Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സബ് കലക്ടർമാർ വാഴാത്ത ദേവികുളത്തെ ഝാൻസി റാണിയായി രേണുരാജ് ഐഎഎസ്; വൻകിട കൈയേറ്റക്കാർ അടക്കം പത്ത് ബഹുനില കെട്ടിടങ്ങൾക്ക് സ്‌റ്റോപ്പ് മെമോ നൽകി; ശ്രീരാം വെങ്കിട്ടരാമന്റെ വഴിയേ വൻകിടക്കാരെ തൊട്ടതോടെ രാജേന്ദ്രനും പൊള്ളി; ഗോകുലം ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണത്തിലും കൈവെച്ചതോടെ തെറിപ്പിക്കാൻ നീക്കം ശക്തം; സിപിഎം നേതാവിന്റെ തൃശ്ശൂരിലെ ക്വാറി പുലർച്ചെ എത്തി പൂട്ടിച്ച മിടുക്കി ഭീഷണികളെ കൂസാത്ത കർമ്മനിരത

സബ് കലക്ടർമാർ വാഴാത്ത ദേവികുളത്തെ ഝാൻസി റാണിയായി രേണുരാജ് ഐഎഎസ്; വൻകിട കൈയേറ്റക്കാർ അടക്കം പത്ത് ബഹുനില കെട്ടിടങ്ങൾക്ക് സ്‌റ്റോപ്പ് മെമോ നൽകി; ശ്രീരാം വെങ്കിട്ടരാമന്റെ വഴിയേ വൻകിടക്കാരെ തൊട്ടതോടെ രാജേന്ദ്രനും പൊള്ളി; ഗോകുലം ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണത്തിലും കൈവെച്ചതോടെ തെറിപ്പിക്കാൻ നീക്കം ശക്തം; സിപിഎം നേതാവിന്റെ തൃശ്ശൂരിലെ ക്വാറി പുലർച്ചെ എത്തി പൂട്ടിച്ച മിടുക്കി ഭീഷണികളെ കൂസാത്ത കർമ്മനിരത

മറുനാടൻ ഡെസ്‌ക്‌

മൂന്നാർ: സബ് കലക്ടർമാർ വാഴാത്ത മേഖലയാണ് ദേവികുളം. ഭൂമാഫിയക്കാർ വിളയാടുന്ന ഇവിടെ ശക്തമായ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ കണ്ണിലുണ്ണി ആയവർ നിരവധിയാണ്. ശ്രീരാം വെങ്കിട്ടരാമൻ എന്ന യുവ ഐഎഎസ് ഉദ്യോഗസ്ഥൻ കേരളത്തിന്റെ കണ്ണിലുണ്ണി ആയത് മുഖം നോക്കാതെ വൻകിടക്കാരായ നിയമലംഘകർക്കെതിരെ നടപടി കൈക്കൊണ്ടതോടെയാണ്. മൂന്നാറിലെ പുലിമുരുകൻ എന്നാണ് വെങ്കിട്ടരാമനെ മലയാളികൾ വിളിച്ചത്. ഇത്തരം ധീരന്മാരായ ഉദ്യോഗസ്ഥനാണ് വേണ്ടതെന്നും കേരളം പറഞ്ഞു. എന്നാൽ, കൈയേറ്റക്കാർക്ക് ഒത്താശ ചെയ്യുന്നത് ഒരു വിഭാഗം രാഷ്ട്രീയക്കാർ തന്നെയാണ്. ഇവരുടെ ഇടപെടൽ കാരണം പലപ്പോഴും നേർവഴിക്ക് ഒന്നും നടക്കില്ല. ഇപ്പോൾ എസ് രാജേന്ദ്രൻ അടക്കമുള്ള ഭരണപക്ഷക്കാരുടെ നോട്ടപ്പുള്ളി ആയത് ദേവികുളം സബ് കലക്ടർ രേണു രാജാണ്.

വൻകിട കൈയേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി കൈക്കൊണ്ടതോടെയാണ് അവർക്കെതിരെ രാജേന്ദ്രൻ അടക്കമുള്ളവർ രംഗത്തെത്തിയത്. സബ് കലക്ടറെ പരസ്യമായി അപമാനിച്ചത് മുന്നൂർ പഞ്ചായത്തിന്റെ വ്യവസായ കേന്ദ്ര നിർമ്മാണവുമായി ബന്ധപ്പെട്ടാണെങ്കിലും എംഎൽഎയുടെ യഥാർത്ഥ പ്രശ്‌നം രേണു രാജ് വൻകിടക്കാർക്കെതിരെ നടപടിയുമായി നീങ്ങുന്നതാണ്. സബ് കലക്ടറായി ദേവികുളത്ത് എത്തിയ ശേഷം ശക്തമായ നടപടികളാണ് രേണു കൈക്കൊള്ളുന്നത്. അടുത്തിടെ പത്ത് ബഹുനില കെട്ടിടങ്ങൾക്കാണ് സബ് കലക്ടർ സ്റ്റോപ്പ് മെമോ നൽകിയത്.

മൂന്നാർ ടൗൺ കേന്ദ്രീകരിച്ച് അനധിക്യതമായി പണിയുന്ന കെട്ടിടനങ്ങല്ക്കായിരുന്നു സ്റ്റോപ്പ് മെമോ നൽകിയത്. നിയമപരമല്ലെന്ന് കണ്ടാണ് ഇവർ നടപടി സ്വീകരിച്ചതും. ദേവികുളത്ത് എത്തിയതു മുതൽ 30 കെട്ടിടങ്ങൾക്കാണ് ഇതിനകം സ്റ്റോപ്പ് മെമോ നൽകി. പല കെട്ടിടങ്ങളുടെയും തുടർ നിർമ്മാണം തടയുന്നതിനായി നിരീക്ഷ സംഘത്തിനും രൂപം നൽകിയുന്നു അവർ. മൂന്നാർ കോളനി കേന്ദ്രീകരിച്ച് ഗോകുലം ഗോപാലന്റെ മകൻ അനധിക്യതമായി നിർമ്മിക്കുന്ന കെട്ടിടത്തിന് കെ.ഡി.എച്ച് വില്ലേജ് ഓഫീസർ ആയൂബ് ഖാൻ സ്റ്റോപ്പ് മെമോ നൽകിയിരുന്നു. ഇതും സബ് കലക്ടർക്ക് ലഭിച്ച പരായുടെ അടിസ്ഥാനത്തിലായിരുന്നു.

പഞ്ചായത്തിന്റെ അനുമതിയില്ലാതെ കെട്ടിടം നിർമ്മിച്ചതിനാണ് സബ് കളക്ടറുടെ നിർദ്ദേശപ്രകാരം വില്ലേജ് ഓഫീസർ നിർത്തിവെയ്ക്കൽ നോട്ടീസ് നൽകിയത്. ഇത്തരത്തിൽ ശക്തമായ നടപടികളാണ് ആർ.ഡി.ഒയുടെ നേത്യത്വത്തിൽ സ്വീകരിച്ചുവരന്നത്. തുടർന്നും വൻകിടക്കാർക്കെതിരെ അവർ രംഗത്തുവരുമെന്ന സൂചന ലഭിച്ചതോടെയാണ് രേണു രാജിനെ അധിക്ഷേപിച്ച് പിന്തിരിപ്പിക്കാൻ സിപിഎം എംഎൽഎ അടക്കം രംഗത്തുവന്നത്. എന്നാൽ, ഭീഷണികൾക്ക് വഴങ്ങില്ലെന്ന സൂചനയാണ് സിവിൽ സർവീസ് പരീക്ഷയിൽ രണ്ടാം റാങ്കോടെ പാസായ മിടുക്കിക്ക് പറയാനുള്ളത്.

സബ്കലക്ടർമാർ വാഴാത്ത ദേവികുളത്തു നിന്നും രേണുരാജും തെറിക്കുമോ?

തൃശ്ശൂരിൽ സബ് കലക്ടറായിരിക്കവേ സിപിഎം നേതാവിന്റെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ പുലർച്ചെ എത്തി പൂട്ടിച്ച ചരിത്രമാണ് രേണുവിന് ഉള്ളത്. പാറമട ലോബിയുടെ പ്രവർത്തനങ്ങൾക്കെതിരെ മുഖം നോക്കാതെ അവർ നടപടി കൈക്കൊണ്ടു. ശ്രീരാം വെങ്കിട്ടരാമനും പിന്നീടു വന്ന വി ആർ പ്രേംകുമാറും ഉഴുതുമറിച്ച മണ്ണിലേക്കാണ് രേണുവും എത്തിയത്. ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യവും പരിസ്ഥിതി പ്രാധാന്യവുമുള്ള ദേവികുളത്തേക്ക് സബ്കളക്ടറായി എത്തിയപ്പോൾ രേണു ഉറപ്പിച്ചത് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്നാണ്. ആ പാതയിലാണ് അവർ ഇതുവരെ പ്രസംഗിച്ചതും.

കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ 14 സബ്കളക്ടർമാരാണ് ദേവികുളത്ത് വന്നുപോയത്. രാഷ്ട്രീയ ഇടപെടൽ തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. വിആർ പ്രേംകുമാറിന്റെ നടപടികൾക്കെതിരെ ആക്ഷേപം ഉയർന്നതോടെ അദ്ദേഹത്തെ ശബരിമലയിലെ സ്‌പെഷ്യൽ ഓഫീസറാക്കി മാറ്റിയ ശേഷമാണ് ഡോ. രേണുരാജിനെ ഇവിടെ നിയമിച്ചത്. ദേവികുളത്തേക്ക് ഒരു വനിതാ ഉദ്യോഗസ്ഥ എത്തി എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. ഇതോടെ അധികം നടപടികളൊന്നും ഉണ്ടാകില്ലെന്നാണ് ഇവർ പ്രതീക്ഷിച്ചത്. എന്നാൽ, കാര്യങ്ങൾ മറിച്ചായി അനീതിക്കെതിരെ ശക്തമായി പ്രതികരിക്കുക തന്നെ ചെയ്തു രേണു രാജ്.

ഭൂമികൈയേറ്റവും അനധികൃത കെട്ടിട നിർമ്മാണവും വ്യാപകമായ ദേവികുളത്ത് ഔദ്യോഗിക കൃത്യനിർവ്വഹണം ഏറെ കഠിനം തന്നെയാണ്. ഇതിനെ രേണു മറികടക്കാൻ തന്നാൽ ആവും വിധ അവർ പ്രയത്‌നിച്ചു. രാഷ്ട്രീയ വമ്പന്മാരോട് കൊമ്പു കോർക്കുന്ന മുൻഗാമികളുടെ പാതയാണ് ഇപ്പോൾ രേണു രാജും.

രാഷ്ട്രീയക്കാരോട് കൊമ്പു കോർക്കേണ്ടി വന്നതിന്റെ പേരിൽ വെറും മൂന്നു മാസം ജോലി ചെയ്യാനേ 2010 ജൂൺ 23നു ചുമതലയേറ്റ എ ഷിബുവിനായുള്ളൂ. തുടർന്ന് എം ജി രാജമാണിക്യത്തിന് ചാർജ് ഏറ്റെടുക്കേണ്ടി വന്നു. രാജമാണിക്യം ഒന്നര വർഷം സബ് കളക്ടറായി ജോലി നോക്കി. എന്നാൽ 2012 ഏപ്രിൽ 25ന് രാജമാണിക്യം സ്ഥാനം ഒഴിഞ്ഞപ്പോൾ താത്ക്കാലിക ചുമതലയുമായി കൊച്ചുറാണി സേവ്യർ എത്തി. തുടർന്ന് എസ് വെങ്കിടേശപതി, കെഎൻ രവീന്ദ്രൻ, മധു ഗംഗാധർ, ഇസി സ്‌കറിയ, ഡി രാജൻ സഹായ്, ജിആർ ഗോകുൽ, എസ് രാജീവ്, സാബിൻ സമീദ്, എൻടിഎൽ റെഡ്ഡി, ശ്രീറാം വെങ്കട്ടരാമൻ, വിആർ പ്രേംകുമാർ എന്നിവരാണു പിന്നാലെ സബ് കളക്ടർമാരായി ചുമതലയേറ്റത്.

വെറും അഞ്ചു ദിവസം മാത്രം ദേവികുളം സബ് കളക്ടർ പദവിയിരുന്നത് ഇസി സ്‌കറിയ ആണ്. ഒരു വർഷവും രണ്ടു മാസവും സബ് കളക്ടറായി ജിആർ ഗോകുൽ സേവനമനുഷ്ഠിച്ചു. ഗോകുൾ പിന്നീട് ഇടുക്കി ജില്ലാ കളക്ടറായി ചാർജെടുത്തു. എസ് രാജീവ് രണ്ടു മാസവും, കെഎൻ രവീന്ദ്രൻ, എൻടിഎൽ. റെഡ്ഡി എന്നിവർ ഒരു മാസം വീതവും സബ് കളക്ടറായിരുന്നു.

എന്നാൽ പിന്നീട് വന്ന ശ്രീറാം വെങ്കട്ടരാമൻ ശക്തമായ നടപടികളെടുത്ത് വാർത്തകളിൽ നിറഞ്ഞതോടെ, കക്ഷി രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ ശ്രീറാമിനെതിരേ തിരിയുകയും വൈകാതെ സ്ഥാനം തെറിക്കുകയുമായിരുന്നു. എംപ്ലോയ്മെന്റ് ഡയറക്ടറായി ശ്രീറാം സ്ഥലം മാറിപ്പോയപ്പോൾ 2017 ജൂലൈയിൽ പ്രേം കുമാർ സബ് കളക്ടറായി ചുമതലയേറ്റു. ശ്രീറാം പോയതിന്റെ ആശ്വസത്തിൽ നിന്ന രാഷ്ട്രീയക്കാർക്ക് മേൽ പതിച്ച വെള്ളിടിയായിരുന്നു പ്രേംകുമാർ. ജോയ്സ് ജോർജ് എംപി ഉൾപ്പെട്ട കൊട്ടക്കമ്പൂർ ഭൂമി വിവാദത്തിൽ ഇദ്ദേഹം ശക്തമായ നടപടിയാണ് സ്വീകരിച്ചത്. തുടർന്നുണ്ടായ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കു വഴങ്ങാതിരുന്നതിനെത്തുടർന്ന് പ്രേംകുമാറിനെ ഒടുവിൽ ദേവികുളം സബ് കളക്ടർ പദവിയിൽ നിന്ന് ഇപ്പോൾ മാറ്റുകയും ചെയ്തു. ഈ സ്ഥാനത്തേക്കാണ് രേണു രാജ് എത്തിയത്.

ഐഎഎസിലെ രണ്ടാം റാങ്കുകാരി തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി തോൽപ്പിച്ച വീര്യം

കോട്ടയം സ്വദേശിനിയായ രേണു 2015 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. എംബിബിഎസ് ബിരുദധാരിയായ രേണു ആദ്യചാൻസിൽ തന്നെ രണ്ടാം റാങ്കോടെ സിവിൽ സർവീസ് പരീക്ഷ പാസായി. തൃശൂരിൽ ക്വാറി മാഫിയയോട് പൊരുതി കൈയടിനേടിയ ശേഷമാണ് ഡോ. രേണു ദേവികുളത്തേക്ക് എത്തിയത്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിലും മികവു തെളിയിച്ച ശേഷമാണ് ഡോ.രേണു ദേവികുളത്ത് എത്തിയത്. ഇവിടെയും മികച്ച പ്രവർത്തനം നടത്താൻ സാധിച്ചു.

തൃശ്ശുൂരിൽ സബ് കലക്ടറായിരിക്കവേ മുഖം നോക്കാത്ത നടപടിയായിരുന്നു രേണു സ്വീകരിച്ചത്. തൃശൂർ വടക്കാഞ്ചേരിക്കു സമീപമുള്ള വാഴക്കോട് ടിപ്പറുകൾ തലങ്ങും വിലങ്ങും പായുന്നു സ്ഥലമാണ്. ആരും ചോദിക്കാനും പറയാനുമില്ലാത്തിടം. വാഴക്കോട് വലിയൊരു ക്വാറിയുണ്ട്. സിപിഎം. നേതാവും മുള്ളൂർക്കര പഞ്ചായത്ത് പ്രസിഡന്റുമായ അബ്ദുൾസലാമിന്റെ സഹോദരനായിരുന്നു നടത്തിപ്പുകാരൻ. ആദ്യം അബ്ദുൾസലാം നേരിട്ടു നടത്തിയിരുന്നതാണ്. പഞ്ചായത്ത് പ്രസിഡന്റായതോടെ ക്വാറി സഹോദരനെ ഏൽപിച്ചു. ഈ ക്വാറിയിൽ നിന്നാണ് പാറക്കല്ലുകൾ കയറ്റിയ ടിപ്പറുകൾ രാവിലെ തൊട്ടേ പായുന്നത്. അതിനാൽ ആരും ഒന്നും ചോദിക്കില്ല. തൃശൂർ റൂറൽ പൊലീസിന് കീഴിലാണ് ഈ സ്ഥലം. പൊലീസും ഇവിടെ ക്വാറി മാഫിയയ്ക്ക് മുന്നിൽ നിശബ്ദരാണ്. ഇവിടേക്കാണ് പുലർച്ചെ രേണു രാജ് എത്തിയതും ക്വാറി പൂട്ടിച്ചതും.

വാഴക്കാട് വൻതോതിൽ ക്വാറിയിൽ നിന്ന് പാറപൊട്ടിച്ചു. ലക്ഷങ്ങളുടെ കല്ലുകൾ വിറ്റു. ലാഭവിഹിതം ഉദ്യോഗസ്ഥരുടെ കീശ നിറച്ചപ്പോൾ നിയമലംഘനം ആരും കണ്ടില്ല. ഈയിടെയാണ് പുതിയ സബ് കലക്ടർക്ക് പരാതി ലഭിച്ചതും മുഖ നോക്കാതെ നടപടി സ്വീകിരിച്ചതും തും.രേണുരാജ് രഹസ്യമായ അന്വേഷണം നടത്തി. ക്വാറി പ്രവർത്തിക്കുന്നുണ്ട്. ലൈസൻസില്ല. വൻതോതിൽ സ്ഫോടക വസ്തുക്കളും ക്വാറിയിലുണ്ട്. ക്വാറിയിൽ പരിശോധന നടത്താൻ സബ്കലക്ടർ ഡോ. രേണുരാജ് പുലർച്ചെ എത്തുകയായിരുന്നു.

ക്വാറിയുടെ പരാതിക്കാരുടെ വികാരം ശരിക്കും ബോധ്യപ്പെട്ടു. പച്ചയായ നിയമലംഘനം. ക്വാറിയിൽ പാറ പൊട്ടിക്കുന്നു, ടിപ്പറുകൾ നിരന്നു കിടക്കുന്നു. ഉടനെ, വടക്കാഞ്ചേരി എസ്ഐയെ ഫോണിൽ വിളിച്ചു. സബ്കലക്ടറുടെ വിളി വന്ന ഉടനെ പൊലീസ് സംഘം പാഞ്ഞെത്തി. പിന്നെ, തഹസിൽദാർ, വില്ലേജ് ഓഫിസർ തുടങ്ങി റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥ പ്രമുഖരും. 'ഇത്, എന്താണ് ഇവിടെ നടക്കുന്നത്?' സബ്കലക്ടറുടെ ചോദ്യത്തിനു മുമ്പിൽ ഉദ്യോഗസ്ഥർക്ക് ആർക്കും ഉത്തരമില്ലായിരുന്നു. സബ്കലക്ടർ വന്ന ഉടനെ സ്ഥലംവിട്ട ടിപ്പറുകളുടെ നമ്പരുകൾ പൊലീസിനു കൈമാറി. ഈ വണ്ടികൾ പൊലീസ് പിടികൂടി. ബോംബ് സ്‌ക്വാഡിനേയും ഡോഗ് സ്‌ക്വാഡിനേയും വിളിച്ചുവരുത്തി. സ്ഫോടക വസ്തുക്കൾ പരിശോധിച്ചു. വൻതോതിൽ ജലാറ്റിൻ സ്റ്റിക്കും വെടിമരുന്നും കണ്ടെടുത്തു. പാറ പൊട്ടിക്കാൻ ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ , ജെസിബി തുടങ്ങി എല്ലാം പിടിച്ചെടുത്തു. അങ്ങനെ ക്വാറിക്ക് പണികിട്ടി.- ഇങ്ങനെ ആരെയും കൂസാതെ പ്രവർത്തിച്ച ഉദ്യോഗസ്ഥയാണ് രേണു.

രാജുനാരായണ സ്വാമിക്കുശേഷം സിവിൽ സർവ്വീസ് പരീക്ഷയിൽ ചങ്ങനാശേരിയുടെ വിദ്യാഭ്യാസ പെരുമയ്ക്ക് പൊൻതിളക്കമേകിയ രേണുരാജ് എറണാകുളം ജില്ലാ ആസിസ്റ്റന്റ് കലക്ടറായി ആയിരുന്നു ആദ്യം ചുമതലേറ്റത്. ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്. ഐഎഎസ് പ്രൊബേഷണർമാരുടെ ജില്ലാ പരിശീലനത്തിൽ അസി. കലക്ടറായിരുന്ന ഡോ. രേണു രാജിന് ദേശീയതലത്തിൽ ഒന്നാം റാങ്കും കിട്ടിയിരുന്നു. എറണാകുളത്താണ് ഡോ. രേണു രാജ് അസിസ്റ്റന്റ് കലക്ടർ പരിശീലനം പൂർത്തിയാക്കിയത്. മുൻ കലക്ടർ എം.ജി. രാജമാണിക്യം, ഇപ്പോഴത്തെ കലക്ടർ മുഹമ്മദ് സഫിറുല്ല എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം. അവിടെ നിന്നാണ് പ്രബേഷൻ കഴിഞ്ഞ് ഡെപ്യൂട്ടി കളക്ടർ പദവിയിലേക്കുള്ള വരവ്. സർക്കാർ സ്‌കൂളുകളിലും കോളേജിലും പഠിച്ച സാധാരണ ചുറ്റുപാടിൽ വളർന്ന രേണുവിന്റെ വിജയം മറ്റുള്ളവർക്ക് ആവേശം പകർന്നിരുന്നു.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തിൽ എം കെ രാജശേഖരൻ നായരുടെയും വി എൻ ലതയുടെയും മൂത്തമകളായ രേണു. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭർത്താവ് നൽകിയ പിന്തുണയും കൂടി ചേർന്നപ്പോൾ രേണു സ്വപ്നം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇപ്പോൾ മുന്നാറിലെ കയ്യേറ്റക്കാരെ വിറപ്പിക്കുന്ന രേണു രാജ് കലാ രംഗത്തു സജീവമാണ്. രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും അഭ്യസിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP