Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി ഭരണഘടനയിൽ സംവരണം എഴുതിചേർത്തത് അംബേദ്കർ; പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കായി മണ്ഡൽ കമ്മീഷൻ രൂപീകരിച്ചത് മൊറാർജ്ജി ദേശായി; നടപ്പിലാക്കാൻ വി പി സിങ് തീരുമാനിച്ചപ്പോൾ കണ്ടത് വമ്പൻ പ്രക്ഷോഭം; കേരളത്തിൽ നടപ്പിലാക്കിയത് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്; സാമ്പത്തിക സംവരണത്തിൽ മോദി സർക്കാർ ഊന്നുമ്പോൾ ദളിതുകൾക്ക് ആശങ്ക: ഇന്ത്യയിലെ സംവരണ ചരിത്രത്തെ കുറിച്ച് അറിയാം

പട്ടികജാതിക്കാരുടെ പിന്നോക്കാവസ്ഥക്ക് പരിഹാരമായി ഭരണഘടനയിൽ സംവരണം എഴുതിചേർത്തത് അംബേദ്കർ; പിന്നോക്ക വിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്കായി മണ്ഡൽ കമ്മീഷൻ രൂപീകരിച്ചത് മൊറാർജ്ജി ദേശായി; നടപ്പിലാക്കാൻ വി പി സിങ് തീരുമാനിച്ചപ്പോൾ കണ്ടത് വമ്പൻ പ്രക്ഷോഭം; കേരളത്തിൽ നടപ്പിലാക്കിയത് നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ട്; സാമ്പത്തിക സംവരണത്തിൽ മോദി സർക്കാർ ഊന്നുമ്പോൾ ദളിതുകൾക്ക് ആശങ്ക: ഇന്ത്യയിലെ സംവരണ ചരിത്രത്തെ കുറിച്ച് അറിയാം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണ് സംവരണം. ഇന്ത്യയിലെ എല്ലാ മത വിഭാഗങ്ങളൂടെയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സമസ്ത മേഖലകളിലും ഉറപ്പാക്കുകയെന്നതാണ് ഭരണഘടന വിഭാവനം ചെയ്ത സംവരണത്തിന്റെ അടിസ്ഥാനം. അധികാരത്തിന്റെ സമസ്ത മേഖലകളിലും എല്ലാ വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാകുമ്പോൾ മാത്രമേ എല്ലാ വിഭാഗങ്ങൾക്കും നീതി ലഭിക്കുകയുള്ളൂ, അതിനാണ് ഇന്ത്യയിൽ സംവരണം നടപ്പിലാക്കിയത്. വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്കാവസ്ഥയുടെ അടിസ്ഥാന കാരണം ജാതിവ്യവസ്ഥയായിരുന്നു.

ജാതിവ്യവസ്ഥയുടെ ഭാഗമായി സംഭവിച്ച പിന്നാക്കാവസ്ഥയെ മറികടക്കാനും അടിച്ചമർത്തലുകൾ കാരണമായി അന്തസും ആഭിജാത്യവും നഷ്ടപ്പെട്ട സമുദായങ്ങൾക്ക് അവ വീണ്ടെടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കാനുമാണ് സംവരണത്തിലൂടെ ലക്ഷ്യമാക്കിയത്. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപീകരിച്ചപ്പോൾ അതിന്റെ തലപ്പത്തുണ്ടായിരുന്ന ഡോക്ടർ ബി.ആർ. അംബേദ്ക്കർ ആണ് അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്ന നിലയിൽ ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തിയത്. ദളിതരുടെ സർവതോമുഖമായ പുരോഗതിക്ക് കാരണം ഭരണഘടനാനിർമ്മാണഘട്ടത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകളാണ്.

സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരും എന്നായിരുന്നു അന്നത്തെ ധാരണ. സമൂഹത്തിൽ ഭരണഘടനാപരമായി തുല്യനീതി ഉറപ്പാക്കാനുള്ള ശക്തമായ ഉപാധിയായിരുന്നു സംവരണം. സംവരണത്തിന്റെ സാമ്പ്രദായിക തത്വങ്ങളെ മറികടന്ന് ന്യൂനപക്ഷങ്ങൾക്കുകൂടി സംവരണം പിന്നീട് ഭരണഘടന അംഗീകരിച്ചു. മണ്ഡൽ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംവരണം പിന്നോക്ക വിഭാഗങ്ങൾക്കു കൂടി വ്യാപിപ്പിച്ചു. കേരളത്തിൽ മുമ്പുതന്നെ ഉണ്ടായിരുന്ന പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഔപചാരികതലത്തിൽ മറ്റെല്ലാ വിഭാഗങ്ങൾക്കും ബാധകമായി മാറുകയാണ് പിന്നീട് ഉണ്ടായത്.

ഭരണഘടനയുടെ 15, 16 വകുപ്പുകൾ ഭേദഗതി വരുത്തിക്കൊണ്ടാണ് ഇപ്പോൾ സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. ജനറൽ കാറ്റഗറിയിൽ വരുന്ന ജാതിവിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനത്തിൽ കൂടാത്ത സംവരണം ലഭിക്കാൻ ഈ രണ്ട് ഭേദഗതികൾ കൊണ്ട് സാധിക്കും. ജാത്യാടിസ്ഥാനത്തിലുള്ള സംവരണം ഇല്ലാതാക്കാൻ തന്റെ സർക്കാരിന് പദ്ധതിയില്ലെന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ മോദി വ്യക്തമാക്കിയിരുന്നു. ഇത്തരമൊരു ചർച്ച ഉയർന്നു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ അന്നത്തെ പ്രതികരണം. അംബേദ്കറുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കും വരെ സംവരണം ഇല്ലാതാക്കില്ലെന്നായിരുന്നു മോദിയുടെ വിശദീകരണം. ഈ വിശദീകരണത്തിൽ നിന്നാണ് മോദി മലക്കം മറിയുന്നത്.

മൊറാർജി ദേശായിയും മണ്ഡൽ കമ്മീഷൻ റിപ്പോർട്ടും സംവരണവും

1979-ൽ മൊറാർജി ദേശായി പ്രധാനമന്ത്രിയായിരിക്കെയാണ് പിന്നോക്ക അവകാശ സംരക്ഷണത്തിനു വേണ്ടി മണ്ഡൽ കമ്മീഷൻ രൂപീകൃതമായത്. എന്നാൽ 1980 ഡിസംബർ 31 ന് സമർപ്പിച്ച ഈ റിപ്പോർട്ട് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി കോൾഡ് സ്റ്റോറേജിൽ വെച്ചു പൂട്ടി. പിന്നാലെ വന്ന രാജീവ് ഗാന്ധിയും ഇക്കാര്യത്തിൽ വാചാലമായ മൗനം പാലിച്ചു, റിപ്പോർട്ട് നടപ്പാക്കാൻ 1990 ഓഗസ്റ്റ് 13 ന് വി പി സിങ് പുറപ്പെടുവിച്ച ഉത്തരവ് ഭാഗികമായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ മേഖലകളെ ഒഴിവാക്കിയായിരുന്നു പ്രഖ്യാപനം. പക്ഷെ അതൊരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറി എന്നതു ചരിത്രം. മണ്ഡൽ കമ്മീഷൻ അവരുടെ റിപ്പോർട്ടുകൾ നടപ്പിലാക്കികൊണ്ടിരിക്കുമ്പോൾ രാജ്യത്ത് അതിഭീകരമായ ജാതി കലാപം തന്നെ അരങ്ങേറി.

ഇതിന്റെ പേരിൽ നിരവധി കൊലപാതകങ്ങളും കോടികണക്കിനു രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. ഇപ്പോൾ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കി 24 വർഷം കഴിഞ്ഞിട്ടും കേന്ദ്ര സർവീസിൽ മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന നിർദ്ദേശം പൂർണ രൂപത്തിൽ നടപ്പിലായിട്ടില്ല. 2001ലെ കാനേഷുമാരി കണക്കുകൾ പ്രകാരം ഇന്ത്യൻ ജനസംഖ്യയിൽ 16.2ശതമാനം പട്ടികജാതിക്കാരും 8.2ശതമാനം പട്ടികവർഗക്കാരുമാണ്. അതായത് ഈ രണ്ടു വിഭാഗവും ചേർന്നാൽ ജനസംഖ്യയുടെ 25ശതമാനത്തോളം വരും.

സർക്കാർ ജോലിയിൽ ഇവരുടെ സംവരണ ശതമാനം കേന്ദ്രസർവീസിൽ പട്ടികജാതിക്കാർക്ക് 15ശതമാനവും പട്ടികവർഗക്കാർക്ക് 7.5ശതമാനവുമാണ്. എന്നാൽ ഗ്രൂപ്പ് എ ജോലികളിൽ നിയമിക്കപ്പെട്ട പട്ടികജാതിക്കാർ ആകെ നിയമിക്കാവുന്നതിന്റെ 10.15ശതമാനം മാത്രമാണ്. ഗ്രൂപ്പ് ബിയിൽ അത് 12.67ശതമാനവും ഗ്രൂപ്പ് സിയിൽ അത് 16.15 ശതമാനവും ഗ്രൂപ്പ് ഡിയിൽ 21.26 ശതമാനവും മാത്രമാണ്. പട്ടികവർഗക്കാരുടെ സ്ഥിതി ഇതിലും ദയനീയമാണ്. ഗ്രൂപ്പ് എയിൽ അത് 2.89ശതമാനവും ബിയിൽ 2.68ശതമാനവും ഗ്രൂപ്പ് സിയിൽ 5.69ശതമാനവും ഗ്രൂപ്പ് ഡിയിൽ 6.48ശതമാനവും മാത്രമാണ്.

സംവരണം കേരളത്തിൽ

കേരളത്തിൽ 60 വർഷമായി ജാതി അടിസ്ഥാനത്തിലുള്ള സംവരണം തുടർന്ന് പോരുന്നുണ്ട്. സംവരണം എന്ന വാക്ക് കേരളത്തിൽ ആദ്യമായി ഇടം പിടിച്ചത് 1891-ലെ മലയാളി മെമോറിയൽ എന്നതിനു കീഴിലായിരുന്നു. സംവരണത്തിനുവേണ്ടി രാജാവിനു മുന്നിൽ കേണപേക്ഷിക്കുകയും, അതിന് വേണ്ടി അഹോരാത്രം പണിയെടുക്കുകയും ചെയ്തിരുന്നത് നായന്മാരാണ്. ഈ ഒരു കാലയളവിൽ സർക്കാർ ജോലി കയ്യടക്കിയിരുന്നത് തമിഴ് ബ്രാഹ്മണരായിരുന്നു. അതിനാൽ നായന്മാർക്ക് സംവരണം ആവശ്യമുണ്ടായിരുന്നു.

എന്നാൽ പടവെട്ടി തന്നെ സർക്കാർ ജോലിയിൽ തങ്ങളുടെ വ്യക്തമായ പ്രാതിനിധ്യം അറിയിക്കാൻ നായന്മാർക്ക് സാധിച്ചു. സംവരണം തുടങ്ങിവെച്ചത് മലയാളി മെമോറിയൽ ആണെങ്കിൽ പോലും നായന്മാരിൽ മാത്രം ഒതുങ്ങിയ സംവരണമായി മാറുകയായിരുന്നു. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന സമയം മുതലാണ് സംവരണം ഭരണഘടനാപരമായ പരിരക്ഷയും നിയമസാധുതയുള്ളതുമായി മാറിയത്. ദേവസ്വങ്ങളിൽ എസ്സി/എസ്ടി പിന്നോക്കവിഭാഗ സംവരണം കൂടാതെ മുന്നോക്കവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് പത്തുശതമാനം സംവരണം നൽകാനുള്ള തീരുമാനം ഇടത് സർക്കാർ ഈയിടെ കൈക്കൊണ്ടിരുന്നു.

സാമൂഹിക പരിഷ്‌കരണം നടന്ന കേരളത്തിൽ, ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പിന്നാക്ക സംവരണം ആവശ്യമില്ലെന്നു ചൂണ്ടിക്കാണിച്ച എൻഎസ്എസ് സുപ്രീം കോടതിയിൽ ഈയിടെ ഹർജി നൽകിയിരുന്നു. കേരളത്തിൽ പിന്നാക്ക വിഭാഗങ്ങളെ സംവരണ വിഭാഗങ്ങളാക്കി തുടരുന്ന പ്രക്രിയ നിർത്തിവെക്കണം. പിന്നാക്ക വിഭാഗങ്ങളെ കണ്ടെത്തുന്നതിന് ജാതി മാനദണ്ഡമാക്കുന്നത് അവസാനിപ്പിക്കണം എന്നീ ആവശ്യങ്ങളാണ് എൻഎസ്എസ് ഹർജിയിൽ ഉന്നയിച്ചത്. പക്ഷെ ഈ ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

2001ലെ നരേന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ സർവീസിൽ സംവരണ സമുദായങ്ങളുടെ പ്രാതിനിധ്യം വേണ്ടത്ര മെച്ചപ്പെട്ടിട്ടില്ലെന്നും 'ബാക്ക് ലോഗ്' നികത്താൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മുസ്ലിംങ്ങൾ, , ലത്തീൻ കത്തോലിക്കർ, നാടാർ, ധീവര, വിശ്വകർമ്മ, ക്രിസ്ത്യാനികളായി മതം മാറിയ പട്ടികജാതി വർഗ വിഭാഗക്കാർ തുടങ്ങിയ സംവരണ വിഭാഗങ്ങൾ അവരുടെ ജനസംഖ്യാനുപാതികമായി ഉദ്യോഗങ്ങളിൽ കയറിപ്പറ്റിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ 'ബാക്ക് ലോഗ്' പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് നരേന്ദ്രൻ കമ്മീഷൻ പറഞ്ഞത്.

സാമ്പത്തിക സംവരണത്തിൽ ഊന്നി പരിവാർ സംഘടനകൾ, ദളിതുകൾക്ക് ആശങ്ക

ഇന്ത്യയിൽ ദളിതർക്ക് മേൽ നിലനിന്നിരുന്ന പിന്നോക്കാവസ്ഥ മാറ്റാനാണ് ഡോ. അംബേദ്കർ ഭരണഘടനയിൽ സംവരണം എന്ന പ്രത്യേക പരിരക്ഷ എഴുതിച്ചേർത്തത്. എന്നാൽ, സംവരണം ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. മുൻപ് ഇടത് സർക്കാർ ദേവസ്വം ബോര്ഡില് പ്രഖ്യാപിച്ച സാമ്പത്തിക സംവരണവും ഇപ്പോൾ കേന്ദ്രത്തിൽ ബിജെപി സർക്കാർ പ്രഖ്യാപിച്ച 10 ശതമാനം സാമ്പത്തിക സംവരണമെല്ലാം അതിന്റെ ഭാഗമാകുന്നു. ഉന്നത നീതിപീഠവും ഈ നീക്കങ്ങൾക്ക് അനുകൂലമായിട്ടുണ്ട്.

70 വർഷമായുള്ള സംവരണം ഒഴിവാക്കാറായില്ലേ എന്നാണ് ഈയിടെ സുപ്രീംകോടതി ചോദിച്ചത്. ദാരിദ്ര്യം ഇല്ലായ്മചെയ്യാൻ സംവരണംകൊണ്ട് കഴിയില്ല. അതിന് മറ്റ് വഴികൾ തേടുന്നതാണ് ഉചിതം. ഇതാണ് ജാതി സംവരണത്തിന്നെതിരെ ഉയരുന്ന വാദം. സാമ്പത്തികസംവരണം കൊണ്ടുവരുന്നത് ഭരണഘടനയുടെ ലംഘനമാണെന്ന് വാദിക്കുന്നവർവരെയുണ്ട്. ആദ്യത്തെ യുപിഎ സർക്കാർ കൊണ്ടുവന്ന ഭരണഘടനയുടെ 93-ാമത്തെ ഭേദഗതിയിൽ സാമ്പത്തികസംവരണം അംഗീകരിക്കപ്പെട്ടുണ്ട്. ഇപ്പോൾ ബിജെപി സർക്കാർ പിന്തുടരുന്നതും ഇതേ രീതിയാണ്. ''ഒന്നുകിൽ രാജ്യത്തെ സംവരണത്തിൽ നിന്ന് സ്വതന്ത്രമാക്കുക; അല്ലെങ്കിൽ എല്ലാവരേയും സംവരണത്തിനു വിധേയരാക്കുക' എന്നാണ് ഗുജറാത്തിലെ പാട്ടിദാർ പ്രക്ഷോഭത്തിന്റെ പിന്നിൽ. എല്ലാവരേയും സംവരണത്തിനർഹരാക്കുക എന്നതിനർത്ഥം സംവരണം തന്നെ ഇല്ലാതാക്കുക എന്നാണ്. പട്ടേൽ സമുദായക്കാർ ആവശ്യപ്പെടുന്നത്. ഇത് പലപ്പോഴും വൻ കലാപങ്ങളിലേക്ക് ഗുജറാത്തിനെ നയിക്കുകയും ചെയ്തിട്ടുണ്ട്.

സംവരണം സാമൂഹ്യനീതിയുടെ അടിസ്ഥാന ഘടകമായി മാറുമോ?

ഒരുകൂട്ടം ആളുകളെ സംവരണ വിഭാഗമാക്കി മാറ്റുമ്പോൾ അവരും മറ്റുള്ളവരും തമ്മിലുള്ള വേർതിരിവ് ഇല്ലാതാകുകയല്ല, അതേപടി നിലനിൽക്കുകയാണ് ചെയ്യുന്നത്. സംവരണത്തെക്കുറിച്ച് ഉയരുന്ന ഒരു പ്രധാന പരാതി ഇതാണ്. ഇന്ത്യയിലെ ആദിവാസികളെയും ദളിതരെയും നിയമപരമായ ഷെഡ്യൂൾഡ് വിഭാഗങ്ങളാക്കി. പിന്നീട് അവർക്ക് സർക്കാർ സർവീസിലും വിദ്യാഭ്യാസത്തിലും പ്രത്യേക സീറ്റുകൾ നൽകി. മുസ്‌ളിങ്ങൾക്കും ഇതുപോലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. തെരഞ്ഞെടുപ്പുകളിൽ റിസർവ്ഡ് മണ്ഡലങ്ങളുണ്ടായി. 1932ലെ കമ്യൂണൽ അവാർഡ് വഴി സംവരണം ദളിത്- ആദിവാസി- പിന്നോക്ക വിഭാഗങ്ങൾക്ക് ബൂർഷ്വാഭരണകൂടത്തിലും സ്ഥാപനങ്ങളിലും പ്രതിനിധാനം ഉറപ്പുവരുത്തുന്ന ഏകമാർഗമായി. ജാതിതന്നെ നിർമൂലനം ചെയ്യാനുള്ള മറ്റൊരു മാർഗം അംബേദ്കർ നിർദേശിച്ചുവെങ്കിലും അത് നടപ്പായില്ല.

അതിന് സഹായകമായ കാർഷികവിപ്‌ളവത്തിലേക്ക് നീങ്ങാൻ ഇന്ത്യൻ ഭരണവർഗം തയ്യാറായിരുന്നില്ല. അക്കാലത്തെ തെലങ്കാന അടക്കമുള്ള കാർഷിക സമരങ്ങൾ അടിച്ചമർത്തപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സംവരണം ലിബറൽ ചിന്തയുടെയും ഇന്ത്യൻ ഭരണഘടനയുടെയും ആണിവേരായത്. ജാതി സംവരണം പത്തുവർഷമെത്തിയാൽ അത് അവസാനിപ്പിക്കണമെന്ന് പറയുന്നവർ ഇന്ത്യൻ യാഥാർഥ്യം മനസ്സിലാക്കാത്തവരാണ് എന്നാണ് ആരോപിക്കപ്പെടുന്നത്. ഇന്ത്യ പൊതുവിൽ ഇപ്പോഴും സംവരണത്തിന് അനുകൂലമാണ്. സംവരണം നടപ്പിലാക്കി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും സംവരണത്തിന് അർഹത നൽകിയവർ മുഖ്യധാരയിലേക്ക് ഇതുവരെ പൂർണമായും കടന്നുവന്നിട്ടില്ലെന്നാണ് അതിനു ഉപോൽബലമായി നിരത്തുന്ന വാദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP