Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഓണമുണ്ണാൻ രാജമാണിക്യത്തെപ്പോലെ രേണുരാജ് ഐഎഎസും ബ്രിട്ടനിലേക്ക് പോകുമോ? സർക്കാരിനോട് ഒത്തുപോകാൻ കഴിയാതെ നാട് വിടുന്ന സിവിൽ സർവീസുകാരുടെ എണ്ണം കൂടുന്നതു കേരളത്തിന്റെ അവസ്ഥക്കു തെളിവായി മാറുന്നു; ഇരട്ടച്ചങ്കുകാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യാതെ നാടുവിട്ടവരിൽ ശ്രീരാമും ജി ആർ ഗോകുലും അടക്കമുള്ളവർ; ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ ബ്രിട്ടനും അമേരിക്കയും അഭയ കേന്ദ്രമാക്കുന്നു

ഓണമുണ്ണാൻ രാജമാണിക്യത്തെപ്പോലെ രേണുരാജ് ഐഎഎസും ബ്രിട്ടനിലേക്ക് പോകുമോ? സർക്കാരിനോട് ഒത്തുപോകാൻ കഴിയാതെ നാട് വിടുന്ന സിവിൽ സർവീസുകാരുടെ എണ്ണം കൂടുന്നതു കേരളത്തിന്റെ അവസ്ഥക്കു തെളിവായി മാറുന്നു; ഇരട്ടച്ചങ്കുകാർക്കൊപ്പം പ്രവർത്തിക്കാൻ വയ്യാതെ നാടുവിട്ടവരിൽ ശ്രീരാമും ജി ആർ ഗോകുലും അടക്കമുള്ളവർ; ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ ബ്രിട്ടനും അമേരിക്കയും അഭയ കേന്ദ്രമാക്കുന്നു

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: നട്ടെല്ലുള്ള സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഇരട്ട ചങ്കുകാർക്കൊപ്പം നീന്താൻ പറ്റുന്ന ഇടമല്ല കേരളമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ദേവികുളം സബ് കളക്ടർ രേണു രാജ് ഐ എ എസ് നേരിടുന്ന അവഹേളനം. ഏതാനും വോട്ടുകളുടെ ബലത്തിൽ അഞ്ചു വർഷത്തേക്ക് ജനപ്രതിനിധിയായ ഒരു എം എൽ എ ജനാധിപത്യത്തിന് രാജഭരണ കാലത്തേക്കാൾ ദാർഷ്ട്യം ഉണ്ടെന്ന മട്ടിൽ ചാനലുകളിൽ പോലും വന്നിരുന്നു അട്ടഹസിക്കുമ്പോൾ തങ്ങൾ ഇത്തരം അവഹേളനം കേൾക്കാൻ ബാധ്യസ്ഥരല്ലെന്ന ചിന്തയാണ് യുവ സിവിൽ സർവീസിൽ പടരുന്നത്.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ പോലും കേൾക്കാത്ത തരം രാഷ്ട്രീയ പീഡനം അനുഭവിക്കുന്ന നാടായി കേരളം മാറിയതിൽ അസ്വസ്ഥരായ സിവിൽ സർവീസുകാർ ഈ സർക്കാരിന്റെ കാലത്തു മറ്റെന്തെങ്കിലും ചെയ്യുകയാണ് കൂടുതൽ മെച്ചം എന്ന ധാരണയിൽ ഉപരി പഠനത്തിന് ബ്രിട്ടനും അമേരിക്കയും തിരഞ്ഞെടുക്കുകയാണ്. ചിലരാകട്ടെ നീണ്ട കാലത്തേ പരിശീലനത്തിന് സഹായകമാകും വിധം വിവിധ സ്‌കോളര്ഷിപ്പുകൾക്കും ശ്രമിക്കുന്നു.

ഇത്തരത്തിൽ ലണ്ടനിൽ പഠിക്കാൻ എത്തിയ മുൻ എറണാകുളം കളക്ടർ രാജമാണിക്യം ഓടി നടന്നു മലയാളികൾ സംഘടിപ്പിക്കുന്ന പരിപാടികളിൽ പങ്കെടുത്തു സ്നേഹം പങ്കു വയ്ക്കുന്നതും ഇത്തരം മികച്ച ജീവനക്കാരെ നഷ്ടപ്പെടുത്തുന്ന കേരളത്തിനുള്ള മറുപടിയായി കൂടി മാറുകയാണ്. എന്നാൽ ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന മട്ടിൽ മാധ്യമങ്ങളെ സന്തോഷിപ്പിക്കാൻ താത്കാലികമായി മുട്ടുമടക്കിയ ശേഷം വർധിച്ച വീര്യത്തോടെ വീണ്ടും കടന്നാക്രമിക്കുന്ന ശൈലി മന്ത്രിമാരും എം എൽ എ മാരും സ്വീകരിക്കുമ്പോൾ കേരളത്തിലെ ഭരണചക്രത്തിന്റെ നെടിയാണികളായ ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് ഇപ്പോൾ സെക്രെട്ടറിയേറ്റിൽ കെട്ടിക്കിടക്കുന്ന ലക്ഷത്തിലേറെ ഫയലുകൾ. ഓരോ ഫയലിലും ഓരോ മനുഷ്യരുടെ ജീവിതമാണ് എന്ന് അധികാരം ഏൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ അധികാരത്തണലിലാണ് ഈ ഫയലുകൾ ഉറങ്ങുന്നത് എന്നതാണ് ഏറെ വിചിത്രം. പുത്തനച്ചി പുരപ്പുറം തൂക്കും എന്നതിനപ്പുറം ഒന്നും ആ വാക്കുകളിൽ ഉണ്ടായിരുന്നില്ല എന്നതാണ് സർക്കാരും ഉദ്യോഗസ്ഥരും തമ്മിൽ ഉള്ള ഏറ്റുമുട്ടൽ തെളിയിക്കുന്നത്.

ഈ സർക്കാരിന്റെ കാലത്തു വിദേശത്തേക്ക് രക്ഷപ്പെട്ട ജീവനക്കാരുടെ എണ്ണം ഏറെയാണ്, അതും ജനപ്രിയരായ ഉദ്യോഗസ്ഥർ തന്നെയാണ് നാട് വിട്ടത് എന്നതും പ്രത്യേകതയാണ്. ഇത്രയും മുതിർന്ന ഉദ്യോഗസ്ഥരെ പോലും നിയമം നടപ്പാക്കാൻ അനുവദിക്കില്ലെങ്കിൽ സാധാരണക്കാരായ തങ്ങളെക്കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്നതാണ് മറ്റു ജീവനക്കാരുടെ നിലപാട്. രാഷ്ട്രീയവൽക്കരണം പൊലീസിൽ മാത്രമല്ല മുഴുവൻ രംഗത്തും വ്യാപിപ്പിക്കാൻ ഉള്ള സർക്കാരിന്റെ ശ്രമമാണ് ഇത്തരം നീക്കങ്ങൾ എന്ന ആക്ഷേപവും ശക്തമാണ്. റിസോർട് മാഫിയ കയ്യടക്കിയ ദേവികുളത്തു ഇപ്പോൾ നാലാമത്തെ സബ് കളക്ടർ ആണ് പിണറായി സർക്കാരിന്റെ അപ്രീതി നേരിടുന്നത് എന്നും കൗതുകകരമാണ്. ഇതിനർത്ഥം സർക്കാർ അവിഹിതമായി പ്രവർത്തിക്കുന്നു എന്ന് തന്നെയാണ്. തുടർച്ചയായി എത്തുന്ന സബ് കളക്ടർമാർക്ക് തങ്ങളുടെ ജോലി ചെയ്യാനാവാത്ത വിധം രാഷ്ട്രീയ - ഭൂ മാഫിയ സംഘടിതമായി പ്രവർത്തിക്കുന്നു എന്നാണ് ഇപ്പോൾ സമൂഹം തിരിച്ചറിയുന്നതും.

ദേവികുളത്തു ആദ്യം രാഷ്ട്രീയക്കാരുടെ കണ്ണിൽ കരടായി മാറിയത് ആർ ഡി ഓ ചുമതല വഹിച്ച സബീൻ സമദാണ്. കക്കൂസ് മാലിന്യം പുഴയിൽ ഒഴുകിയതിനു 52 റിസോർട്ടുകൾക്കു സ്റ്റോപ്പ് മെമോ നൽകിയപ്പോൾ റിസോർട്ടുകാരേക്കാൾ ചൊടിച്ചത് രാഷ്ട്രീയക്കാർക്കാണ്. പകരക്കാരനായി എത്തിയത് യുവസിംഹമായി മാറിയ ശ്രീറാം വെങ്കിട്ടരാമനാണ്. തലയ്ക്കു സ്ഥിരതയില്ലാത്തവൻ എന്നുവരെ മന്ത്രിയുടെയും എം എൽ എയുടെയും ശകാരം ഇദ്ദേഹത്തിനെതിരെ തിരിഞ്ഞു. പുരുഷൻ ആയതിനാൽ ഇപ്പോൾ രേണു രാജിന് ലഭിക്കും വിധം സാമൂഹ്യ പിന്തുണ തുടക്കത്തിൽ ശ്രീറാമിന് ലഭിച്ചില്ലെന്ന് മാത്രം എല്ലാ അവഹേളനവും അദ്ദേഹം ഒറ്റയ്ക്ക് ഏറ്റെടുക്കുക ആയിരുന്നു. ഇദ്ദേഹത്തിന് പകരം വി ആർ പ്രേംകുമാർ എത്തി. കോപ്പിയടിച്ചു പരീക്ഷ പാസായവൻ എന്ന് സ്‌കൂൾ ഫൈനൽ പോലും പാസാകാൻ കഴിയാത്ത മന്ത്രിയുടെ വായിൽ നിന്നും കേൾക്കേണ്ടി വന്നു. പ്രേം കുമാറിനെ ശബരിയിലേക്കു കടത്തിയാണ് പകരം രേണു ചുമതലയിൽ എത്തിയത്.

എന്നാൽ തൽക്കാലം ഈ സർക്കാരിന്റെ ആട്ടും തുപ്പും കേട്ട് കഴിയേണ്ട കാര്യം തനിക്കില്ല എന്ന് തീരുമാനിച്ചു ശ്രീറാം നേരെ പോയത് ഹാർവാർഡിലേക്കാണ്. ഇദ്ദേഹത്തിനൊപ്പം മിടുക്കരായ നാല് സിവിൽ സർവീസുകാർ കൂടി വിദേശ പഠനത്തിന് എത്തി. ഇക്കൂടെ ലണ്ടനിൽ രാജമാണിക്യവും ജി ആർ ഗോകുൽ, മൃണ്മയി ജോഷി ശശാങ്ക്, സ്വാഗത് ആർ ഭണ്ഡാരി എന്നിവരും കൂടി പറന്നതോടെ കേരളം അഭിമാനിയായ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് ഉള്ള സ്ഥലമല്ല എന്ന വികാരം യുവ ഉദ്യോഗസ്ഥർക്കിടയിൽ പടരുകയാണ്. ടി വി അനുപമയും രേണു രാജുവും ഒക്കെ ഏറെ സമ്മർദം സഹിച്ചാണ് ഇപ്പോൾ ജോലി ചെയ്യുന്നതും.

പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി എടുക്കുന്നതിനാണ് രാജമാണിക്യം രണ്ടു വർഷത്തേക്ക് ലണ്ടൻ കിങ്‌സ് യൂണിവേഴ്സിറ്റിയിൽ ജോയിൻ ചെയ്തിരിക്കുന്നത്. പൊതുജന കാര്യത്തിൽ മാസ്റ്റർ ഡിഗ്രിക്ക് വേണ്ടിയാണു മുൻ ഇടുക്കി കളക്ടറായ ജി ആർ ഗോകുൽ അമേരിക്കയിലെ പ്രിൻസ്ടൺ യൂണിവേഴ്സ്റ്റിറ്റി തിരഞ്ഞെടുത്തത്. ഡോക്ടർ കൂടിയായ ശ്രീറാം പൊതുജന ആരോഗ്യ വിഷയത്തിൽ മാസ്റ്റർ ഡിഗ്രി ചെയ്യുന്നതിനാണ് ഹാർവാർഡ് തന്നെ തിരഞ്ഞെടുത്തത്. എന്നാൽ മൃണ്മയി ജോഷിയാകട്ടെ രാജമാണിക്യത്തെ പോലെ യുകെയിലേക്കാണ് പറന്നത്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ പബ്ലിക് പോളിസിയിൽ മാസ്റ്റർ ഡിഗ്രി ചെയ്യുകയാണ് ഈ യുവ ഓഫിസർ. ഭണ്ഡാരി അമേരിക്കയിലെ ഹൂസ്റ്റണിൽ ബിസിനസ് അഡ്‌മിനിസ്ട്രേഷൻ കോഴ്‌സിലാണ് മാസ്റ്റർ ഡിഗ്രിയെടുക്കുന്നത് ഇത്രയധികം സിവിൽ സർവീസ് ഉദ്യോഗസ്ഥർ ഒറ്റയടിക്ക് ലീവ് എടുത്തു നാട് വിടുന്നത് അപൂർവമാണ്. ഇവർക്ക് പിന്നാലെ ലീവിന് ശ്രമിച്ച പലർക്കും സർക്കാർ കണ്ണുരുട്ടി ലീവ് നിഷേധിക്കുക ആയിരുന്നു എന്നും കേൾക്കുന്നു. സ്‌കോളർഷിപ് ലഭിച്ചവർ സർക്കാരിന്റെ ഇണ്ടാസിനു കാത്തു നിൽക്കാതെ ശമ്പളം പോലും വേണ്ടെന്നു വച്ചാണ് അവധി അപേക്ഷ നൽകിയത്.

വിവരംകെട്ട രാഷ്ട്രീയക്കാർക്കിടയിൽ പ്രവർത്തിക്കുമ്പോൾ സിവിൽ സർവീസ് വലിച്ചെറിഞ്ഞാലും മികച്ച ഡിഗ്രി കയ്യിൽ ഉണ്ടെങ്കിൽ ഇഷ്ടപ്പെട്ട മറ്റു ജോലികളിലേക്ക് മാറാനും അവസരമുണ്ട് എന്ന ലക്ഷ്യവും ഇത്തരം സ്പെഷ്യലൈസേഷൻ പഠനത്തിന് പിന്നിൽ യുവ ഓഫിസർമാർ ലക്ഷ്യമിടുന്ന ഘടകമാണ്. സ്പേസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകളിൽ സർക്കാരിന്റെ നിക്ഷേപം കൂടുന്നതും ഇത്തരം മേഖലകളിലേക്ക് സിവിൽ സർവീസുകാരെ ആകർഷിക്കുന്ന ഘടകമാണ്. ഐ പി എസിനും ഐ എഫ് എസിനും ഗ്ലാമർ നഷ്ടപ്പെട്ടു കൂടുതൽ പേരും ഇപ്പോൾ ഐ എ എസ തിരഞ്ഞെടുക്കുന്നതും ഈ ലക്ഷ്യത്തോടെയാണ്. ജിജി തോംസണെ പോലെയുള്ളവർ ഒരു വ്യാഴവട്ടം സർക്കാരിനെ സേവിച്ച ശേഷമാണ് സോഷ്യൽ സയൻസിൽ മാസ്റ്റർ കരസ്ഥമാക്കിയത്.

ഇപ്പോൾ അത്തരം ട്രെന്റ് ചെറുപ്പക്കാരിൽ പടരുമ്പോൾ രാഷ്്ട്രീയക്കാരുടെ അവഹേളനം അതിനുള്ള വഴി മരുന്നാക്കി മാറ്റുകയാണ് യുവ സിവിൽ സർവീസ് ഉദ്യോഗസ്ഥർ. സർക്കാരിൽ നിന്നും മൂന്നു വർഷം അവധി എടുത്ത ഐ എ എസ ഓഫിസർ ബി അശോകിനെ പോലുള്ളവർ ലക്ഷ്യമിടുന്നതും സ്വന്തം കഴിവുകൾ പ്രയോഗിക്കാൻ ഉള്ള സുരക്ഷിതം ഇടം തേടലാണ്. ഇദ്ദേഹം ഇപ്പോൾ കൊച്ചിയിൽ ചിന്മയ യൂണിവേഴ്സ്റ്റിറ്റിയുടെ തലപ്പത്താണ്. സർക്കാർ മേഖലയിൽ പ്രവർത്തിക്കാൻ സാധിക്കുന്നില്ലെങ്കിൽ സ്വകാര്യ മേഖല ഏറ്റെടുക്കാൻ ഉണ്ടാകും എന്നതും ഉയർന്ന വിദ്യാഭ്യാസം കൂടുതൽ കരസ്ഥമാക്കാൻ യുവ ഓഫിസറാമാരെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് വിദേശ പഠനത്തിന് പോകാൻ അവസരം നൽകി തുടങ്ങിയത്. നിലവിൽ വിരമിക്കാൻ അഞ്ചു വർഷം ബാക്കിയുള്ളവർക്ക് പോലും ഇത്തരം അവസരങ്ങൾ അനുവദിക്കാറുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP