്പെട്ട ഒരാളായിരുന്നു സാലികണ്ണൻ. പിന്നീട് കേന്ദ്ര മൃഗ ക്ഷേമ വകുപ്പിന്റെ ഓണററി അനിമൽ വെൽഫെയർ ഓഫീസറായി നിയമനവും ലഭിച്ചു. തന്റെ പ്രവർത്തന മേഖല വ്യാപിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെയായിരുന്നു ഹ്യുമേൺ സൊസൈറ്റി ഇന്റർ നാഷണലിന്റെ പ്രോഗ്രാം മാനേജറായുള്ള ജോലി സാലിയെ തേടി വരുന്നത്. തന്റെ ഇഷ്ടമേഖലയിൽ തന്നെ ജോലി ലഭിച്ചതോടെ പിന്നെ ഒന്നും ചിന്തിച്ചില്ല, ഹ്യൂമേൺ സൊസൈറ്റിയിലൂടെ വിവിധ സംസ്ഥാനങ്ങളിലായി തന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകി വരികയാണ്.

മനുഷ്യരെ പോലെ മൃഗങ്ങൾക്കും സ്നേഹവും പരിലാളനയും ആവശ്യമാണെന്ന് സാലി കണ്ണൻ കോളേജുകളിലും യൂണിവേഴ്സിറ്റികളിലും ക്ലാസെടുത്തു വരുന്നു. സഹജീവി സ്നേഹത്തിന്റെ പ്രധാന്യവും മൃഗസംരക്ഷണത്തിന്റെ ബോധവൽക്കരണവും നടത്തിവരികയാണ് സാലി. തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സാലിയുടെ നേതൃത്വത്തിലുള്ള ഹ്യുമേൺ സൊസൈറ്റിയുടെ സംഘം വന്ധ്യംകരണ നടപടികൾ നടത്തി വരുന്നുണ്ട്. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ തീരുമാന പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് വന്ധ്യംകരണ നടപടിക്കായി സാലിയും ഉത്തരേന്ത്യൻ സംഘവും മലപ്പുറത്ത് എത്തിയിട്ടുള്ളത്.

നായകളോടുള്ള കേരളീയരുടെ സമീപനമാണ് തെരുവ് നായകളെ കൂടുതൽ അക്രമോത്സുകരാക്കുന്നതെന്നാണ് സാലിയുടെ പക്ഷം. നായകൾ ഇല്ലാതാകുന്നതോടെ പ്രകൃതിയുടെ ബാലൻസ് ഇല്ലാതാകുമെന്നും കൂടുതൽ അപകടകാരിയായ കുറക്കനെ പോലുള്ള മൃഗങ്ങൾ വർദിക്കുമെന്നും സാലി സൂചിപ്പിക്കുന്നു. നായയിൽ പ്രതിരോധ കുത്തിവെയ്‌പ്പ് നടത്താമെങ്കിൽ കുറുക്കനിൽ ഇതു സാധ്യമല്ലെന്നാണ് ഗൗരവത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായയുടെ കടിയേൽക്കുന്നത് നിത്യസംഭവമായിരുന്നു. ഇതിനു പരിഹാരമായി മാസങ്ങൾക്കു മുമ്പ് കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വന്ധ്യംകരണം ആരംഭിക്കുന്നത്. സാലിയുടെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴംഗ സംഘമാണ് മലപ്പുറം പൊന്നാനിയിൽ എത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും തെരുവ് നായകളെ പിടികൂടി പ്രതിരോധകുത്തിവെയ്‌പ്പ് നൽകിയും വന്ധ്യംകരിച്ചും തെരുവ്നായ ശല്യം കുറക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ തിരൂർ, പൊന്നാനി, എടപ്പാൾ ഭാഗങ്ങളിലെ തെരുവ്‌നായകളെയാണ് പ്രത്യുൽപാദന ശേഷിയില്ലാതാക്കുന്ന ശസ്ത്രക്രിയക്ക് വിധേയമാക്കുന്നത്.

ഹ്യുമേൺ സൊസൈറ്റി ഇന്റർനേഷണലിന്റെ പ്രോഗ്രാം മാനേജർ സാലി കണ്ണനു പുറമെ പ്രവർത്തകരായ സഞ്ജയ്, സൂരജ്, പവൻ, റോബേർട്ട്, സുഭാഷ്, ഡോ.രഞ്ജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. തെരുവ് നായ്ക്കളെ പിടികൂടുന്നതിനായി സംഘം പുലർച്ചെ 5 മണിക്ക് നഗരത്തിലിറങ്ങും. എത്ര അക്രമാസക്തരാണെങ്കിലും സൗഹൃദത്തോടെ പിടികൂടി പ്രത്യേകം തയ്യാർ ചെയ്ത വാഹനത്തിൽ കയറ്റും. തുടർന്ന് സംഘം തമ്പടിച്ചിട്ടുള്ള പൊന്നാനിയിലെ സർജറി മൊബൈൽ ആംബുലൻസിൽ എത്തിച്ച് വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കും. ഭക്ഷണവും പ്രതിരോധ കുത്തിവെപ്പും നൽകി രണ്ട് ദിവസം കഴിഞ്ഞ ശേഷം ഇതേ വാഹനത്തിൽ നായകളെ, പിടികൂടിയ സ്ഥലത്തു തന്നെ കൊണ്ടിറക്കുകയാണ് ചെയ്ത് വരുന്നത്.

ദിവസം 20 നായ്ക്കളെ വന്ധീകരിക്കും. മലപ്പുറം ജില്ലയുടെ രണ്ട് കേന്ദ്രങ്ങളിലായി ഒരു വർഷം കൊണ്ട് 12,000 എണ്ണത്തെ വന്ധീകരിക്കുകും രണ്ട് വർഷത്തിനിടെ മുഴുവൻ നായ്ക്കളെ വന്ധീകരിക്കുന്നതുമാണ് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി. ജനുവരി ഒന്നിനാണ് ഹ്യുമേൺ സൊസൈറ്റി സംഘം പൊന്നാനിയിൽ എത്തിയത്. പിന്നീട് മൂന്നാഴ്ചയോളമായി പരിസര പ്രദേശങ്ങളിൽ സർവെ നടത്തി. തെരുവ് നായകളെ സംബന്ധിച്ച് പ്രദേശികമായി തരം തിരിച്ചുള്ള പഠനത്തിനു ശേഷമാണ് വന്ധ്യംകരണ നടപടി തുടങ്ങിയത്. ഇതുവരെ 150 ഓളം തെരുവ് നായകളെ വന്ധ്യംകരിച്ചതായി പ്രോഗ്രാം മാനേജർ സാലി മറുനാടൻ മലയാളിയോടു പറഞ്ഞു. രണ്ടാഴ്ച കൂടി പൊന്നാനിയിൽ തുടരും. ശേഷം മഞ്ചേരിയിലായിരിക്കും അടുത്ത പ്രവർത്തനം.മാർച്ച് അവസാന വാരം വരെ സംഘം കേരളത്തിൽ തുടരും. എത്ര അക്രമകാരികളാണ് തെരുവ് നായയെങ്കിലും സാലിയുടെ തലോടൽ ലഭിച്ചാൽ ഇവർ നല്ലകുട്ടികളായിമാറും. തെരുവ് മൃഗങ്ങൾക്ക് വേദനിച്ചാൽ ആ നേവ് സാലിയുടേതുമായിരിക്കും. മൃഗങ്ങളോടുള്ള അതിരില്ലാത്ത പ്രണയത്തിലൂടെ നിരവധി പാഠങ്ങളാണ് സാലിയെന്ന ഈ വനിത നമുക്ക് സമ്മാനിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP