Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ

കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ ഏറെ രാഷ്ട്രീയപ്രാധാന്യമുള്ള ജില്ലയാണ് കണ്ണൂർ. ആർഎസ്എസ് എന്ന പ്രസ്ഥാനത്തിന് ഏറ്റവും അധികം ശാഖകളുള്ള ജില്ല എന്ന നിലയിലും സിപിഎം-ബിജെപി സംഘട്ടനങ്ങൾ കൊണ്ടുമാണ് ദേശീയ തലത്തിൽ കണ്ണൂർ രാഷ്ട്രീയം ചർച്ച ആകാറ്. ഈ കലുഷിതമായ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും സംസ്ഥാനത്തിന്റെ ഭരണം കൈയാളുന്ന രാഷ്ട്രീയക്കാരായി മാറിയവരുടെ ശൈലി പോലും ഏതാണ്ട് ഒരേ പോലെയാണ്. അന്തരിച്ച എം വി രാഘവനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂർ രാഷ്ട്രീയത്തിലെ കരുത്തുറ്റ ശൈലിയിൽ വളർന്നു വന്നവരാണ്.

കണ്ണൂർ ജില്ലയിലെ കോൺഗ്രസിന്റെ നട്ടെല്ലായ കെ സുധാകരന്റെ കാര്യവും മറ്റൊന്നല്ല. വാടാ, എന്നു വിൡച്ചാൽ പോടാ.. എന്നു പറയുന്നത് പ്രവർത്തന ശൈലി ആക്കിയവർ. ആ ശൈലി തന്നെ മുഖമുദ്ര ആക്കിയ സംഘപരിവാർ നേതാക്കളിൽ ആർഎസ്എസിലെ പ്രമുഖനാണ് വത്സൻ തില്ലങ്കേരി. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശബരിമല സന്നിധാനത്തെ ഇടപെടൽ കൊണ്ട് സൈബർ ലോകത്ത് സംഘപരിവാർ അണികളുടെ ഹീറോയായി മാറിയ തില്ലങ്കേരിയുടെ പേര് ഒരു ഘട്ടത്തിൽ ബിജെപി അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കപ്പെട്ടിരുന്നു. കണ്ണൂർ രാഷ്ട്രീയത്തിൽ ഏല്ലവരും അറിയപ്പെടുന്ന പേരുകാരൻ ആണെങ്കിലും ആരാണ് തില്ലെങ്കേരി എന്നു ചോദിച്ചാൽ ജില്ലക്ക് പുറത്തേക്ക് അധികമാർക്കും കാര്യമായ അറിവുണ്ടായിരുന്നില്ല. എന്നാൽ, ശബരിമല വിഷയത്തിലെ ഇടപെടലോടെ തില്ലങ്കേരി കേരളത്തിലെ പരിവാർ അണികളുടെ താരമായി.

പതിനെട്ടാം പടിയിൽ നിന്ന് പ്രവർത്തകരെ നിയന്ത്രിച്ചും പൊലീസിന്റെ മെഗാഫോൺ കൈയിലേന്തി ക്രമസമാധാനം നിയന്ത്രിച്ചും നിന്ന നേതാവ് വിവാദങ്ങൾ കൊണ്ടും ദേശീയ തലത്തിലും ശ്രദ്ധേയനായി. സന്നിധാനത്ത് പൊലീസിനെ ഉപയോഗിച്ച് എല്ലാം നേർവഴിയിൽ ആക്കുമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ പിണറായി വിജയനെ വെല്ലുവിളിച്ച് അദ്ദേഹത്തിന്റെ തന്ത്രങ്ങളെ കാറ്റിൽപ്പറത്തിയ വീരനായകന്റെ പരിവേഷമാണ് തില്ലങ്കേരിക്കിപ്പോൾ. അതുകൊണ്ട് തന്നെ അദ്ദേഹം ബിജെപി അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്വാഭാവിക ചോയിസ് ആയി മാറുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

പരിവാർ സംഘടനകളോടുള്ള വിധേയത്വവും എന്തും ചെയ്യാനുള്ള തന്റേടവും കൈമുതലാക്കിയ വൽസൻ തില്ലങ്കേരി ഇപ്പോൾ ബിജെപി ദേശീയ നേതൃത്വത്തിനും പ്രിയങ്കരനാണ്. എന്നാൽ പരിവാർ പ്രവർത്തകർക്ക് അടക്കം തില്ലങ്കേരിയെ അറിയപ്പെട്ടു തുടങ്ങിയത് സന്നിധാനത്തെ ഇടപെടലും സൈബർ പരിവാറുകാരുടെ ഫേസ്‌ബുക്ക് പോസ്റ്റുകളും വഴിയാണ്. ഇതുവരെ ആർഎസ്എസ് വൃത്തങ്ങളിലൊഴികെ പൊതുസമൂഹത്തിൽ വത്സൻ തില്ലങ്കേരിയുടെ വ്യക്തിത്വം പലർക്കും അവ്യക്തമായി തുടരുകയാണ്. ആരാണ് വത്സൻ തില്ലങ്കേരി എന്നു ചോദിച്ചാൽ ഒറ്റവാക്കിൽ ചങ്കൂറ്റമുള്ള ആർഎസ്എസുകാരൻ എന്ന് പരിവാർ പ്രവർത്തകർ അഭിപ്രായപ്പെടും. അണികൾക്കൊപ്പം സംഘർഷ ഘട്ടങ്ങളിൽ ഓടിയെത്തുന്ന നേതാവ് കൂടിയാണ് തില്ലങ്കേരി.

രാഷ്ട്രീയ സ്വയംസേവക് സംഘത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച വ്യക്തി കൂടിയാണ് അദ്ദേഹം. 1964 മാർച്ച് മാസം ഇരുപതിന് കെ ബാലൻ- മാധവി ദമ്പതികളുടെ മകനായാണ് വത്സൻ തില്ലങ്കേരിയുടെ ജനനം. മട്ടന്നൂർ ഹൈസ്‌കൂളിലും മട്ടന്നൂർ എൻഎസ്എസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഇരിട്ടിയിൽ പാരലൽ കോളേജ് ആരംഭിച്ചു. സംഘടനാ പ്രവർത്തന രംഗത്ത് സജീവമായി നിൽക്കുമ്പോഴും പ്രഗതി എന്ന പാരലൽ കോളേജിന്റെ പ്രിൻസിപ്പാൾ സ്ഥാനവും വഹിക്കുന്നത് അദ്ദേഹമാണ്.

1980 ലാണ് വത്സൻ തില്ലങ്കേരി ആർഎസ്എസിൽ ചേരുന്നത്. തുടർന്ന് സംഘത്തിന്റെ പൂർണസമയ പ്രവർത്തകനായി. ഇപ്പോൾ പ്രാന്തീയ വിദ്യാർത്ഥി പ്രമുഖാണ്. കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ നിരവധി കേസുകളിലും തില്ലങ്കേരി ചെന്നുപെട്ടു. കൊലപാതക കേസിൽ അടക്കം പ്രതിയായിരുന്നു അദ്ദേഹം. എൻഡിഎഫ് പ്രവർത്തകൻ മുഹമ്മദിന്റെ കൊന്ന കേസിൽ പ്രതിയായെങ്കിലും പിന്നീട് കോടതി വെറുതേ വിട്ടു. തുടർന്ന് സിപിഎം പ്രവർത്തകനായ യാക്കൂബിനെ വെട്ടിക്കൊന്ന കേസിലും പ്രതിയായി. 86 ദിവസമാണ് ഈകേസിൽ വത്സൻ തില്ലങ്കേരി ജയിലിൽ കഴിഞ്ഞത്. ഗൂഢാലോചനകുറ്റമാണ് ചുമത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രിയായ കോടിയേരി ബാലകൃഷ്ണൻ തന്റെ നിരപരാധിത്വം നേരിട്ട് അറിയിച്ചിരുന്നുവെന്ന് വത്സൻ തില്ലങ്കേരി മറുനാടൻ മലയാളിയോട് വ്യക്തമാക്കിയത്.

യാക്കൂബ് വധക്കേസിൽ തടവിൽ കഴിയുമ്പോൾ ജയിലിൽ നിരാഹാരം കിടന്നു. ആരോഗ്യം മോശമായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും താൻ നിരപരാധിയാണെന്ന വാദമുയർത്തി അവിടേയും നിരാഹാരം തുടർന്നു. ജയിൽ വാസത്തിനിടെയാണ് അച്ഛൻ മാധവൻ മരിക്കുന്നത്. ഒറ്റദിവസത്തെ ശബരിമലയിലെ ഇടപെടലോടെ കണ്ണൂരിന് പുറത്തും സംഘപരിവാർ അനുഭാവികളുടെ ആരാധനയും ഇഷ്ടവും വത്സൻ തില്ലങ്കേരി നേടിയെടുത്തിരിക്കുകയാണിപ്പോൾ കണ്ണൂരിൽ സിപിഎമ്മിനോട് എതിരിട്ട് നിൽക്കുന്ന കരുത്തനായ നേതാവ് എന്ന വീരപരിവേഷമാണ് തില്ലങ്കേരിക്ക് സംഘപരിവാർ അണികൾ നൽകുന്നത്.

ആർഎസ്എസ് - സിപിഎം സംഘട്ടനം സജീവമായ ഘട്ടങ്ങളിൽ ചെറുത്തു നിൽക്കാനായി ദേശീയ തലത്തിൽ ഈ വിഷയം ചർച്ചയാകുന്നതിൽ ഒരു പങ്കും വത്സൻ തില്ലങ്കേരിയുടേതാണെന്നാണ് പരിവാർ രാഷ്ട്രീയക്കാർ വിശ്വസിക്കുന്നത്. 'പുലിയെ പുലി മടയിൽ കയറി തന്നെ നേരിടണമെന്ന' എന്ന തന്ത്രക്കാരനായിരുന്നു വത്സൻ തില്ലങ്കേരിയെന്ന് അണികൾ പറയുന്നു. ഈ തന്ത്രം കൊണ്ടാണ് കണ്ണൂരിൽ സംഘടനാ സ്വാതന്ത്ര്യം കൂടുതലായി ലഭിച്ചതെന്നും പറയുന്നു. അതേസമയം അണികളുടെ ഹീറോ എങ്കിലും സിപിഎം അടക്കമുള്ള രാഷ്ട്രീയ എതിരാളികൾ തില്ലങ്കേരിക്ക് ചാർത്തിക്കൊടുക്കുന്നത് ഒരു ക്രിമിനൽ മുഖമാണ്.

ഹിന്ദുവേട്ടയെന്ന വികാരം ഉയർത്തിവിട്ട് ജനങ്ങളെ കൂടെ നിർത്തുക എന്ന രാഷ്ട്രീയം പ്രായോഗികമാക്കാനാണ് വത്സൻ തില്ലങ്കേരി ശബരിമലയിൽ എത്തിയതെന്ന ആരോപണമാണ് സന്നിധാനത്തെ സംഭവ വികാസങ്ങൾക്ക് ശേഷം സിപിഎം നേതാക്കൾ നടത്തിയത്. കണ്ണൂരിന്റെ മലയോര മേഖലയിൽ രാഷ്ട്രീയ സംഘർഷത്തിന്റെ വിത്തുപാകിയതും സിപിഎം കേന്ദ്രങ്ങൾ ആരോപിക്കുന്നു. കണ്ണൂരിൽ വിവാദമായ പുന്നാട് കലാപത്തിലേക്ക് നയിച്ചത് ആർഎസ്എസ് പ്രവർത്തകൻ അശ്വിനികുമാർ കൊലപാതകമാണ്. ഈ കൊലപാതകത്തിലേക്ക് നയിച്ചതാവട്ടെ പുന്നാട്ടെ എൻഡിഎഫ് പ്രവർത്തകനായ മുഹമ്മദ് വധമായിരുന്നു. മുഹമ്മദ് വധത്തിൽ പ്രതി ചേർക്കപ്പെട്ട ബിജു, വിനീഷ്, പത്മജൻ എന്നിവർ വത്സൻ തില്ലങ്കേരിയുടെ അയൽ വാസിയും സന്തത സഹചാരിയുമാണെന്ന കാര്യമാണ് തില്ലങ്കേരിക്കെതിരായ ആരോപണമാണ് ഇവർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, തില്ലങ്കേരിയെ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു.

ഇങ്ങനെ ആരോപണങ്ങൾ പലതമുണ്ടെങ്കിലും സന്നിധാനത്തെ സാന്നിധ്യവും പൊലീസിനെയു കടത്തിവെട്ടുന്ന ഇടപെടലും വത്സൻ തില്ലങ്കേരിയെ സംഘപരിവാർ കേന്ദ്രത്തിന്റെ പ്രിയങ്കരനായിട്ടുണ്ട്. ശബരിമലയിൽ ആചാരലംഘനം താൻ ഉണ്ടാക്കിയെന്ന് ബോധ്യപ്പെട്ടപ്പോൾ തന്നെ പ്രായച്ഛിത്തം ചെയ്യാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ചതും, പൊലീസിനെ പോലും നിയന്ത്രണത്തിലാക്കും വിധമുള്ള്ള നയ വൈദഗ്ധ്യവും നേതൃപാടവവും തെളിച്ചതും പുതിയൊരു നായകനെയാണ് സംഘപരിവാറിന് നേടിക്കൊടുത്തതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ശബരിമലയിലെ ഒറ്റ ഇടപെടലോടെ വത്സൻ തില്ലങ്കേരിക്ക് വീരപരിവേഷവും സംഘപരിവാർ പ്രവർത്തകർ ചാർത്തി നൽകുന്നു.

അതേസമയം തീവ്രസംഘപരിവാർ നിലപാടുകാരൻ തന്നെയാണ് വത്സൻ തില്ലങ്കേരി. വത്സൻ തില്ലങ്കേരി മുൻപ് നടത്തിയ പ്രസംഗങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ സൈബർലോകത്ത് പ്രചരിക്കുന്നുണ്ട്. മോദിയുടെയും ആർഎസ്എസ് ബിജെപി ഉൾപ്പെടെയുള്ള സംഘപരിവാര ശക്തികളുടേയും രാഷ്ട്രീയ വളർച്ച സാധാരണക്കാരന്റെ രക്തക്കറ പുരണ്ടത് തന്നെയെന്ന് സമ്മതിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും പ്രചരിക്കുന്നത്. മോദി ഉത്തരേന്ത്യക്കാർക്ക് അവതാര പുരുഷനാണ് കാരണം അദ്ദേഹം നാലായിരത്തോേളം പേരെ ഉത്തരേന്ത്യയിൽ കൊലപ്പെടുത്തിയതിനാലാണെന്നും വത്സൻ പ്രസംഗത്തിൽ സമ്മതിച്ചിരുന്നു.

ശബരിമലയിൽ ഭക്തരുടെ വികാരത്തിനൊപ്പം തീവ്ര ഹിന്ദുത്വവുമാണ് ബിജെപി നേതൃത്വം പറഞ്ഞത്. സംസ്ഥാനത്ത് തീവ്രഹിന്ദുത്വ നിലപാടിലേക്ക് ബിജെപി നീങ്ങാൻ തുനിഞ്ഞാൽ അതിന് പറ്റിയ നേതാവ് തില്ലങ്കേരിയാണെന്ന ബോധ്യം അമിത്ഷായ്ക്കും സംഘത്തിനുമുണ്ട്. അതുകൊണ്ടു കൂടിയാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ ഇടയാക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP